2012 മാർ 22

മഞ്ഞണിപ്പൂനിലാവില്‍....



പൊലിക പൊലിക
ദൈവമേതാന്‍
നെല്‍പൊലിക
പൊലികണ്‌ഠന്‍ തന്റേതോരു
വയലകത്ത്‌
ഏറോടെ എതിര്‍ക്കുന്നോ-
രെഴുതും വാഴ്‌കാ
ഉഴമയല്ലോ എരിഷികളേ
നെല്‍പൊലികാ
മൂരുന്ന ചെറുമനുഷ്യര്‍
പലരും വാഴ്‌കാ.
മുതിര്‍ക്കും മേലാളിതാനും
വാഴ്‌കാ.....വാഴ്‌കാ....
പാടത്ത്‌ ഉഴുതുന്ന കര്‍ഷകനും മേലാളനും കാളകളും ഒരുപോലെ വാഴാനുള്ള നാട്ടുകര്‍ഷകത്തോറ്റം പഴയ കാര്‍ഷിക വ്യവസ്ഥയുടെ ഓര്‍മമാത്രമായിക്കഴിഞ്ഞു.
മേട മാസമാസത്തില്‍ പൂക്കേണ്ട മഞ്ഞണിക്കൊന്നകള്‍ പൂത്തുലഞ്ഞ്‌ വിഷുവിന്റെ വരവറിയിച്ചു കഴിഞ്ഞു. വിഷു ഇങ്ങ്‌ തൊടിയില്‍ വരെയെത്തിനില്‍ക്കുന്നു. തിരക്കേറിയ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഓരോ ആഘോഷവും മലയാളികള്‍ക്ക്‌ ഉത്സവ കാലമാണ്‌. ആഘോഷങ്ങളെ വര്‍ണശബളമാക്കുന്നത്‌ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു കൂടുമ്പോഴാണ്‌. വല്ലപ്പോഴുമുള്ള ആ ഒത്തുചേരല്‍ അനിര്‍വചനീയമായ ഊര്‍ജ്ജം സമ്മാനിക്കുന്നു. ഇതിന്‌ മാറ്റുകൂട്ടുന്നത്‌ അടുക്കും ചിട്ടയോടുമുള്ള കുടുംബനാഥയുടെ ഇടപെടലാണെന്നതില്‍ സംശയമില്ല.
ഉറക്കച്ചടവോടെ കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നില്‍ ഒരുക്കിയിരിക്കുന്ന കണി കണ്ടു നില്‍ക്കുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ഉണരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകളാണ്‌ വിഷുക്കണി ഒരുക്കുന്നതും കണി കാണിക്കുന്നതും. കണി ഒരുക്കുന്നതിന്‌ ആദ്യപടിയായി വലിയ ഉരുളി തേച്ചൊരുക്കും. അതില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌ ഒപ്പം മുണ്ട്‌, പൊന്ന്‌, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടക്ക, വെറ്റില, കണ്‍മഷി, ചാന്ത, സിന്തൂരം, നാരങ്ങ നാളികേരപ്പൊതി എന്നിവയൊടൊപ്പം കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ചാണ്‌ കണി ഒരുക്കുക. കണിക്കൊന്നപ്പൂക്കള്‍ കണി വെക്കുന്നതില്‍ പ്രധാന ഘടകമാണ്‌. ചിലയിടങ്ങളില്‍ കറിക്കൂട്ട്‌, ഗ്രന്ഥങ്ങള്‍, വെള്ളിപ്പണം, ചക്ക, മാങ്ങ, കത്തിച്ചുവെച്ച ചന്ദനത്തിരി, വെള്ളം നിറച്ച ഓട്ടു കിണ്ടി, പുതിയ കസവ്‌ മുണ്ട്‌ എന്നീ വിഭവങ്ങള്‍ കൂടി കണി വെക്കും. വിഷുവിന്റെ തലേദിവസം രാത്രി വൈകിയാണ്‌ കണി ഒരുക്കുക. വീട്ടിലെ മുത്തശ്ശി രാവിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു തുറക്കാതെ പിന്നില്‍ നിന്നും കണ്ണുപൊത്തി കണിക്ക്‌ മുന്നില്‍ കൊണ്ടു നിര്‍ത്തിയാണ്‌ കണി കാണിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ വീടിന്റെ കിഴക്കു വശത്ത്‌ കണികൊണ്ടുചെന്ന്‌ പ്രകൃതിയെ കാണിക്കുന്ന ചടങ്ങും ചിലയിടങ്ങളില്‍ ഉണ്ട്‌. അതിനുശേഷം ഫല വൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണി കാണിക്കുന്നു. കണി കാണിച്ചു കഴിഞ്ഞാണ്‌ കുടുംബത്തിലെ ഗൃഹനാഥന്‍ കൈനീട്ടം നല്‍കാറുള്ളത്‌. മുന്‍കാലങ്ങളില്‍ വീട്ടു പറമ്പില്‍ വിളയിച്ചെടുത്ത ഫലങ്ങള്‍ കൊണ്ടായിരുന്നു വിഷു ഒരുക്കിയിരുന്നത്‌. ഇന്ന്‌ വിഷു ഒരുക്കണമെങ്കില്‍ എല്ലാം പുറത്ത്‌ നിന്ന്‌ വാങ്ങേണ്ടുന്ന അവസ്ഥയാണ്‌.
കണി കണ്ടു കഴിഞ്ഞ്‌ കൈനീട്ടം നല്‍കും. കുടുംബത്തിലെ ഗൃഹനാഥന്‍ നിര്‍വഹിക്കുന്ന ഈ ചടങ്ങില്‍ കുട്ടികള്‍ക്കാണ്‌ കോള്‌. കൈനീട്ടം വാങ്ങിക്കഴിഞ്ഞ്‌്‌ മഞ്ഞളും എണ്ണയും ഇഞ്ചയും തേച്ചു കുളിച്ച്‌ ഇലയിട്ട്‌ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ പ്രാതല്‍ കഴിക്കും. പ്രാതലിന്‌ ചിലയിടങ്ങളില്‍ കാണുന്ന പ്രത്യേക വിഭവം ആണ്‌ വിഷുക്കട്ട. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരിവേവിച്ച്‌ ജീരകം ചേര്‍ത്ത്‌ വറ്റിച്ചാണ്‌ പ്രാതലിന്‌ കഴിക്കുന്ന ഈ വിഭവം തയ്യാറാക്കുന്നത്‌. വിഷുക്കട്ടക്ക്‌ മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കരപ്പാനിയോ, മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചാണ്‌ ഇത്‌ കഴിക്കുക.
വിഷു ദിനത്തില്‍ അടുക്കളയില്‍ നിന്നും കൊതിപ്പിക്കുന്ന മണം വരുമ്പോള്‍ത്തന്നെ വിഭവം കഴിച്ചപോലെയാണ്‌. കൊതിയൂറുന്ന വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ മുഴുവന്‍ പ്രശംസയും സ്‌്‌ത്രീകള്‍ക്കു തന്നെ. എങ്കിലും പ്രത്യേക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ വൈഭവം മുത്തശ്ശിക്കു തന്നെയാണ്‌. മുത്തശ്ശിയുടെ യുക്തിക്കും കൈപ്പുണ്യത്തിനും മുന്നില്‍ മറ്റ്‌ സ്‌ത്രീജനങ്ങള്‍ മാറിക്കൊടുക്കും.
വിഷു ആഷോഷത്തിന്റെ പ്രധാന ഒരുക്കങ്ങള്‍ നടത്തുന്നത്‌ സ്‌ത്രീകളാണെങ്കിലും മുന്‍കാലങ്ങളില്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌ കുടുംബനാഥന്‍ തന്നെയാണ്‌. ഗൃഹനാഥന്‍ പനസം വെട്ടുന്ന ചടങ്ങിലൂടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. എന്നാല്‍ പനസം എന്നു പറഞ്ഞാല്‍ ചക്കയാണെന്നു പൊലും അറിയുന്നവര്‍ ഇന്നില്ലെന്നതാണ്‌ വാസ്‌തവം. വിഷു ദിവസം ഉപയോഗിക്കുന്നത്‌ വരിക്കച്ചക്കയാണ്‌. ഇതിന്‌ പനസം എന്നേ പറയാവൂ എന്നാണ്‌ മുതിര്‍ന്നവര്‍ പറയുക. വിഷു വിഭവങ്ങള്‍ ഒരുക്കുന്നതും മറ്റേത്‌ ആഘോഷങ്ങളേയും പോലെ തന്നെ സ്‌ത്രീകളാണ്‌. മുതിര്‍ന്ന സ്‌ത്രീകള്‍ ഒരുക്കുന്ന വിഷു വിഭവങ്ങള്‍ക്ക്‌ പ്രത്യേക സ്വാദാണ്‌. പഴയകാലത്തെ ആളുകള്‍ ഉണ്ടാക്കുന്നത്ര രുചി ഇന്നത്തെ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ തെളിയാറില്ല. ചക്ക വിഷു വിഭവങ്ങളില്‍ പ്രധാനവിഭവമായതിനാല്‍ ചക്ക കൊണ്ട്‌ പല തരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ചക്ക എറുശ്ശേരി, ചക്ക വറുത്തത്‌ എന്നിവ വിഷു വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്‌. ഒരോ പ്രദേശത്തും വിഷു വിഭവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വള്ളുവനാട്‌ പ്രദേശങ്ങളില്‍ വിഷു ദിവസത്തെ പ്രധാന വിഭവം കഞ്ഞിയും എരിശ്ശേരിയും ആണ്‌. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച്‌ തേങ്ങ ചിരകിയിട്ട കഞ്ഞി പഴുത്ത പ്ലാവില കൊണ്ട്‌ കോരിക്കുടിക്കും. ഇതിന്റെ കൂടെ ചൂടുള്ള എരിശ്ശേരിയും ഉണ്ടായിരിക്കും. എരിശ്ശേരിയിലാണെങ്കില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, കുഞ്ഞ്‌ ചക്ക, ചക്ക മടല്‍, ചക്കയുടെ ഏററവും പുറത്തുള്ള മുള്ള എന്നിവയും ചക്കയില്‍ ചേര്‍ത്തിരിക്കും. സ്വാദേറിയ ഈ വിഭവം ഇന്ന്‌ പല സ്ഥലങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഓരോ ചേരുവകളും യഥാവിധി ചേര്‍ക്കാന്‍ പുത്തന്‍ തലമുറക്ക്‌ അറിയില്ലാത്തത്‌ തന്നെ കാരണം.
വിഷുദിനത്തില്‍ സദ്യകഴിഞ്ഞ്‌ നാലും കൂട്ടി മുറുക്കുന്ന പതിവ്‌ ബ്രാഹ്മണരുടെയും നമ്പൂതിരിമാരുടേയും ഇടയില്‍ ഇന്നും ഒരു ചടങ്ങായിത്തന്നെ നിലനില്‍ക്കുന്നുണ്ട്‌. വിസ്‌തരിച്ചുള്ള ആ മുറുക്കല്‍ ഇളം തലമുറയിലെ സ്‌ത്രീകളും പിന്തുടരുന്നത്‌ വിശേഷ ദിനങ്ങളില്‍ മാത്രമാണെങ്കിലും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്‌. പരിഷ്‌കാരപ്പെണ്ണുങ്ങള്‍ എന്ന്‌ സ്വയം ഊറ്റം കൊള്ളുന്ന യുവതലമുറ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും വളരെ കൗതുകത്തോടെയാണ്‌ പിന്തുടരുന്നത്‌.
വിഷുവിന്റെ തലേന്നാള്‍ സംക്രാന്തിയും സ്‌ത്രീകളാണ്‌ ആഘോഷിക്കാറുള്ളത്‌. അന്ന്‌ വൈകിട്ട്‌ വീട്ടിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ കത്തിച്ചു കളയുന്നു. വീട്‌ ശുചിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുക എന്നതാണ്‌ ഇതിന്റെ ഉദ്ദേശം. ഈ ചടങ്ങ്‌ കഴിയുന്നതോടെ നിറപ്പകിട്ടാര്‍ന്ന പടക്കങ്ങള്‍ പൊട്ടിച്ചു തുടങ്ങുകയായി. സ്‌ത്രീകളില്‍ നിന്ന്‌ കുട്ടികളിലേക്ക്‌ ആഘോഷം പകരുന്നത്‌ ഈ വേളയിലാണെന്ന്‌ തന്നെ പറയാം. പടക്കത്തോടും കമ്പിത്തിരിയോടും കമ്പം കുട്ടികള്‍ക്കാണെന്ന കാരണത്താലാണത്‌.
വിഷു ഫലം പറയുന്ന രീതി പണ്ടു കാലങ്ങളില്‍ ആചാരമായിരുന്നു. ഇന്നും (പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌) വിഷു ഫലം അറിയാന്‍ ആളുകള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. പണിക്കര്‍ വീടുകളില്‍ നിന്ന്‌ വിഷു ഫലം ഗണിച്ച്‌ പറയുന്നതായിരുന്നു പണ്ടുള്ള രീതി. പണ്ട്‌ കാലങ്ങളില്‍ ഇത്തരം പ്രവചനങ്ങള്‍ കാര്‍ഷിക വിഷകളുടെ ഭാവിയെക്കുറിച്ചായിരുന്നു. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലിനുസരിച്ചുള്ള കണക്കാണ്‌ ഗണിച്ചു പറയുക. എത്ര പറ മഴ കിട്ടും. മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച്‌ കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കര്‍ വരുന്നത്‌. അവര്‍ക്ക്‌ ഇതിനായി ലഭിക്കുന്ന പ്രതിഫലത്തുകയെ യാവന എന്നും പറഞ്ഞിരുന്നു. ഇന്ന്‌ വിഷുഫലത്തെ ആചാരമായി കാണുന്നില്ലെങ്കിലും തങ്ങള്‍ക്ക്‌ വരും വര്‍ഷം ഐശ്വര്യ പൂര്‍ണമാണെന്ന്‌ അറിയാനാണ്‌ പലരും ഫലം അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌. സ്‌ത്രീകളാണെങ്കില്‍ ഭര്‍ത്താവിന്‌ മകന്‌ പേരക്കുട്ടികള്‍ക്ക്‌ അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ വര്‍ഷങ്ങളും എങ്ങനെ കടന്നു പോകുന്നു എന്നറിയാന്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നു. മോശം ഫലമാണെങ്കില്‍ അതിനായുള്ള പ്രതിവിധികള്‍ യഥാവിഥി ചെയ്യുന്നതും സ്‌ത്രീകള്‍ തന്നെ.
ഇതൊക്കെ ആചാരങ്ങളോടനുബന്ധമായ വിഷു ആഘോഷങ്ങളാണ്‌. കാര്‍ഷിക വിളകളുടെ കൂടിയായ ഈ ആഘോഷത്തില്‍ പോയ്‌ മറഞ്ഞ കാലത്ത്‌ സ്‌ത്രീകള്‍ ഒട്ടേറെ ഒരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. തുലാവിഷുവും മേടവിഷുവും കര്‍ഷകന്റെ പ്രതീക്ഷകളാവുമ്പോള്‍ അതിന്റെ പിന്നിലെ ശ്‌കതി എന്നും സ്‌ത്രീകളായിരുന്നു. കന്നിക്കൊയ്‌ത്തു കഴിഞ്ഞാല്‍ വരുന്നത്‌ തുലാവിഷുവാണ്‌. അന്ന്‌ മകരക്കൊയ്‌ത്തിനുള്ള വിളവിറക്കാം. മകരം കൊയ്‌ത്‌ പാടമൊഴിഞ്ഞാല്‍ മേടം വരെ വേലപൂരങ്ങളാണ്‌. മേടം ഒന്നാം തിയതി കൃഷിപ്പണി ആരംഭിക്കുന്നതിന്റെ പ്രതീകമായി പാടത്ത്‌ ഒരു ചാലെങ്കിലും ഉഴുതിടും. ഇതിന്‌ വിഷുച്ചാലിടുക എന്നാണ്‌ പറയുക. വിഷുച്ചാലിടുമ്പോള്‍ ദേശത്തെ പുള്ളുവനും പുള്ളുവത്തിയും വരമ്പത്തിരുന്നു പാടും. പാടങ്ങളില്‍ വിളവിറക്കുന്നതുമുതല്‍ സ്‌്‌ത്രീകളുടെ അധ്വാനവും കൂടി ഉള്‍പ്പെടുമ്പോഴാണ്‌ വിഷു ആഘോഷം പൂര്‍ണമാകുന്നത്‌. എന്നാല്‍ പുത്തന്‍ തലമുറ ഏത്‌ വിശേഷദിവസങ്ങളും ഒരുപോലെ ആഘോഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്‌. വിഷുവിന്‌ പുതിയ തുണിത്തരങ്ങള്‍ വാങ്ങുന്നതും സ്‌ത്രീകള്‍ തന്നെ. വിഷിവിനോടനുബന്ധിച്ച്‌ തുണിക്കടകള്‍ വന്‍ കിഴിവിലാണ്‌ വസ്‌ത്രവിപണി ഒരുക്കുന്നത്‌. ആഘോഷം പൊലിപ്പിക്കുന്നതില്‍ പുത്തനുടുപ്പുകള്‍ അനിവാര്യമായ ഘടകമായിത്തന്നെ മാറിയിരിക്കുന്നു. ഏറ്റവും പുതിയ വസ്‌ത്രങ്ങളുമായാണ്‌ വസ്‌ത്രാലയങ്ങള്‍ സ്‌ത്രീകളെ കാത്തിരിക്കുന്നത്‌. വീട്ടുപകരണങ്ങള്‍ക്കും ഇലക്ട്രോണിക്‌സ്‌ സാധനങ്ങള്‍ക്കും വില കുറച്ചു കൊണ്ട്‌ മാര്‍ക്കറ്റ്‌ ചെയ്യുന്ന കമ്പനികള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളും സ്‌ത്രീകള്‍ തന്നെ. വിഷുവിന്‌ വീട്ടമ്മമാര്‍ക്കുള്ള സിനിമകള്‍ എന്ന ബോര്‍ഡിലാണ്‌ പുതിയ സിനിമകള്‍ പോലും ഇറങ്ങിയിരുന്നത്‌. എന്നാല്‍ സമീപ കാലത്തായി സിനിമാവ്യവസായത്തിന്‌ അല്‍പ്പം മാന്ദ്യം സംഭവിച്ചതിനാല്‍ വിഷുക്കാലത്തെ സിനിമകള്‍ സ്‌ത്രീകളെ സ്വാധീനിക്കാറില്ല. വിഷുവിന്‌ സ്വീകരണമുറിയിലിരുന്നാല്‍ കണ്ടു തീരാത്തത്ര പ്രോഗ്രാമുകള്‍ ടെലിവിഷനില്‍ വന്നു തുടങ്ങി. സ്‌ത്രീ പ്രേക്ഷകരെ ഉദ്ദേശിച്ച്‌ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കാന്‍ ചാനലുകാര്‍ മത്സരിക്കുകയാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ആഘോഷങ്ങള്‍ക്ക്‌ പൊലിമ നല്‍കുന്നത്‌ സ്‌ത്രീകളുടെ ഒരുക്കങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. വിഷുപ്പാടത്ത്‌ വിളവിറക്കുന്ന സ്‌ത്രീകള്‍ നാമമാത്രമായിരിക്കുന്നു. അതുകൊണ്ടുതന്നെ വിത്തും കൈക്കോട്ടും, എത്തിന്‍ പാടത്ത്‌ എന്ന്‌ ചൊല്ലേണ്ടിയും വരുന്നില്ല. 

2012 മാർ 13

മൂന്നാം ഗണത്തിന്റെ വേദന നെഞ്ചിലേറ്റി കല്‍ക്കി


കല്‍ക്കി സുബ്രമണ്യന്‍. തന്റേടത്തോടെ തന്റെ വിഭാഗത്തിന്റെ കഥ സ്‌ക്രീനില്‍ എത്തിക്കാന്‍ കല്‍ക്കിക്ക്‌ മടിയുണ്ടായിരുന്നില്ല. എഴുത്തുകാരിയും അറിയപ്പെടുന്ന ബ്ലോഗറും കൂടിയായ കല്‍ക്കിയുടെ പുതിയ ചുവടുവെയ്‌പ്‌ മലയാള സിനിമയിലേക്കാണ്‌. നായിക എന്നു പറയുമ്പോള്‍ ആ പദപ്രയോഗത്തെ എതിര്‍ക്കുന്നവരും രൂക്ഷമായും വിമര്‍ശിക്കുന്നവരുണ്ടാകാം. എങ്കിലും ചെന്നൈ സ്വദേശിയായ കല്‍ക്കി മലയാള സിനിമയില്‍ അഭിനയിക്കുന്നതോടെ മോളീ വുഡില്‍ അഭിനയിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്ററാവും. രാംകന്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രമേയം വളരെ രസകരമാണെന്ന്‌ കല്‍ക്കി പറയുന്നു. ട്രാന്‍സ്‌ജെന്ററിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ്‌ കല്‍ക്കി പ്രത്യക്ഷപ്പെടുന്നത്‌. ഈ വര്‍ഷം മാര്‍ച്ച്‌ 14ന്‌ഡല്‍ഹിയില്‍ നടക്കുന്ന യുണൈറ്റഡ്‌ നേഷന്‍സ്‌ ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമില്‍ സ്‌ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള വട്ടമേശ സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന സ്‌ത്രീകളിലൊരാളാണ്‌. മുസ്ലീം, ദളിത്‌ തുടങ്ങി ഇതര വിഭാഗങ്ങളില്‍ നിന്നുള്ള 13 സ്‌ത്രീകളാണ്‌ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. ഇംഗ്ലീഷില്‍ ബിരുദം നേടിയശേഷം മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ജേര്‍ണലിസത്തില്‍ ബിരുദം നേടി പുറത്തിറങ്ങിയ കല്‍ക്കി കുറച്ചുകാലം മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്‌തിരുന്നു. ആദ്യതമിഴ്‌ സിനിമയായ നര്‍ത്തകിയും ട്രാന്‍സ്‌ജെന്ററിന്റെ കഥയാണ്‌ പറഞ്ഞത്‌. ഹിജഡ സമൂഹത്തിന്റെ വേദനകളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ഒക്കെയായി കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെത്തിയ കല്‍ക്കി വിശേഷങ്ങള്‍ പങ്കു വെയ്‌ക്കുന്നു.

ഈ ജിവിതവുമായി മുന്നോട്ടു പോകുമ്പോള്‍ വീട്ടില്‍ നിന്നുണ്ടായ പ്രതികരണം
പൊള്ളാച്ചിയിലാണ്‌ എന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തില്‍ കുടുംബത്തിലാണ്‌ എന്റെ ജനനം. അമ്മ ഒരു ഒരു സാധാരണ വീട്ടമ്മ. അച്ഛന്‍ ട്രക്ക്‌ ബിസിനസുകാരന്‍. വീട്ടിലുള്ളവരോട്‌ ഞാന്‍ ഒന്നേ പറഞ്ഞുള്ളു ഒരു ദിവസം എല്ലാവരും ആദരവോടുകൂടി കാണുന്ന ഒരാളായി ഞാന്‍ മാറും. എന്റെ കുടുംബമാണ്‌ യഥാര്‍ത്ഥത്തില്‍ എന്റെ വിജയത്തിനു പിന്നില്‍. രണ്ട്‌ സഹോദരിമാര്‍ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആത്യന്തികമായ സ്ഥിരത എന്നത്‌ വിദ്യാഭ്യാസമാണെന്നാണ്‌ ഒരു സാധാരണ വീട്ടമ്മയായ എന്റെ അമ്മ പറയാറുള്ളത്‌.

എന്നില്‍ ഒരു സ്‌ത്രീയുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌
പതിമൂന്ന്‌ വയസുള്ളപ്പോള്‍ അമ്മ ഞാനൊളിപ്പിച്ചുവെച്ച എന്റെ തന്നെ വരികള്‍ കണ്ടെത്തി. എന്റെയുള്ളിലെ സ്‌ത്രീത്വത്തെ പുറത്തു കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥ ചിത്രീകരിക്കുന്ന വരികളായിരുന്നു അത്‌. അന്നു മുതല്‍ അമ്മ എന്നെ നന്നായി ശ്രദ്ധിക്കാനും മാനസികമായ ബലം തരാനും തുടങ്ങി. ഹയര്‍സെക്കന്ററി വിദ്യാഭ്യാസമായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ എന്നെ ആണ്‍കുട്ടികളുടെ സ്‌കൂളില്‍ കൊണ്ടുപോയി. പക്ഷേ, എന്നെ അത്‌ വല്ലാതെ അലട്ടി. എന്റെ സഹപാഠികള്‍ എന്നെ വല്ലാതെ കളിയാക്കി. നീയാരാണ്‌ എന്ന മുനയുള്ള ചോദ്യം എന്റെ നേരെ ഉയര്‍ന്നു. ഈ അപമാനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട്‌ ഞാനെത്തിച്ചേര്‍ന്നത്‌ തിരുനാഗായി കുടുംബത്തിലെ അപ്‌സര എന്ന സ്‌ത്രീയെ കണ്ടുമുട്ടിയതോടെ എന്റെ പുതിയ ജീവിതത്തിന്‌ തുടക്കമായി. ഈ കുടുംബത്തിലെ അമ്മ മകള്‍ ബന്ധത്തെ ഗുരു-ചേല എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എന്റെ ഗുരു അപ്‌സരയാണ്‌. നൂറ്‌ വര്‍ഷം കഴിഞ്ഞാല്‍ ഈ കുടുംബത്തിന്റെ ശൃംഖല ലോകം ഇന്ത്യ മുഴുവന്‍ വ്യാപിക്കും.
കേരളത്തിലെ മുഖ്യമന്ത്രിയോട്‌ പറയാനുള്ളത്‌
തമിഴ്‌നാട്‌ സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി റേഷന്‍ കാര്‍ഡ്‌, മെഡിക്കല്‍ കാര്‍ഡ്‌ തുടങ്ങിയവ നല്‍കുന്നുണ്ട്‌. തമിഴ്‌നാട്‌ ജനത ഞങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. സാക്ഷരതയുടെ കാര്യത്തില്‍ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എത്രയോ പിന്നിലാണ്‌ തമിഴ്‌നാട്‌. കേരളത്തില്‍ ഇനിയും ഇത്തരം ആളുകളെ ഉള്‍ക്കൊള്ളാന്‍ ആളുകള്‍ തയ്യാറാല്ല. വീടുകളില്‍ നിന്നുള്ള പീഡനം മൂലം പലരും വീടുവിട്ട്‌ അന്യസംസ്ഥാനങ്ങളിലേക്ക്‌ പോവുകയും ചെയ്യുന്നു. കേരളത്തിലെ ഹിജഡകള്‍ക്ക്‌ മെഡിക്കല്‍ കാര്‍ഡ്‌, റേഷന്‍കാര്‍ഡ്‌ തുടങ്ങിയവ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കും. ട്രാന്‍സ്‌ജെന്‍ഡറിന്റെ പ്രശ്‌നമെന്ന്‌ പറയുന്നത്‌ പ്രാദേശികമല്ല. ദേശീയമാണ്‌. പ്രത്യേകിച്ച്‌ കേന്ദ്രത്തിലും കോണ്‍ഗ്രസ്‌ ഭരിക്കുമ്പോള്‍ കേരളത്തില്‍ ഞങ്ങള്‍ക്കായിളുള്ള സഹായങ്ങള്‍ ചെയ്യാന്‍ കേരള സര്‍ക്കാരും തയ്യാറാകേണ്ടതാണ്‌.
മലയാള സിനിമയിലേക്കുള്ള കാല്‍വെയ്‌പ്‌
മലയാളത്തിലേക്കുള്ള എന്റെ ചുവടുവെയ്‌പ്‌ വളരെ പ്രത്യേകതയുള്ളതാണ്‌. രേവതി, സുഹാസിനി തുടങ്ങിയവര്‍ മലയാള സിനിമയുടെ ഭാഗ്യതാരങ്ങളാണെന്നതില്‍ സംശയമില്ല. ഏങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട നടി മഞ്‌ജുവാര്യര്‍ തന്നെ. വിവാഹശേഷം അവര്‍ സിനിമയില്‍ അഭിനയിക്കാത്തതില്‍ വിഷമം തോന്നുന്നു. രാംകന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം എം.എസ്‌.ഹാലിനാണ്‌ ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തെക്കുറിച്ച്‌ കൂടുതല്‍ പറയുന്നില്ല. ചിത്രം ഷൂട്ടിങ്ങ്‌ തുടങ്ങിയിട്ടാവാം പുതിയ വിശേഷങ്ങള്‍.

മതപരമായ വീക്ഷണങ്ങള്‍
ഞങ്ങളുടെ കുടുംബത്തില്‍ ഓരോരുത്തരും ഓരോ മതത്തില്‍ വിശ്വസിക്കുന്നവരാണ്‌. മതവിശ്വാസങ്ങളും ആചാരങ്ങളും ഞങ്ങള്‍ക്കുണ്ട്‌. എന്നാല്‍ പല മതവിഭാഗങ്ങളും സ്‌ത്രീയും പുരുഷനും എന്ന രണ്ട്‌ വിഭാഗങ്ങള്‍ മാത്രമാണെന്ന ചിന്തയില്‍ അടിയുറച്ച്‌ നില്‍ക്കുന്നത്‌ വളരെ ഇടുങ്ങിയ ചിന്താഗതികള്‍ ഉള്ളതുകൊണ്ടാണ്‌. മതവിശ്വാസികളേയും ബിഷപ്പുമാരേയും ഒക്കെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. എല്ലാവരും അത്തരം ചിന്താഗതികള്‍ ഉള്ളവരാണെന്ന്‌ പറയാന്‍ കഴിയില്ല. ലിംഗവ്യതിയാനം എന്ന പേരില്‍ പെരുമാറുന്നത്‌ അന്ധതയാണ്‌. വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ്‌ അത്തരം ചിന്തകള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നത്‌. ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, ലിംഗം എന്ന പേരില്‍ വിവേചനം കാണിക്കുന്നവരോട്‌ എനിക്ക്‌ വിയോജിപ്പാണ്‌. ഇത്തരം അഭിപ്രായങ്ങള്‍ക്ക്‌ ചെവി കൊടുക്കാറും ഇല്ല.
പ്രണയം
പ്രണയം, സ്‌നേഹം എന്നൊക്കെയുള്ള വികാരങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ തന്നെ ഞങ്ങള്‍ക്കും ഉണ്ട്‌. പത്ത്‌ വര്‍ഷം നീണ്ട ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വേറെ വിവാഹം ചെയ്‌തു. വിവാഹം എന്ന സമ്പ്രദായത്തോട്‌ എനിക്ക്‌ വിയോജിപ്പുണ്ട്‌. വിവാഹിതരായ സ്‌ത്രീകള്‍ക്ക്‌ അത്‌ വരെയുള്ള സ്വാതന്ത്യം നഷ്‌ടപ്പെടുന്നു. വിവാഹിതരായ സ്‌ത്രീകളില്‍ എത്ര പേര്‍ പൂര്‍ണ സംതൃപ്‌തരാണെന്ന തിരിച്ച്‌ ചോദ്യമാണ്‌ എനിക്ക്‌ ചോദിക്കാനുള്ളത്‌. സ്‌ത്രീകള്‍ എന്തൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങളാണ്‌ അഭിമുഖീകരിക്കുന്നത്‌. ഒരു ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നതിനെക്കാളും ലൈംഗികപരമായി ഉപയോഗിക്കാനാണ്‌ പലരും ഞങ്ങളെ സമീപിക്കാറുള്ളത്‌. ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നവര്‍ ഇല്ലെന്നല്ല. വിവാഹം ചെയ്യുന്നവരും ഉണ്ട്‌. എങ്കിലും കൂടുതലും ദുരുപയോഗത്തിനാണ്‌ സമീപിക്കാറുള്ളത്‌.

ട്രാന്‍സ്‌ജെന്ററുകള്‍ വേട്ടയാടപ്പെടുന്നു
സമൂഹത്തില്‍ പല തരത്തിലും ഒറ്റപ്പെടുന്ന ഞങ്ങള്‍ക്ക്‌ പലപ്പോഴും സംരക്ഷണം കിട്ടാറില്ല. എന്റെ കൗമാരകാലത്ത്‌ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്‌ ഒരു ഓട്ടോറിക്ഷയില്‍ വന്ന ഒരു സംഘമാളുകള്‍ അവളെ പിടിച്ച്‌ വലിച്ച്‌ കാറില്‍ കയറ്റിക്കൊണ്ടുപോയി. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ തിരികെക്കൊണ്ടുവന്നു വിട്ടു. ഏഴോളം പേരുണ്ടെന്നാണ്‌ പിന്നീട്‌ അവള്‍ പറഞ്ഞത്‌. തനിക്കു സംഭവിച്ച മാനഹാനി പൊലീസില്‍ പറയാന്‍ പോയ അവളെ അവര്‍ കളിയാക്കിത്തിരിച്ചയച്ചു. ഇതാണ്‌ പലപ്പോഴും ഭരണാധികാരികളില്‍ നിന്നും ഞങ്ങളുടെ സമൂഹത്തിന്‌ കിട്ടുന്ന പരിഗണന.

മദ്യം,മയക്കുമരുന്ന്‌, എച്ച്‌ഐവി
നന്നേ ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങുന്നതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസം നേരാം വണ്ണം നേടാന്‍ കഴിയുന്നില്ല. ഇത്‌ അവര്‍ക്ക്‌ സ്വന്തം ജോലി ചെയ്‌ത്‌ ജീവിക്കുക എന്ന ലക്ഷ്യത്തില്‍ വഴിമുടക്കി നില്‍ക്കുന്ന ഘടകമാണ്‌. അങ്ങനെ വരുമ്പോള്‍ പലരും ഭിക്ഷാടനത്തിലേക്ക്‌ തിരിയുന്നു. മാനസിക പിരിമുറുക്കം കുറക്കാനെന്ന കാരണത്താല്‍ ആ വഴികളില്‍ എപ്പൊഴൊക്കെയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. വിദ്യാഭ്യാസമില്ലായ്‌മ അവരെ ലൈംഗിക ചൂഷണത്തിനിരയാരക്കുന്നു. അതിന്റെ പരിണിത ഫലമായി എച്ച്‌ഐവി, പലവിധത്തിലുള്ള ത്വക്ക്‌ രോഗങ്ങള്‍ പിടിപെടുന്നു. ഇതിന്‌ ഏക പരിഹാരം വിദ്യാഭ്യാസം നല്‍കുക എന്നത്‌ മാത്രമാണ്‌. വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്‌ടിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും. എന്നാല്‍ സമൂഹം അതിന്‌ തയ്യാറാവുന്നില്ല.

ഭാഷയിലെ ട്രാന്‍സ്‌ജെന്റര്‍
ഏത്‌ ഭാഷയായാലും അവന്‍, അവള്‍ എന്ന സര്‍വനാമമാണ്‌ ഉപയോഗിക്കുതന്നത്‌. ഇംഗ്ലീഷില്‍ ട്രാന്‍സ്‌ജെന്റര്‍ അല്ലെങ്കില്‍ ഹിജഡ. മലയാളത്തില്‍ മൂന്നാംഗണം. ട്രാന്‍സ്‌ജെന്ററിന്‌ ഭഷയില്‍ പ്രത്യേകമായ ഇടം വേണമെന്ന്‌ തോന്നിയിട്ടില്ല. കാരണം ഒരു ട്രാന്‍സ്‌ജെന്റര്‍ ഒന്നുകില്‍ പുരുഷനായി ജീവിക്കുന്നയാളാവും. അല്ലെങ്കില്‍ സ്‌ത്രീയായി ജീവിക്കുന്നയാളാവും. അപ്പോള്‍ അവള്‍ എന്നു വിശേഷിപ്പിക്കുന്നതല്ലേ അതിന്റെ ശരി. ഭാഷയില്‍ അതിനായി പുതിയ ഇടം ആവശ്യമില്ല. പൂര്‍ണമായും ഞാനൊരു സ്‌ത്രീയാണ്‌. അവള്‍ എന്നു വിളിക്കുന്നത്‌ തന്നെയാണ്‌ എന്നെ സന്തോഷിപ്പിക്കുന്നത്‌. അത്‌ അംഗീകാരം തന്നെയല്ലേ. മൂത്രപ്പുരകളുടെ കാര്യത്തില്‍ പലരും പറയുന്ന വാദഗതികളോട്‌ എനിക്ക്‌ പൂര്‍ണമായും വിയോജിപ്പുണ്ട്‌. തങ്ങള്‍ക്കായി പ്രത്യേകം മൂത്രപ്പുരകളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അതും നേരത്തെ പറഞ്ഞ രീതിയില്‍ ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.


ചലച്ചിത്രലോകത്തേക്ക്‌
ട്രാന്‍സ്‌ജെന്ററുകളുടെ യഥാര്‍ത്ഥ കഥ പറയുന്ന തമിഴ്‌ സിനിമയാണ്‌ എന്റെ ആദ്യത്തെ സിനിമ. കല്‍ക്കി എന്നു തന്നെയാണ്‌ അതിലെന്റെ കഥാപാത്രത്തിന്റെ പേരും. 2011ല്‍ ഏറ്റവും നല്ല തമിഴ്‌സിനിമക്കുള്ള സിനി എക്‌സോറ അവാര്‍ഡ്‌ അവാര്‍ഡ്‌ നര്‍ത്തകി നേടി. ദൃശ്യമാധ്യമത്തിലൂടെ ഇത്തരം വിഷയങ്ങളെക്കുറിച്ച്‌ ചിന്തിക്കാനുള്ള ആദ്യത്തെ ചുവടുവെയ്‌പായിരുന്നു ഈ സിനിമ. ഈ സിനിമയിലെ അഭിനയത്തിന്‌ വിദഗ്‌ദ്ധരായ ആളുകളില്‍ നിന്ന്‌ അഭിനന്ദനം കിട്ടിയത്‌ എന്റെ ജീവിത്തിലെ പ്രചോദനമായിത്തന്നെ കാണുന്നു. ഈ സിനിമയില്‍ എന്റെ പിതാവായി അഭിനയിച്ച നടന്‍ ഗിരീഷ്‌ കര്‍ണാഡ്‌, മണിരത്‌നം തുടങ്ങിയവര്‍ എന്നെ അഭിനന്ദിച്ചു. എന്റെ ജീവിതത്തിലെ വഴിത്തിരിവ്‌ തന്നെയായിരുന്നു ആ അഭിനന്ദനം. അതോടെ ഞങ്ങളുടെ സമൂഹത്തിനും വലിയൊരു കടമയാണ്‌ എനിക്ക്‌ നിറവേറ്റാനുള്ളത്‌. ഒരിക്കലും ഒരു ഗ്ലാമര്‍ വേഷം അഭിനയിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ കല്‍ക്കി ഒരു പാട്‌ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു എന്നത്‌ എനിക്ക്‌ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്‌. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം നര്‍ത്തകിക്ക്‌ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഇന്നും എനിക്ക്‌ ഖേദമുണ്ട്‌. എന്റെ സിനിമ റിലീസായ ദിവസം പാലില്‍ സിനിമാ ബോര്‍ഡുകള്‍ അഭിഷേകം ചെയ്‌തുകൊണ്ടാണ്‌ അവര്‍ സ്വീകരിച്ചത്‌. അപ്പോള്‍ എനിക്ക്‌ ഹിജഡ വിഭാഗത്തോടുള്ള കടമ വര്‍ദ്ധിക്കുകയാണ്‌. ഈ സിനിമ മറ്റ്‌ ഭാഷകളിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നുണ്ട്‌.

പുതിയ അവസരങ്ങള്‍
നര്‍ത്തകിക്കു ശേഷം ഒരുപാട്‌ അവസരങ്ങള്‍ വന്നു പക്ഷേ പലതും ഗ്ലാമര്‍ വേഷങ്ങള്‍. എനിക്ക്‌ ഒരു അഭിനേത്രിയായി അറിയപ്പെടാനാണ്‌ ആഗ്രഹം. ഐറ്റം നമ്പറുകളോ മറ്റ്‌ വേഷങ്ങളോ ആവശ്യമില്ലാത്തതിനാല്‍ അതില്‍ നിന്ന്‌ ഒഴിഞ്ഞു. പുതിയ വര്‍ക്ക്‌ ഒരു ഫ്രഞ്ച്‌ സിനിമയാണ്‌. അതിന്റെ ഷൂട്ടിങ്ങ്‌ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഈ
സിനിമയുടെ ഷൂട്ടിങ്ങ്‌ പൂര്‍ത്തീകരിക്കും.


മാധ്യമങ്ങള്‍ ചെയ്യുന്നത്‌
കേരളത്തിലെ ജനങ്ങള്‍ നൂറ്‌ ശതമാനം സാക്ഷരത കൈ വരിച്ചവരാണ്‌. വിദ്യാഭ്യാസം ഉണ്ട്‌. എന്നിട്ടും പിന്തിരിപ്പന്‍ ചിന്താഗതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത്‌ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും മറന്നു പോകുന്നു. വലിയ അവബോധം മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കേണ്ടതുണ്ട്‌. എഴുത്തുകാരും ആക്‌ടിവിസ്റ്റുകളും ഒക്കെ ഇത്തരം കാര്യത്തില്‍ ഒരു പിന്തിരിപ്പന്‍ മനോഭാവം കാണിക്കുന്നു എന്നത്‌ വളരെ വേദനിപ്പിക്കുന്ന കാര്യമാണ്‌. മാധ്യമങ്ങള്‍ ഒരു പരിധിവരെ മാറി. എന്നാല്‍ പൂര്‍ണമായും മാറി എന്നും പറയാന്‍ വയ്യ.

സ്വവര്‍ഗ്ഗ രതി
ആളുകള്‍ സ്വവര്‍ഗ്ഗ രതിയെ ഇപ്പോഴും അസ്വാഭാവികമായാണ്‌ കാണുന്നത്‌. പ്രായപൂര്‍ത്തിയായ പക്വതയുള്ള രണ്ട്‌ വ്യക്തികള്‍ ഏതു തരത്തില്‍ ജീവിക്കണം എന്നത്‌ തീരുമാനിക്കേണ്ടത്‌ അവരവര്‍ തന്നെയാണ്‌. രണ്ട്‌ വ്യക്തികള്‍ ഒരു മുറിയില്‍ ഉണ്ടായാല്‍ അവിടെ എന്തു നടക്കും എന്ന്‌ വ്യാകുലപ്പെടുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. ഹൈക്കോടതിയുടെ വിധിയില്‍ ഞാന്‍ സന്തോഷവതിയാണ്‌. വൈകിപ്പോയി എന്നാണ്‌ എന്നതാണ്‌ സത്യം. മുന്‍കാലങ്ങളില്‍ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ സ്വവര്‍ഗ്ഗരതിയെ മാനസികരോഗമായി കണക്കാക്കിയിരുന്നു. എന്നാല്‍ 1999ല്‍ ഈ പട്ടികയില്‍ നിന്നും സ്വവര്‍ഗ്ഗരതിയെ ഡബ്ല്യു എച്ച്‌ ഒ ഒഴിവാക്കി. ലോകരാജ്യങ്ങളില്‍ പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന പലരും തങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന്‌ വിളിച്ചു പറഞ്ഞവരാണ്‌. അതുകൊണ്ട്‌ ചരിത്രത്തില്‍ ഇവരുടെ പേരുകള്‍ ഇല്ലാതാകുന്നില്ല. എത്രയോ കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്‌തു കളയുന്നു. അതാരും കാണാതെപോകുന്നു. അവരെന്താണ്‌ ചെയ്യുന്നതെന്ന്‌ അവര്‍ ചിന്തിക്കുന്നില്ല.

സാഹോദരി ഫൗണ്ടേഷന്റെ ജനനം
സാഹോദരി ഫൗണ്ടേഷന്‍ ഒരു സംഘടനയല്ല. ഒരു കുടുംബമാണ്‌. ഓരോ ദിവസവും ഈ കുടുംബത്തിലേക്ക്‌ കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. 2008 ജൂലൈയിലാണ്‌ ഔദ്യോഗികമായി സാഹോദരി ഫൗണ്ടേഷന്റെ പിറവി. അതിനും അഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുന്നേ ഈ സംരംഭത്തിന്‌ തുടക്കം കുറിച്ചിരുന്നു. തുടക്കം കുറിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ്‌്‌നാട്ടില്‍ നിയമപരമായ അവകാശങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിച്ചു. കേരളത്തില്‍ എല്‍ജിബിടി ആക്‌ട്‌ എങ്ങനെ കേരളത്തില്‍ നേടിയെടുക്കാമെന്നാണ്‌ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത്‌ സാഹോദരിയുടെ മിന്നുന്ന നേട്ടങ്ങളില്‍പ്പെടുന്നു. സൗജന്യതാമസ സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ സാഹോദരി ഒരുക്കുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിസഭ, ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പും ട്രാന്‍സ്‌ജെന്ററിന്റെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടണം എന്നു നിയമം അനുശാസിക്കുന്നുണ്ട്‌. എസ്‌ആര്‍എസ്‌ (ലിംഗമാറ്റ ശസ്‌ത്രക്രിയ) ശസ്‌ത്രക്രിയക്ക്‌ കുറഞ്ഞത്‌ 1മുതല്‍ 3 ലക്ഷം രൂപ വരെ ചെലവു വരും. പാവപ്പെട്ടവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ജെന്റര്‍ ഡൈസ്‌ഫോറിക്‌ ക്ലിനിക്‌സ്‌ സൗജന്യമായി ചെയ്യുന്നുണ്ട്‌. ഇത്‌ സാഹോദരിയുടെ ഒരു വിജയം തന്നെയാണ്‌. സാഹോദരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ നേട്ടങ്ങളും ലോകത്തിന്റെ ഏതു കോണിലായാലും കല്‍ക്കി തന്റെ ബ്ലോഗില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ്‌ ചെയ്യാറുണ്ട്‌.
......................................................................................................................
ആതിര.വി.അഗസ്റ്റിന്‍


2012 മാർ 3

ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.


ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകളില്‍ നിന്ന്‌ വ്യത്യസ്‌തമായി മണലാര്യങ്ങളിലെ ചൂടുള്ള നനവ്‌ പറ്റിയ അനുഭവങ്ങള്‍ നിറഞ്ഞ ആടുജീവിതം മലയാളികള്‍ക്ക്‌ മറക്കാന്‍ ആവുന്നതല്ല. അതുകൊണ്ടുതന്നെയാവണം ബെന്യാമിനെന്ന കഥാകാരനെ മറന്ന്‌ ആടുജീവിതവും അതിലെ കഥാപാത്രമായ നജീബും വായനക്കാരന്റെ കണ്ണുനയച്ചിത്‌. അതിനു ശേഷം ബെന്യാമിന്‍ എഴുതിയത്‌ മഞ്ഞവെയില്‍ മരണങ്ങളാണ്‌. മഞ്ഞവെയില്‍ മരണങ്ങള്‍ ആഗസ്‌ത്‌ 29ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ പ്രകാശനം ചെയ്‌തു. ആടുജീവിതത്തിന്റെ തുടര്‍ച്ചയെന്ന രീതിയില്‍ പുതിയ നോവലിനെ സമീപിക്കേണ്ടതില്ലെന്ന്‌ കഥാകാരന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുന്നു.
ബെന്യാമിന്‍ എന്ന എഴുത്തുകാരനെക്കാള്‍ പ്രശസ്‌തമായത്‌ ആടുജീവിതമാണ്‌. പക്ഷേ മഞ്ഞവെയില്‍ മരണങ്ങള്‍ വന്നപ്പോള്‍ ബെന്യാമിന്റെ അടുത്ത നോവല്‍ എന്നായി. ഈ മാറ്റത്തെക്കുറിച്ച്‌?
അതൊരു ഗുണപ്രദമായ കാര്യമാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. ഒരെഴുത്തുകാരന്റെ ഒരു നോവല്‍ മാത്രം വായിക്കപ്പെടുക. അതു മാത്രം വാഴ്‌ത്തപ്പെടുക അതിന്റെ പേരില്‍ മാത്രം അംഗീകരിക്കപ്പെടുക എന്നതൊക്കെ ഒരു എഴുത്തുകാരന്റെ പരാജയമാണ്‌. മഞ്ഞവെയില്‍ മരണങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അതാണ്‌ നല്ല നോവല്‍ എന്ന്‌ വായനക്കാര്‍ പറഞ്ഞുതുടങ്ങുന്നത്‌ ആടുജീവിതത്തെ മറികടക്കാന്‍ എനിക്കു കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌. അതെന്നെ സന്തോഷവാനാക്കുന്നു.
2. ആടുജീവിതം സ്‌ക്രീനില്‍ വരുമെന്ന്‌ ബ്ലെസി ഈ അടുത്തും ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. വാക്കുകള്‍ ചിത്രമാകുമ്പോള്‍ പൂര്‍ണത വരില്ലെന്നും ജനസംസാരമുണ്ട്‌. എങ്ങനെയാണ്‌ പ്രതികരണം?
പരക്കെ വായിക്കപ്പെട്ട ഒരു കൃതി സ്‌ക്രീനില്‍ ആക്കുന്നതിന്റെ എല്ലാ വെല്ലുവിളിയും ബ്ലെസി എന്ന സംവിധായകന്റെ മുന്നിലുണ്ട്‌. അതു പക്ഷേ നന്നായി തിരിച്ചറിയുന്ന ഒരു സംവിധായകനാണ്‌ അദ്ദേഹം. ഒരു പക്ഷേ ആടുജീവിതം വൈകുന്നതിന്റെ കാരണവും മറ്റൊന്നാവില്ല. വായനക്കാരന്‍ സ്വന്തം വായനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ദൃശ്യലോകത്തിനെ മറി കടക്കാന്‍ അതിനെ കവച്ചുവെയ്‌ക്കുന്ന ഒരു ദൃശ്യവിരുന്നൊരുക്കാന്‍ ബ്ലെസിക്കു കഴിയും എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.
3 എഴുത്തുകാരനായത്‌ നിയോഗമാണെന്ന്‌ പറഞ്ഞിരുന്നല്ലോ. ഈ നിയോഗത്തിലൂടെ യാത്രചെയ്യാന്‍ ഉറപ്പിച്ചെന്നു തോന്നുന്നു?
അത്‌ ചിലപ്പോള്‍ അങ്ങനെയാണ്‌. ചില നിയോഗങ്ങള്‍ നമ്മെ ചിലത്‌ ഭാരമേല്‍പ്പിക്കുന്നുണ്ട്‌്‌. അത്‌ നിര്‍വഹിക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്‌. അതില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. എന്നു മാത്രമല്ല, വായനയിലൂടെ പുരസ്‌കാരത്തിലൂടെ നല്ല വാക്കിലൂടെ സ്‌നേഹത്തിലൂടെ വായനക്കാരനും ചിലത്‌ എനിക്ക്‌ സമ്മാനിക്കുന്നു. അത്തരത്തില്‍ ഞാനിപ്പോള്‍ സമൂഹത്തിനോടും കടപ്പെട്ടിരിക്കുന്നു. പുതിയ എഴുത്താണ്‌ അവരെന്നില്‍ നിന്നാഗ്രഹിക്കുന്നത്‌. അത്‌ കൊടുക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണ്‌.
4. ഫെയ്‌സ്‌ ബുക്കില്‍ മഞ്ഞവെയില്‍ മരണങ്ങളിലെ കഥാപാത്രങ്ങളുടെ പടം പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ പേര്‌ കൃത്യമായി കൊടുക്കാമായിരുന്നു.
എല്ലാവരുമില്ല. ചില കഥാപാത്രങ്ങള്‍ മാത്രം. നോവല്‍ എന്നത്‌ യാഥാര്‍ത്ഥ്യത്തിന്റേയും സങ്കല്‍പ്പത്തിന്റേയും ശരിയായ മിശ്രിതമാണ്‌ എന്ന്‌ കാണിക്കാന്‍ വേണ്ടിക്കൂടിയാണ്‌ അത്തരം ചില കഥാപാത്രങ്ങളെ ഞാന്‍ നോവലില്‍ ഉള്‍പ്പെടുത്തിയത്‌. അതി യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ അതി ഭാവനയിലേയ്‌ക്കുള്ള ഒരു യാത്രയാണ്‌ നോവല്‍ എന്ന്‌ കൃതി പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌. പിന്നെ അവരുടെ പേരുകള്‍ കൊടുക്കാതിരുന്നത്‌, അതിലും വായനക്കാരന്‌ അവന്റെ ഭാവനയുടേയും ഇഷ്ടത്തിന്റേയും നിറം കൊടുക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ്‌. അവരില്‍ ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള കഥാപാത്രങ്ങളായി നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാം. അതൊരു സാധ്യതയാണ്‌.
5 നേരും ഭാവനയും കൂടിച്ചേരുന്നതാണ്‌ നല്ല നോവല്‍ എന്നു പറയാറുണ്ട്‌. എങ്കിലും നോവല്‍ വായിക്കുന്ന സാധാരണ വായനക്കാരന്റെ ഭാഗത്തു നിന്ന്‌ ഒരു ചോദ്യം. ഇങ്ങനെ അതിസാഹസികമായി വീണ്ടെടുത്ത ഒരു കഥയാണിതെങ്കില്‍ മറ്റൊരാള്‍ എഴുതി പലരുടെ കൈയില്‍ ഏല്‍പ്പിച്ച കൃതി എങ്ങനെ ബെന്യാമിന്റേതാകും.
അതുതന്നെയാണ്‌ അതിന്റെ ഉത്തരവും. നേരും ഭാവനയും കൂടിച്ചേരുന്നതാണ്‌ നോവല്‍. എന്തായാലും മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ എന്റെ മാത്രമാണ്‌. അതിനു വേറെ അവകാശികള്‍ ഇല്ല. അതിനുള്ളിലെ മറ്റ്‌ കഥകളുടെ യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍ തിരിക്കാനുള്ള അവകാസം ഓരോ വായനക്കാരനും അവകാശപ്പെട്ടതാണ്‌.
6 കൃസ്‌ത്യന്‍ സഭാചരിത്രത്തില്‍ താങ്കള്‍ ജ്ഞാനിയാണെന്ന്‌ കേട്ടിട്ടുണ്ട്‌. അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങളിലും, മഞ്ഞവെയില്‍ മരണങ്ങളിലും ഒരു ചരിത്രകാരന്റെ പ്രാവീണ്യം കാണുന്നു. വ്യക്തി ജീവിതത്തില്‍ സഭാവിശ്വാസിയാണോ
സഭാ ചരിത്രത്തിലെ അറിവിനു വിശ്വാസവുമായി ഒരു ബന്ധവുമില്ല. ചരിത്ര കൗതുകത്തില്‍ നിന്നാണ്‌ അത്തരം അന്വേഷണങ്ങളില്‍ എത്തപ്പെടുന്നത്‌. വിശ്വാസത്തിന്റെ സഞ്ചാരം അതിന്റെ മൊഴിമാറ്റങ്ങള്‍, അതിന്റെ സംരക്ഷണം, അതിനുവേണ്ടിയുള്ള ത്യാഗങ്ങള്‍, പോരാട്ടങ്ങള്‍, വഴക്കുകള്‍ ഒക്കെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌. അതൊക്കെയാണ്‌ കൃതികളുടെ ഭാഗങ്ങളില്‍ വരുന്നത്‌. സ്വന്തമായി ചില വിശ്വാസപ്രമാണങ്ങള്‍ പിന്‍പറ്റുന്ന സംഘങ്ങളാണ്‌ ഓരോ സഭകളും. അതിനപ്പുറം ഒന്നുമില്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാവുന്നു. ഇക്കാര്യത്തില്‍ ആത്യന്തികമായ ശരി എന്നൊന്നില്ല. അതിലൊരു സഭയിലാണ്‌ ഞാന്‍ ജനിച്ചത്‌. ഞാനതില്‍ അംഗവുമാണ്‌. അത്തരത്തില്‍ ഞാനൊരു സഭാവിശ്വാസിയാണ്‌.
7 അന്ത്രപ്പേരിന്‌ ഒരു കാമുകി ഉണ്ടായിരുന്നു. എഴുത്തുകാരന്‌ ഇത്തരം നഷ്ടപ്രണയം വല്ലതും. ആടു ജീവിതത്തിന്റെ അവസാന ഭാഗത്ത്‌ നഷ്ടപ്രണയത്തിന്റെ ഒരു സൂചനയും കാണാം
അതെ ഞാനും ഒരു നഷ്ടപ്രണയത്തിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ്‌. അതിന്റെ തീവ്രതയും വേദനയും നൊമ്പരവും ഒക്കെ അനുഭവിച്ചിട്ടുള്ളവന്‍ തന്നെ. കാലത്തിന്റെ മറ്റൊരു കോണില്‍ നിന്ന്‌ നോക്കുമ്പോള്‍ നേടുന്ന പ്രണയത്തേക്കാള്‍ മധുരതരമാണ്‌ നഷ്ടപ്പെട്ട പ്രണയം എന്ന്‌ തോന്നുന്നു. കാരണം അതൊരു സ്വപ്‌നമായി എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ.
8. മികച്ച നുണകളാണ്‌ നല്ല നോവലുകളെന്ന്‌ ബെന്യാമിന്‍ തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്‌. എന്നാല്‍ താങ്കളുടെ നോവലുകളാണെങ്കില്‍ അനുഭവ വാഖ്യാനങ്ങളും. ഒരു വൈരുധ്യം ഇല്ലേ
അനുഭവങ്ങളെ മികച്ച നുണകളുമായി കലര്‍ത്തുന്ന രചനാപദ്ധതിയാണ്‌ ഞാന്‍ എന്റെ നോവലുകളില്‍ പരീക്ഷിക്കുന്നത്‌. എവിടെവെച്ച്‌ അതിന്റെ അതിരുകള്‍ വേര്‍പിരിയുന്ന എന്ന്‌ വായനക്കാരന്‌ മനസിലാവാതിരിക്കാനാണ്‌ എന്റെ ശ്രമങ്ങള്‍ അത്രയും. പൂര്‍ണമായും സത്യം മാത്രമുള്ളതും പൂര്‍ണമായും സങ്കല്‍പ്പം മാത്രം ഉള്ളതുമായ ഒരു കൃതി ഇല്ല.
9. നോവലില്‍ പറയുന്ന നെടുമ്പാശേരിയെക്കുറിച്ചുള്ള നോവല്‍ വീണ്ടും എഴുതാന്‍ പറ്റിയോ
അങ്ങനെ ഒരു നോവല്‍ ഞാനെഴുതിയിട്ടില്ല. അത്‌ കഥയ്‌ക്കുള്ളിലെ ഒരു കഥമാത്രമായിരുന്നു.
10. ഫെയ്‌സ്‌ ബുക്കില്‍ സജീവമാണല്ലോ? ബെന്നി ബെന്യാമിന്‍ എന്നും ബെന്യാമിന്‍ ബെന്നി എന്നും രണ്ടെണ്ണം കാണാം. രണ്ടും സ്വന്തം തന്നെയാണല്ലോ ല്ലേ.(വ്യാജ അക്കൗണ്ടുകള്‍ എത്രവേണമെങ്കിലും ഉണ്ടാക്കാമല്ലോ)
അതെ രണ്ടും എന്റെ അക്കൗണ്ടുകള്‍ തന്നെയാണ്‌. ഒരെണ്ണത്തില്‍ സൗഹൃദങ്ങളുടെ എണ്ണം ഫേസ്‌ ബുക്ക്‌ പരിധി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ്‌ രണ്ടാമതൊന്നു തുടങ്ങിയത്‌. നമ്മുടെ വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെയ്‌ക്കലാണല്ലോ സോഷ്യല്‍നെറ്റുവര്‍ക്കുകളുടെ ഉപയോഗം. രണ്ട്‌ അക്കൗണ്ടിലും ഞാനിക്കാര്യങ്ങള്‍ ഒരേപോലെ അപ്‌ഡേറ്റ്‌ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്‌.
11. ആദ്യ കഥ ശത്രുവിനെക്കുറിച്ച?
അക്രമാസക്തമായ ജനക്കൂട്ടത്തെ മറി കടന്നുപോകാന്‍ ശ്രമിക്കുന്ന ഒരു വഴിപോക്കന്റെ ഭയവും താന്‍ ആക്രമിക്കപ്പെടും എന്ന ഘട്ടത്തില്‍വെച്ച്‌ അയാള്‍ രക്ഷപ്പെടാന്‍ വേണ്ടി ആ ജനക്കൂട്ടത്തിന്റെ ഭാഗമായി മാറുന്നതുമാണ്‌ ആ ചെറിയ കഥയുടെ പ്രമേയം. 1999 ല്‍ ആണ്‌ ആ കഥ പ്രസിദ്ധീകരിച്ച്‌ വരുന്നത്‌. ആദ്യകഥ പ്രസിദ്ധീകരിച്ചതിന്റെ കൗതുകവും സന്തോഷവും ഇപ്പോഴും എന്റെ മനസിലുണ്ട്‌. ആദ്യ ചുംബനം പോലെ മധുരതരമായ ഒരനുഭവമായിരുന്നു അതും.
12 നന്നായി വായിക്കുമെന്നറിയാം. ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകം?
മുന്‍പും ഞാനത്‌ പറഞ്ഞിട്ടുണ്ട്‌. റൊമയന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്‌റ്റോഫ്‌. അരുപതുകളുടെ ആദ്യപകുതിയില്‍ എപ്പോഴോ ആണെന്നു തോന്നുന്നു ഞാനത്‌ വായിക്കുന്നത്‌്‌. അതിനെപ്പോലെ എന്റെ ജീവിതത്തില്‍ സ്വാധീനിക്കുവാന്‍ പിന്നീട്‌ വായിച്ച ഒരു പുസ്‌കത്തിനും സാധിച്ചിട്ടില്ല. അത്‌ ആ കാലത്തിന്റേയും പ്രായത്തിന്റേയും പ്രത്യേകത കൂടി ആയിരുന്നിരിക്കണം. ഇപ്പോള്‍ ആ കൃതി വായിച്ചാല്‍ എനിക്ക്‌ ആ തീഷ്‌ണത അനുഭവിക്കാനാവുമോ എന്നറിയില്ല. എം.ടിയുടെ ഒരു ലേഖനത്തില്‍ നിന്നാണ്‌ ഞാന്‍ ആ പുസ്‌തകത്തെക്കുറിച്ച്‌ അറിയുന്നത്‌. അതിലാവട്ടെ എം.ടി പറയുന്നത്‌ അദ്ദേഹത്തിനു ആ പുസ്‌തകം പരിചയപ്പെടുത്തിക്കൊടുത്തത്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ ആണെന്ന്‌. അങ്ങനെ ചില കാര്യങ്ങള്‍ കൂടി എന്നെ അപ്പോള്‍ സ്വാധീനിച്ചിരിക്കണം. എന്തായാലും എന്റെ അക്കാലത്തെ ജീവിതത്തിനെ ആധികളെ സങ്കടത്തെ ശമിപ്പിക്കുന്ന ഒരു പുസ്‌കമായിരുന്നു ജീന്‍ ക്രിസ്റ്റോഫ്‌.
13. വിദ്യാഭ്യാസം? ജോലി? പഴയ സുഹൃത്തുക്കള്‍ എഴുത്തുകാരനായതിനുശേഷം തേടി എത്താറുണ്ടോ?
ഒരു ഡിപ്ലോമ എന്‍ഞ്ചിനീയറാണ്‌ ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ പ്രൊജക്ട്‌ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. പഴയ സുഹൃത്തുക്കള്‍ ഒരിക്കലും വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും തേയിടെത്തുന്ന പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ സാഹിത്യരചനയില്‍ അതിനു ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്‌ അവര്‍ എനിക്കൊപ്പമുണ്ട്‌. എന്നാല്‍ പഴയ പരിചയക്കാരും സഹപാഠികളും ഒക്കെ തേടി വരുന്നതും ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്‌. ബാല്യത്തിലെ എന്റെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരിയായിരുന്ന ഒരു പെണ്‍കുട്ടി നീണ്ട ഇരുപത്തഞ്ചുവര്‍ഷങ്ങല്‍ക്കു ശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്‌. ഇനിയും എത്രയോ പേരെ കാണാനായി ഞാന്‍ കാത്തിരിക്കുന്നു.
14. ശത്രുവില്‍ നിന്ന്‌ മഞ്ഞവെയില്‍ മരണങ്ങളിലേയ്‌ക്ക എത്തിയപ്പോള്‍ സ്വയം എഴുത്തുകാരനെ ഒന്നു വിമര്‍ശിക്കാമോ?
ശ്‌ത്രു എന്നൊരു ഒറ്റപ്പേജ്‌ കഥയില്‍ നിന്നും 350 പേജുള്ള ഒരു നോവലിലേയ്‌ക്ക്‌ എത്താന്‍ ഏറെ ദൂരം നടക്കേണ്ടി വന്നിട്ടുണ്ട്‌ എന്നെനിക്കറിയാം. എന്നാല്‍ ആ ദൂരം അളക്കേണ്ടതും വിലയിരുത്തേണ്ടതും ഒക്കെ വായനക്കാരാണ്‌. ഓരോ കൃതികള്‍ക്കു മുകളിലും അതാതുകാലത്തെ എന്റെ കഴിവും കഠിനാധ്വാനവും ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല. അലസമായി എഴുതപ്പെട്ട ഒന്നും എന്റെ സാഹിത്യത്തില്‍ ഇല്ല. എന്റെ പരാജയങ്ങള്‍ എന്റെ കഴിവുകേടു തന്നെയാണ്‌. അതിനെ സ്വയം വിമര്‍ശിച്ചാലും നന്നാക്കാനാവുമെന്നു തോന്നുന്നില്ല.
15. സച്ചിന്റെ ആരാധകനാണോ ഇപ്പഴും?
സച്ചിന്റയല്ല.ക്രിക്കറ്റിന്റെ. ആ കളിയുടെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ജീവിതം പോലെ സന്നിദ്ധതകള്‍ നിറഞ്ഞതാണ്‌ അതിലെ ഓരോ നിമിഷങ്ങളും എന്നതാവും എന്നെ ആകര്‍ഷിക്കുന്നതിന്റെ കാരണം. ഇയാന്‍ ബോതവും മാല്‍ക്കം മാര്‍ഷലും ഡേവിഡ്‌ ബൂണും കൃഷ്‌ണമാചാരി ശ്രീകാന്തും കപില്‍ദേവും റോജര്‍ ബിന്നിയും ഗവാസ്‌കറും ഇമ്രാന്‍ ഖാനും മിയാന്‍ ദാദുമൊക്കെ നിറഞ്ഞാടിയ ഒരു കാലത്താണ്‌ ഞാന്‍ ക്രിക്കറ്റ്‌ കാണാന്‍ തുടങ്ങുന്നത്‌. അവരുടെ പിന്‍ മുറക്കാരനായി വന്ന സച്ചിനോട്‌ അക്കളിയിലെ അത്ഭുതപ്രതിഭ എന്ന നിലയില്‍ അതിയായ ആരാധനയുണ്ട്‌.
16. എന്തുകൊണ്ടാണ്‌ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുസ്‌തകത്തിന്‌ ഒരാമുഖം ഇല്ലാത്തത്‌്‌?
അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണത്‌.ആമുഖമെഴുതി വായനക്കാരെ കഥയിലേയ്‌്‌ക്ക്‌ ക്ഷണിക്കേണ്ടതില്ല. എന്താണ്‌ പറയാന്‍ പോകുന്നതെന്ന്‌ മുന്നേ പറഞ്ഞ്‌ുവെയ്‌ക്കേണ്ടതില്ല. വായനക്കാര്‍ സ്വയം കഥയിലേയ്‌ക്ക്‌ നടന്നുകൊള്ളും. അതുകൊണ്ടാണ്‌ എന്റെ ഒരു കൃതിയിക്കും ആമുഖമില്ലാത്തത്‌.
17. കുടുംബം?
ഭാര്യ ആഷ. ബഹ്‌റൈനില്‍ നേഴ്‌സ്‌. മകന്‍ രോഹന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ കെസിയ യു.കെ.ജിയിലും.
18. അന്ത്രപ്പേര്‍ എന്ന കഥാപാത്രം പൂര്‍ണമായും ഭാവനാ സൃഷ്ടിയാണെന്നു പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍?
നോ കമന്റ്‌സ്‌. കൃതികള്‍ക്കു വളെയില്‍പ്പോയി കഥാപാത്രങ്ങളെ അന്വേഷിക്കേണ്ടതില്ല എന്ന്‌ നോവലിനുള്ളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബെന്യാമിന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്‌. എന്റേയും നിലപാട്‌ അത്‌ തന്നെയാണ്‌.
19. വായനക്കാരോട്‌ എഴുത്തുകാരന്‌ പറയാനുള്ളത്‌?
വായിക്കുക. തികച്ചും സ്വതന്ത്രമായി അഭിപ്രായം പറയുക. പ്രസിദ്ധീകരിക്കപ്പെട്ട ഓരോ കൃതിയും വായനക്കാരന്റെ സ്വന്തമാണ്‌. അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്‌. നോവലിനെ ഒരു നോവലായി മാത്രം കാണുക. കഥയ്‌ക്കു വെളിയില്‍പോയി കഥാപാത്രങ്ങളെ അന്വേഷിക്കുന്നത്‌ അതിവായനയാണ്‌. വായനാന്തരം നിങ്ങളുടെ മനസില്‍ അവര്‍ക്കെന്തു സംഭവിച്ചോ അതാണ്‌ അവരുടെ ബാക്കി ജീവിതം. അല്ലാതെ ഒരസ്ഥിത്വം അവര്‍ക്കില്ല.
20. ആടുജീവിതം വായിച്ച വായനക്കാര്‍ അതിനെ പൂര്‍ണമായും നെഞ്ചിലേറ്റിയതുകൊണ്ടാവാം മഞ്ഞവെയില്‍ മരണങ്ങള്‍ അത്രപോരാ എന്നാണ്‌ മലയാളികളുടെ പൊതു അഭിപ്രായം. അതോ മലയാളി പൊതുവേ അത്തരത്തില്‍ പ്രതികരിക്കുന്നതാവുമോ കാരണം.? താങ്കള്‍ എന്തു പറയുന്നു?
എനിക്കു കിട്ടുന്ന്‌ അഭിപ്രായങ്ങള്‍ നേരെ തിരിച്ചാണ്‌. ആടുജീവിതത്തെക്കാള്‍ മികച്ച നോവല്‍ എന്നാണ്‌ മിക്കവരുടേയും അഭിപ്രായം. പിന്നെ ആടുജീവിതത്തിന്റെ വായനക്കാരെ തൃപ്‌തിപ്പെടുത്താനല്ല ഞാന്‍ അടുത്ത ഒരു നോവല്‍ എഴുതിയത്‌. എഴുത്തില്‍ അങ്ങനെ ചില പ്രവണതകള്‍ ഉണ്ട്‌. ഒരു കൃതി വായിച്ചു കഴിഞ്ഞാല്‍ പിന്നെ അതേ ക്രമത്തിലുള്ള ഒരു പിടി കൃതികള്‍ തന്നെ പടച്ചുവിടുന്ന ഏര്‍പ്പാട്‌. മറ്റൊരു ആടുജീവിതം വായിക്കാനായി ആരും മഞ്ഞവെയില്‍ മരണങ്ങള്‍ വാങ്ങിക്കേണ്ടതില്ല. അത്‌ തികച്ചും വ്യത്യസ്‌തമായ ഒരു വിഷയവും ഭൂമികയും രചനാരീതിയും ഭാഷയും ഒക്കെയാണ്‌ പിന്തുടരുന്നത്‌. സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ അതിന്റെ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ ഈ നോവല്‍ ഇഷ്ടപ്പെടും എന്നാണ്‌ എന്റെ പക്ഷം.
21. മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന വാക്കിന്റെ ശരിയായ വ്യാഖ്യാനം.
ഒരു തലക്കെട്ടിന്‌ അങ്ങനെ ശരിയായ വ്യാഖ്യാനങ്ങള്‍ ഒക്കെ ആവശ്യമുണ്ട്‌. ആ മഞ്ഞവെയില്‍ ഭീതിയുടെ സന്ദേഹത്തിന്റെ ഭരണകൂട ഭീകരതയുടെ മരണത്തിന്റെ വഞ്ചനയുടെ മ്‌ഞ്ഞവെയില്‍ ആണ്‌.
22.ഡീഗോ ഗാര്‍ഷ്യയുടെ പതാകയാണെന്ന്‌്‌ മനസിലായിട്ടില്ലാത്തതിനാല്‍ പുറം ചട്ട നന്നായിട്ടില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്‌.
ഒരു നോവല്‍ ഒരിക്കലും വായനയോടെ അവസാനിക്കേണ്ടതല്ല. വായനക്കൊടുവില്‍ അതിനെക്കുറിച്ച്‌ അന്വേഷിച്ചു തുടങ്ങുമ്പോഴാണ്‌ ശരിയായ വായനയില്‍ നാം എത്തുന്നത്‌. എന്താണ്‌ ഇങ്ങനെയൊരു മുഖചിത്രം കൊടുക്കാന്‍ കാരണമെന്ന്‌ വായനക്കാരന്‍ അന്വേഷിക്കട്ടെ. അതിലൂടെ പുതിയ അറിവുകളിലേയ്‌ക്ക്‌ അവന്‍ സ്വയം എത്തട്ടെ. എല്ലാം നമുക്ക്‌ ഗുളിക രൂപത്തില്‍ത്തന്നെ വേണം എന്ന്‌ വാശിപിടിക്കുന്നതു ശരിയല്ല. ഗുണപ്രദവുമല്ല.





ഒറ്റച്ചോദ്യങ്ങള്‍, ഒറ്റ ഉത്തരങ്ങള്‍
ഇഷ്ടപ്പെട്ട സ്ഥലം?
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന ഗ്രാമം. എന്റെ അമ്മയുടെ നാടാണത്‌.
ഇഷ്ടപ്പെട്ട ഭക്ഷണം?
കപ്പയും മത്തിക്കറിയും
ഇഷ്ടപ്പെട്ട കളി?
ക്രിക്കറ്റ്‌
ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?
കസന്‍ദ്‌ സാക്കീസ്‌
ഇഷ്ടപ്പെട്ട ഭാഷ?
തമിഴ്‌
ഇഷ്ടപ്പെട്ട വേഷം
മുണ്ടും ഷര്‍ട്ടും






അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...