2018 ഒക്ടോ 16

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്രങ്ങള്‍ ഒരു ദിവസത്തേക്കായതുകൊണ്ട് വലിയ വില കൊടുത്തു വാങ്ങണ്ട എന്ന് തീരുമാനിക്കുന്നവര്‍ ഉണ്ട്. വിവാഹ വസ്ത്രങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ പറ്റാറില്ല എന്നതുകൊണ്ട് തന്നെ വാടകക്ക് എടുക്കുന്നതും സൗകര്യപ്രദമാണ്. എന്നും കേടുവരാതെ സൂക്ഷിക്കാനും വലിയ പ്രയാസമാണ്. മാത്രമല്ല അലമാരിയിലെ വലിയ സ്ഥലം ഇത്തരം വസ്ത്രങ്ങള്‍ അപഹരിക്കാറുണ്ട്. സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്ത ലെഹംഗകളും ലാച്ചകളും ഒക്കെ സൂക്ഷിക്കാനും വലിയ ബുദ്ധിമുട്ടാണ്. വരന്‍ നല്‍കുന്ന വിവാഹവസ്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യവും. മൈലാഞ്ചി കല്യാണത്തിനും റിസപ്ഷനും എടുക്കുന്ന ഡ്രസുകളാണ് അതുകൊണ്ട് തന്നെ കൂടുതലും വാടകക്ക് എടുക്കാറുള്ളത്. 4000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ഡ്രസുകള്‍ വാടകക്ക് ലഭിക്കും. ലാച്ച, ലെഹംഗ, ലാച്ച സാരി, ദാവണി തുടങ്ങിയവയാണ് കൂടുതല്‍ ആളുകളും വാടകക്ക് എടുക്കാറുള്ളത്. വരനുള്ള ഷെര്‍വാണികളും ആളുകള്‍ വാടകക്ക് ആണ് എടുക്കാറുള്ളത്. കേരളത്തില്‍ ഷെര്‍വാണികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. വിവാഹ ദിവസം ഉപയോഗിക്കുന്ന കോട്ടുകളും ഇങ്ങനെ വാടക്കാണ് അധികം ആളുകളും ഉപയോഗിക്കാറ്. പുരുഷന്‍മാര്‍ക്ക് അന്നേ ദിവസം മാത്രമേ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താല്‍പ്പര്യം ഉണ്ടാകൂ. അതുകൊണ്ട് തന്നെ വലിയ വില കൊടുത്ത് സ്വന്തമായി വാങ്ങുന്നതിനേക്കാള്‍ നല്ലത് വാടകക്ക് കുറഞ്ഞ വിലയില്‍ രാജകീയ പ്രൗഢി സ്വന്തമാക്കാനും കഴിയും. കേരളത്തില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും തന്നെ ഇത്തരം ഷോപ്പുകള്‍ ഉണ്ട്. ഇഷ്ടപ്പെട്ടവ കൈയിലൊതുങ്ങുന്ന വിലക്ക് സ്വന്തമാക്കാം ​എന്നുള്ളതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ഒരു ട്രയല്‍ നോക്കാമെന്നുള്ളതും ഗുണമാണ്. നേരത്തെ കേരളത്തിന് പുറത്താണ് ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അതല്ല , ഇടത്തരം വിവാഹങ്ങള്‍ക്ക് പോലും വലിയ പ്രൗഢിയും ലുക്കും തരുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ഷൈന്‍ ചെയ്യാമെന്നുള്ളതും വാടകക്ക് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. ഇനി വധുവിന് മാത്രമല്ല കേട്ടോ, എല്ലാ പാര്‍ട്ടികള്‍ക്കും അണിയാന്‍ തരത്തിലുള്ള വസ്ത്രങ്ങളും കിട്ടും. ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങളും ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു കൗതുകരമായ കാര്യം. പലരും വലിയ വില കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങും . പിന്നീട് അടുത്ത സന്ദര്‍ഭങ്ങളില്‍ വീണ്ടും പുതിയതിനോടാവും താല്‍പ്പര്യം കൂടുതലും. അപ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ അലമാരകളുടെ ഇടം കളയും. അതുണ്ടാവാതിരിക്കാന്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാനും അത് വാങ്ങാനും ആളുകള്‍ തയ്യാറാകും. പ്രയോജനം ഇല്ലാതെ നശിച്ചു പോകുന്നതിനെക്കാളും നല്ലത് ആര്‍ക്കെങ്കിലും ഉപയോഗപ്പെടുന്നതാണെന്ന ചിന്താഗതിയാണ് ഇതിന് പിന്നില്‍. വലിയ വില കൊടുത്ത് ഇത്തരം വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അത് ആശ്വാസമാണ് താനും. സിനിമകളില്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ക്ക് വലിയ ഡിമാന്റ് ആണ്. അത് പണ്ടു മുതലേ ഉള്ളതാണ്. വലിയ വോളീവുഡ് സുന്ദരിമാര്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് ലേലത്തിലും അല്ലാതെയും വില്‍ക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ തന്നെയാണ് ഇപ്പോള്‍ മറ്റുള്ളവരും ചെയ്യുന്നത്. അറുപഴഞ്ചന്‍ കാഴ്ചപ്പാടുള്ളവര്‍ക്ക് പറ്റില്ലെങ്കിലും പുതിയ പരീക്ഷണങ്ങള്‍ എന്തും നടത്താനുള്ള ന്യൂ ജനറേഷന് അതൊന്നും ഒരു വിഷയമേ അല്ല. വലിയ വില കൊടുക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രൗഢി വേണം താനും അങ്ങനെ ചിന്തിക്കുന്നവര്‍ ഒട്ടും അമാന്തിക്കണ്ട. വാടകക്ക് കൈയിലൊതുങ്ങുന്ന ബഡ്ജറ്റില്‍ നിങ്ങള്‍ക്ക് സുന്ദരനും സുന്ദരിയുമായ വധൂ വരന്‍മാരാകാം. വിവാഹമെന്ന സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വന്ന നിങ്ങള്‍ക്കും ശ്രദ്ധിക്കപ്പെടാം.

2018 ഒക്ടോ 14

അറേബ്യന്‍ ലാച്ചകളില്‍ കണ്ണുടക്കി മണവാട്ടിമാര്‍

വിവാഹ സാരികളായിരുന്നു മുന്‍കാലങ്ങളില്‍ വധുവിനെ ഭംഗിയാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇഷ്ടം അറേബ്യന്‍ ലാച്ചകള്‍ പോലുള്ള വസ്ത്രത്തോടാണ്. ഗൗണ്‍ പോലുള്ളവ ട്രെന്‍ഡിയായിട്ടുണ്ടെങ്കിലും മൊഞ്ചുള്ള സുന്ദരിമാര്‍ക്ക് ലാച്ചകളോട് അല്‍പ്പം പ്രിയം കൂടുതല്‍ തന്നെയാണ്. ഗാഗ്ര, ചോളി, ഗൗണ്‍ തുടങ്ങി വസ്ത്രങ്ങളോടൊപ്പം ലാച്ചകളും മണവാട്ടിമാരുടെ മനം കവര്‍ന്നിട്ടുണ്ട്. വിവാഹ വേഷങ്ങളില്‍ മാത്രമല്ല എല്ലാ വസ്ത്രങ്ങളില്‍ പല സ്റ്റൈലുകളും മാറി മാറി വരും. പല നാടുകളിലെ ട്രെന്‍ഡുകള്‍ വസ്ത്രങ്ങളെ സ്വാധീനിക്കാറുണ്ട്. എല്ലാം ട്രെന്‍ഡിയായി ആദ്യം പരീക്ഷിക്കുന്നത് മലയാളികള്‍ തന്നെയാണ്. എപ്പോഴും വ്യത്യസ്തരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളികളും എന്നതാണ് പ്രത്യേകത. മുന്‍കാലങ്ങളില്‍ ഇളം നിറങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെ . പിന്നീട് കടും നിറത്തിലേക്ക് ചുവടുമാറി. ഇപ്പോള്‍ വീണ്ടും ഇളം നിറങ്ങള്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. സിംപിളായി ട്രെന്‍ഡിയാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഉത്തരേന്ത്യന്‍ സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലും ചുവപ്പ്, പച്ച , മെറൂണ്‍, വയലറ്റ് തുടങ്ങിയ നിറങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. പുറമെ കോട്ടുകളുള്ള ലാച്ചകളും ഉണ്ട്. വെല്‍വറ്റിന് ലാച്ചകളില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വെല്‍വെറ്റ് തുണിത്തരങ്ങളില്‍ ഹെവി വര്‍ക്കുകള്‍ ചെയ്യുന്പോള്‍ ലുക്ക് തന്നെ മാറിപ്പോകും. വധുവിനല്ലെങ്കില്‍ സിംപിള്‍ വര്‍ക്കുകളുള്ള വെല്‍വെറ്റ് ലാച്ചകളും ഉണ്ട്. തടിച്ച ശരീരമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും വെല്‍വെറ്റ് അത്ര ചേരില്ല. എന്നാല്‍ മീഡിയം സൈസുള്ളവര്‍ക്ക് ഈ വസ്ത്രം ഇട്ടാല്‍ നല്ല ഭംഗിയാണ്. വസ്ത്രങ്ങള്‍ വിവാഹത്തിനായാലും അല്ലെങ്കിലും അവനവന്റെ ശരീരത്തിനും നിറത്തിനും അനുസരിച്ച് എടുത്താല്‍ നിങ്ങള്‍ കൂടുതല്‍ സുന്ദരിയാകും. അധികം വലിയ ബഡ്ജറ്റില്ലാതെ തന്നെ ഈ വസ്ത്രം വിവാഹത്തിന് തെരഞ്ഞെടുക്കാം. ലാച്ചാവിഭാഗത്തില്‍ ഒരു കാലത്ത് ലാച്ചാ സാരികളും ഉണ്ടെങ്കിലും കൂടുതല്‍ മനം കവര്‍ന്നത് അറേബ്യന്‍ ലാച്ചകള്‍ തന്നെയാണെന്ന് പറയാതെ വയ്യ. ചുവപ്പ് - ക്രീം കോന്പിനേഷനുകളാണ് കൂടുതലും കാണുന്നതെങ്കിലും കാലം മാറിയതോടെ പലരും ഇഷ്ടപ്പെട്ട വ്യത്യസ്തമായ കോന്പിനേഷനുകള്‍ പരീക്ഷിച്ചു തുടങ്ങി. കോണ്‍ട്രാസ്റ്റ് കളറുകള്‍ ഉപയോഗിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. ഗോള്‍ഡ്‍, ക്രീം നിറത്തിലുള്ളതും ഇഷ്ടപ്പെടുന്നവര്‍ കുറവല്ല. ഇതിനൊപ്പം ധരിക്കുന്ന ഷാളും ഒരു പ്രത്യേകത തന്നെയാണ്. നേരത്തെ നെറ്റുകളിലുള്ള സാധാരണ ഷോള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് മാറി. വെള്ള, ഗോള്‍ഡന്‍ കളറിലുള്ള സാധാരണ ഷോളുകളായിരുന്നു. അതും പ്രത്യേകം വാങ്ങുന്നവയായിരിക്കും പലതും. ഇപ്പോള്‍ ലാച്ചക്കൊപ്പം തന്നെ ഷാളുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഹെവി വര്‍ക്കുകള്‍ ചെയ്ത റീ യൂസ് ചെയ്യാവുന്ന ഷാളുകളും ഉപയോഗിക്കാമെന്നത് സൗകര്യപ്രദമാണ്. മിറര്‍ വര്‍ക്കുകളും മുത്തുകള്‍ പിടിപ്പിച്ചതും പിന്നീട് മാറ്റിവെക്കാവുന്ന തരത്തിലാണ് ഷാളുകളില്‍ ഉപയോഗിക്കുന്നത്. ഇത് തലയിലൂടെ ഇടുന്പോള്‍ കൂടുതല്‍ എടുപ്പ് കിട്ടും. സ്കാര്‍ഫ് ഇട്ടതിന് ശേഷം അതിന് മുകളിലൂടെ ഷാള്‍ ഇടുന്നതാണ് പുതിയ രീതി. ൧ വധുവിനല്ലാതെയുള്ളവര്‍ക്ക് ലാച്ചകള്‍ക്കൊപ്പം ടെറാക്കോട്ട ആഭരണങ്ങള്‍ ധരിക്കാം. സെറ്റായിട്ടുള്ള കമ്മലുകളും മാലകളും വിപണിയില്‍ ലഭ്യമാണ്. വലിയ കമ്മലുകളും മാലകളും ലാച്ചകള്‍ക്കും സാരിക്കുമൊപ്പം അണിയാം. സ്വര്‍ണം അണിയാന്‍ ആഗ്രഹമില്ലാത്തവര്‍ ടെറാക്കോട്ട ആഭരണങ്ങള്‍ ലാച്ചകള്‍ക്കൊപ്പം പരീക്ഷിക്കാവുന്നതാണ്. 10000 രൂപ മുതല്‍ തുടങ്ങി ൫50,000 രൂപ വരെയുള്ള ലാച്ചകള്‍ ഉണ്ട്. വലിയ ആര്‍ഭാടം ആഗ്രഹിക്കാത്തവര്‍ക്ക് തെരഞ്ഞെടുക്കുന്നതിനും നല്ല വേഷമാണ് ലാച്ച എന്നതില്‍ തര്‍ക്കമില്ല. അപ്പോ ഇനി ലാച്ചകള്‍ സെലക്ട് ചെയ്തു തുടങ്ങിക്കോളൂ. അറേബ്യന്‍ സുന്ദരിയായി തിളങ്ങുന്നതില്‍ ഇനി മടി കാണിക്കേണ്ടതില്ല.

2018 ഒക്ടോ 13

വലിയ വിലയുള്ള സ്വര്‍ണ ചോക്കര്‍ ഇടാന്‍ പണമില്ലേ....ഇതാ ഒരു മാര്‍ഗം....

എന്തിനും വ്യാജന്‍മാര്‍ ഉണ്ടാകും. എന്നാല്‍ ഈ വ്യാജനെക്കൊണ്ട് ചെറുതല്ല ഉപകാരം. പറഞ്ഞു വന്നത് ഇമിറ്റേഷന്‍ ആഭരണങ്ങളെ കുറിച്ചാണ്. പല കാരണങ്ങളാല്‍ സ്വര്‍ണം മുഴുവനും അണിഞ്ഞ് മണവാട്ടിമാര്‍ വിവാഹ സമയത്ത് നില്‍ക്കില്ല. അന്പതും അറുപതും പവനുണ്ടാകും. എന്നാല്‍ അത് മുഴുവന്‍ അണിയാതെ പകരം ഇമിറ്റേഷന്‍ ജുവല്ലറി അണിയുന്നവരുണ്ട്. എന്നാല്‍ എടുത്ത സ്വര്‍ണം അണിഞ്ഞിട്ടും തൃപ്തി വരാത്തവരുണ്ട്. അല്ലെങ്കില്‍ തൂക്കവും സ്വര്‍ണവും കൂടുതലുള്ള ചില ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹം ഉള്ളവരുണ്ട്. എന്നാല്‍ പണം തികഞ്ഞെന്ന് വരില്ല. അങ്ങനെയുളളവര്‍ക്കൊക്കെ ഇമിറ്റേഷന്‍ ജുവല്ലറി നല്‍കുന്ന ആശ്വാസം ചെറുതല്ല. എത്ര സൂക്ഷ്മ നിരീക്ഷണം നടത്തുന്ന സ്ത്രീകളായാലും മറ്റ് സ്വര്‍ണത്തിനൊപ്പം കിടക്കുന്ന ഇതിനെ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഓരോന്നും. ട്രഡീഷണല്‍ മാംഗോ റൂബി, ലക്കി ജുവല്ലറി അലോയ്, സ്റ്റൈലോ ഫാഷന്‍ അലോയ്, ഗോള്‍ഡ് ടച്ച് അലോയി സിങ്ക് ജുവല്ലറി, സാവേരി പേള്‍സ്, സുഖി അലോയ് ജുവല്ലറി സെറ്റ് ഇങ്ങനെ തുടങ്ങി ഒരു വിവാഹത്തിന് വേണ്ട ഏത് ഷാഫനാണോ വേണ്ടത് അത് ലഭിക്കും. കുന്തന്‍ ജുവല്ലറി, മീനാകാരി ജുവല്ലറി, ആന്റിക് ജുവല്ലറി, ടെന്പിള്‍ ജുവല്ലറി എന്നിങ്ങനെ എല്ലാ ഫാഷനിലുള്ള ജുവല്ലറിയും വിപണിയില്‍ ലഭ്യമാണ് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഇത്തരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ വലിയ മുതല്‍ മുടക്കില്ലെന്നതാണ് സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. നമ്മളറ‍ിഞ്ഞാല്‍ മതിയല്ലോ നമ്മുടെ ഇല്ലായ്മ. ഭംഗിയുള്ള ചോക്കറുകള്‍ കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആര്‍ക്കും തോന്നുകയേ ഇല്ല. വളകളും ഒരേ ഡിസൈനില്‍ സെറ്റായി കിട്ടും. റ്റിയര്‍ ഡ്രോപ് ഡിസൈന്‍ ചോക്കറുകള്‍ക്ക് മൂവായിരത്തിന് മുകളില്‍ ഷോപ്പുകളില്‍ വില വരും. ഇത്തരം ആഭരണങ്ങള്‍ ഓണ്‍ ലൈനില്‍ ഓഫര്‍ വരുന്പോള്‍ വാങ്ങിയാല്‍ കുറച്ച് ലാഭിക്കാം. സാവേരി പേള്‍ മള്‍ട്ടി കളര്‍ ചോക്കറിന് മൂവായിരത്തിന് മുകളിലാണ് വില വരുന്നതെങ്കിലും ഓണ്‍ ലൈനില്‍ ഇത് അഞ്ചൂറ് രൂപക്ക് സ്വന്തമാക്കാം. മുന്നൂറ് രൂപമുതല്‍ മുകളിലേക്കാണ് അത്യാവശ്യം വീതിയുള്ള വളകളുടെ വില. ചോക്കറുകള്‍ ൪400 മുതല്‍ 500 രൂപ വരെ വരും. വളകളില്‍ റൂബി ആന്റ് ഗ്രീന്‍ ഗോര്‍ഡ് പ്ലേറ്റഡ്, വിക്ടോറിയ , പേള്‍സ്, കോയിനേജ് തുടങ്ങി ആകര്‍ഷണീയമായ വെറൈറ്റി വളകള്‍ സ്വന്തമാക്കാം. ഒരു സെറ്റിന് ൫൨500 രൂപ മുകളിലേക്കാകും. യുബെല്ല വളകള്‍ കാണാന്‍ തന്നെ അഴകാണ്. അത്ര വിലയും ഇല്ല. സിംപിള്‍ ആകണം എന്ന് തോന്നുന്നവര്‍ക്ക് ഇത് തെര‍ഞ്ഞെടുക്കാം. ഇനി കല്യാണത്തിന് ഒരു ഡയമണ്ട് അണിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്ക് അതിനും പരിഹാരമുണ്ട്. സിര്‍കോണില്‍ നിര്‍മിച്ച ഡയമണ്ടാണെന്ന് തോന്നുന്ന തരത്തിലുള്ള വളകള്‍ വെറും നാനൂറ് രൂപക്ക് വാങ്ങാം. ഡയമണ്ടില്ലാന്നുള്ള സങ്കടം അതോടെ തീരും. നീളമുള്ള ചെയിനുകളിലും ഉണ്ട് വെറൈറ്റി. ൧സിംപിള്‍ ലുക്ക് തരുന്നവ ൧൭170 രൂപക്ക് മുകളിലേക്കുണ്ട്. ആന്റിക് , ട്രഡീഷണല്‍ ആഭരണങ്ങള്‍ക്ക് വില കൂടുമെങ്കിലും ഇതും 400 രൂപ മുതല്‍ ലഭ്യമാണ്. മതപരമായ ആഭരണങ്ങളും ഇമിറ്റേഷന്‍ ജുവല്ലറികളില്‍ കിട്ടുമെന്നത് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. മംഗല്യസൂത്ര മാലകളും വളകളും കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആരും തന്നെ പറയില്ല. വൈറ്റ് പേള്‍ ഗോര്‍ഡന്‍ പെന്‍ഡന്റ് ഉള്ള ചെയിനിന് 300 രൂപയോളം വരും. മുന്നൂറ് മുടക്കിയാലെന്താ സ്വര്‍ണത്തിന്റെയും പേളിന്റെയും അതേ പകിട്ടോടെ കഴുത്തിലണിയാന്‍ കഴിയില്ലേ. പാദസരങ്ങള്‍ മുന്നൂറ് രൂപ മുതല്‍ വരും. കുന്തല്‍ പായല്‍ പാദസരം, സില്‍വര്‍ പ്ലേറ്റഡ് പാദസരം, വൈറ്റ് സ്റ്റോണ്‍ പേള്‍ പായല്‍ പാദസരം ഇങ്ങനെ വ്യത്യസ്തമായ പാദസരങ്ങള്‍ നിങ്ങളുടെ കാലുകളെ സുന്ദരമാക്കും. കമ്മലുകളില്‍ എന്നും ജുമുക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുനന് താരം. സ്റ്റഡ് ടൈപ്പുകളും ഉണ്ട്. റോഡിയം പ്ലേറ്റ് ചെയ്ത ഓസ്ട്രേലിയന്‍ ഡയമണ്ട് ഡാങ്കിള്‍ കമ്മലുകള്‍ക്ക് ആയിരം രൂപക്ക് മുകളില്‍ ഷോപ്പുകളില്‍ വരുമെങ്കിലും ഇത് ഓണ്‍ ലൈനില്‍ വാങ്ങിയാല്‍ ഇരുന്നൂറ് രൂപക്ക് ലഭിക്കും. വലിയ ലാഭം കിട്ടും. ഇയര്‍ ചെയിന്‍ ജുമുക്കയും ഹെയര്‍ ചെയിനുകളില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞി ജുമുക്കകളും രാജകുമാരി ലുക്ക് തരുമെന്നതില്‍ സംശയമില്ല. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളാണെങ്കില്‍ കുറെ കൂടി നല്ലതാണ്. ഒരു വര്‍ഷം വരെ കളര്‍ മങ്ങാതെയിരിക്കും എന്നതാണ് ഇത്തരം ആഭരണങ്ങളുടെ ഏറ്റവും വലിയ ഗുണം. ഇമിറ്റേഷന്‍ ജുവല്ലറിയെക്കാളും പണം ചെലവാകുമെങ്കിലും കുറച്ചു കൂടി നിറം മങ്ങാതെ നില്‍ക്കും എന്നതാണ് ഇതിന്റെ ഗുണം. ഏതായാലും പ്രൗഢി കുറഞ്ഞ് പോയി എന്ന് ഇനി സങ്കടപ്പെടേണ്ട. ഇത്തരം ആഭരണങ്ങള്‍ നിങ്ങളുടെ പ്രൗഢി ഒട്ടും കുറയാതെ കാത്ത് സൂക്ഷിക്കും.

2018 ഏപ്രി 8

ചുട്ടുപൊള്ളുന്പോള്‍....

ഇനിയങ്ങോട്ട് ചുട്ടുപൊള്ളുന്ന ദിനങ്ങളാണ്. ചൂട് താങ്ങാനാവാതെ ഇപ്പോള്‍ തന്നെ വലയാന്‍ തുടങ്ങി. ചൂടുകാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങളും പിടിപെടാം. നിര്‍ജ്ജലീകരണം, പൊള്ളല്‍, സൂര്യാഘാതം എന്നീ മൂന്ന് ആരോഗ്യപ്രശ്നങ്ങളാണ് വേനലില്‍ പ്രധാനമായും ഉണ്ടാകുന്നത്. വെള്ളം, വായു വഴി പകരുന്ന രോഗങ്ങള്‍, നേത്ര-ത്വക്ക് രോഗങ്ങളും പിടിപെടാം. നിര്‍ജ്ജലീകരണം ചൂടുകാലത്ത് സര്‍വസാധാരണമായ രോഗാവസ്ഥയാണ് നിര്‍ജ്ജലീകരണം. പുറം പണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരുടെ ശരീരത്തിലൂടെ അതിവേഗത്തിലാണ് ജലനഷ്ടം ഉണ്ടാകുന്ന്. ഇതിനെ തടയാനും മാര്‍ഗങ്ങളുണ്ട്. ചൂടുകാലത്ത് ക്ഷീണം തോന്നിയാല്‍ നന്നായി വെള്ളം കുടിക്കണം. കൂടുതല്‍ തവണകളായി വേണം വെള്ളം കുടിക്കേണ്ടത്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ ശീലമാക്കുക. പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തിനും ഒപ്പം ശരീരത്തിലെ ജലാംശം സൂക്ഷിക്കുന്നതിനും ഉപകാരപ്പെടും. വെള്ളം കുടിക്കുന്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സമയമാണ് വേനല്‍ക്കാലം. ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും അതീവ ശ്രദ്ധയോടെ വേണം കഴിക്കാന്‍. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കിണറും കക്കൂസുകള്‍ പോലെയുള്ള മാലിന്യ സ്രോതസുകളും നിശ്ചിത അകലത്തിലാണ് എന്ന് ഉറപ്പ് വരുത്തണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കില്‍ പരന്ന വലിയ പാത്രത്തില്‍ തുറന്ന് വെക്കുക. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം മാത്രം ഉപയോഗിക്കുക. കുടിക്കാനെപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മധുരമുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. പഴച്ചാറുകള്‍ കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുക. കടകളിലും റോഡ് സൈഡിലും കിട്ടുന്ന വെള്ളം മലിനമാകാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുന്പോള്‍ പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. വീട്ടില്‍ നിന്ന് തിളപ്പിച്ചാറിയ വെള്ളവും ഭക്ഷണങ്ങളും കൈയില്‍ കരുതുക. വേനല്‍ക്കാലത്ത് പലരും ഫ്രിഡ്ജില്‍വെച്ച വെള്ളമാണ് കുടിക്കാറ്. എന്നാല്‍ ചൂട് കുറക്കാന്‍ ഏറ്റവും നല്ലത് തിളപ്പിച്ചാറിയ വെള്ളമാണ്. മല്ലിവെള്ളം, ബാര്‍ലി വെള്ളം കരിക്കിന്‍ വെള്ളം, പച്ചമാങ്ങ ഇട്ട് തിളപ്പിച്ച വെള്ളം, കഞ്ഞിവെള്ളം, നേരിയ തോതില്‍ ഉപ്പിട്ട നാരങ്ങാവെള്ളം ഇവയൊക്കെ ചൂടിനെ കുറക്കുന്ന പാനീയങ്ങളാണ്. കടകളില്‍ നിന്ന് കിട്ടുന്ന ശീതള പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കളര്‍ ചേര്‍ത്ത വെള്ളവും കുടിക്കരുത്. നറുനീണ്ടിയോ രാമച്ചമോ ഇട്ട് തിളപ്പിച്ച വെള്ളം കൂജയില്‍ ഒഴിച്ച് വെച്ച് കുടിക്കുന്നതും നല്ലതാണ്. ത്വക്ക് രോഗങ്ങള്‍ ത്വക്ക് രോങ്ങളാണ് വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന വില്ലന്‍. ചെറിയ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന രോഗമാണ് ചൂടുകുരു. വെയിലത്ത് ഉണങ്ങിയ വൃത്തിയുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. ചെറിയ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ചൂടുകുരു വരാം. തേങ്ങാപ്പാല്‍ ശരീരത്ത് തേച്ച് പിടിപ്പിച്ചതിന് ശേഷം കുളിക്കുന്നത് ചൂടുകുരു ശമിപ്പിക്കും. നെല്ലിക്കാപ്പൊടി വെളളത്തില്‍ ചാലിച്ച് പുരട്ടുക. നാല്‍പ്പാമരം വെന്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചര്‍മം കരുവാളിക്കുന്നതിന് വെള്ളരിക്ക പാലില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. തക്കാളി അരച്ച് പുരട്ടുന്നതും ഗുണം ചെയ്യും. പിണ്ഡ തൈലം, ഏലാദി തൈലം എന്നിവയും നല്ല ഫലം തരും. നേത്ര രോഗങങള്‍ നേത്ര രോഗങ്ങള്‍ വരാതെയും സൂക്ഷിക്കണം. ഇടക്കിടക്ക് മുഖം കഴുകുന്നത് നല്ലതാണ്. രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും വേനലില്‍ കുടിക്കുന്നത് കണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നെല്ലിക്ക, കുന്പളങ്ങ, വെള്ളരിക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെള്ളരിക്ക മുറിച്ച് കണ്‍തടങ്ങളില്‍ വെക്കുന്നത് കണ്ണ് തണുക്കാന്‍ സഹായിക്കും. കട്ടന്‍ചായ ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് അതില്‍ തുണി മുക്കി കണ്ണിന് മുകളില്‍ വെക്കുന്നതും കണ്ണ് തണുക്കാന്‍ സഹായിക്കും. കണ്ണിന്റെ തളര്‍ച്ച മാറാന്‍ ചെറിയ വ്യായാമങ്ങള്‍ ഇടക്കിടക്ക് ചെയ്യണം. നിവര്‍ന്നിരുന്ന് കണ്ണുകള്‍ പരമാവധി മുകളിക്കും താഴേക്കും മുഖം ചലിപ്പിക്കാതെ നോക്കണം. ഇങ്ങനെ ഇരുപത് തവണ ചെയ്യുക. നേരിട്ട് കണ്ണില്‍ വെയില്‍ തട്ടാതെ ശ്രദ്ധിക്കണം. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം, വയറിളക്കം , ടൈഫോയിഡ് , കോളറ പോലുള്ള രോഗങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതല്‍ ഉണ്ടാകാറുള്ളത്. ശുചിത്വം പാലിക്കുക. എവിയെപ്പോയാലും തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതുന്നത് ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയും. വയറിളക്കം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചികിത്സിച്ച് മാറ്റണം. കുട്ടികളിലെ വയറിളറക്കം കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിലെ ജലാംശം ഏറ്റവും കൂടുതല്‍ നഷ്ടമാകുന്ന സമയമായതിനാല്‍ അപകടകരമായ അവസ്ഥയുണ്ടായേക്കാം. മഞ്ഞപ്പിത്തം വന്നു കഴിഞ്ഞാല്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വേനല്‍ക്കാലത്ത് രാവിലെ നടക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ നടത്തം ഗുണം ചെയ്യും. സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് നിരവധി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലേയും ഓഫീസിലേയും കാര്യങ്ങള്‍ മുഴുവന്‍ കഴിയുന്പോഴേക്കും സ്വന്തം കാര്യം മറന്നുപോകുന്നവരാണ് സ്ത്രീകള്‍ യോനീ അണുബാധയും മൂത്രത്തില്‍പ്പഴുപ്പും സ്ത്രീകളില്‍ അമിതമായി വര്‍ധിക്കുന്ന സമയമാണ് വേനല്‍ക്കാലം. നനവുള്ള അടിവസ്ത്രം ഉപയോഗിക്കരുത്. സിന്തറ്റിക് , ഫൈബര്‍ അടിവസ്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കരുത്. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ആര്‍ത്തവ സമയത്ത് കൂടുതല്‍ ശ്രദ്ധ വേണം. കോട്ടണ്‍ കോട്ടിങുള്ള പാഡുകള്‍ വേണം ഉപയോഗിക്കാന്‍. പ്ലാസ്റ്റിക് കലര്‍ന്ന കോട്ടിങ്ങുള്ള പാഡുകള്‍ ഉണ്ട്. അത് ചൂട് വര്‍ധിപ്പിക്കും. പാഡുകള്‍ കൃത്യ സമയത്ത് തന്നെ മാറ്റാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകും. വേനലില്‍ കുട്ടികള്‍ വെയിലേറ്റ് വാടരുത് വേനലില്‍ കുട്ടികളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, ഉറക്കം, ശീലങ്ങള്‍ അങ്ങനെ പലതും. ഭക്ഷണവും പാനീയങ്ങളും വലിയവര്‍ കഴിക്കുന്നത് തന്നെ കുട്ടികള്‍ക്കും കൊടുത്ത് ശീലിക്കാവുന്നതാണ്. മുതിര്‍ന്നവരുടെ ചര്‍മത്തേക്കാളധികം ലോലമാണ് കുട്ടികളുടേത്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ അമിത ശ്രദ്ധയും ആവശ്യമാണ്. യാത്രകളില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പ്രത്യേകം കരുതണം. വലിയവര്‍ക്കുള്ളതിനൊപ്പം കുട്ടികളുടെ ഭക്ഷണം വെക്കാതിരിക്കാനും ശ്രദ്ധിക്കണം. അവര്‍ക്ക് പ്രത്യേകം ടിഫിനുകള്‍ വേണം കരുതാന്‍. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ കോട്ടണ്‍ വസ്ത്രങ്ങളാണ് വേനലില്‍ കൂടുതലായും ധരിക്കാന്‍ അത്യുത്തമം. കോട്ടണ്‍ വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നത് വഴി ചര്‍മ കോശങ്ങള്‍ക്ക് തടസമില്ലാതെ ശ്വസിക്കാം. മറ്റ് വസ്ത്രങ്ങളില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കാം. അത് വഴി ചൊറിച്ചില്‍ അനുഭവപ്പെടാം. കറുത്ത നിറങ്ങള്‍ ചൂടിനെ ആഗിരണം ചെയ്യുമെന്നതിനാല്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് കുട്ടികള്‍ക്ക് എപ്പോഴും നല്‍കേണ്ടത്. ഇറുകിയ ഉടുപ്പുകള്‍ ഒഴിവാക്കുക. വസ്ത്രം ഒരു ഭാരമായി ഒരിക്കലും കുട്ടികള്‍ക്ക് തോന്നരുത്. വലിയ ഗൗണുകള്‍ പോലുള്ള കട്ടിയുള്ള ഉടുപ്പുകള്‍ പരമാവധി ഒഴിവാക്കണം. പാര്‍ട്ടികളിലും ദിവസേനയുള്ള വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് തരം ഉടുപ്പുകള്‍ ഉപയോഗിക്കുക. നൈലോണ്‍ പോലുള്ളവ കാണാന്‍ ഭംഗിയുണ്ടായാലും കുട്ടികള്‍ക്ക് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും. വേനല്‍ക്കാലത്ത് പാര്‍ട്ടികളില്‍ സുന്ദരിയാകാന്‍ മികച്ച കോട്ടണ്‍ വസ്ത്രങ്ങളും കുട്ടികള്‍ക്ക് വിപണികളില്‍ ലഭ്യമാണ്. ചെറിയ കുട്ടികളെ എടുത്ത് നടക്കുന്ന വലിയവരുടേയും വസ്ത്ര ധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല. ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളാണ് നല്ലത്. കളിക്കാന്‍ പോകുന്പോള്‍ വേനലവധി ആയതിനാല്‍ പൊടിയിലും വെയിലിലും കളികളിലായിരിക്കും കുട്ടികള്‍.. പുറത്ത് കളിക്കാന്‍ പോകുന്പോള്‍ രാവിലെ ൧പത്ത് മണിക്ക് ശേഷവും മൂന്ന് മണിക്ക് മുന്പും ഉള്ള സമയത്ത് വെയില് കൊള്ളുന്ന തരത്തില്‍ പാടില്ല. ഈ സമയത്തെ വെയില്‍ കുട്ടികള്‍ക്ക് താങ്ങാനാകില്ല. തൊപ്പി ഉപയോഗിക്കുന്നത് കണ്ണിലേക്ക് സൂര്യരശ്മികള്‍ പതിക്കുന്നത് തടയും. അത് നേത്ര രോഗങ്ങള്‍ തടയുന്നതിന് കാരണമാകും. ഇടക്കിടക്ക് മുഖം കഴുകിക്കൊടുക്കണം. അതേസമയം തൊപ്പി വെക്കുന്പോള്‍ തലയില്‍ വിയര്‍പ്പ് തങ്ങുന്ന തരത്തിലുള്ളവയായിരിക്കരുത് . കുട്ടികളെ ദിവസവും രണ്ട് നേരം കുളിപ്പിക്കുക. വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണം ചര്‍മം കണ്ടാല്‍ പ്രായം തോന്നരുത് വേനല്‍ക്കാലത്ത് അല്‍പം ശ്രദ്ധിച്ചാല്‍ സൗന്ദര്യത്തിന് കോട്ടം തട്ടാതെ നോക്കാം. എണ്ണമയമുള്ള ചര്‍മക്കാര്‍ വേയിലേറ്റ് കഴിഞ്ഞാല്‍ മുഖം പെട്ടെന്ന് കരുവാളിക്കും. ചൂടേശാതിരിക്കാന്‍ കുട ചൂടുകയാണ് ഫലപ്രദമായ മാര്‍ഗം. കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കുക. കുളിര്‍മയും സുഖവും കിട്ടും. കുളി കഴിഞ്ഞ് കക്ഷം, കൈകൈലാലിന്റെ മടക്കുകള്‍ എന്നിവിടങ്ങളില്‍ ടാല്‍ക്കം പൗഡര്‍ ഇടുന്നതും നല്ലതാണ്. മഞ്ഞള്‍ ദേഹത്ത് തേച്ച് കുളിത്തുന്നത് ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. പക്ഷേ, മഞ്ഞള്‍ തേച്ചതിന് ശേഷം വെയില്‍ കൊള്ളരുത്. ചര്‍മം കൂടുതല്‍ കറുത്തു പോകും. പാദങ്ങള്‍ മുഖം പോലെ ഷൂ പോലെ കാല്‍പ്പാദം മൂടുന്ന ചെരുപ്പുകള്‍ കൂടുതലും അണിയാന്‍ കഴിയുന്ന കാലാവസ്ഥയാണ് വേനല്‍. പാദങ്ങളില്‍ പൊടി കയറാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ ചിലര്‍ക്ക് കാല്‍പ്പാദം വിയര്‍ക്കും. ഇത്തരക്കാര്‍ ഷൂ ഉപയോഗിക്കാതെ കാറ്റ് കയറുന്ന തരത്തിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുക. രാത്രിയില്‍ കിടക്കുന്പോള്‍ കാല്‍പ്പാദങ്ങളില്‍ മോയിസ്ച്ചറൈസിങ് ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. മുടിക്കും വേണം ശ്രദ്ധ മഴക്കാലത്തേക്കാള്‍ മുടിയുടെ സംരക്ഷണം കുറെക്കൂടി എളുപ്പമാണ്. കുളി കഴിഞ്ഞയുടന്‍ മുടി കോതിയുണക്കണം. ഷാംപൂ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മുടി കഴുകുന്നത് നല്ലതാണ്. ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതല്ല. പ്രകൃതിദത്തമായ മാര്‍ഗങ്ങളാണ് കുറെക്കൂടി നല്ലത് ചെറുപയര്‍ പൊടി, കടലമാവ് തുടങ്ങിയവ വെറുതെ വെള്ളത്തില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും നല്ലതാണ്. കടുക്, ഉലുവ എന്നിവ അരച്ചു തേച്ചാല്‍ മുടി നന്നായി വേറിട്ട് നില്‍ക്കും. ചെന്പരത്തിത്താളി മുടിക്ക് പറ്റിയ ഏറ്റവും മികച്ച ഷാംപു ആണ്. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് മുടിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കും. മഴക്കാലത്തെ അപേക്ഷിച്ച് മുടി കെട്ടി വെക്കുന്നതാണ് നല്ലതാണ്. മുടി വരണ്ട് പൊട്ടിപ്പോകാനുള്ള സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് ഫലം ചെയ്യും. വേണം ആഹാരത്തിലും ശ്രദ്ധ വേനല്‍ക്കാലത്ത് ഗോതന്പ് ഉല്‍പ്പന്നങ്ങള്‍, സോഡ, വറുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ നിയന്ത്രിക്കുക. മധുര പദാര്‍ഥങ്ങളും സ്റ്റാര്‍ച്ച് അധികമുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. മുഖക്കുരു , ചൂടുകുരു എന്നിവ വരാതിരിക്കാല്‍ പ്രത്യേക ശ്രദ്ധ വേനല്‍ക്കാലത്ത് ആവശ്യമാണ്. വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്പോള്‍ തെറ്റായ സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കരുത്. മുഖത്തിനും ശരീരത്തിനും കാലാവസ്ഥക്കും അനുകൂലമായത് വേണം തെരഞ്ഞെടുക്കാന്‍ വിയര്‍പ്പ് തുടച്ചു മാറ്റുക വെയിലത്ത് പോയി വിയര്‍ത്ത് തിരികെ വരികയാണെങ്കില്‍ ഉടന്‍ തന്നെ വിയര്‍പ്പ് തുടച്ച് മാറ്റണം. വിയര്‍പ്പ് ശരീരത്ത് ഉണങ്ങി പിടിച്ചിരിക്കാനുള്ള അവസരം പരമാവധി ഒഴിവാക്കുക. ചുറുചുറുക്ക് ആവശ്യമാണ് വ്യായാമവും യോഗയും ഒക്കെ ദിവസം മുഴുവന്‍ പ്രസരിപ്പോടെയിരിക്കാന്‍ സഹായിക്കും. വ്യായാമം ചര്‍മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉല്‍പ്പാദിപ്പിക്കുന്നു. വ്യായാമത്തിന് ശേഷം ശരീരവും വ്യായാമത്തിന് ഉപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. ഇത് ബാക്ടീരിയ തടയുന്നതിന് ഗുണം ചെയ്യും.

2018 ഏപ്രി 4

ഭൂതം തീണ്ടിയ വിഷു.....

അതവരുടെ ആദ്യത്തെ വിഷുവായിരുന്നു. അവരുടേതെന്ന് പറഞ്ഞാല്‍ പ്രണയ വിവശരായി ഇവളല്ലാതെ മറ്റൊരു പെണ്ണ് വേണ്ടെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് കൈ ചേര്‍ത്ത് പിടിച്ച പുരുഷനും അവന്റെ നല്ലപാതിയും. അങ്ങനെയേ പറയാവൂ. ഭാര്യ, ആ പദം വേണ്ട . അതിന് ഒരു അതിര്‍വരന്പ് എവിടെയോ ഉണ്ടെന്ന് പറയാറുള്ളത് അവനായിരുന്നു. അവന് വിഷുവും ഓണവും ഒക്കെ ഒരുപോലെയായിരുന്നു. \ പത്രമാപ്പീസിലെ ജോലി പോലെ കഴിഞ്ഞ കുറെകാലമായി അവന്റെ ജീവിതത്തിന് ഒരു താളബോധമില്ലാതായിട്ട്. എല്ലാവരും ഉറങ്ങുന്പോഴാണല്ലോ പത്രത്തിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുക. എന്നാല്‍ മാത്രമല്ലേ എല്ലാവരും ഉണരുന്പോഴേക്കും രാവിലെ ചായക്കൊപ്പം എരിവും പുളിയും കലര്‍ന്ന വിഷയങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിയൂ. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിഷു എന്ന ഫീലിങ്സൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. രാത്രി വര്‍ത്തമാനം പറഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ ഏറെ വൈകി. അതുകൊണ്ട് തന്നെ താഴത്തെ നിലയില്‍ നിന്ന് ശ്രീയേ എണീക്കെടാന്നുള്ള അമ്മയുടെ വിളി കേട്ടപ്പോ ദേഷ്യം തോന്നി. ''സാരൂല്ലാന്നേ ഒന്ന് കണി കണ്ടേക്ക്.'' '' നിനക്കറിയാലോ എനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്ന്. '' ''അറിയാം ഇന്നലെ രാത്രി ഏറെ വൈകിയാ അമ്മ കിടന്നത്. അവരുടെ ആഗ്രഹമല്ലേ. വിട്ടു കള''. വിവാഹം കഴിഞ്ഞിട്ട് ഏറെ നാളാകാത്തതുകൊണ്ട് തന്നെ പരപസ്പരം പ്രണയം തുളുന്പുന്ന ബന്ധമായിരുന്നു അവര്‍ക്കിടയില്‍ . അവള്‍ അവന്‍റെ മുഖം തിരിച്ച് തനിക്ക് അഭിമുഖമായി നിര്‍ത്തി കണ്ണ് തുറന്നു. ''ഈ മോന്ത കണ്ടാ മതി. എന്നിട്ട് മതി കള്ളകൃഷ്ണന്റെ''. പരസ്പരം കണി കണ്ട് സ്റ്റെയര്‍ കെയ്സിറങ്ങുന്പോള്‍ വീണ്ടും അമ്മ. ''ടാ കണ്ണു തുറക്കരുത്''. അയാളുടെ കൈയില്‍ അവള്‍ ഒന്ന് നുള്ളി. അയാള്‍ ചെവിയില്‍ പറഞ്ഞു. ''അവര്‍ക്ക് നീ ഉണ്ടെന്ന് അറിയില്ലേ. ഇതെന്തോന്നാ എന്നെ മാത്രം വിളിച്ചുകൊണ്ടിരിക്കുന്നത്. വിവരമില്ലാത്ത സ്ത്രീ''. ആ ഈര്‍ഷ്യയോടെയാണ് പൊന്‍വെളിച്ചം വിതറുന്ന പൂജാ റൂമിന് മുന്നില്‍ നിന്നത്. വയറിന് മുകളില്‍ നെഞ്ചിനോട് ചേര്‍ന്ന് പച്ച കയിലി മുണ്ട് വാരി ചുറ്റി ഉടുത്തിരിക്കുന്നു. രോമം നിറഞ്ഞ വെളുത്ത കാലിന്റെ പകുതിയോളം കാണാം. മുണ്ടുടുക്കാനറിയില്ലെന്ന് അവള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അവള്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്പോള്‍ അവള്‍ക്കരികില്‍ നിന്ന് തള്ള വിരലിന്റെ നഖത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തൊലി ഇളക്കി കളഞ്ഞുകൊണ്ട് നിര്‍വികാരനായി നോക്കിയാണ് അയാള്‍ നിന്നത്. അവള്‍ കൈ കൂപ്പി പ്രാര്‍ഥിച്ചു. ഈശ്വരാ ഇങ്ങനെ ജീവിതാവസാനം വരെ ശ്രീക്കൊപ്പം കണി കാണിച്ച് തരണേ. കഴുത്തില്‍ കിടന്ന ഏഴ് പവന്റെ തടിച്ച വലിയ താലിമാലയിലൂടെ കൈ ഊര്‍ന്ന് ശംഖ് താലിയില്‍ മുറുകെപ്പിടിച്ചു ഭഗവാനേ, കൃഷ്ണാ ഇതെന്റെ സ്വപ്മായിരുന്നു. ജീവന്റെ ശ്വാസം എന്നില്‍ നിന്ന് പോകണവരെ ഈ കുരുത്തംകെട്ടവനെ സഹിക്കാനുള്ള ശ്കതി തരണേ. കണ്ണ് തുറന്ന് ഓരോന്നായി മനസ് നിറഞ്ഞാണ് അവള്‍‍ കണി കണ്ടത്. ചക്ക , കണി വെള്ളരി, ഒരു കുല മാങ്ങ..അങ്ങനെ...കണ്ണാടിയില്‍ തട്ടി വിളക്കിലെ വെളിച്ചം അങ്ങനെ പരന്ന് കിടക്കുന്നു. മണ്‍കലത്തിന് മുകളിലൂടെ വെള്ളക്കളറില്‍ വര വരച്ചതും കണിക്കൊപ്പമുണ്ട്. ഇതെന്താ അമ്മേ, മണ്‍കലം. ചോദ്യം അമ്മക്ക് വലിയ ഇഷ്ടമായില്ലെങ്കിലും അവര്‍ അത് പ്രകടിപ്പിച്ചില്ല. മരുമകളുടെ ചോദ്യത്തിന് മുന്നില്‍ ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. ആ അറിയില്ല. പണ്ടേ മ്മള് വെക്കാറുണ്ട്. അത്രേ അറിയൂ. അപ്പോ അയാള്‍ക്കും ചോദിക്കണ്ടേ, ഈ ചക്കയും മാങ്ങയുമൊക്കെ എവിടുന്നാ ?. സ്വന്തം പറന്പില്‍ നിന്നും അതൊന്നും കിട്ടാനില്ലെന്ന് അയാള്‍ക്കറിയാം. ഉണ്ടായിരുന്നതൊക്കെ ക്ഷയിച്ച് ഇപ്പോ മണ്ഡരി ബാധിച്ച ഇരുപത് തെങ്ങ് മാത്രമായി. പറന്പില്‍ പുല്ലുപോലും മുളക്കുന്നില്ല. എല്ലാം കരിഞ്ഞുണങ്ങി കിടക്കുന്നു. ഇത്തവണ അവര്‍ നന്നായി ചിരിച്ചു . ചോദ്യം മരുമകളുടേതല്ലല്ലോ. ''രണ്ടും അപ്പുറത്തൂന്ന് സരസുവേച്ചി തന്നതാ''. ''ആദ്യത്തെ കണിയായിരിക്കും അല്ലേ?'', ചോദ്യം അച്ഛന്റേതാണ്. ശ്രീ ഇടക്കു കയറി പറഞ്ഞു. ജാതിയും മതവും ഇല്ലാതെ വളര്‍ന്ന ഇവര്‍ക്കെന്ത് വിഷു. ശ്രീയുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു. ''അല്ല അച്ഛാ രണ്ട് വര്‍ഷം മുന്പ് കൂടെ ജോലി ചെയ്യുന്ന ഉമേച്ചീടെ വീട്ടില്‍ പോയിരുന്നു വിഷുവിന് . അവിടുന്നാ ജീവിതത്തില്‍ ആദ്യമായി കണി കണ്ടത്. അവര്‍ ബ്രാഹ്മണരാ.'' പരിചയപ്പെടുന്പോള്‍ തന്നെ ഞാന്‍ ബ്രാഹ്മണരാ, എന്റെ ഇല്ലം, മുത്തശ്ശി ഇങ്ങനെ എടുത്ത് പറയാറുള്ള ഉമേച്ചീടെ വീട്ടിലെ വിഷു എന്തൊക്കെ പറഞ്ഞാലും മറക്കാനാകാത്ത ഓര്‍മയാണ്. ഉമേച്ചീടെ അച്ഛനും അവരുടെ വീട്ടില്‍ വന്ന ഓപ്പോളും ഭര്‍ത്താവും മറ്റ് ബന്ധുക്കളുമെല്ലാം അവരിലൊരാള്‍ക്ക് നല്‍കുന്നതുപോലെ തന്നെ എനിക്ക് കൈ നീട്ടം തന്നു. കൂട്ടി നോക്കിയപ്പോ എനിക്ക് നാലായിരം രൂപ. ഉമേച്ചിക്ക് രണ്ടായിരം. എനിക്ക് കിട്ടേണ്ട കൈ നീട്ടമാ നീ തട്ടിയെടുത്തതെന്ന് ഉമേച്ചി അന്ന് പരിഭവം പറഞ്ഞു. ശ്രീ അപ്പോഴേക്കും ടി വി വെച്ചു. രാവിലെ കഥകളി, അജിത ഹരേ ജയ...മാധവ വിഷ്ണു.... അയാള്‍ക്കിഷ്ടപ്പെട്ട പദമാണത്. അന്പലവാസിയല്ലെങ്കിലും അവള്‍ക്കും കഥകളിയോട് വലാത്ത പ്രേമമുണ്ട്. പണ്ട് കലോത്സവ വേദിയില്‍ ലളിതഗാന മത്സരത്തിന് ക്ലസ്റ്റ് നന്പര്‍ വാങ്ങി കാത്തിരുന്ന വേദിയില്‍ കഥകളി പദം തീരാനുണ്ടായിരുന്നു. അന്നാണ് ആദ്യമായി പദം കേള്‍ക്കുന്നത്. ആ കുട്ടികളോടൊക്കെ വല്ലാത്ത കുശുന്പും തോന്നിയിരുന്നു. അമ്മ അടുക്കളയിലേക്ക് പോയി. മരുമകള്‍ അടുക്കളയില്‍ കയറാതിരുന്നാ മുഖം കറുക്കും. അവളും അമ്മക്കൊപ്പം ചേര്‍ന്നു. സദ്യ ഉണ്ടാക്കി വെച്ച് അന്പലത്തില്‍ പോയി രണ്ട് പേരും. പോയി വരുന്പോഴും ശ്രീ നല്ല ഉറക്കാ. വെറുതെ ചന്ദനം എടുത്ത് നെറ്റിയില്‍ വരച്ചു. തുടച്ച് കളഞ്ഞ് ഈര്‍ഷ്യയോടെ തിരിഞ്ഞു കിടന്നു. തിരികെ താഴെയെത്തിയപ്പോള്‍ ആരും കാണാതെ അച്ഛന്‍ അടുത്തേക്ക് വിളിച്ച് കൈ നീട്ടം തന്നു. കൈയില്‍ ചുരുട്ടി പിടിച്ചാണ് തന്നത്. . അമ്മ കാണണ്ട. അച്ഛന്‍ ഇതുവരെ ആര്‍ക്കും കൈ നീട്ടമൊന്നും കൊടുത്തിട്ടില്ല. കണ്ണ് നിറഞ്ഞത് അച്ഛനെ കാണിക്കാതെ മുഖം തിരിച്ചു. ആരോടും പറഞ്ഞതും ഇല്ല. .................................................... പിന്നെയും വിഷു ഉണ്ടായിരുന്നു. അടുത്ത വിഷുവിന് അവര്‍ രണ്ടുപേരും നാടും വീട് വിട്ട് ദൂരെയായിരുന്നു. വിഷുവിന് ലീവില്ലെന്ന് അമ്മായിയമ്മയോടും അയാളോടും അവള്‍ കള്ളം പറഞ്ഞു. ഒരു വിഷുവിനെങ്കിലും അയാള്‍ക്ക് വേണ്ടി അവള്‍ക്ക് ഒറ്റക്ക് നല്‍കണമായിരുന്നു. രാവിലെ അയാളെ കണി കണ്ട് അയാളുടെ കണ്ണുകളില്‍ പതിയെ ചുംബിച്ച് കണ്ണ് പൊത്തി അയാളെ കണി കാണിച്ച വിഷു. അതും കഴിഞ്ഞു. അടുത്ത വിഷുവിന് അവര്‍ക്കിടയില്‍ ഒരു അതിഥി കൂടി വന്നു അപ്പോഴേക്കും അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായി. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ വിഷുവിനാണ് ഒരുമിച്ചിരുന്ന് ഫോട്ടെയെടുത്തത്. കൈ വിട്ടുവെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയെന്ന് സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കെല്ലാം ഫോട്ടോ അയച്ചു കൊണ്ട് മെസേജ് ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ വിഷു. പിരിഞ്ഞിട്ട് ഇത് മൂന്നാമത്തെ വിഷുവാണ്. മകള്‍ക്ക് വേണ്ടി കണിയൊരുക്കും. പ്രാര്‍ഥനയില്ല. കൃഷ്ണ വിഗ്രഹവും ഇല്ല. കാര്‍ഷിക അഭിവൃദ്ധിയുടെ ഉത്സവമല്ലേ വിഷു. അഷ്ടിച്ച് കടന്നുപോകുന്ന ജീവിതത്തില്‍ ഭക്ഷണത്തിന്റെ സമൃദ്ധിയുണ്ടാകണമെന്ന ആഗ്രഹം മാത്രം. ബ്ലോഗില്‍ വിഷു ഓര്‍മകള്‍ എഴുതാനിരുന്നപ്പോഴാണ് പെട്ടെന്ന് കണ്ടത്. ഭൂതം തെയ്യത്തിന്റെ സങ്കടം പറച്ചില്‍ എഴുതിയത്. വിഷുവിന് മുന്നിലാണ് ഭൂതം തെയ്യം കെട്ടാറ്. ശ്രീക്കൊപ്പം ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ചുവന്ന മുഖത്തെഴുത്തും വെളുത്ത മേലെഴുത്തും കൈയില്‍ ദണ്ഡും കാലില്‍ ചിലന്പും ഉള്ള ഭൂതം തെയ്യം ആടിത്തീരുന്നത് കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.ചൂട്ട് കറ്റകളുടെ വെളിച്ചത്തില്‍ കാവിന്റെ നടയില്‍ ദണ്ഡുമായി കുത്തിയിരുന്ന ജനങ്ങളുടെ ചെയ്തികളെ കുറിച്ച് ദൈവത്തോട് സങ്കടം പറയുന്ന ഭൂതം. ദണ്ഡുമായി ചുറ്റും കൂടി നില്‍ക്കുന്ന ആളുകളുടെ പക്കലേക്ക് ഓടും. ദണ്ഡ് ദേഹത്ത് തട്ടുന്നയാള്‍ക്ക് ആ വര്‍ഷം നല്ലതല്ലെന്നാണ് വിശ്വാസം. ദൂരെയുള്ള കാവിലേക്ക് കോഴിക്കുരുതിക്ക് ഓടിപ്പോകുന്ന വഴി തോന്നി പിന്നാലെ പോയാലോ എന്ന് . ശ്രീയോട് പറഞ്ഞപ്പോ ആരും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു. തിരികെ വരുന്ന വഴിക്ക് എവിടെയെങ്കിലും വെച്ച് കാണാം എന്ന് വീണ്ടും നിര്‍ബന്ധിച്ചു. വയലും കാടും കടന്ന് ദൂരെയുള്ള കാവില്‍ കോഴിക്കുരുതി നടത്തി തിരികെ മുരുകന്റെ അടുത്ത് വന്ന് നടയില്‍ പറയാനുള്ള സങ്കടങ്ങള്‍ ദണ്ഡ് ശക്തിയില്‍ അടിച്ച് പറയും. അത് പറഞ്ഞ് കേട്ട അറിവാണ്. ആരും കാണാറില്ല. അത് കാണാന്‍ പോകാമെന്ന് ശ്രീ സമ്മതിച്ചു. രണ്ട് പേരും ഇരുട്ടത്ത് ആ കരച്ചിലും സങ്കടം പറച്ചിലും കണ്ടു കൊണ്ടുനില്‍ക്കുന്പോഴാണ് പെട്ടെന്ന് തൊട്ടപ്പുറത്ത് നിന്ന കുട്ടികളിലൊരാള്‍ പേടിച്ച് നിലവിളിച്ചത്. ഇരുട്ടായതുകൊണ്ട് എവിടെയാണെന്ന് ഭൂതത്തിന് മനസിലായില്ല. നടയുടെ രണ്ട് ഭാഗത്തേക്കും ദണ്ഡുമായി ചാടി വീണു. വലിയ കയ്യാലയുടെ പുറത്തു നിന്നും ശ്രീയെ ഷര്‍ട്ടില്‍ പിടിച്ച് താഴേക്ക് വലിച്ചിട്ടത് മാത്രം ഓര്‍മയുണ്ട്. പിറ്റേന്ന് അതിനെക്കുറിച്ച് വര്‍ണിക്കുന്പോള്‍ പുരോഗമനം പറയണ്ട അനുഭവിക്കുന്പോഴറിയാമെന്നുള്ള അമ്മായിയമ്മയുടെ വാക്കിന് വില കൊടുത്തില്ല. ഒരു വര്‍ഷത്തെ ജനതയുടെ സങ്കടം ഭൂതം പറയും. അതിനെയാണ് തടസപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് കണ്ണീര് തോര്‍ന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസമാണെന്ന് കരുതും. ബ്ലോഗ് സൈന്‍ ഔട്ട് ചെയ്തു. ശ്രീക്കൊപ്പം ഇനി ഭൂതത്തിനെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കാണാന്‍ പറ്റില്ല. നഷ്ടങ്ങളുടെ പട്ടികയില്‍ ആദ്യം പറ‍ഞ്ഞ ആഗ്രഹം. ഈ വിഷുവിന് ശ്രീ മറ്റൊരു വളക്കൈ ചേര്‍ത്ത് പിടിക്കും. മറ്റൊരു സിന്ദൂരപ്പൊട്ടില്‍ നെറ്റിയമര്‍ത്തും. വെളുത്ത് സുന്ദരമായ അവളുടെ കൈകള്‍ കണ്ണ് പൊത്തി കണി കാണിക്കും. ഇങ്ങ് ദൂരെ ആരും അറിയാത്തിടത്ത് മകളെ കണി കാണിക്കുന്പോള്‍ അവളുടെ സിന്ദൂരം മാഞ്ഞിരുന്നു. പ്രാര്‍ഥിക്കാന്‍ ഒന്നുമില്ലാതായിരിക്കുന്നു. വിഷു കണിയെന്ന് വെച്ചാല്‍ എന്താ അമ്മേ? എന്നുള്ള അവളുടെ കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടി തൊണ്ടയില്‍ കുരുങ്ങിയ വിങ്ങലോടെ പറയാന്‍ ശ്രമിക്കുന്നു. കാര്‍ഷികോത്സവമാണ് മോളെ വിഷു. അങ്ങനെ പറഞ്ഞാല്‍ എന്താ അമ്മേ? അങ്ങനെ പറഞ്ഞാല്‍...അവള്‍ക്ക് മനസിലാകുന്ന തരത്തിലേക്ക് കുഞ്ഞാക്കി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അവള്‍. കൈയില്‍ ചുരുട്ടിപ്പിടിച്ച നൂറ് രൂപ നോട്ട് മകള്‍ക്ക് നല്‍കി അവളെ ചേര്‍ത്ത് പിടിച്ചു. ഇത് കളയരുത് ഒരിക്കലും. ഇത് നിന്റെ അവകാശമാണ്. ഒന്നുമറിയാത്ത നാല് വയസകാരി അവളുടെ സ്കൂള്‍ ബാഗിലെ ബോക്സിനുള്ളില്‍ അതെടുത്തുവെച്ചു. അടുത്ത വിഷു? ഇനിയെന്താണ് ബാക്കി ഒന്നും ഇല്ല. എല്ലാം ശൂന്യം...!!!!!! .............. ................... ..................... ........................ ............................. ....................... ......................................................................... ................................................................... ............................................ ........................................... ............................................

2017 സെപ്റ്റം 23

ട്രാക്കിലെ കൊച്ചു ചിത്രശലഭം


സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റുകളില്‍ സ്വര്‍ണം വാരിക്കൂട്ടിയവരുടെ പേരുകളില്‍ മുന്നിലുണ്ടായിരുന്നു അവളുടെ പേര്. നാളെയുടെ പ്രതീക്ഷയില്‍ കണ്ണുറപ്പിച്ച് വിയര്‍പ്പ് മെഡലുകളാക്കി മാറ്റാന്‍ പ്രയാസപ്പെടുന്ന താരങ്ങളുടെ നടുക്ക് അവളും ഉണ്ടായിരുന്നു. നാണത്തോടെ അതിലേറെ ഭയന്നു വിറച്ച കണ്ണുകളോടെയുള്ള ഒരു ചെറിയ തനി നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി. മത്സരം കടുത്തതാകുമോ എന്ന് മത്സരത്തിന് മുന്നേ പതിവ് ചോദ്യം ചോദിച്ചാല്‍ ചെറിയ പുഞ്ചിയിരിയോടെ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മാത്രം പറയാനറിയുന്ന പെണ്‍കുട്ടി. ഇവളെങ്ങനെ എതിരാളികളോട് മല്ലിട്ട് ഓടിത്തീര്‍ക്കും എന്ന് ചിന്തിക്കുന്പോഴേക്കും മത്സരത്തിനുള്ള വെടിയൊച്ച മുഴങ്ങിയിരിക്കും. ആ കൊച്ചു ചിത്രശലഭം എതിരാളികളെ പിന്നിലാക്കിക്കൊണ്ട് അങ്ങ് ഫിനിഷ് ചെയ്യും. അവളോടുന്പോള്‍ അത്രക്ക് മൃദുലതയായിരുന്നു....ഒരു കായിക താരത്തിന് ആവശ്യമില്ലാത്ത രീതികള്‍... പക്ഷേ അവളങ്ങനെയായിരുന്നു. പക്ഷേ മെഡല്‍ക്കൊയ്ത്തില്‍ അത്ര മയമൊന്നും അവള്‍ കാണിച്ചില്ല. ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ അവള്‍ക്ക് വേണ്ടി ഹാഷ് ടാഗുകള്‍ നിറഞ്ഞു. ഓടിയില്ലെങ്കിലും കേരളത്തിലെ കായിക പ്രേമികള്‍ അല്ലാത്തവര്‍ പോലും അവള്‍ക്കൊപ്പം അവളുടെ ദുഖത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ചുരുക്കം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല അവളെ കുറിച്ച്. അതുകൊണ്ട് തന്നെ സുദീര്‍ഘമായി തന്നെ പറയുന്നു.. 2007 മുതല്‍ സ്കൂള്‍ കായികോത്സവത്തില്‍ ചിത്രയെന്ന പാലക്കാടുകാരിയും മുണ്ടൂര്‍ സ്കൂളും ഉണ്ട്. പഴയ പ്രതാപത്തിന്റെ കഥ പറയുന്ന പല വനിതാ താരങ്ങളും ഓടി കിതച്ച ട്രാക്കിലൂടെയാണ് അവളും ഓടിത്തുടങ്ങിയത്. കായികോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന സ്കൂളുകളുടെ പേരില്‍ മുണ്ടൂര്‍ എച്ച് എസ് എസ് അവളുടെ പേരില്‍ തല ഉയര്‍ത്തിപ്പിടിച്ചിരുന്നു. അത്ര എളുപ്പമായിരുന്നില്ല പി യു ചിത്രയെന്ന തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരിയായ പെണ്‍കുട്ടിക്കുള്ള വഴികള്‍. മുന്നേ പോയ വനിതാ താരങ്ങള്‍ക്കൊന്നും ഇത്തരത്തിലൊരു അവഗണ ഉണ്ടായിട്ടില്ലന്നത് പകല്‍പോലെ വ്യക്തമാണ്. പല തരത്തിലുള്ള പ്രശ്നങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്രയേറെ അവഗണന ഒരു കായിക താരത്തിന് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ചിത്രയെന്ന കായിക താരത്തിന് ഹാഷ് ടാഗുകളും സോഷ്യല്‍മീഡിയ പിന്തുണയും മാത്രം പോരായിരുന്നു എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ചിത്രയെപ്പോലെ നിരവധി കായിക താരങ്ങള്‍ നമുക്കുണ്ട്. രാജ്യത്തിന് വേണ്ടി അവര്‍ ഓടിത്തളരുന്പോള്‍ ഒരു കുപ്പി വെള്ളവും ഗ്ലൂക്കോസ് പൊടിയും മാത്രം നല്‍കുന്ന ശീലം തുടരുന്നു എന്ന് പി യു ചിത്ര നമ്മളെ ഓര്‍മിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ഏഷ്യല്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പ് ചിത്രയെ പിന്തുടരാതെ വീക്ഷിക്കുന്നവര്‍ക്ക് അത്രയെളുപ്പം മറക്കാന്‍ കഴിയില്ല . 1500 മീറ്ററില്‍ 4.17.92 സെക്കന്‍റില്‍ ഓടിത്തീര്‍ത്ത ചിത്രയെ മറന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പിന്നീട് എല്ലാവരും കണ്ടു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കോരിച്ചൊരിയുന്ന മഴയത്താണ് ചിത്ര ഫിനിഷ് പോയിന്‍റില്‍ വിജയത്തോടെ കുതിച്ച് നിന്നത്. പിന്നില്‍ 11 പേരായിരുന്നു. ചൈനയുടേയും ജപ്പാന്റേയും കസാഖിസ്ഥാന്‍റേയുമൊക്കെ മികച്ച താരങ്ങള്‍ തന്നെയായിരുന്നു അവളുടെ എതിരാളികള്‍. ഒക്കെ പോകട്ടെ വിദേശ രാജ്യങ്ങളില്‍ മത്സരത്തിനായി പോകുന്പോള്‍ കായിക താരങ്ങളെക്കാള്‍ കൂടുതല്‍ ഒഫിഷ്യലുകള്‍ വിമാനം കയറുന്ന സ്ഥിതിയില്‍ ഒരു കായിക താരത്തിനെ പരിഗണിക്കാമെന്ന് തീരുമാനിക്കാമായിരുന്നു. സ്വാര്‍ഥ താല്‍പ്പര്യത്തിന് വേണ്ടി ഒരു കായിക താരത്തിനെ മാത്രം മൗനം കൊണ്ട് മാറ്റി നിര്‍ത്തിയപ്പോ എന്ത് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ആ കുഞ്ഞു പറവയുടെ സ്വപ്നത്തിന്‍റെ ചിറകരിഞ്ഞു. പക്ഷേ, പരാജിതനാണ് വിജയത്തിന്റെ മധുരം കൂടുതലുണ്ടാവുക. അതുകൊണ്ട് തന്നെ വയറു നിറച്ച് ഭക്ഷണം കഴിക്കാന്‍ പോലുമില്ലാത്ത അവളുടെ കണ്ണീരിന് ഒരു വിജയത്തിന്റെ മാധുര്യം ഉണ്ടാകുമെന്നുറപ്പിക്കാം. 2011 മുതല്‍ ആയിരുന്നു ചിത്രയുടെ ജീവിത്തിന്റെ വളര്‍ച്ചയുടെ വലിയ കാലം. ഈ വര്‍ഷം വരെ ഈ 22 കാരി നേടിയത് 23 സ്വര്‍ണമെഡലുകളാണ്. അവളുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന് പറയുന്നവര്‍ ഈ മെഡലുകള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. സംസ്ഥാന തലം മുതല്‍ ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പ് വരെയുള്ള അവളുടെ നേട്ടങ്ങളുടെ പട്ടികയില്‍ മാത്രം കിടക്കേണ്ടവയല്ല. പകരം പി യു ചിത്രയെന്ന താരത്തിന്റെ സ്ഥിരതയും പ്രകടനവും എല്ലാം ഇതിലുടെ അളക്കാന്‍ കഴിയണം. 2011ലാണ് ചിത്ര ആദ്യമായി ചിത്ര സ്വര്‍ണം അണിയുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ചിത്രയെന്ന പീക്കിരിപ്പെണ്ണിന്. സിജിനെന്ന പരിശീലകന് പിന്നില്‍ ചിത്ര മെഡലുകള്‍ വാരിക്കൂട്ടിയപ്പോഴും അവളെ ഏറ്റെടുക്കാനോ ഒപ്പം നില്‍ക്കാനോ ആരും തയ്യാറായില്ല. മധ്യ-ദീര്‍ഘ ദൂര ഓട്ടക്കാരി എങ്ങനെ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം എന്നു പോലും അവള്‍ക്കറിവില്ല. എന്തിന് ഏത് തരത്തില്‍ ഭക്ഷണം ക്രമീകരിക്കണം എന്ന് പോലും ചിന്തിക്കാന്‍ അവള്‍ക്ക് പറ്റില്ലായിരുന്നു. അത്രയേറെ ജീവിത സാഹചര്യങ്ങളുടെ പരിമിതികളിലായിരുന്നു അവളെന്നത് പലര്‍ക്കും അറിവുള്ളതായിരുന്നു. എന്നിട്ടാണ് അവള്‍ തഴയപ്പെട്ടത് എന്നോര്‍ക്കുന്പോ കേരളവും കേരളത്തിലെ ഓരോ കായിക താരങ്ങളും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. മുണ്ടൂര്‍ പാലക്കീഴ് ഉണ്ണികൃഷ്ണന്‍റേയും വസന്തയുടേയും മകള്‍ക്ക് കഠിനാധ്വാനവും ഇച്ഛാശക്തിയും മാത്രം പോരാ എന്ന് അവളൊഴികെ എത്ര പേര്‍ തിരിച്ചറിഞ്ഞു. തന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി കുടുംബത്തിനെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറാകാത്ത പെണ്‍കുട്ടിയാണവള്‍. ഇല്ലായ്മകള്‍ ഒരാളോടും തുറന്നു പറയാതെ ഓടിത്തീര്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് അവള്‍. കടം വാങ്ങിയ സ്പൈക്കില്‍ ഓരോ ഫിനിഷ് പോയിന്റ് മറി കടക്കുന്പോഴും അവള്‍ മുത്തമിടും. എത്ര പേര്‍ ആ നിമിഷത്തിന്റെ കണ്ണീരിന്റെ വില മനസിലാക്കിയിട്ടുണ്ടാവും. ആരും മനസിലാക്കിയില്ല. ഉണ്ടായിരുന്നെങ്കില്‍ വിഷയം ഉയര്‍ന്ന് വന്നപ്പോഴെങ്കിലും ഹാഷ് ടാഗുകള്‍ സൃഷ്ടക്കുന്പോള്‍ ഒന്ന് ചിന്തിക്കുമായിരുന്നു അവള്‍ക്ക് വേണ്ടി അവളുടെ നല്ല ഭാവിക്കു വേണ്ടി രാജ്യത്തിന് വേണ്ടി ഒരുമിച്ച് കൈകോര്‍ക്കാം എന്ന്. ഇനിയെങ്കിലും മനസിലാക്കിയാല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് രക്ഷിക്കാന്‍ പറ്റുക ഒരു താരത്തെ മാത്രമല്ല. അവള്‍ക്ക് പിന്നാലെ വരുന്ന ഒരു കൂട്ടം കായിക താരങ്ങളുടെ ആത്മവിശ്വാസമാണ്. ................................................................. 2011 മുതല്‍ ചിത്ര നേടിയ പുരസ്കാരങ്ങള്‍ 2011 - 56 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണം. മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഇവന്റിൽ വെങ്കലം 2012 - 56 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ 2013 - 57 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ 2013 - 58 -ാമത് ദേശീയ സ്കൂൾ ഗെയിംസില്‍ 1500m, 3000m, 5000m- ലും മൂന്നു കിലോമീറ്റർ ക്രോസ് കണ്ട്രി ഇനത്തിലും സ്വർണമെഡൽ 2013 - ആദ്യ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000m -ൽ സ്വർണ മെഡൽ 2014 - 59 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m -ലും മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഈവന്റിലും സ്വർണമെഡൽ 2016 - ​ഗുവാഹത്തിയിൽ നടന്ന 12-ാമത് സൗത്തഷ്യൻ ​ഗെയിംസിൽ 1500മീ, 3000മീ, 5000മീ 2016 - റാഞ്ചിയിൽ നടന്ന 59 -ാമത് ദേശീയ ഗെയിംസിൽ മൂന്ന് കി.മീ ക്രോസ്സ് കണ്ട്രി ഇനത്തിൽ സ്വർണ മെഡൽ 2017 - ഭുവനേശ്വറിൽ നടന്ന 22 -ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ പി യു ചിത്രയെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ പ്രതികരണങ്ങള്‍ ഷിബി ടീച്ചര്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ കായിക അധ്യാപിക ...................... നല്ല കഠിനാധ്വാനമുള്ള കുട്ടിയാണ് പി യു ചിത്ര. അത് മാത്രമാണ് അവളുടെ സ്വത്ത്. പ്രകടനത്തിന്റെ കാര്യത്തിലും സംശയമില്ല. അവളോട് ഫെഡറേഷന്‍ കാണിച്ചത് അനീതിയാണ്. മറ്റ് കായികതാരങ്ങള്‍ക്കും ഇത് തന്നെയാണ് അവസ്ഥ. എന്തിനാണ് ചിത്രയോട് ഈ അനീതി കാണിച്ചത്. എന്തിന് തഴഞ്ഞു?. ഇത്തരത്തിലുള്ള അനീതികള്‍ ഇതിനുമുന്പും അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. മിക്ക കായികാധ്യാപകരും ഇതിന് അനുഭവസ്ഥരാണ്. അനു ആര്‍ എന്ന കായിക താരത്തിന് സംഭവിച്ചതും ഇത് തന്നെയാണ്. ക്വാളിഫൈയിങ് മാര്‍ക്കില്ല എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതു മാത്രമല്ല ഇക്കാര്യം ആരോടും പറഞ്ഞില്ല എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം നിലപാടുകളോട് ഒരു തരത്തിലും യോജിക്കാനാവില്ല. പ്രകടനത്തില്‍ സ്ഥിരതയില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും . ഏത് കായിക താരത്തിനാണ് അത്തരത്തില്‍ കൃത്യമായി സ്ഥിരതയോടെ പ്രകടനം നടത്താന്‍ കഴിയുക.വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ട് പോലും അവസാനം പ്രതീക്ഷക്കൊത്തു ഫിനിഷ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനം ആര്‍ക്കും കാഴ്ച വെക്കാന്‍ സാധിക്കില്ല. ചില ദിവസങ്ങളില്‍ കാലാവസ്ഥ മോശമായെന്ന് വരും. ചിലപ്പോള്‍ മറ്റ് പല കാരണങ്ങളും ഉണ്ടായേക്കാം. ഇത്തരത്തില്‍ ഒരു കായിക താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കണമെങ്കില്‍ പല ഘടങ്ങള്‍ ഒരുമിക്കണം. ഒരു അത്ലറ്റിന് വേണ്ട ആകാരം ഇല്ലെന്നൊക്കെ എങ്ങനെ വിമര്‍ശിക്കാന്‍ കഴിയും. അവളതൊക്കെ ട്രാക്കില്‍ തെളിയിച്ചതാണല്ലോ. അന്താരാഷ്ട തലത്തില്‍ മിടുക്കരായ താരങ്ങളോടല്ലേ അവള്‍ മത്സരിച്ചത്. തങ്ങളെക്കാള്‍ വലിയ താരങ്ങള്‍ഓരോ തലമുറയിലും ഉണ്ടെന്നത് മനസിലാക്കണം. അതിനെ ഉള്‍ക്കൊള്ളണം. തങ്ങള്‍ മാത്രമാണ് രാജാക്കന്‍മാര്‍ എന്നു ധരിക്കരുത്. പുതിയ താരങ്ങളെ അംഗീകരിക്കണം. അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. എങ്കില്‍ മാത്രമേ രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. അതിന് ഫെഡറേഷന്റെ തലപ്പത്തുള്ളവര്‍ മാറണം. മാറി ചിന്തിക്കാനും നല്ല ഭരണം കാഴ്ചവെക്കാനും തയ്യാറാവണം. വര്‍ഷങ്ങളായി പി യു ചിത്രയെ നേരിട്ടറിയാം.പി യു ചിത്ര പല സാഹചര്യങ്ങളോട് വെല്ലുവിളിച്ചാണ് മത്സരിക്കുന്നത്. പരിശീലനത്തിന് മികച്ച ഗ്രൌണ്ടില്ല. കഠിനാധ്വാനം മാത്രമാണ് ആ കുട്ടിയുടെ മുതല്‍ക്കൂട്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി മീറ്റിന് പോയപ്പോള്‍ അവിടുത്തെ പൊരിയുന്ന വെയിലിലും അവള്‍ കൃത്യമായി പരിശീലിക്കുമായിരുന്നു. ആരും അവളെ നിര്‍ബന്ധിക്കേണ്ടതില്ല. അവളുടെ ഉറക്കവും ഭക്ഷണവും ഒക്കെ അവള്‍ സ്വയം ക്രമീകരിക്കും. വെയില്‍ തണുത്തിട്ട് പരിശീലനത്തിനിറങ്ങിയാല്‍ മതിയെന്ന് പറ‍ഞ്ഞാലൊന്നും അവള്‍ കേള്‍ക്കില്ല. അത്രമാത്രം ആത്മാര്‍പ്പണം ഉള്ള അത്ലറ്റാണ് ചിത്ര. ഇത്തരത്തിലുള്ള ഫെഡറേഷന്റെ നിലപാടുകള്‍ കുട്ടികള്‍ കായിക രംഗം വിട്ടുപോകാനാണ് സാധിക്കുക. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ചിത്രയോട് ഇത്തരത്തിലൊരു നീതികേട് കാണിച്ചത്. ദോഹ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മോശം അനുഭവം ഉണ്ടായി. അലീഷ, ജിസ്ന മാത്യു, അനുമോള്‍ എന്നീ മൂന്ന് പേരാണ് പോയത്. അലീഷയും അനുമോളും അവിടെ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയി. പെണ്‍കുട്ടികളായ അവരുടെ യാത്ര പോലും സംരക്ഷിക്കുന്ന തരത്തില്‍ ഒരു സഹായവും ചെയ്തുകൊടുത്തില്ല. പി ടി ഉഷ അവരുടെ കുട്ടികളെ മാത്രം കൂട്ടി തിരികെ പോന്നു. ചെറിയ കാര്യമായി മറ്റുള്ളവര്‍ക്ക് തോന്നാം. എന്നാല്‍ അതത്ര ചെറുതുമല്ല ഇത്തരം സമീപനങ്ങള്‍. യൂത്ത് ഏഷ്യന്‍ മീറ്റില്‍ മാര്‍ ബേസില്‍ താരം ബിബിന്‍ ജോര്‍ജിനെ പങ്കെടുപ്പിക്കാനും ഇതേ പ്രശ്നം ഉണ്ടായി. ഒരു ടിന്റു ലൂക്കയുടെ പേര് പറഞ്ഞ് സര്‍ക്കാരില്‍ നിന്നും സ്കൂളിന് എന്തൊക്കെ സൌകര്യങ്ങള്‍ നേടിയെടുത്തു. വേണ്ടെന്നല്ല. പക്ഷേ, മറ്റു കുട്ടികളെ തഴയുന്ന രീതി ശരിയല്ലല്ലോ. പ്ലസ് ടു വരെ കുട്ടികളെ പരുവപ്പെടുത്തി എടുക്കുന്നത് സാധാരണ സ്കൂളിലെ അധ്യാപകരാണല്ലോ. പിന്നീട് അവരെ ട്രെയിന്‍ ചെയ്യിക്കാന്‍ വലിയ പ്രയാസമില്ല. ആരും അക്കാദമിക്കെതിരെ ശബ്ദിക്കില്ല. ശബ്ദിച്ചാല്‍ തങ്ങളുടെ കുട്ടികളാണ് ആ തിക്താനുഭവം പേറേണ്ടി വരിക. കുട്ടികള്‍ എല്ലാവരും ചിത്രക്ക് അനുകൂലമാണ്. ഇക്കാര്യങ്ങള്‍ കണ്ട് മനം മടുക്കുന്ന കുട്ടികള്‍ എങ്ങനെയാണ് കായിക രംഗത്ത് തുടരുക. ......................................................................................................................................................................................................................................... ........................ .................................... ....................................................................................... പ്രീജ ശ്രീധരന്‍ മുന്‍ അത്ലലറ്റ് ........................................ സെലക്ഷന്‍ ഉണ്ടെന്ന് പറ‍ഞ്ഞിട്ട് അതില്ലാതായി എന്ന് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. ഞാന്‍ ഓഫീസിലിരിക്കുന്പോഴാണ് ചിത്രയുടെ മെസേജ് വന്നത്. എനിക്കും ഇത്തരത്തില്‍ സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാനപ്പോഴും അടുത്ത മത്സരത്തില്‍ ജയിക്കും എന്ന വാശിയോടെയാണ് കണ്ടിരുന്നത്. മാത്രവുമല്ല ചിത്ര നിയമപോരാട്ടം നടത്തിയ അത്രയൊന്നും പോകാന്‍ എനിക്കൊന്നും അന്ന് അറിയില്ലായിരുന്നു. ചിത്രയോട് ഞാന്‍ പറഞ്ഞത് ഇത്തരം സംഭവങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. കരിയര്‍ നശിപ്പിക്കാതിരിക്കുക. ഏഷ്യന്‍ ഗെയിംസും ഒളിന്പിക്സും വരുന്നുണ്ടല്ലോ. അതില്‍ മറുപടി കൊടുക്കാന്‍ പാകത്തില്‍ പരിശീലിക്കുക. ഇത്തവണത്തേത് ഒരു വാശിയായി മനസില്‍ കിടന്നാല്‍ മതി. .............................................. യു എച്ച് സിദ്ധിഖ് സ്പോര്‍ട്സ് ലേഖകന്‍ ............................................... പി.യു ചിത്ര കൊടും ചതിയുടെ കളിക്കളത്തിലെ ഇര തന്നെയെന്ന് പറയാം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കായിക മേലാളരും ഭാവി താരങ്ങളെ കളിക്കളത്തിന് പുറത്ത് ചതിക്കുഴി ഒരുക്കി കാലുവെച്ച് വീഴ്ത്തുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ചിത്ര. ഒഡിഷയിലെ ഭുവനേശ്വറില്‍ കലിംഗ സ്‌റ്റേഡിയത്തിലെ മഴയില്‍ കുതിര്‍ന്ന രാവില്‍ മലയാളത്തിന്റെ കായിക പെരുമ ഉയര്‍ത്തി പിടിച്ചാണ് ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്. അന്ന് തന്നെ ചില 'ഇതിഹാസ'ത്തിന്റെ മുഖം കറുക്കുന്നത് നേരില്‍ കാണാനായി. സ്വര്‍ണം നേടിയ കായിക താരങ്ങളെ ആദരിക്കാന്‍ ഒഡിഷ സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികും ഫെഡറേഷന്‍ ഭാരവാഹികളും എന്തിനേറെ അഞ്ജു ബോബി ജോര്‍ജും വരെ ആശംസിച്ചു ഈ വിജയം ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പിലും ആവര്‍ത്തിക്കണമെന്ന്. സ്വര്‍ണം നേടിയവരെല്ലാം ലണ്ടനിലേക്ക് പോകുമെന്ന് എ.എഫ്.ഐ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെഡറേഷന്റെ ഔദ്യോഗകി വെബ്‌സൈറ്റിലെ റിപോര്‍ട്ടിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ചതിയിലൂടെ ചിത്രയും അജയ് കുമാര്‍ സരോജും സുധ സിങ്ങും പുറത്തായത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് പിന്നാലെ തന്നെ സെലക്ഷന്‍ കമ്മിറ്റി കൂടാതെ തന്നെ പട്ടിക തയ്യാറാക്കപ്പെട്ടു. 24 താരങ്ങളും 13 ഒഫീഷ്യല്‍സും. പേരിന് വേണ്ടിയായിരുന്നു പിന്നീട് ജൂലൈ 20 ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. പട്ടിക തയ്യാറാക്കിയിട്ടും മൂന്ന് ദിവസത്തിന് ശേഷം 23 ന് രാത്രി 9.30 ന് പട്ടിക പുറത്തു വിട്ടു. സെലക്ഷന്‍ കമ്മറ്റിയില്‍ പി.ടി ഉഷ, എ.എഫ്.ഐ സെക്രട്ടറി ജനറല്‍ സി.കെ വത്സന്‍, ഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചിത്രക്കായി വാദിച്ചില്ലെന്ന് ചെയര്‍മാന്‍ ജി.എസ് രണ്‍ധാവ തന്നെ പിന്നീട് വെളിപ്പെടുത്തി. യോഗ്യതയുള്ള താരങ്ങള്‍ തഴയപ്പെട്ടതിനെതിരേ കേന്ദ്ര സര്‍ക്കാരിന് 72 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കേണ്ട നിരീക്ഷക പി.ടി ഉഷ മിണ്ടിയില്ല. ചിത്രക്കായി വാദിച്ചെങ്കിലും തങ്ങളുടെ വാദത്തിന് ബലം കിട്ടിയില്ലെന്നായിരുന്നു പി.ടി ഉഷ വാര്‍ത്തസമ്മേളനം നടത്തി പറഞ്ഞത്. എ.എഫ്.ഐക്കെതിരെ പ്രതികരിക്കുന്നത് ചിത്രയുടെ ഭാവി അപകടത്തിലാക്കുമെന്ന മുന്നറീപ്പും ഉഷ നല്‍കിയിരുന്നു. രണ്‍ധാവയെ പോലുള്ള പ്രഗത്ഭരായ സെലക്ടര്‍മാര്‍ ചിത്രക്ക് വേണ്ടി വാദിച്ചിട്ടും പുറത്തായത് ദുരൂഹതയാണ്. അവിടെയാണ് 'ഇതിഹാസ'ത്തിന്റെ കലിംഗ സ്റ്റേഡിയത്തിലെ മുഖം കറുക്കലിലേക്ക് സംശയം നീളുന്നത്. തനിക്ക് ശേഷം പ്രളയം മതിയെന്നാണ് ചിലരുടെ ചിന്ത. ഇല്ലായ്മയോട് പൊരുതി നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറിയ ചിത്രയെ പോലെയുള്ള താരങ്ങള്‍ പിന്നെങ്ങനെ ട്രാക്കില്‍ ജ്വലിക്കും. ചിത്രക്ക് നിലവാരവും സ്ഥിരതയുമില്ലെന്നാണ് വാദിച്ചത്. ഇവര്‍ ഒരുകാര്യം ശ്രദ്ധിക്കുക. വനിതകളുടെ 1500 മീറ്ററില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജോര്‍ദാന്‍ താരം ടമാര അമീറിന്റെ സമയം 4.25.47 സെക്കന്റാണ്. ചിത്രയുടെ സമയം 4.17.92 സെക്കന്റും ആണെന്നോര്‍ക്കണം. ................................................................................................................................................. ആര്‍ഷ ജ്യോതിര്‍മയി വി എ ഗവേഷക വിദ്യാര്‍ഥി, കണ്ണൂര്‍ .. ടിന്റു ലൂക്കക്ക് ലഭിച്ച പിന്തുണയും അവസരവും പി യു ചിത്രക്ക് ലഭിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ചിത്രയുടെ പ്രകടനം ആദ്യം മുതല്‍ കാണുന്പോഴറിയാം ട്രാക്കില്‍ വിയര്‍ക്കുന്ന അവസ്ഥയുണ്ടാകാറില്ല. അതുകൊണ്ട് തന്നെ പി യു ചിത്രയെ തുടര്‍ച്ചയായി വീക്ഷിക്കുന്നവര്‍ക്ക് അറിയാം എത്രമാത്രം അനായാസമാണ് അവര്‍ വിജയരേഖ കടക്കുന്നതെന്ന്. നിലവില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ പി യു ചിത്രക്കൊപ്പം വിദ്യാര്‍ഥികളായ ഞങ്ങളും ഉണ്ടാകുന്നതിന്റെ കാരണം അനീതിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. പാവപ്പെട്ട ഒരുപാട് കുട്ടികള്‍ ഇത്തരത്തില്‍ സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിവുള്ളവരുണ്ട്. പലര്‍ക്കും സ്വന്തമായി സ്പൈക്ക് വാങ്ങാന്‍ പോലും പണമില്ലാത്തവര്‍‍. സ്പോര്‍ട്സ് സ്കൂളുകള്‍ വരെയുണ്ടെങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ഒരു പ്രയോജവും ഉണ്ടാകുന്നില്ല. ഇത്തരം പ്രവണതകളെ ഒരു തരത്തിലും വളര്‍ത്തിക്കൊണ്ടു പോകരുത്. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് ചിത്രയുടെ അനുഭവം കേള്‍ക്കുന്പോള്‍ കായിക രംഗത്ത് തുടരാനുള്ള സാധ്യത പോലും ഇല്ലാതാകുന്നുവെന്നാണ് യാഥാര്‍ഥ്യം. ........................................................................

ചായം തേച്ച മുഖങ്ങള്‍

ഹിജഡകള്‍...മൂന്നാം ഗണം...ചാന്തുപൊട്ട്...ആണുംപെണ്ണും കെട്ടവര്‍ ...ഇങ്ങനെയൊക്കെ നാം വിളിച്ച് കൂവുന്ന ചിലരുണ്ട് ലോകത്തില്‍. എന്നാല്‍ ഈ മനുഷ്യരോട് ചോദിച്ചു നോക്കൂ. അവര്‍ ഈ വിളിപ്പേരുകളെയൊക്കെ ദൂരത്തു നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ ട്രാന്‍സ്ജെന്‍ഡറുകളാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നു. നിങ്ങള്‍ ഞങ്ങളെ അങ്ങനെ വിളിച്ചാല്‍മതി. ഈ മറുപടി ഓരോ ടി ജി സുഹൃത്തുക്കളില്‍ നിന്നും ഭയമില്ലാതെ പുറത്തേക്കു വന്നു തുടങ്ങി. ഒരഞ്ചു വര്‍ഷം മുന്പ് ഇത്തരം ഒരു അവസ്ഥയായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഞാന്‍ ടി ജി ആണെന്ന് പുറം ലോകത്തോട് പറയാനുള്ള വല്ലാത്ത ഭയം തളം കെട്ടി നിന്നിരുന്നു എങ്ങും എവിടെയും. അതുകൊണ്ട് തന്നെ മലയാളികള്‍ ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലത്തേക്ക് കൂട്ടമായി ചേക്കേറിയിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റമുണ്ടായി. എന്താണ് ആ മാറ്റങ്ങള്‍. എന്തുകൊണ്ടാണത്. പുതിയ മാറ്റത്തില്‍ പൂര്‍ണതയുണ്ടോ? ഓരോരുത്തരും ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ. മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്ത് കൊച്ചിയില്‍ നടന്ന ട്രാന്‍സ്ജന്‍ഡറുകളുടെ ഫാഷന്‍ ഷോ. റാന്പില്‍ നടന്ന ഓരോ മുഖങ്ങളിലും വല്ലാത്ത ആത്മവിശ്വാസം. വിശ്വം ജയിച്ചതിന്റെ അഭിമാനം. വിവിധ വേഷത്തില്‍ തങ്ങളുടെ ആകാര വടിവില്‍ ചമ്മലില്ലാതെ അവര്‍ റാന്പില്‍ ഓരോ ചുവടും വെച്ചു. അവരുടെ മുഖത്തെ ചായങ്ങള്‍ ഇത്തവണ മിതമായിരുന്നു. വലിയ ഒരുക്കങ്ങളായിരുന്നു ഓരോരുത്തരും ഇതിന് വേണ്ടി നടത്തിയത്. തങ്ങളിലൊരാള്‍ റാന്പില്‍ നടക്കുന്നത് കാണാന്‍ കൊതിയോടെ കാണികളുടെ ഇടയിലിരുന്ന് കണ്ണ് പായിക്കുന്നവരും ഉണ്ടായിരുന്നു. ഈ കണ്ണുകളാണ് വേദിയിലെത്തുന്നവരുടെ ഊര്‌ജം. മുഖത്ത് കട്ടിയില്‍ മേക്കപ്പ് .... കണ്‍പുരികങ്ങള്‍ നീളത്തില്‍ വില്ലുപോലെ കറുപ്പിച്ചെഴുതി, ചുവന്ന ലിപ്സ്റ്റിക് കട്ടിയില്‍ തേച്ച് അവര്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്പോള്‍ പലരും ഒളിഞ്ഞും തെളിഞഅും പിറുപിറുക്കുന്നത് കേള്‍ക്കാം. ഇവരെന്തിനാണ് ഇങ്ങനെ സ്വയം പ്രദര്‍ശന വസ്തുവാകുന്നതെന്ന്. ഈ ചോദ്യം പരസ്പരം ഓരോരുത്തരും കളിയാക്കിത്തന്നെ പരിഹാസ്യമായിത്തന്നെ ഉപയോഗിച്ചിട്ടുള്ളതാണ്. താന്‍ ആണ്‍ വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവരെ കേരളം പതിയെ പതിയെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. വെറും അഞ്ച് വര്‍ഷം മുന്പാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നു തുടങ്ങിയത്. പിന്നീട് അതിന് കനം കൂടി കൂടി വന്നു.മറ്റുള്ളവരുടെ ദയനീയതക്കല്ല അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഉറക്കെ പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. തെരുവുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി അവകാശങ്ങള്‍ക്ക് വേണ്ടി ഉറക്കെ നിലവിളിച്ചു കൊണ്ടേയിരുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പൊതു സിദ്ധാന്തം ഇവരുടെ കാര്യത്തിലും ബാധകമായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം നിലവിളികള്‍ ഉയര്‍ന്നു. പക്ഷേ, ഈ കാലഘട്ടത്തിലൊന്നും പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ തക്ക വണ്ണമുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന് പല ഉദാഹരണങ്ങള്‍ ഉണ്ട്. ഒറ്റക്കും കൂട്ടായും ഇവര്‍ക്ക് നേരെയുള്ള ആക്രമണമാണ്. കഴിഞ്ഞ വര്‍ഷം ഇവര്‍ കൊച്ചിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. എന്നത്തേയും പോലെ മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നിന്നോ എന്ന് ചോദിച്ചാല്‍ നിന്നു. നിന്നില്ലേ എന്ന് ചോദിച്ചാല്‍ നിന്നില്ല. അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ നില്‍ക്കുക എന്നതാണ് പലരും സ്വീകരിക്കുന്ന നിലപാട്. വാര്‍ത്തകള്‍ കൈമാറുന്ന മാധ്യമ മുതലാളിമാരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടമാരും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. വീണ്ടും അവര്‍ക്കെതിരെ ഒരു ആക്രമണമുണ്ടാവുക എന്ന് പറഞ്ഞാല്‍ അത് അത്ര നിസാരമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നു. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നു. ഹിജഡകള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസില്‍ പരാതി ഉന്നയിക്കുകയും ചെയ്തത് ടിജി സുഹൃത്തുക്കളാണ്. പക്ഷേ, പൊലീസെത്തിയപ്പോള്‍ വാദി പ്രതിയാവുകയാണുണ്ടായതെന്നത് വലിയ ഖേദകരമാണ്. ഉപദ്രവിച്ച വ്യക്തി നല്‍കിയ പരാതി പൊലീസ് സ്വീകരിക്കുകയും അപ്പോഴുണ്ടായ ട്രാന്‍സ്ജെന്‍ഡറുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചുപറിയുള്‍പ്പെടെയുള്ള വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തി. അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനത്തിന് രൂപീകരിച്ച ദ്വയ സംഘടനയുടെ പ്രതിനിധി പൊലീസ് സ്റ്റേഷനിലെത്തി. അവരോട് സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പൊലീസ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ സാറിന്റെ വീടല്ലല്ലോ എന്ന മറു ചോദ്യം ഉന്നയിച്ചപ്പോള്‍ അപ്പുറത്തെ മുറിയിലിരുന്ന് സംസാരിച്ചോളൂ. സ്റ്റേഷന്റെ മുന്‍ ഭാഗത്ത് വേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് മയപ്പെ ടുത്തി. തലേന്ന് കസ്റ്റഡിയിലെടുത്ത ടിജികള്‍ക്ക് ദാഹിചപ്പോള്‍ വെള്ളം ചോദിച്ചപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ ടോയ്ലലറ്റ് കാണിച്ചു കൊടുത്തു എന്നാണ് അവരുടെ പരാതി. ഈ പരാതികളൊക്കെ എവിടെ പോകുന്നു. രേഖാപരമായി ആദ്യം കാര്യങ്ങള്‍ കൃത്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കിയില്ലെന്നുള്ളത് മാത്രമാണ് ഇവര്‍ക്ക് വന്ന വീഴ്ച. ആര്‍ക്കാണ് ഇവിടെ പൊതുബോധം ഉണ്ടാവേണ്ടത്. അധികാര വര്‍ഗത്തിനും നിയമപാലര്‍ക്കും ഇതാണ് അവസ്ഥയെങ്കില്‍ പൊതുസമൂഹത്തിന്റെ അവസ്ഥയെന്താകും ​എന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ടിജികള്‍ക്കൊപ്പം നിന്നാല്‍ ഒറ്റപ്പെടുമോ എന്നതിനേക്കാള്‍ കളിയാക്കലുകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. പൊതു സമൂഹത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യം അവര്‍ക്കുള്ലപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ഷോ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നത് എന്നതാണ് പ്രാധാന്യമര്ഹിക്കുന്നത്. ഈ ആത്മവിശ്വാസത്തിലേക്ക് എത്താന്‍ അവര്‍ താണ്ടിയ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. റാന്പില്‍ ചുവടുവെക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു അവരെ മാനസികമായി തയ്യാറാക്കാന്‍ . സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുക എന്നതല്ല ഇവിടെ പ്രധാനം. ആത്മവിശ്വാസത്തോടെ മുഖം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കേണ്ടിയിരുന്നത്. പലരും വൈകാരികമായ പ്രശ്നങ്ങള്‍ ഏറെയുള്ളവരാണ്. ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കുകയും പക്വതയോടെ അഭിമാനത്തോടെ ജീവിത ചുടവടുകള്‍ വെക്കേണ്ടതെങ്ങനെ എന്നു കൂടി ഇതിലൂടെ മനസിലാക്കാന്‍ ഈ പരിശീലനം ഇവര്‍ക്ക് തുണയായി. ഇവരും മനുഷ്യരാണ് , പുച്ഛത്തോടെ ആണും പെണ്ണും കെട്ടവര്‍ എന്ന് വിളിച്ച് അപഹസിക്കേണ്ടവരല്ല ഇവരെന്ന് ചിലര്‍ക്കെങ്കിലും ബോധം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. റാന്പിലെത്തുന്നവരെ കാണാന്‍ കാത്തിരുന്നത് മണിക്കൂറുകളാണ്. പറഞ്ഞ സമയത്ത് പരിപാടി തുടങ്ങാന്‍ ആയില്ല. ആ കാത്തിരുപ്പില്‍ അവര്‍ക്കൊപ്പം ഒരു വിശിഷ്ടാതിഥിയും കൂട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിക്കൂറുകള്‍ അവര്‍ക്കൊപ്പം കാത്തിരുന്നത് അദ്ദേഹത്തിന്റെ പ്രിയതമക്കൊപ്പമായിരുന്നു. ആ ക്ഷമയും കാത്തിരുപ്പും അംഗീകാരത്തിന്റേതാണ്. തങ്ങളിലൊരാള്‍ മന്ത്രിയാകുന്നതാണ് വലിയ സ്വപ്നമെന്ന് വേദിയില്‍വെച്ച് പറയുന്പോള്‍ അവരുടെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന തിരിച്ചറിവാണ് മാറ്റത്തിന് വലിയ കാരണമാക്കിയത്. തങ്ങള്‍ സമൂഹത്തില്‍ എവിടെയാണെന്ന ചോദ്യം പരസ്പരം ചിലരെങ്കിലും ചോദിച്ചു തുടങ്ങിയപ്പോഴാണ് ഗതി മാറിയൊഴുകാന്‍ തീരുമാനിച്ചത്. മയക്കുമരുന്നും പിടിച്ചുപറിയും ശരീരം വില്‍പ്പനയും ഒക്കെയായി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോകുന്ന സാഹചര്യമായിരുന്നു ഇന്ത്യയിലെ മുഴുവന്‍ ടി ജി സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നത്. അതില്‍ നിന്ന് കരകയറണമെങ്കില്‍ ചെറിയ അധ്വാനം പോരായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2008 മുതല്‍ ഇത്തരം സംഭവങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇവര്‍ക്കിടയില്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെറിയ രീതിയിലെങ്കിലും ഫലം കാണാന്‍ വര്‍ഷങ്ങളെടുത്തു. ഇന്നും പലരുടേയും ജീവിതം ദുസഹമാണ്. ഏത് വലിയ പ്രതിസന്ധിയേയും തരണം ചെയ്യാന്‍ വിദ്യാഭ്യാസം എന്ന ചവിട്ടു പടിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന തിരിച്ചറിവ് ഓരോരുത്തരിലും എത്തിക്കുക എന്നത് വലിയ പ്രയത്നം ഉള്ളതാണ്. നിറമുള്ള ജീവിതത്തോട് അമിത പ്രണയം ഉള്ള ഇവര്‍ക്ക് പലപ്പോഴും നിറമില്ലാത്ത ജീവിതമാണെന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും കൗമാരത്തിലേക്കുള്ള യാത്രയിലാണ് പലരും സ്വയം തിരിച്ചറിവുണ്ടാവുക. അവിടെ നിന്ന് പിന്നീട് യൗവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ല. വീട്ടുകാര്‍ , ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഒക്കെ അകലം പാലിക്കുന്നത് വേദനയോടെ കണ്ട് നില്‍ക്കേണ്ടി വരും. ആ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ പലപ്പോഴും പണം മാത്രമാകും ആശ്രയം . അതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് പലപ്പോഴും നേരായ ഗതിയില്‍ മാറ്റമുണ്ടാകുക. യൗവനത്തില്‍ കുറെയൊക്കെ അധ്വാനവും പിടിച്ച് നില്‍ക്കാനുള്ള ധൈര്യവും ഉണ്ടാകുന്നത് ആരോഗ്യമുള്ളതുകൊണ്ടാണ്. ഇന്ന് അധ്വാനിച്ച് ജീവിക്കാനും ചിലര്‍ തയ്യാറാകുന്നുണ്ടെന്ന് മാറ്റത്തിന്റെ വലിയ ചുവടുവെപ്പാണ്. അതിന്റെ ഉദാഹരണമാണ് മെട്രോയില്‍ ജോലി നല്‍കിയത്. അതിന്റെ ഭാഗമായി അവര്‍ ആദ്യം തരണം ചെയ്യേണ്ടി വന്നത് അവര്‍ക്ക് താമസിക്കാന്‍ ആരും സ്ഥലം നല്‍കുന്നില്ല എന്നതാണ്. വിധവയായ, വിവാഹമോചനം നേടിയ സ്ത്രീക്ക് ഒറ്റക്ക് താമസ സ്ഥലം നല്‍കാത്ത പൊതു സമൂഹത്തില്‍ ഇതിലും കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷേണ്ടതില്ല. വാര്‍ധക്യത്തോടടുക്കുന്പോഴാണ് ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലേക്ക് പോകുന്നത്. അതിനും കൂടി പരിഹാരം കാണേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഹാരം ആലോചിക്കണം. പക്ഷേ , ഒന്നുറക്കെ പറയാം. ഈ ശബ്ദങ്ങള്‍ ഇനിയും ഉയരും. നിങ്ങള്‍ക്കിടയിലേക്ക് മടിയില്ലാതെ ലജ്ജയില്ലാതെ അവര്‍ കടന്നിരിക്കും. ഭരണം കൈയില്‍ വേണമെന്ന് പറയുന്നതും ഇക്കാരണങ്ങളാലാണ്. ഇനിയും സ്കൂളില്‍ ചേര്‍ക്കുന്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആപ്ലിക്കേഷന്‍ ഫോമുകളില്‍ മെയില്‍ ഓര്‍ ഫീമെയില്‍ എന്ന കോളത്തോടൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം പ്രത്യക്ഷപ്പെട്ടില്ല എന്നത് ഖേദകരമാണ്. ഒന്നുമില്ലേല്‍ മറ്റുള്ളവ എന്നെങ്കിലും വരേണ്ട കാലം അതിക്രമിച്ചു. ഫോട്ടോ ക്രഡിറ്റ്-റിയാസ് ഖാന്‍- കൊച്ചി

കാമറക്ക് പിന്നിലെ വിധു വിന്‍സെന്‍റ്

മുന്പേ പോയ പല സ്ത്രീകള്‍ക്കും കഴിയാത്ത നേട്ടമാണ് വിധു വിന്‍സെന്റിന് കഴിഞ്ഞത്. നേട്ടത്തെ എങ്ങനെ കാണുന്നു.? ഒറ്റപ്പെട്ട സംഭവമാണിത് . ഇനി ഇത് ആവര്‍‌ത്തിക്കുമോ എന്ന് അറീല്ല. കുറച്ചു കാലങ്ങളായി സിനിമയില്‍ മാറിനടക്കല്‍ അംഗീകരിക്കുന്നുണ്ട്. മുഖ്യധാരാ സിനിമകളെ നോക്കിയാല്‍ നമുക്ക് മനസിലാവുന്നത് മറ്റ് മാതൃകകകളെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള വഴിമാറി നടക്കല്‍ അംഗീകരിക്കപ്പെടുന്പോള്‍ സന്തോഷം. ആളുകള്‍ സിനിമയെക്കുറിച്ച് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയേക്കും. എന്തുകൊണാണ് ഇത്തരം ഒരു സിനിമ എടുക്കാന്‍ തോന്നിയത്. വാണിജ്യ സിനിമ എന്ന ആശയം എന്തുകൊണ്ട് ഉണ്ടായില്ല? ഞാനൊരു സിനിമാക്കാരിയല്ല. സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളുമല്ല. ഈ വിഷയം സിനിമയിലൂടെ പറയാം എന്നതുകൊണ്ട് മാത്രമാണ് സിനിമയെടുത്തത് തന്നെ. ആളുകള്‍ക്ക് കാണുന്പോ ഇഷ്ടമായേക്കാവുന്ന ഫോര്‍മുലയില്‍ സിനിമയെടുക്കാം എന്നൊന്നും ആലോചിച്ചിട്ടില്ല. റിസ്ക് എന്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. സ്ത്രീയെന്ന നിലയില്‍ മലയാള സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടോ? വെല്ലുവിളികള്‍ ഉണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോട് കാര്‍ക്കശ്യത്തോടെ പെരുമാറുകയും ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്പ് തന്നെ യൂണിറ്റില്‍ ആദ്യം ആവശ്യപ്പെട്ടത് സ്ത്രീ വിരുദ്ധ തമാശകള്‍ പാടില്ല എന്നതായിരുന്നു. അക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടാകണം എന്ന് മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ് ഇപ്പോള്‍. വിധു വിന്‍സെന്റ് സിനിമയെടുക്കുന്പോള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ല എന്നാണോ? കഴിഞ്ഞ ദിവസം അവാര്‍ഡ് ജൂറിയിലുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമ അവാര്‍ഡിന് പരിഗണിക്കില്ലെന്ന് തീരുമാനിച്ച വിവരം പറ‍ഞ്ഞു. ആ വിവരം പറ‍ഞ്ഞപ്പോള്‍ ജൂറിയിലെ മറ്റ് പുരുഷന്‍മാര്‍ അതംഗീകരിക്കുകയും ചെയ്തു. ഈ മാറ്റം അഭിനന്ദനാര്‍ഹമാണ്. പ്രേക്ഷകര്‍ക്കും ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ കഴിയണം. ഞാനെന്തായാലും ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ എടുക്കില്ലെന്നത് തീരുമാനിച്ചതാണ്. ചുവന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ ഉടലിന്റെ ഭംഗി കാണത്തക്ക രീതിയിലുള്ള ഫ്രെയിമുകള്‍ ഉണ്ടെങ്കിലേ കഥ പറയാവൂ എന്നൊന്നും ഇല്ല. പ്ലെയിന്‍ ഫ്രെയിമില്‍ വെച്ചാലും പറയാന്‍ കഴിയും. ഓരോ ആളുകളും ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. എന്തുകൊണ്ട് സ്ത്രീ കഥാപാത്രത്തിലൂടെ കഥപറഞ്ഞു. സ്ത്രീ പക്ഷ സിനിമ എടുക്കണം എന്ന തീരുമാനത്തില്‍ തന്നെയാണോ തുടങ്ങിയത്? മാന്‍ഹോളിന്റെ കഥ സ്ത്രീ കഥാപാത്രത്തിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നത്. തോട്ടിപ്പണി ചെയ്യുന്നത് പുരുഷന്‍മാരാണ്. അവരുടെ കാഴ്ചയില്‍ കഥ പറയുക എന്നത് എളുപ്പമാണ്. എന്നാല്‍ പുഷന്റെ കാഴ്ചയില്‍ പറയേണ്ട എന്നത് ആദ്യം മുതലുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഭാര്യ, മകള്‍, മരുമകള്‍ തുടങ്ങിയ സ്ത്രീകളുടെ കാഴ്ചയില്‍ കഥ പറയണം എന്ന് തോന്നി. കാരണം അവരുടെ മാനസിക വ്യാപാരങ്ങള്‍ ചിത്രീകരിക്കണം എന്ന ഉദ്ദേശത്തില്‍ തന്നെയാണ് കഥ പറഞ്ഞത്. ഒരു സ്ത്രീക്ക് ഒറ്റക്ക് സിനിമ സിനിമ കാണാന്‍ സിനിമാ കൊട്ടകയില്‍ പോവുക എന്നത് ഇന്നും വലിയ പ്രതിസന്ധിയാണ്. പ്രത്യേകിച്ച് ഒറ്റക്ക് നിരന്തരമായി കൊട്ടകയില്‍പോയി സിനിമ കാണുന്ന പെണ്‍കുട്ടികളെ കാണുന്പോള്‍ നെറ്റി ചുളിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. വിധുവിന്‍സെന്റിന് അത്തരം അനുഭവങ്ങള്‍ ഉണ്ടോ? 1998 മുതലാണ് തുടര്‍‌ച്ചയായി സിനിമ കാണുന്നത് . ഫിലിം ഫെസ്റ്റിവലുകളില്‍ പോയി അക്കാലം മുതല്‍ തന്നെ സിനിമ കണ്ടിട്ടുണ്ട്. അതിന് മുന്നെ തിയേറ്ററില്‍ പോയി വല്ലപ്പോഴും സിനിമ കാണുന്ന സ്വഭാവം ആണുണ്ടായിരുന്നത്. കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ കണ്ടിരുന്ന കഥകള്‍ പലര്‍ക്കും പറയാനുണ്ടായിരിക്കാം. പക്ഷേ, എനിക്ക് അത്തരത്തിലൊരു കഥയും പറയാനില്ല. എന്നാല്‍ എത്ര ഫിലിം ഫെസ്റ്റുവലുകളില്‍ നമ്മുടെ അമ്മമാര്‍ സിനിമ കാണാന്‍ പോകുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പുരുഷന്‍മാര്‍ക്കൊപ്പം വല്ലപ്പോഴും സിനിമകള്‍ കണ്ട പഴയ കാലമാണ് നമുക്കുണ്ടായിരുന്നത്. ഇപ്പോള്‍ സിനിമ കാണാറുണ്ടോ തീര്‍ച്ചയായും . ഇപ്പോള്‍ ധാരാളം സിനിമകള്‍ കാണാറുണ്ട്. പ്രത്യേകിച്ച് മറ്റ് ഭാഷകളിലുള്ളതും. മാധ്യമപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്പോള്‍ തന്നെ സിനിമകള്‍ കാണാറുണ്ട്. സ്ത്രീ പക്ഷ സിനിമ എന്നത് മാത്രമല്ല മാന്‍ഹോള്‍ മുന്നോട്ടു വെക്കുന്നത്. ദളിത് വിഷയം എന്നത് കൂടി പ്രസക്തമാണ്. ആദ്യം തന്നെ ഇത്തരത്തില്‍ ഒരു വിഷയം തെര‍ഞ്ഞെടുക്കുന്പോള്‍ വെല്ലുവിളികല്‍ ഉണ്ടായിരുന്നില്ലേ? ദളിത് വിഷയം പറ‍ഞ്ഞപ്പോള്‍ വലിയ വെല്ലുവിളി തന്നെയുണ്ടായി. പ്രധാനമായും ഇത്തരം വിഷയങ്ങല്‍ വിറ്റുപോകാന്‍ വലിയ ബുദ്ധിമുട്ടാണ് ആര് പണം മുടക്കും. മുടക്കിയാല്‍ എങ്ങനെ തിരിച്ചുപിടിക്കും എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഈ വെല്ലുവിളികളാണ് ഞാന്‍ ഈ സിനിമക്ക് കൊടുക്കുന്ന വില. അവരില്‍ നിന്ന് മാറി നിന്ന് സെറ്റിട്ട് സിനിമ പറയുക എന്നല്ല ഞാന്‍ ചിന്തിച്ചത്. പകരം അവരില്‍ ക്യാമറ പ്ലെയ്സ് ചെയ്ത് കഥപറയാനാണ്. മുന്‍കാലങ്ങളില്‍ മലയാള സിനിമ പറഞ്ഞ ദളിത് കഥ പറച്ചിലുകള്‍ മാറി എന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ച് കമ്മട്ടിപ്പാടം, കിസ്മത്ത്, തുടങ്ങിയ സിനിമകള്‍ വന്നപ്പോഴെങ്കിലും? രാജീവ് രവിയെപ്പോലുള്ളവര്‍ ഇത്തരം സിനിമകള്‍ കൊണ്ടുവരുന്നത് മാറ്റത്തിന്റെ ഭാഗമാണ്. കമ്മട്ടിപ്പാടം എന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്കെത്തുമോ എന്നത് സംശയമാണ്. എങ്കിലും ഇത്തരം കഥകള്‍ ‌തെരഞ്ഞെടുക്കുന്നത് മാറ്റത്തിന്റെ ഭാഗമാണ്. കമ്മട്ടിപ്പാടം ഇത്തരത്തില്‍ താരമൂല്യം ഉള്ള ചിത്രമാണ്. എന്തുകൊണ്ടാണ് വിധു വിന്‍സെന്റ് ഇത്തരത്തില്‍ സ്റ്റാര്‍ വാല്യൂ ഉള്ള ഒരു നടനെയോ ന നടിയേയോ ഉള്‍പ്പെടുത്തി കഥ പറയാതിരുന്നത്? ഒന്ന് നമ്മള്‍ തുടക്കക്കാരാണ്. സാന്പത്തികം വലിയ പ്രശ്നമായിരുന്നു. മുടക്കാനുള്ള ആവശ്യം വേണ്ട തുക പോലും ഇല്ലാതെയാണ് ഇത്തരത്തിലൊരാശവുമായി ഇറങ്ങിത്തിരിച്ചത്. പക്ഷേ, ഇതിലഭിനയിച്ച ഓരോ ആളുകളുടേയും അഭിനയം കണ്ടാല്‍ ഇതല്ല ജീവിതം എന്ന് പറയില്ല. അത്രക്ക് മികച്ചതായിരുന്നു. എന്തുകൊണ്ടും നന്നായി. സിനിമ അംഗീകരിക്കപ്പെട്ടു. അടുത്ത സിനിമ ചിലപ്പോള്‍ താരമൂല്യമുള്ള സിനിമയാകാം. വേറൊരു രീതിയിലുള്ള കഥ പറച്ചിലുമായിരിക്കാം. ഈ സിനിമ ഇങ്ങനെയാണ് പറയാനുദ്ദേശിച്ചത്. മാന്‍ഹോള്‍ ഒരു സിനിമാ രൂപമല്ല. ഡോക്യു ഷിക്ഷനാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ടല്ലോ? ഈ വിമര്‍ശത്തെ എങ്ങനെ കാണുന്നു.? എല്ലാത്തരം വിമര്‍ശങ്ങളെയും സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററി ഫിക്ഷന്‍ എന്നു പറയുന്നത് പലപ്പോഴും മലയാള സിനിമക്ക് അപരിചിതമാണ്. മലയാള സിനിമ ഒരുപാട് വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റ് ഭാഷകളില്‍ ഇത്തരം വഴി മാറല്‍ നടക്കല്‍ ഉണ്ടാവുന്നുണ്ട്. ഈ കഥ പറയാന്‍ ഈ അവതരണ രീതിയാണ് ഉണ്ടായിരുന്നത്. മറ്റാര്‍ക്കെങ്കിലും മറ്റേതെങ്കിലും രീതിയുണ്ടെങ്കില്‍ അവര്‍ ആ രീതി നടപ്പിലാക്കിക്കോട്ടെ. സിനിമാ ലോകത്തെ സ്ത്രീകളുടെ സുരക്ഷിതാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ്. സിനിമയിലേക്ക് കാലെടുത്ത വെച്ച ഒരാളെന്ന നിലയില്‍ സ്ത്രീ സുരക്ഷിതയാണോ? എന്തുകൊണ്ട് അത്തരത്തില്‍ അരക്ഷിതാവസ്ഥ ഈ രംഗത്ത് സ്ത്രീകള്‍ക്കുണ്ടാവുന്നു? മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ നോക്കുന്പോള്‍ ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയില്‍ കാണാന്‍ കഴിയുമല്ലോ? സിനിമാ ലോകത്ത് വലിയ ബുദ്ധിമുട്ടുകളുണ്ട് സ്ത്രീകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍. നമ്മള്‍ അഭിനയ രംഗത്താണ് സ്ത്രീകളെ കൂടുതല്‍ കാണുന്നത്. പിന്നാന്പുറത്തേക്കും കൂടുതല്‍ സ്ത്രീകള്‍ വരണം. തുടര്‍ച്ചയായി സ്ത്രീകള്‍ സിനിമയെടുക്കാത്തത് എന്തുകൊണ്ടെണെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത് സാധ്യവുമാണ്. എന്തുകൊണ്ടാണ് ഈ രംഗത്ത് വരുന്ന സ്ത്രീകളെ പിന്തിരിരപ്പിക്കുന്നത്.? സിനിമാ ലോകമെന്ന് പറയുന്നത് നമ്മള്‍ പുറമേ നിന്ന് കാണുന്നത് പോലെയല്ലയ പിന്നാന്പുറത്ത് ആണിന്റെ ഒരാഘോഷം കൊണ്ടാടുന്ന സ്ഥലമാണ്. മദ്യപാനം, സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഒക്കെയാണ് അവിടെ നടക്കുന്നത്. പുരുഷന്‍മാരുടെ ഒരു മേച്ചില്‍പ്പുറമായി തന്നെ സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. ടെക്നിക്കല്‍‌ രംഗത്തും കൂടുതല്‍ സ്ത്രീകള്‍ വരണം. എങ്കില്‍ മാത്രമേ സുരക്ഷിതത്വം ഉണ്ടാകൂ. പുതിയ പ്രോജക്ട്? അത് പറയാനായിട്ടില്ല. എഴുത്തു പണി നടന്നുകൊണ്ടിരിക്കുകയാണ്. പ്രൊഡ്യൂസര്‍ ആയിട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങണമെന്ന് വിചാരിക്കുന്നു. സിനിമയില്‍ തുടരാന്‍ തന്നെ തീരുമാനിച്ചോ? പറയാന്‍ മൂന്ന് നാല് കഥകള്‍ ഇപ്പോള്‍ തന്നെ കയ്യിലുണ്ട്. ആ കഥകള്‍ പറയാനുള്ള അവസരം ഉണ്ടെങ്കില്‍ പറയണം എന്ന് തന്നെയാണ്.
മലയാളത്തിന് ഇതുവരെ പരിചയമില്ലാത്ത വേറിട്ടൊരു ശബ്ദം.. അകക്കണ്ണിന്റെ കാഴ്ചയിൽ വൈക്കം വിജയലക്ഷ്മി എന്ന ഗായിക പാടിക്കൊണ്ടേയിരിക്കുകയാണ്. പിച്ചവെച്ച നാളു മുതൽ സംഗീതം വിജയലക്ഷ്മിയുടെ ശ്വാസം ആണ്.. ഈയടുത്ത് ആറര മണിക്കൂറിൽ 67 ഗാനങ്ങൾ ഗായത്രി വീണയിൽ വിസ്മയം തീർത്ത് ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. എപ്പോൾ കണ്ടാലും നിറഞ്ഞ ചിരിയോടെ നർമം ചാലിച്ചുള്ള മറുപടി. എങ്കിലും ഉറച്ച തീരുമാനമെടുക്കേണ്ട അവസരത്തിൽ വിജയലക്ഷ്മി ഗൗരവത്തിലാകും.... അൽപ്പനേരം വിജയലക്ഷ്മിയുടെ ചെറിയ വിശേഷങ്ങൾ.... ചോദ്യം: ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. പാടി കഴിഞ്ഞപ്പോൾ എന്ത് തോന്നി? സന്തോഷം തോന്നി. സന്തോഷിക്കേണ്ട സന്ദർഭം ആണല്ലോ. അച്ഛനും അമ്മയും പണ്ട് മുതലേ പറയുമായിരുന്നു. അത് പൂർത്തിയാക്കാൻ കഴിഞ്ഞു. ആചാര്യ ആനന്ദ് കൃഷ്ണയാണ് ഗിന്നസ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ആദ്യമായിട്ടാണ് ഇത്ര ദീർഘ നേരം കച്ചേരി ചെയ്യുന്നത്. കച്ചേരി കഴിഞ്ഞപ്പോൾ കൈ വേദനിച്ചു. അപ്പോൾ തന്നെ ഫിസിയോ തെറാപ്പിസ്റ്റ് വന്നിരുന്നു. ചോദ്യം: ജീവിതത്തിൽ പലപ്പോഴും പല തരത്തിൽ പുരസ്കാരങ്ങൾ കിട്ടാറുണ്ട്. ഏറ്റവും വലിയ അവാർഡ് ഏതാ യിരുന്നു? റെക്കോർഡ് പ്രകടനം നടത്തിയപ്പോൾ എം ജയചന്ദ്രൻ സാർ മൃദംഗം വായിച്ചു എനിക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് അത് തന്നെയാണ്. അതിനപ്പുറം വലിയ അവാർഡ് എന്തെങ്കിലും കിട്ടാനുണ്ടോ. താമസമെന്തേ വരുവാൻ എന്ന ഗാനത്തിനാണ് സാർ മൃദംഗം വായിച്ചത്. വലിയ സന്തോഷമായി എനിക്ക്. അനുഗ്രഹം തന്നെയായിരുന്നു ആ മുഹൂർത്തം... ചോദ്യം : ഇത്ര വലിയൊരു പ്രകടനം നടത്താൻ തയ്യാറെടുപ്പുകൾ എന്തെങ്കിലും നടത്തിയിരുന്നോ? ഇല്ല. ആദ്യമായിട്ടാണ് ഇത്രയും സമയം തുടർച്ചയായി വായിക്കുന്നത്. അല്ലാതെ പ്രത്യേകിച്ച് പരിശീലനം ഒന്നും ഉണ്ടായിരുന്നില്ല. ചോദ്യം: സംഗീത ജീവിതത്തെ കുറിച്ച്? ഒന്നര വയസു മുതൽ ഞാൻ പാടി തുടങ്ങി. കേട്ട് പഠിക്കുകയായിരുന്നു. അതിന് ശേഷം ആറ് വയസിൽ അമ്പലപ്പുഴ തുളസി ടീച്ചർക്ക് ദക്ഷിണ നൽകി പഠനം ശാസ്ത്രീയ സംഗീതം പഠിച്ചു. സംഗീത രംഗത്ത് 30 വർഷം പൂർത്തിയാവുന്നു. ഇതിനിടയിൽ സിനിമയിലും പാടാൻ അവസരം ലഭിച്ചു. മെയ് 28, 29 തിയതികളിൽ സംഗീതത്തിന്റെ 30 വർഷം ആഘോഷിക്കാൻ പോവുന്നു. എം ജയചന്ദ്രൻ സ°ാർ അന്ന് കച്ചേരി അവതരിപ്പിക്കും. ജയചന്ദ്രൻ സാറും യേശുദാസ് സാറും ഫോണിലൂടെ പഠിപ്പിക്കാറുണ്ട്. ഇപ്പോഴും സംഗീതം പഠിക്കാറുണ്ട്. ഇതൊക്കെ തന്നെയാണ് സംഗീത ജീവിതം.. ചോദ്യം: ഗായത്രി വീണയെ കുറിച്ച്? കുഞ്ഞായിരുന്നപ്പോൾ പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ട വീണ ഉണ്ടാക്കി വായിക്കുന്നത് കണ്ടപ്പോൾ അച്ഛനാണ് ഗായത്രി വീണ നിർമിച്ച് തന്നത്. പകുതി സമയം ഗായത്രി വീണ വായിക്കുകയും ബാക്കി പകുതി പാടുകയും ചെയ്യും.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ ഗായത്രി വീണ മീട്ടിയിരുന്നു. വയലിൻ ചക്ര വർത്തി കുന്നക്കുടി വൈദ്യ നാഥ ഭാഗവത രാ ണ് ഗായത്രി വീണ എന്ന് പേര് നൽകിയത്.. ചോദ്യം: സ്വന്തം ശബ്ദത്തെക്കുറിച്ച്? പണ്ട് കാലത്തെ പി ലീലയെ പോലുള്ള ഗായികമാരുടെ ശബ്ദമാണെന്ന് ചിലർ പറയാറുണ്ട്. തുറന്ന് പാടുന്ന ആളാണ് ഞാൻ. പലപ്പോഴും ചെറിയ മാറ്റങ്ങൾ ശബ്ദത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്. ചോ:സിനിമയിൽ പാടിയപ്പോൾ മുൻപുള്ളതിനേക്കാൾ നല്ല സ്വീകാര്യത ലഭിച്ചെന്ന് തോന്നിയോ? പിന്നെയില്ലേ. സിനിമയിൽ പാടിയപ്പോഴാണ് കൂടുതൽ ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. ഒരു പാട് ആരാധകരുണ്ട്. നല്ല രസം അല്ലെ.പിന്നെ കുറെ സുഹൃത്തുക്കൾ ഉണ്ട്. ചോദ്യം: ഗാന ഗന്ധർവനെക്കുറിച്ച്? ഞാൻ പറഞ്ഞില്ലേ പാട്ട് പഠിപ്പിച്ചു തരും. പിന്നെ ഗൗരവക്കാരനൊന്നുമല്ല .തമാശ പറയും. വേദികളിൽ ഒപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട്. തായേ യശോദ... വേദിയിൽ വെച്ച് പഠിപ്പിക്കുകയും കൂടെ പാടുകയും ചെയ്തു. പിന്നെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം ഒരുമിച്ച് വേദിയിൽ പാടാനായി. ഗായത്രി വീണ ചോദിച്ചിട്ടുണ്ട്. മാനസ ഗുരു ആദ്യായിട്ട് ചോദിക്കുന്നതല്ലേ. അച്ഛൻ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ചോദ്യം : അത്ര വലിയ ഒരു ഗായകനൊപ്പം പാടുമ്പോൾ ഭയം തോന്നാറുണ്ടോ? പിന്നേ.. തെറ്റിപ്പോകുമോ എന്ന പേടി ഉണ്ട്. പക്ഷേ, ദൈവാധീനത്താൽ ഇതുവരെ തെറ്റിയിട്ടില്ല. ചോ:ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികൾ? അച്ഛനും അമ്മയും തന്നെയാണ്. രണ്ട് പേരും പാടും. അവരിൽ നിന്നാണ് എനിക്ക് അങ്ങനെയൊരു കഴിവ് കിട്ടിയത്. സപ്തസ്വരങ്ങൾ പഠിപ്പിച്ചത് അച്ഛനാണ്. അമ്മമ്മയും പാടുമായിരുന്നു. അപ്പൂപ്പൻ പാടില്ലെങ്കിലും നല്ല ആസ്വാദകനായിരുന്നു. ഒരു പാട് പാട്ടുകളുടെ വലിയ കളക്ഷനുണ്ടായിരുന്നു അപ്പൂപ്പന്റ കയ്യിൽ. ആ കാലം നല്ല രസമായിരുന്നു. അപ്പൂപ്പനുമായി എന്നും വാശി പിടിക്കുമായിരുന്നു. വല്യ കാര്യമില്ലായിരുന്നുവെന്ന് ഇപ്പോ തോന്നുന്നു. ചോ.. ഏതെങ്കിലും രാഗങ്ങളോട് പ്രത്യേക ഇഷ്ടം? ചില അപൂർവ രാഗങ്ങൾ പാടാനും പഠിക്കാനും ഇഷ്ടമാണ്. ഷഹാന, കനകാഞ്ചി, രഘു പ്രിയ പോലുള്ള രാഗങ്ങൾ വലിയ ഇഷ്ടമാണ്. പാടി മഴ പെയ്യിക്കണം എന്നൊക്കെ തോന്നാറുണ്ട്. ചോ:ജ്യോതിഷത്തിൽ ഒക്കെ വലിയ വിശ്വാസം ആണല്ലോ? അതെ.. പെരിങ്ങോട് ശങ്കരനാരായണൻ എന്റെ കാര്യങ്ങളൊക്കെ കൃത്യമായിട്ട് പറയുന്ന ആളാണ്. എനിക്ക് പുരസ്കാരങ്ങൾ കിട്ടണ കാര്യമൊക്കെ കൃത്യമായി പറഞ്ഞിരുന്നു. വിവാഹ അഭ്യർഥന വന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നെ ദേവി ഭക്തയാണ് ഞാൻ. എല്ലാ ദൈവങ്ങളും പ്രിയപ്പെട്ടത് തന്നെ. ചോ: ജീവിതത്തിൽ സംഭവിച്ചത് തരണം ചെയ്തു എന്നറിയാം? തീർച്ചയായും. ഇപ്പോൾ വലിയ മനസമാധാനം ഉണ്ട്. ആ ഭീകരൻ എന്നെ വിട്ടു പോയത് വലിയ ആശ്വാസമാണ്.പാടാനിരിക്കുമ്പോ വല്ലാത്ത സങ്കടം വരുമായിരുന്നു. ഞാൻ ഓരോ ആളുകളെയും കൃത്യമായി പഠിക്കും. സമയമെടുത്ത് പഠിക്കും. അത് ഗുണം ചെയ്തു ദൈവാധീനം എന്ന് തന്നെയാ പറയേണ്ടത്. ഡിപ്രഷനിൽ ആയി പോയിരുന്നു. ഇപ്പോ വല്ലാത്ത സമാധാനമായി. ചോദ്യം .. ഇനി വിവാഹം? മനസിലാക്കാൻ കഴിയുന്ന ഒരാൾ വന്നാൽ തീർച്ചയായും വിവാഹം കഴിക്കും. അങ്ങനെയൊരാൾ വരുമെന്നാണ് പ്രതീക്ഷ. ചോ: ജീവിതത്തിലെ മിസിങ് ? എറണാകുളം സെൻറ് തെരേസാസിലാണ് ഡിഗ്രി ചെയ്തത്. പക്ഷേ, റെഗുലർ ആയി പോകാൻ കഴിഞ്ഞില്ല. ശരിക്ക് പറഞ്ഞാ കോളേജ് ജീവിതം വലിയ മിസിങ് ആണ്. അടിച്ചു പൊളിക്കാൻ പറ്റീല്ല. ചോ.. ആഗ്രഹം? ദുൽഖർ സൽമാനോട് സംസാരിക്കണം. എന്റെ വലിയ ആഗ്രഹം ആണത്. മമ്മൂട്ടി സാറിനേം വിളിച്ചിട്ട് കിട്ടീല്ല. വലിയ ആഗ്രഹം ആണ്.

വേദനയില്‍ നീറുന്ന അമ്മമാര്‍

അമ്മ മനസ് തങ്ക മനസ്... മുറ്റത്തെ തുളസി പോലെ.... ഈ തരത്തിൽ അമ്മയുടെ മനസിനെ കവി വർണിച്ചിട്ട് അധിക കാലം ഒന്നും ആയില്ല. പലപ്പോഴും 'അമ്മ' എന്ന വാക്കിന് പകരം വെക്കാൻ ഒന്നും ഇല്ല.പുതിയ കാലഘട്ടത്തിൽ അത്തരത്തിൽ പൊതുവായി പറയാൻ കഴിയുമോ എന്നത് സംശയമാണ്.. 'അമ്മ' മാറിത്തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെട്ട വാക്ക് . ചിലയിടങ്ങളിൽ വെറും സത്രീയോ വ്യക്തിയോ ചിലപ്പോൾ ഇതൊന്നും അല്ലാതെയും ആകുന്നു. സമീപ കാലങ്ങളിൽ വലിയ - ചെറിയ വാർത്തകളിൽ ഒരു പാട് അമ്മമാർ നിറഞ്ഞു നിന്നു. ഏറ്റവും അവസാനം കണ്ടത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയാണ്.അമ്മയാണ്... അമ്മയാണ്.... എന്ന് ചാനൽ അവതാരകൻ ആവർത്തിച്ചു പറയുന്നതും നമ്മൾ കേട്ടു . ആ അമ്മയെ രാഷ്ട്രീയത്തിന്റെ മേലങ്കി പുതപ്പിക്കാനും അത്തരത്തിലാക്കി മാറ്റാനും ശ്രമങ്ങളുണ്ടായി. ഏതിനെയും രണ്ട് തലത്തിൽ കാണുന്ന വിശാലമനസ്കരുള്ള സോഷ്യൽ മീഡിയ ഇത്തവണ പക്ഷേ, സർക്കാരിനെതിരായി നില കൊണ്ടു. കുറച്ചു ന്യായീകരണ തൊഴിലാളികൾ ഒഴികെ. എന്നാൽ രാഷട്രീയം മാറ്റി ഒന്ന് ചിന്തിക്കാം. കോഴിക്കോട്ടുകാരിയ സാധാരണ ഒരു വീട്ടമ്മ. മകനെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് നീതിപീഠത്തോട് കേഴുന്നു. ആദ്യമൊക്കെ മാധ്യമങ്ങളിലൂടെ പതിയെ. പതിയെ. പിന്നീട് ആ നിലവിളിക്ക് ശക്തി കൂടി വന്നു. ഒടുവിൽ ശബ്ദം പതറാതെ തൊണ്ടയി sറാതെ അവർ അഭിമുഖങ്ങൾ നൽകുന്നു. എവിടെ നിന്നാണ് ധൈര്യം എന്ന് ചോദ്യം ഉയരുന്നുണ്ടാവണം. മാധ്യമങ്ങൾ ഇല്ലെങ്കിലും അവരങ്ങനെയാവും. കാരണം അവർക്ക് നഷ്ടമായത് സ്വന്തം സ്വപ്നം മാത്രമല്ല. അവിടെയാണ് സ്ത്രീയും അമ്മയും തമ്മിൽ വേർതിരിയുന്നത്. ഒരു സ്ത്രീ അമ്മയാകുന്നു എന്നറിയുന്ന നിമിഷം മുതൽ അവൾക്ക് വേണ്ടിയുള്ള ജീവിതം അവസാനിച്ചു. പിന്നീടുള്ളത് അവളിലെ പുതുജീവന് വേണ്ടിയാണ്. അവൾ കേൾക്കുന്നത്, ശബ്ദിക്കുന്നത്, മണക്കുന്നത്, സ്പർശിക്കുന്നത് ഒക്കെ.. ഓരോ വളർച്ചയും അമ്മയിലൂടെയാണ്. രക്ത ബന്ധത്തിനപ്പുറം ആരും കാണാത്ത ഒരു നൂൽ ആ ബന്ധത്തിലങ്ങനെ നിൽക്കുന്നതും അതാണ്. അപ്പോപ്പിന്നെ മഹിജയുടെ കരച്ചിൽ വേറിട്ട തൊന്നും അല്ല. അപ്പോ നഷ്ടമുണ്ടായത് ആ അമ്മക്ക് മാത്രമാണ്. അവരുടെ ആളിക്കത്തൽ ഉണ്ടാകും. പക്ഷേ, എവിടെയൊക്കെയോ ആ വേദന കാണുന്നതിന് പകരം നമ്മൾ അത് മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. രണ്ട് തരത്തിൽ കാണാം അതിനെ ഒന്ന് അത് അനി വാര്യമായിരുന്നു. നിരന്തരം പറഞ്ഞു കൊണ്ടിരുന്നില്ലെങ്കിൽ കൊട്ടിയടച്ച കാതുകളിലേക്ക് എത്തുമായിരുന്നില്ല. മറ്റൊരു തലത്തിൽ പ്രയോഗങ്ങൾ നടത്തുമ്പോൾ .ഇത്തിരി നിയന്ത്രണം ആവാമായിരുന്നു. ബ്രേക്കിങ്ങുകൾക്ക് വേണ്ടി പിന്നാലെ പോകുന്ന അവസ്ഥയുണ്ടായി. എന്നിരുന്നാലും ആശ്വസിക്കാം മറ്റ് കേസുകളിൽ സംഭവിക്കുന്നത് പോലെയല്ല. വിജയം കാണുന്നത് വരെ കൂടെ നിൽക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞു. ഇനി അതിനെ രാഷ്ട്രീയ വൽക്കരിക്കാതിരുന്നാൽ സമരം വിജയം കണ്ടു എന്ന് തന്നെ പറയാം. ഇതു പോലെയാണ് ഒരോ രാഷട്രീയ കൊലപാതകങ്ങൾ ഉണ്ടാവുമ്പോഴും അമ്മ മനസുകൾ നീറുന്നത്. അവർ ഒരു പാട് കരഞ്ഞും വേദനിച്ചും നീറി യും തീർന്നിട്ടുണ്ടാകും. അപ്പോപ്പിന്നെ സമരം ചെയ്യാനിരിക്കാൻ അവർക്ക് ത്രാണിയുണ്ടാകില്ല. ഇരുന്നൽ തന്നെ രാഷട്രീയ o അവിടെയും വിലങ്ങനെ നിൽക്കും. ഓരോ തവണയും വെട്ടിയരിയുമ്പോൾ മകനെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളി പാർട്ടികൾ അവരവരുടേതായ കൊടികൾ പുതപ്പിച്ച് ഇല്ലാതാക്കുന്നു... വീണ്ടും ഇത്തരം നിലവിളികൾ ആവർത്തിക്കുന്നു. രക്തസാക്ഷികളായി ഓരോ അമ്മമാരുടെയും പൊന്നോമന പുത്രൻമാർ മാറും. അത്ര തന്നെ. പിന്നീട് ആ അമ്മയുടെ വയറ്റിലെ തീ കെടുത്താൻ ഒരു രക്ത സാക്ഷി മണ്ഡപത്തിനും കഴിയില്ല. അവരുടെ വിറയൽ മാറ്റാൻ എത് നിറത്തിലുള്ള കൊടിയായാലും കഴിയില്ല. അത്തരത്തിലൊരു അനുഭവം ഉള്ള ഒരമ്മയുടെ അനുഭവം പറയാ തെ പോകാൻ വയ്യ. 12 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ അമ്മയുടെ ഫോൺ കോൾ എന്നെ തേടിയെത്തി. അവരുടെ ശബ്ദത്തിൽ അൽപ്പം പോലും പതർച്ചയില്ലായിരുന്നു. അവർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച വരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക. അത് മാത്രാണ് അവർ ആവ ശ്യപ്പെട്ടത്. രണ്ട് തവണ ആ പെൺകുട്ടിയെ രണ്ട് സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു. അതിലൊരാൾ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയും. ആ കാരണത്താൽ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് തീരുമാനം എടുക്കേണ്ടത്. പൊലീസിന് അറസ്റ്റ് ചെയ്യാൻ മാർഗം ഇല്ല. നമ്മുടെ നിയമത്തിന്റെ പഴുതുകൾ സാധാരണക്കാരിയായ ആ അമ്മക്ക് ദഹിക്കുന്നതിനും അപ്പുറമായിരുന്നു. കാരണം പീഡനത്തിനിരയായ അവരുടെ മകളും പ്രായ പൂർത്തിയായില്ല എന്നത് അവരുടെ കാഴ്ചയിൽ വലിയ ശരിയാണ്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു. അതു കൊണ്ടാവണം രാത്രിയിൽ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചപ്പോൾ അവർ ധൈര്യ സമേതം പോയത്. പക്ഷേ, പൊലീസുദ്യോഗസ്ഥൻ സ്ത്രീയാണെന്ന പരിഗണനയോ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണെന്നോ ബോധമില്ലാതെ അവരെ അപമാനിക ക യാ ണ് ചെയ്തത്. തളരാതെ അവർ വീണ്ടും മുന്നോട്ടു പോയി. മറ്റ് അമ്മമാർക്ക് ധൈര്യം നൽകണം എന്നാണ് അവരുടെ ചിന്ത. മൂന്നും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ചവരുടെ അമ്മയെക്കാൾ പ്രതിയുടെ ഭാര്യയും രണ്ടു പെൺമക്കളുടെ അമ്മയുടേയും കണ്ണീരാണ്... ആശ്വാസ വാക്കുകൾ ഒന്നുമില്ല ഈ കണ്ണീരിനൊന്നും.. ചങ്കുപൊട്ടി ഇനിയും തുടരും ഈ അമ്മമാരുടെ കണ്ണീർ ധാര.. കാലവും സന്ദർഭവും സാഹചര്യവും മാറിയേക്കാം. പക്ഷേ വറ്റാത്തതായി അമ്മ കണ്ണീർ അപ്പോഴുമുണ്ടാകും... ആദ്യം പറഞ്ഞ സംഭവത്തിൽ ആ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ വാങ്ങിക്കൊടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു.രണ്ടാമത്തെ സംഭവത്തിൽ പ്രത്യേക ത ഉണ്ട്. കാരണം പെൺകുട്ടികളുടെ അമ്മ ആരും അറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. പറഞ്ഞു വന്നത് സ്വന്തം മക്കളെ വിൽക്കുന്ന അമ്മമാരും ഉണ്ട് എന്നതാണ്. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ളവരെ 'അമ്മ' എന്ന വാക്കിൽ നിർത്താൻ കഴിയില്ല. അങ്ങനെയായതുകൊണ്ടു മാത്രാണ് 'അമ്മ' എന്ന വാക്ക് ഇത്രയേറെ മൂല്യമുണ്ടാകുന്നതും..

2016 ഡിസം 21

കോതറാണി ......................... ഭാഗം -2

അമ്മച്ചി കോതറാണിയെക്കുറിച്ച് പറഞ്ഞു തുടങ്ങി... പാറു അവളുടെ വയറിലേക്ക് മുഖം ചേര്‍ത്ത് വെച്ച് കളിക്കുന്നുണ്ട്. അവളുടെ ചേര്‍ത്ത് പിടിക്കല്‍ കണ്ടാല്‍ത്തന്നെ അറിയാം അവള്‍ വെറുമൊരു അമ്മയല്ലെന്ന് ... അമ്മച്ചി തുടര്‍ന്നു... "കോതറാണി രാജ്ഞിയായിരുന്നു. കറുത്ത രാജഞിമാരെ ആര്‍ക്കും അത്ര പരിചയമില്ല. ജാതി വെറിയുടെ കാലത്ത് പുലയ സമുദായത്തില്‍ നിന്നും ഒരു രാജ്ഞി...ആളുകള്‍ക്ക് അന്നും ഇന്നും അംഗീകരിക്കാന്‍ കഴിയില്ല. അവളുടെ ബുദ്ധിയും വികാരവും ഒക്കെ വ്യത്യസ്തമായിരുന്നു. കാണാന്‍ വല്ലാത്ത ആകര്‍ഷണമായിരുന്നു. കണ്ണുകളില്‍ നോക്കിയുള്ള വ്യക്തമായ സംസാര രീതി പുരുഷന്‍മാരെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. അവളുടെ വാക്കുകള്‍ പരുക്കന്‍യാഥാര്‍ഥ്യങ്ങളായിരുന്നു. ശൃംഖാരം അവളില്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ല. വാക്കുകള്‍ കുപ്പിച്ചീളുപോലെ നീതിക്ക് വേണ്ടി നിലകൊണ്ടു. മാറ് മറക്കാത്ത ഉയര്‍ന്നു നിന്ന മുലകള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ നേര്‍കാഴ്ചയായിരുന്നു... പുലയര്‍ക്ക് ഒരു രാജവംശമോ? കേരള ചരിത്രത്തില്‍ അങ്ങനെയൊന്ന് മേലാളരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. ശത്രുക്കള്‍ അതുകൊണ്ട് തന്നെ ധാരാളമായിരുന്നു. കൊറ്റാമല എന്ന കുന്നിന്‍ മുകളിലായിരുന്നു കോതറാണി എന്ന പുലയ രാജ്ഞിയുടെ കൊട്ടാരം. പഴമക്കാര്‍ പൊറ്റാമലയെന്നും പറഞ്ഞിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി വരും. കുന്നിന്റെ ഇരുഭാഗവും കീഴ്ക്കാംതൂക്കായ പ്രദേശമാണ്. കിഴക്ക് ഭാഗം ചെറിയ ചരിവുകളും അവിടവിടെ നിരന്ന സ്ഥലവുമാണ്. ഈ കുന്നിന്‍റെ നെറുകയില്‍ ആകാശത്തെ ചുംബിച്ച് ..പ്രണയിച്ച് ...കാമിച്ച് ആ കൊട്ടാരം ഇങ്ങനെ നില്‍ക്കുന്നത് കാണുന്പോള്‍ രാജ്ഞിയെന്താണെന്ന് ഊഹിക്കാം. ചുണ്ണാന്പു പോലെയുള്ള ബലമുള്ള ഒരിനം കട്ടകള്‍ കൊണ്ടാണ് കൊട്ടാരത്തിന്റെ പണി. മണലും ചുണ്ണാന്പും ചിലയിനം ഇലകളും കരിപ്പുകട്ടിയും ചേര്‍ത്ത് അരച്ചു ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് കട്ടകള്‍ നിര്‍മിച്ചതെന്നാണ് പറയുന്നത്. അമ്മച്ചി ഒന്ന് പറഞ്ഞു നിര്‍ത്തി. അവളുടെ കണ്ണുകളിലേക്ക് ഞാനൊന്നു നോക്കി. കഥ കേള്‍ക്കുന്ന മാനസികാവസ്ഥയൊന്നും അവളില്‍ കണ്ടില്ല. കണ്ണുകള്‍ ദൂരെയെവിടെയോ ഉറപ്പിച്ചാണിരിപ്പ്. കൈ അപ്പോഴും പാ റൂനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ അമ്മച്ചിയെന്താണ് ഈ പറ‍ഞ്ഞു വരുന്നേ. സാധാരണ അമ്മച്ചി കുടിയേറ്റ ക്രിസ്ത്യന്‍ കര്‍ഷകരുടെ വീറുറ്റ കഥകളാണ് പറയാറുള്ളത്. ഇത് അതില്‍ നിന്നും ഒക്കെ എത്രയോ വ്യത്യസ്തം. ഇങ്ങനെയൊരു കഥയുണ്ടോ ? കഥയുണ്ടെങ്കില്‍ തന്നെ അതെന്തിന് ഇവിടെ പറയണം? കോതറാണി എന്ന പേരല്ല അവളുടെ യഥാര്‍ഥ പ്രശ്നം. ചിന്തകള്‍ ഇങ്ങനെ എന്റെ മനസിലൂടെയും പാഞ്ഞു. പക്ഷേ, അമ്മച്ചിയോട് ബഹുമാനം തോന്നി. ഒരു സാധാരണ സ്ത്രീ ആണവര്‍. അവരുടെ ചിന്തകള്‍ വലിയ വിദ്യാഭ്യാസവും വിവരവും ഒക്കെയുണ്ടെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ള യുവതലമുറക്ക് പോലും ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. ഹൃദയം കൊണ്ടാണ് അമ്മച്ചി സംസാരിക്കുന്നത്. വെളുത്ത് കൊലുന്നനെയുള്ള അവരുടെ കൈകള്‍ അവളെ വെറുതെ സ്പര്‍ശിക്കുകയല്ല. മറിച്ച് ദൈവത്തിന്റെ എന്തോ ഒരംശം അതില്‍ ഉണ്ട്. അമ്മച്ചി തുടര്‍ന്നു... കോതറാണി അന്ന് അനുഭവിച്ച സവര്‍ണതയുടെ ഭീകരത വീണ്ടും നിന്നിലൂടെ ആവര്‍ത്തിക്കപ്പെട്ടു. സവര്‍ണത ആ വാക്കു കേട്ടപ്പോള്‍ അവളൊന്നു അമ്മച്ചിയെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണോ എന്ന് നോക്കിയ എനിക്ക് തെറ്റി. പകരം മറ്റെന്തൊക്കെയോ അവള്‍ പറയാതെ പറഞ്ഞു. കോതറാണി ആരെയും ചതിച്ചിട്ടില്ല. സത്യം നിലനില്‍ക്കാന്‍ വേണ്ടിയായിരുന്നു അവളുടെ പോരാട്ടം. ശരീരവും മനസും പൂര്‍ണമായും ഒരാള്‍ക്ക് സമര്‍പ്പിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയില്ല. മനുഷ്യനായ പലര്‍ക്കും കഴിയില്ല. എന്നാല്‍ സത്യത്തില്‍ നിലയുറപ്പിക്കുന്നവര്‍ക്ക് അതിന് കഴിയും. അങ്ങനെ അവള്‍ പറഞ്ഞോ. ഇല്ല... എനിക്ക് തോന്നിയതാ. അവളങ്ങനെ വാക്കുകള്‍ വിളിച്ചു കൂവിയില്ല. പകരം അമ്മച്ചിയോട് വളരെ പതിഞ്ഞ് ഇങ്ങനെ ചോദിച്ചു? പുരുഷന് മുന്നില്‍ സ്ത്രീ ശരീരം നല്‍കുന്നതെപ്പോഴാണ്? അയാളെ അവളെകാള്‍ വിശ്വാസത്തിലെടുക്കുന്പോള്‍. പ്രണയം കൊണ്ട് അവളുടെ ശരീരത്തെക്കാള്‍ മനസ് വിറക്കുന്പോള്‍...പ്രണയത്തില്‍ പുളയുന്പോള്‍..,കാമം അല്ല അത്. അങ്ങനെ രതി കഴിയുന്പോള്‍ അവള്‍ മറ്റൊരു തലത്തിലേക്ക് എത്തും. പിന്നീടുള്ള അവളുടെ യാത്രക്ക് ആ ഊര്‍ജമാണ്. എന്നാല്‍ നിന്റെ യോനി എന്താ കറുത്തുപോയെ എന്ന് കോതറാണി എന്ന പുലയ സ്ത്രീക്ക് കേള്‍ക്കേണ്ടി വരുന്പോ ആ പ്രണയത്തിനും കാമത്തിനും ഒക്കെ എന്ത് സംഭവിക്കും? അമ്മച്ചിയുടെ കണ്ണുകളില്‍ ഒരു മിന്നല്‍ കണ്ടു. അവളില്‍ വല്ലാത്തൊരു ഭാവം മിന്നി മറഞ്ഞു. അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി... "സവര്‍ണന്‍ അവര്‍ണന് മേല്‍ അടിച്ചേപ്പിച്ച പേരുകള്‍. പുലയന്‍, പറയന്‍, കുറവന്‍, പരവന്‍ ഇങ്ങനെ പോകും ഒരു ശൃംഖല. താഴ്ന്ന ജാതി അതാണെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഉയര്‍ച്ചയും താഴ്ചയും ആരാണ് നിശ്ചയിക്കുന്നത്. കോതറാണി വിചാരിച്ചാല്‍ ഇതൊന്നും മാറ്റാന്‍ കഴിയില്ല... ശരി തന്നെ. പക്ഷേ കാലംമാറ്റിയ ചിലതുണ്ട്. പുലയന്റെ കൂടെ അന്തിയുറങ്ങാന്‍ അവളില്‍ ബീജം നിക്ഷേപിക്കാന്‍ ചിലരെങ്കിലും തയ്യാറായി. അതുകൊണ്ടെന്ത് പ്രയോജനം എന്നത് വേറെ വിഷയം. പക്ഷേ, ഞാനയാളെ നായരോ, ബ്രാഹ്മണനോ , മാരാരോ, പിള്ളയോ ഒന്നും ആയി കണ്ടില്ല. അതെന്റെ മനസ്. എന്നില്‍ അയാളുടെ ഓരോ രോമകൂപവും മനപ്പാഠമാണ്. അയാളിലെ വെളുപ്പും കറുപ്പും മഞ്ഞയും നീലയുമൊക്കെ...കണ്ണടച്ച് പറയാന്‍ കഴിയും. ഞാന്‍ പറയുന്നത് ശരീരം മാത്രമല്ല...മനസും... സ്ത്രീ..അല്ല അങ്ങനെയല്ല ഞാന്‍ അതിനെ ഇപ്പോ ഒന്ന് മാറി ചിന്തിക്കുന്നു...ഒരു പുലയ സ്ത്രീ... പേടിയായിരുന്നു...വിവാഹത്തോടുള്ള സമീപനം... ജാതി പുറത്തു പറയാന്‍ ഭയപ്പെട്ടു. കാരണം പുലയ സ്ത്രീയെ നിര്‍വചിക്കപ്പെട്ടത് കാലങ്ങള്‍ക്ക് മുന്നേ വിദ്യയുടെ, സ്വഭാവത്തിന്റെ, സത്യത്തിന്‍റെ ഭാഗത്ത് നിന്നല്ല. പകരം പുലയ എന്ന് മേലാളന്‍ അടിച്ചേല്‍പ്പിച്ച വാക്കിലായിരുന്നു. അവളുടെ ആത്മാഭിമാനവും അത്തരത്തില്‍ തന്നെ അളന്നു. അവളുടെ സത്യങ്ങള്‍ നുണകളായി. അവളുടെ മുലകള്‍ കറുത്തതായതുകൊണ്ട് വിവസ്ത്രയാക്കിയാലും പ്രശ്നമില്ല. അവളെ കറുപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ കറുപ്പാണ് വെളുപ്പിനേക്കാള്‍ വൃത്തികെട്ട നിറമെന്ന് അവളെ പറഞ്ഞ് പഠിപ്പിച്ചു. അവളില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്നേഹം പോലും കറുത്തതായിരുന്നു. കറുപ്പെന്ന നിറത്തോടുള്ള അവളുടെ ബഹുമാനത്തെ വെളുത്തവന്‍ കണ്ടില്ല... ചവിട്ടി മെതിക്കപ്പെട്ട് പുളഞ്ഞപ്പോള്‍ ഒരിക്കല്‍ അവള്‍ പ്രതികരിച്ചു. രൂക്ഷമായി തന്നെ.. അവളുടെ കണ്ണില്‍ നിന്നും നാവില്‍ നിന്നും പുറത്തേക്ക് തെറിച്ചത് അഗ്നിയായിരുന്നു... അതില്‍ ലോകം മുഴുവന്‍ എരിയാന്‍ പോന്ന പലതും ഉണ്ടായി..." പറഞ്ഞു നിര്‍ത്തിയപ്പോ അവളൊന്നു കിതച്ചു...വെള്ളം നല്‍കാന്‍ എനിക്കും തോന്നിയില്ല... ഒരു തരിപ്പായിരുന്നു മുടി മുതല്‍ അടി വരെ. .... തുടരും... കടപ്പാട്- വര: കന്നി എം ഗായത്രി

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...