2012 ജനു 31

തെങ്ങുകയറാന്‍ ഇനി സ്‌ത്രീകളും


ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

കോഴിക്കോട്‌: തെങ്ങുകയറാന്‍ ഇനി ആളില്ലെന്ന ആവലാതി വേണ്ട. മാളിക്കടവ്‌ ഐ.ടി.ഐ മൈതാനത്തുനിന്ന്‌്‌ പരിശീലനം നേടി പുറത്തിറങ്ങുന്നത്‌ അറുപത്‌ പേരാണ്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌ പരിശീലനക്കളരിയില്‍ പങ്കെടുക്കുന്നത്‌. അപേക്ഷ അയച്ചതില്‍ നിന്ന്‌ തെരഞ്ഞെടുത്തവര്‍ക്കാണ്‌ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ്‌ ഏജന്‍സിയുടെ സഹകരണത്തോടെ സ്വാഭിമാന്‍
ചതുര്‍ദിന തെങ്ങുകയറ്റ പരിശീലനപരിപാടി സംഘടിപ്പിച്ചത്‌. അപേക്ഷ അയക്കേണ്ടതിന്റെ യോഗ്യത ഒന്നു മാത്രമാണ്‌ താല്‍പ്പര്യം മാത്രമാണെന്നും ആദ്യമായിട്ടാണ്‌ ഇത്രയും ആളുകള്‍ അപേക്ഷിക്കുന്നതെന്നും സ്വാഭിമാന്‍ കോര്‍ഡിനേറ്റര്‍ പി.ചന്ദ്രശേഖരന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്നവര്‍ക്കായി സൗജന്യമായി 30 തെങ്ങുകയറ്റ യന്ത്രങ്ങളും വിതരണം ചെയ്യും. അഞ്ച്‌ യന്ത്രങ്ങള്‍ കൊടുത്തു കഴിഞ്ഞു. മദ്ധ്യവയസ്‌കരായ ആളുകളാണ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. മൂന്ന്‌ പേരാണ്‌ പരിശീലനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. എന്‍.ജി.ജനാര്‍ദ്ദനന്‍, ഷാജി.ടി.പി, രാമചന്ദ്രന്‍ എന്‍.ടി എന്നിവരാണ്‌ പരിശീലനം നല്‍കുന്നത്‌. തെങ്ങുകയറാന്‍ താല്‍പ്പര്യമുള്ളവരുടെ അപേക്ഷയില്‍ രണ്ട്‌ സ്‌ത്രീകളും ഉണ്ടായിരുന്നു. സ്വന്തം വീടുകളില്‍ കയറാന്‍ മാത്രമാണ്‌ സ്‌ത്രീകള്‍ സാധാരണ പരിശീലനത്തിനെത്താറുള്ളത്‌. സമൂഹത്തിന്‌ ഒരു സേവനം എന്ന നിലയിലാണ്‌ സ്വാഭിമാന്‍ ഈ പദ്ധതി നടത്തി വരുന്നത്‌. ഒരു തെങ്ങിന്‌ 20 രൂപമാത്രമേ സ്വാഭിമാന്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ വാങ്ങാന്‍ പാടുള്ളു. പുതിയാപ്പ സ്വദേശിയായ കെ.മിനിജ,മീഞ്ചന്ത സ്വദേശിയായ ടി.പി. ലീന എന്നിവരാണ്‌ പരിശീനത്തില്‍ പങ്കെടുത്ത സ്‌ത്രീകള്‍. ഇരുവര്‍ക്കും യന്ത്രം നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളിലാവും പരിശീലനം കിട്ടിയവര്‍ ജോലി ചെയ്യുക. വളരെ ആവേശത്തിലാണ്‌ സ്‌ത്രീകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. തങ്ങള്‍ ഇതൊരു സേവനമായിട്ടുകൂടിയാണ്‌ കാണുന്നതെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്‌ഘാടനവും തെങ്ങുകയറ്റ യന്ത്രകൈമാറ്റവും ജില്ലാ കലക്ടര്‍ ഡോ.പി.ബി.സലീം നിര്‍വഹിച്ചു. പി.കെ.മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. എം.സി.ഭരതന്‍ ആശംസ പ്രസംഗം നടത്തി. എന്‍.ജി.ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.  

പ്രതീക്ഷകള്‍ നിറയുന്ന പുതുവര്‍ഷം


ആതിര.വി.അഗസ്‌റ്റിന്‍
മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്‌

സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒരു നിമിഷം കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം കൂടി ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തും. പുതുവര്‍ഷം ഒരോരുത്തര്‍ക്കും ഒരോ തരത്തിലാണ്‌. പുത്തന്‍പ്രതീക്ഷകളാണ്‌ ഏറിയപങ്കും. ചിലര്‍ക്ക്‌ ആശങ്ക. മറ്റ്‌ ചിലര്‍ക്ക്‌ പോയ വര്‍ഷം കഴിഞ്ഞല്ലോ എന്ന ആശ്വാസം. ഇനിയും ചിലര്‍ക്ക്‌ എത്ര പുതുവര്‍ഷം വന്നുപോയി ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന ധാരണയും.
പുതുവര്‍ഷത്തെ ആഘോഷിച്ച്‌ വരവേല്‍ക്കുന്ന ഒരു കൂട്ടര്‍. മറ്റൊരു വശത്ത്‌ ബഹളങ്ങളലില്ലാതെ എല്ലാം ജീവിതത്തിന്റെ ഭാഗമായി കാണുന്നവര്‍. ഏത്‌ വിഷയമായാലും വ്യക്തി നിക്ഷിപ്‌തമാണ്‌ എന്ന സത്യത്തോടൊപ്പം തന്നെ ചില ഭൂരിപക്ഷ അഭിപ്രായങ്ങളും പുതുവര്‍ഷാഭിപ്രായങ്ങളായി ഉണ്ട്‌. അത്തരം ചില അഭിപ്രായങ്ങളിലൂടെയും കാഴ്‌ചപ്പാടുകളിലൂടെയും വെറുതെ ഒരു നടത്തം.
ബാല്യം ആഘോഷങ്ങളുടേതാണ്‌. കുട്ടികളെ സംബന്ധിച്ച്‌ എല്ലാം ആഘോഷങ്ങളാണ്‌ എന്നതും സത്യം. അവരെ സംബന്ധിച്ച്‌ ഓരോ അധ്യയന വര്‍ഷം തുടങ്ങുന്നതാണ്‌ അവരുടെ പുതുവര്‍ഷം. പുതിയ ഉടുപ്പ്‌, ബാഗ്‌, പുസ്‌തകം...ഒക്കെ ആ സന്തോഷത്തിന്‌ മാറ്റുകൂട്ടുന്നു. അതിനാലാവാം യഥാര്‍ത്ഥ പുതുവര്‍ഷം വലിയവര്‍ ആഘോഷിച്ചു തീര്‍ക്കുന്നതുപോലെ കുട്ടികള്‍ ആഘോഷിക്കാത്തതും.
പുതുവര്‍ഷം കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്‌ പുതുവര്‍ഷത്തില്‍ കേരളം കുടിച്ചു തീര്‍ത്തതിന്റെ കണക്കെത്രയാണെന്നതാണ്‌്‌. ഓരോ ജില്ലയും കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മത്സരിക്കുന്നു. രാത്രി പന്ത്രണ്ട്‌ മണിക്ക്‌ ബൈക്കില്‍ നഗരം ചുറ്റിക്കറങ്ങി കുടിച്ച്‌ അറമാദിക്കണം എന്നാണ്‌ യൂത്തിന്റെ ആഗ്രഹം. ആഘോഷത്തിന്റെ മറവില്‍ ചെയ്‌തു കൂട്ടാവുന്ന വങ്കത്തരങ്ങളും കൊള്ളരുതായ്‌മകളും ഒക്കെ ചെയ്‌തു തീര്‍ക്കുകയും ചെയ്യും. പുതുവര്‍ഷമല്ലേ, ഇനി പഴയതൊന്നും വേണ്ട എന്നതാണ്‌ ചില കേമന്‍മാര്‍ ചിന്തിക്കുന്നത്‌. ഇതിന്റെ ഫലമായി പൊതുമുതല്‍ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധസ്വാഭാവവും വര്‍ദ്ധിച്ചുവരുന്നു. കേമന്‍മാര്‍ മാത്രമല്ല ഇത്തരത്തില്‍ കേമിമാരും വന്നു കഴിഞ്ഞു എന്നത്‌ മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്‌. മെട്രോ സിറ്റികളില്‍ നിന്നും ഇത്തരത്തിലുള്ള കള്‍ച്ചര്‍ നമ്മുടെ ഓരോ തറവാടിന്റേയും പടികടന്നെത്തി എന്നതും സത്യമാണ്‌.
വളരെ പോസിറ്റീവായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരും ഉണ്ട്‌. ഇനിയങ്ങോട്ട്‌ വരവു ചിലവു കുറയ്‌ക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക, കൃത്യമായ ടൈംടേബിള്‍ പ്രകാരം ഓരോ ദിവസത്തേയും കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുക തുടങ്ങിവളരെ മുന്‍കൂട്ടി തയ്യാറാക്കിയതനുസരിച്ച്‌ മുന്നോട്ടുപോകുന്നതിനുള്ള തീരുമാനം എടുക്കുന്നവരും ചുരുക്കമല്ല. എന്നാല്‍ ഇതൊക്കെ എത്ര ദിവസം പ്രാവര്‍ത്തികമാകും എന്നത്‌ കണ്ടറിയേണ്ടതാണെന്നതാണ്‌ എന്നതാണ്‌ വാസ്‌തവം.
ഇതൊക്കെ വ്യക്തി ഗതമാണ്‌. മേഖലകള്‍ തരം തിരിക്കുമ്പോള്‍ പറയാന്‍ ഒരുപാട്‌ വിഷയങ്ങള്‍ ഉണ്ടാകും.
ഏവരും ചൂടോടെ ശ്രവിക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ എന്തും സംഭവിക്കാം. എന്ത്‌ സംഭവിക്കും എന്ന്‌ മുന്‍കൂട്ടി പറയാന്‍ ഒരിക്കലും ആവില്ല. യുഡിഎഫ്‌ സര്‍ക്കാരിന്റെ ഓരേയൊരു വനിത പ്രതിനിധി പി.കെ.ജയലക്ഷ്‌മിയാണ്‌ പോയ വര്‍ഷത്തെ കേരളത്തിന്റെ മുതല്‍ക്കൂട്ട്‌. വരും വര്‍ഷങ്ങളില്‍ രാഷ്ട്രീയമേഖലയില്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്ന്‌ തന്നെയാണ്‌ മിക്കവരുടേയും പ്രതീക്ഷ. രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഏറെയുള്ള കേരളത്തില്‍ വരും വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതാവുമെന്ന്‌ തന്നെയാണ്‌ പല നേതാക്കളും വിലയിരുത്തപ്പെടുന്നത്‌. മാര്‍ച്ചില്‍ വരുന്ന ബഡ്‌ജറ്റ്‌ വനിതകള്‍ക്ക്‌ പ്രയോജനം ചെയ്യും എന്നത്‌ ക്ഷമയോടെ കാത്തിരിക്കണം. വിലക്കയറ്റം അമിതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സ്‌ത്രീസമൂഹം പച്ചക്കറികളുടെ വിലവര്‍ദ്ധനവിനെക്കുറിച്ച്‌ തന്നെയാണ്‌ ആകുലപ്പെടുന്നതും. ഓരോ വര്‍ഷം കഴിയുന്തോറും രാഷ്ട്രീയ മേഖലയിലും പൊതുപ്രവര്‍ത്തകരിലും സ്‌തീ സാന്നിധ്യം വര്‍ദ്ധിക്കുന്നു. സമൂഹത്തിന്റെ ഏത്‌ മേഖലകളിലും സ്‌ത്രീകള്‍ മുന്‍ നിരയിലേയ്‌ക്ക്‌ എത്തുന്നു. വരും വര്‍ഷങ്ങളിലും അതിന്റെ തോത്‌ വര്‍ദ്ധിക്കാനാണ്‌ സാധ്യത. വിദ്യാഭ്യാസ മേഖലയില്‍ സ്‌ത്രീകള്‍ പണ്ട്‌ കാലത്തേതിനേക്കാള്‍ ഉയര്‍ന്നുതന്നെയാണ്‌ നില്‍ക്കുന്നത്‌. ഉന്നത വിദ്യാഭ്യാസമേഖലയിലും സ്‌ത്രീകളുടെ സാന്നിധ്യം മികച്ച രീതിയില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം കായികമേഖലയില്‍ സ്‌ത്രീകള്‍ മറ്റെല്ലാ മേഖലകളിലേതിനേക്കാളും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ്‌ വിദഗധരുടെ വിലയിരുത്തല്‍. 2012ല്‍ വരുന്ന മറ്റൊരു പ്രധാന സംഭവം ലണ്ടന്‍ ഗയിംസ്‌ തന്നെയാണ. ഇന്ത്യയ്‌ക്ക്‌ അതില്‍ കാര്യമായ നേട്ടം ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിലും ഉള്ള താരങ്ങള്‍ ദേശീയ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നല്ലാതെ കാര്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാനില്ല. എങ്കിലും നിലവിലുള്ള താരങ്ങള്‍ അവരുടെ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുക തന്നെ ചെയ്യും.
സാഹിത്യമേഖലയില്‍ സ്‌ത്രീകള്‍ പതിയെപ്പതിയെ മുന്നേറുന്ന കാഴ്‌ചയാണ്‌ മുന്‍ വര്‍ഷങ്ങളില്‍. സാഹിത്യത്തില്‍ പെണ്ണെഴുത്തിന്‌ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകുന്നുണ്ട്‌. വരും വര്‍ഷങ്ങളില്‍ അതിന്‌ ഇടിവ്‌ സംഭവിക്കാനുള്ള സാധ്യത ഇല്ലാതെയും ഇല്ല. കാരണം ഇന്നത്തെ പെണ്‍കുട്ടികള്‍ എഴുത്തിന്റെ മേഖലയില്‍ നിന്ന്‌ പതിയെ പിന്‍വലിയുന്ന പ്രവണതയും തള്ളിക്കളയാന്‍ പറ്റില്ല. സിനിമാമേഖലയിലും സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ വലിയ വില കൊടുക്കുന്നതായിട്ടാണ്‌ 2011 തെളിയിച്ചിരിക്കുന്നത്‌. വരും വര്‍ഷങ്ങളിലും അത്‌ ആവര്‍ത്തിക്കപ്പെടാം.
ഇത്തരത്തില്‍ ഏത്‌ മേഖലയിലും പ്രതീക്ഷകളാണ്‌ നിലനില്‍ക്കുന്നത്‌. ജീവിക്കാനുള്ള പ്രതീക്ഷ. സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള പ്രതീക്ഷ. പുതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കു തന്നെ പ്രതീക്ഷ എന്നു പറയാമെന്നാണ്‌ തോന്നുന്നത്‌.



കെ.ആര്‍. മീര എഴുത്തുകാരി
വരും വര്‍ഷങ്ങളില്‍ ആശങ്കയാണ്‌ കൂടുതല്‍ ഉള്ളത്‌. ഒരു വശത്ത്‌ മുല്ലപ്പെരിയാര്‍, മറ്റൊരു വശത്ത്‌ കൂടം കുളം ഇങ്ങനെ സാമൂഹ്യമായ അനേകം പ്രശ്‌നങ്ങള്‍ ദിനം പ്രതി നമ്മളെ അലട്ടിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നടന്ന കോലാഹലങ്ങളൊക്കെ അവസാനിക്കുന്നതിനേക്കാള്‍ ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ്‌ സാധ്യത. ഓരോ വര്‍ഷവും എന്തു സംഭവിക്കും എന്നത്‌ ഒരിക്കലും മുന്‍കൂട്ടിപ്പറയാനും കഴിയില്ല. എങ്കിലും നല്ലത്‌ സംഭവിക്കട്ടെ എന്ന്‌ തന്നെ പറയാം.


ഷെര്‍ളി വാസു
തൃശ്ശൂരിന്‌ വേണം മാറ്റം
കോഴിക്കോട്‌ നിന്നും തൃശ്ശൂരെത്തിയപ്പോള്‍ മാറ്റങ്ങള്‍ ഒരുപാടുണ്ട്‌. തൃശ്ശൂരില്‍ വൃദ്ധരുടെ ആത്മഹത്യതോത്‌ വര്‍ദ്ധിക്കുന്നു. ആശുപത്രികളില്‍ മരിക്കുന്നവരാകട്ടെ ഏറെപ്പേരും വിഷബാധയേറ്റവരും. കോഴിക്കോട്‌ ഇത്തരം സംഭവങ്ങളുടെ തോത്‌ കുറവാണ്‌. മദ്യപാനം ജീവിതത്തിലെ ആഘോഷങ്ങളായി കാണുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഏറെ കാരണമാകുന്നു. കോഴിക്കോട്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഏറെ കാരണമാകുന്നു. വാഹനാപകടങ്ങളും കൂടിയിരിക്കുന്നു. എന്നാല്‍ കോഴിക്കോട്‌ പൊലീസ്‌ വിഭാഗം വളരെ കാര്യക്ഷമമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംരക്ഷണം വളരെ ആഴത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതും കോഴിക്കോടാണ്‌. മുറിയിരുന്ന്‌ ടേബിളില്‍ എത്തുന്ന എത്തുന്ന ഡെഡ്‌ ബോഡി നോക്കുന്നവരാണ്‌ തൃശ്ശൂരെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും. പുറത്ത്‌ പോയി മരണം നടന്ന സ്ഥലത്ത്‌ സന്ദര്‍ശനം നടത്തുന്നവരല്ല. അങ്ങനെ വരുമ്പോള്‍ പിഴവുകള്‍ സംഭവിക്കാം. പൊലീസിന്‌ കേസന്വേഷണത്തിനുതകുന്ന തെളിവുകള്‍ ഇതില്‍ നിന്ന്‌ ലഭിക്കാതെ വരും. ജനപ്രതിനിധികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം കാര്യങ്ങളിലിടപെടണം. സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്ക്‌ പൊതുജനങ്ങള്‍ ഇടപെടും എന്ന്‌ മനസിലാക്കിത്തന്നു സൗമ്യയുടെ കാര്യത്തില്‍. ഇനിയങ്ങോട്ട്‌ കേരളത്തിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പിന്നോട്ടുപോകില്ല. ചെറുതുരുത്തിക്കാര്‍ അത്‌ പ്രവര്‍ത്തിച്ചു കാണിച്ചു തന്നു. വരും വര്‍ഷങ്ങളില്‍ തൃശ്ശൂരില്‍ ഇത്തരം കാര്യങ്ങളിലൊക്കെ മാറ്റം വരണം. മാറ്റം വരുമെന്ന്‌ തന്നെ പ്രതീക്ഷിക്കുന്നു. പ്ര്‌തീക്ഷയെക്കാള്‍ എന്റെ ആഗ്രഹം അതുതന്നെയാണ്‌.


ജീനാപോള്‍ -മാധ്യമപ്രവര്‍ത്തക(കായികം) ദേശീയ ഗയിംസ്‌ കേരളത്തില്‍ വരണം
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സാണ്‌ കായിക മേഖലയിലെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടേതായ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നല്ലാതെ വലിയ നേട്ടം ഉണ്ടാകാന്‍ സാധ്യതയില്ല. ബാറ്റ്‌മിന്റണില്‍ ജ്വാലഗുട്ട-അശ്വിനി സഖ്യമാണ്‌ പ്രതീക്ഷയ്‌ക്ക്‌ വക നല്‍കുന്നത്‌. എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ വനിതാ ബോക്‌സിങ്ങില്‍ മേരി കോം ചെറിയ പ്രതീക്ഷ തരുന്ന താരമാണ്‌. മയൂഖ, പ്രജുഷ, കൊനേരുഹംബി, ടിന്റു ലൂക്ക എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഈ വര്‍ഷമെങ്കിലും ദേശീയ ഗയിംസ്‌ കേരളത്തില്‍ നടക്കണമെന്നാണ്‌ ആഗ്രഹം. ദേശീയ ഗയിംസില്‍ 2011ല്‍ കേരളത്തിന്‌ താഴ്‌ചയാണുണ്ടായിട്ടുള്ളത്‌. ഹരിയാന ഏറെ മുന്നോട്ടുപോവുകയും ചെയ്‌തു. തിരികെ ആ സ്ഥാനം പിടിക്കണം എന്നാണ്‌ ആഗ്രഹം.
വ്യക്തിപരമായി പറഞ്ഞാല്‍ കായികവാര്‍ത്തകള്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്‌ ഡെസ്‌ക്‌ കേന്ദ്രീകരിച്ചാണ്‌. റിപ്പോര്‍ട്ടിങ്ങിലേയ്‌ക്ക്‌ ഇറങ്ങിചെയ്യണം എന്നാണ്‌ ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ആലോചിച്ചുവരുന്നു. പലപ്പോഴും കേരളത്തിലെ കായികരംഗങ്ങളില്‍ കേള്‍ക്കുന്ന പേരുകള്‍ പിന്നീട്‌ കേള്‍ക്കുന്നില്ല. അതിനൊരു ഉദാഹരണമാണ്‌ ഇന്ദുലേഖ എന്ന പെണ്‍കുട്ടി. ബാറ്റ്‌മിന്റണ്‍ മാത്രമാണ്‌ ക്യാംപസുകളില്‍ ഇത്തിരിയെങ്കിലും പിടിച്ചു നില്‍ക്കുന്നത്‌. ഇതിനൊക്കെ വരും വര്‍ഷങ്ങളില്‍ മാറ്റം വരണമെന്നാണ്‌ ആഗ്രഹം.

രാജലക്ഷ്‌മി-പ്രമുഖരുടെ കൂടെ പാടണം
2010ല്‍ ആണ്‌ എനിക്ക്‌ ഒരുപാട്‌ പാട്ടുകള്‍ ലഭിക്കുന്നത്‌. 2011ല്‍ അതിന്റെ ഫലം കിട്ടി. ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ്‌ കിട്ടി എന്നതു തന്നെയാണ്‌ എന്റെ ഏറ്റവും വലിയ സന്തോഷം. എന്നുവെച്ച്‌ അവാര്‍ഡ്‌ പ്രതീക്ഷിച്ചിരുന്നില്ല കെട്ടോ. അതുകൊണ്ട്‌ തന്നെ പോയവര്‍ഷം നല്ല വേദികള്‍ കിട്ടി. അതിന്റെ ത്രില്‍ പരമാവധി ആസ്വദിക്കുകയാണിപ്പോള്‍. ഇത്രയധികം സന്തോഷം തന്ന വര്‍ഷം തീരുന്നതില്‍ സത്യം പറഞ്ഞാല്‍ സങ്കടം ഉണ്ട്‌. 2012ല്‍ കൂടുതല്‍ അവസരം കിട്ടണമെന്നതാണ്‌ ആഗ്രഹം. കിട്ടുമെന്നുതന്നെയാണ്‌ പ്രതീക്ഷ. ജയമാണെങ്കിലും പരാജയമാണെങ്കിലും ഏറ്റു വാങ്ങിയേ മതിയാകൂ. വിദ്യാസാഗര്‍ സാര്‍, ഇളയരാജ സാര്‍...തുടങ്ങിയ മുതിര്‍ന്ന ആളുകളുടെ കൂടെ പാടാന്‍ ആഗ്രഹമുണ്ട്‌. വളരെ അപ്രതീക്ഷിതമായിട്ടാണ്‌ ഈ അടുത്ത്‌ കോഴിക്കോട്‌ നടന്ന സംസ്ഥാനഅവാര്‍ഡ്‌ ദാനചടങ്ങില്‍ ഹരിഹരന്‍ സാറിന്റെ കൂടെ പാടാന്‍ കഴിഞ്ഞത്‌. അത്തരം ഭാഗ്യങ്ങള്‍ 2012ലും ഉണ്ടാകണമെന്നാണ്‌ ആഗ്രഹം.


ലീലാമേനോന്‍- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക
വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാഴ്‌ചപ്പാടുകള്‍ മാറണം
പ്‌ത്രപ്രവര്‍ത്തനം ഒരു സാമൂഹ്യസേവനമായി കാണേണ്ടതാണ്‌. ടെലിവിഷന്റെ ഗ്ലാമര്‍ലോകമാണ്‌ മാധ്യമരംഗത്തേയ്‌ക്കു കടന്നുവരുന്ന ഇന്നത്തെ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്‌. വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്‌, അന്വേഷണത്വരത, വായനയുടെ പരപ്പ്‌ എന്നിവ ഇന്നത്തെ പെണ്‍കുട്ടികളില്‍ കാണുന്നില്ല. വെറും ഒരു തൊഴില്‍ എന്ന രീതിയിലാണ്‌ ഇന്ന്‌ മാധ്യമപ്രവര്‍ത്തനത്തെ ഇവര്‍ കാണുന്നത്‌. അതേസമയം കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേയ്‌ക്ക്‌ കടന്നു വരുന്നുണ്ട്‌ എന്നത്‌ സന്തോം തരുന്ന കാര്യം തന്നെയാണ്‌. വരും വര്‍ഷങ്ങളില്‍ സ്‌ത്രീകള്‍ കൂടുതല്‍ ഗൗരവത്തോടെ ഈ മേഖലയിലേയ്‌ക്ക്‌ കടന്നുവരണം എന്നുതന്നെയാണ്‌ ആഗ്രഹം. അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ സ്‌ത്രീ പങ്കാളിത്തം ഉണ്ടാവണം. വ്യക്തിഗമായി പറഞ്ഞാല്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ഇല്ല. മനസ്‌ എത്തുന്നിടത്ത്‌ ശരീരം എത്താത്ത അവസ്ഥയാണ്‌. മനുഷ്യ നന്മയ്‌ക്കുതകുന്ന ലേഖനങ്ങള്‍ എഴുതണം.



കെ.എ.ബീന
ലോക നന്മയാണ്‌ പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാനുള്ളത്‌. ആത്മീയമായി പറഞ്ഞാല്‍ 2012 നന്മയുള്ള വര്‍ഷമാണെന്നാണ്‌ പറയപ്പെടുന്നത്‌. അതേസമയം ലോകം അവാസാനിക്കുന്നതും ഈ വര്‍ഷമാണെന്നും പറയുന്നു. അത്തരത്തിലൊരു സിനിമയും നമ്മള്‍ കണ്ടുകഴിഞ്ഞു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക്‌ കുറവ്‌ വരണം എന്നൊരു ആഗ്രഹമാണ്‌ ഏറ്റവും കൂടുതലുള്ളത്‌. സൗമ്യ സംഭവം സമൂഹത്തില്‍ അത്തരത്തിലൊരു മാറ്റം വരുത്താന്‍ ഇടയായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വ്യക്തിപരമായി പറഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ എഴുതണം. ഏത്‌ മേഖലയിലായാലും നന്മ വരണം. 

ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥ തസ്‌തിക ഒഴിഞ്ഞു കിടക്കുന്നു


കോഴിക്കോട്‌: മോട്ടോര്‍ വാഹനവകുപ്പില്‍ ഉദ്യോഗസ്ഥ പരിമിതി മൂലം ജോലികള്‍ കൃത്യതയോടെ ചെയ്‌ത്‌ തീര്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്‌. തസ്‌തികകള്‍ നിലനനില്‍ക്കുന്നുണ്ടെങ്കിലും ഒഴിവുകള്‍ നികത്തപ്പെട്ടില്ല.
69 പേരാണ്‌ ആകെ വേണ്ടത്‌. ഇതില്‍ പതിമൂന്ന്‌ പേരുടെയാണ്‌ കുറവ്‌ വന്നിരിക്കുന്നത്‌. മോട്ടോര്‍ വെഹിക്കിള്‍ ഇസ്‌പെക്ടറിന്റെ തസ്‌തിക ഉള്‍പ്പെടെ നാല്‌ അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെട്‌കര്‍, പത്ത്‌ ക്ലര്‍ക്ക്‌, ഒരു ടൈപ്പിസ്റ്റ്‌ എന്നീ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ആര്‍ടി ഓഫീസിലാണെങ്കില്‍ ഏഴ്‌ അസിസ്‌്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കുറവാണുള്ളത്‌. മൂന്ന്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയും ഒഴിഞ്ഞു കിടക്കുന്നു. ട്രാന്‍സ്‌ഫറും സര്‍വീസില്‍ നിന്ന്‌ വിരമിക്കലും ഒക്കെയാവുമ്പോള്‍ പല വകുപ്പുകളിലേയും ഒഴിവ്‌ നികത്താന്‍ ബന്ധപ്പെട്ട മേലധികാരികള്‍ ശ്രമിക്കാറില്ല. ഉദ്യോഗസ്ഥര്‍ ഇത്രയും കുറവുള്ള പക്ഷം ജോലികള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെന്ന്‌ നിലവിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളോട്‌ വളരെ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കാറുള്ളതെന്ന്‌ പണ്ടുമുതല്‍ക്കേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ മതിയായ ഉദ്യോഗസ്ഥരില്ലാതെ തങ്ങള്‍ക്ക്‌ ജോലികള്‍ ചെയ്‌തു തീര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.
കോഴിക്കോടുപോലുള്ള തിരക്കേറിയ നഗരത്തില്‍ വാഹനാപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. നിരത്തില്‍ ചെറുവാഹനങ്ങള്‍ കുറച്ച്‌ വലിയ വാഹനങ്ങള്‍ കൊണ്ട്‌ വരാനാണ്‌ അപകടങ്ങള്‍ കുറയ്‌ക്കാനുള്ള മാര്‍ഗ്ഗമെന്ന്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ചെറുവാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ദിനം പ്രതി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ ബൈക്കുകളുടേയും മറ്റ്‌ ചെറിയ വാഹനങ്ങളുടേയും എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഇതിനനുസരിച്ച്‌ റോഡ്‌ ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രയാസങ്ങള്‍ ഏറെയാണ്‌. ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ ടെസ്‌റ്റ്‌ നടത്തുക, വാഹനത്തിന്റെ ബ്രേക്ക്‌ ടെസ്‌റ്റ്‌ നടത്തുക, വാഹനാപകടങ്ങള്‍, മൊബൈല്‍ കോടതി ഇങ്ങനെ നിരവധി ജോലികള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ്‌ ഉദ്യോഗസ്ഥരുടെ പരാതി. കോഴിക്കോട്‌ ആര്‍ടി ഓഫീസില്‍ മാത്രമാണ്‌്‌ ഇത്രയും തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരോട്‌ കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക്‌ പരിമിതികള്‍ ഉണ്ടെന്നും അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്‌ പറഞ്ഞു. ഓട്ടോമാറ്റിക്‌ ഡ്രൈവിങ്ങ്‌ ട്രാക്കുകള്‍ വന്നു കഴിഞ്ഞാല്‍ തങ്ങളുടെ ജോലി ഭാരത്തിന്‌ അല്‍പ്പം ആശ്വാസം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലും ഹൈദരാബാദിലും മറ്റും ഡ്രൈവിങ്ങ്‌ ട്രാക്കുകള്‍ പൂര്‍ണമായും വിജയിച്ചതിനാല്‍ കേരളത്തിലും വിജയിക്കുമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  

2012 ജനു 30

ഇന്ത്യന്‍ ക്രിക്കറ്റ്‌ സച്ചിനെന്ന ഏക ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍



ഇത്തവണയും സച്ചിന്‌ പിഴച്ചുവോ? ക്രിക്കറ്റിന്റെ ദൈവത്തിന്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്‌. ഇത്രയും സമര്‍ത്ഥനായ കളിക്കാരന്‌ ഇത്രയധികം വീഴ്‌ചകള്‍ വരുമ്പോള്‍ നാമോരുരുത്തരും വിചിന്തനം നടത്തേണ്ടതല്ലേ? മാധ്യമങ്ങളും ആരാധകരും സച്ചിന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണോ യഥാര്‍ത്ഥ കാരണം? മാധ്യമങ്ങള്‍ ഇത്രയധികം ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ടോ? സച്ചിന്റെ ആരാധകര്‍ എന്നെ കല്ലെറിയുമായിരിക്കാം. എങ്കിലും പറയേണ്ടത്‌ പറയാതെ വയ്യല്ലോ.
സിഡ്‌നി ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ കഴിയുമ്പോള്‍ അവശേഷിക്കുന്നത്‌ നിരവധി ചോദ്യങ്ങളാണ്‌. തമാശയ്‌ക്കായി ഫെയ്‌സ്‌ ബുക്കില്‍ ഒരു പോസ്‌റ്റുണ്ടായിരുന്നു. അങ്ങനെ ഐശ്വര്യാ റായിയും പ്രസവിച്ചു. ഇനി സച്ചിന്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നൂറ്‌ തികച്ചാല്‍ ആശ്വാസമായി എന്ന്‌. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ നിരവധി അഭിപ്രായങ്ങള്‍ എഴുതി. ഒന്ന്‌ മനസിലാക്കാം സിഡ്‌നിയിലെ പ്രകനം കൂടിക്കഴിഞ്ഞപ്പോള്‍ സച്ചിന്റെ ആരാധകര്‍ക്ക്‌ കാത്തിരിപ്പ്‌ തന്നെ ശരണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നമുക്കുള്ളില്‍ ഇത്രയധികം ആഴത്തില്‍ പതിപ്പിച്ചതിന്റെ യഥാര്‍ത്ഥ ഉത്തരവാദി മാധ്യമങ്ങളാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതേസമയം മാധ്യമങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങിയ താരവും സച്ചിന്‍ തന്നെ. ഒറ്റവാക്കിലാണ്‌ ഇന്ന്‌ തലക്കെട്ടുകള്‍ സ്‌പോര്‍ട്‌സ്‌ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നത്‌. കീഴക്കി, മുക്കിക്കൊന്നു (ലങ്കക്കെതിരെയാണ്‌ മത്സരമെങ്കില്‍) തുടങ്ങിയ തലക്കെട്ടിലാണ്‌ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്‌. അടുത്ത കളിയില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്ര എത്തിയില്ലെങ്കില്‍ ഉയര്‍ത്തിയ വേഗത്തില്‍ താഴെയിടും. കളിക്കകത്തും പുറത്തും ക്ലീന്‍ ഇമേജുള്ള ടെന്‍ഡുല്‍ക്കറെ മാധ്യമങ്ങള്‍ വേട്ടയാടുന്ന അവസ്ഥയാണ്‌ ഇന്ന്‌. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌ ശ്രദ്ധിക്കുക. ``സച്ചിന്റെ നൂറാം സെഞ്ച്വറി പരമപ്രധാനമാണ്‌. മാധ്യമങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യുന്നത്‌ അവസാനിപ്പിക്കണം''. ഈ വാക്കുകളില്‍ ഒരു ദയനീയ ഭാവം തെളിഞ്ഞുനിന്നിരുന്നു.
പാക്കിസ്ഥാന്‍ മുന്‍ ക്യാപ്‌ടന്‍ പറഞ്ഞത്‌ സച്ചിന്‌ ഉടന്‍ കൗണ്‍സിലിങ്ങ്‌ ആവശ്യമാണെന്നാണ്‌. അമിതമായ സമ്മര്‍ദ്ദമാണ്‌ സച്ചിന്റെ പ്രശ്‌നമെന്ന്‌ വിന്‍ഡീസ്‌ കോച്ച്‌ ഓട്ടിസ്‌ ഗിബ്‌സണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം കഴിഞ്ഞ സമയത്തേ പറഞ്ഞിരുന്നു. ക്രിക്കറ്റ്‌ ജീവിതമായി കാണുന്ന, ഇത്രയധികം കളികള്‍ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്‌ത, ലോകക്രിക്കറ്റിന്റെ ദൈവമെന്ന്‌ വിശേഷിപ്പിക്കുന്ന സച്ചിന്‍ സമ്മര്‍ദ്ദത്തിലാണെന്ന്‌ കേള്‍ക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോകുന്നു. എന്നാല്‍ മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളോ ചെറുകിട പത്രങ്ങളോ മാഗസിനുകളോ സച്ചിനെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും എഴുതുന്നത്‌ സച്ചിനോ ഇന്ത്യന്‍ ടീം അംഗങ്ങളോ കാണുന്നില്ലെന്ന്‌ പാവം മാധ്യമപ്രവര്‍ത്തകര്‍ മറന്നു പോകുന്നു. ദേശീയമാധ്യമങ്ങള്‍ അത്രത്തോളം കടന്നരീതിയില്‍ പോകുന്നില്ലെങ്കിലും ഒരു പരിധിവരെ അവരും ഈ കടും കൈ ചെയ്യുന്നുണ്ട്‌.
മാധ്യമങ്ങള്‍ സച്ചിന്റെ നൂറാം സെഞ്ച്വറി ആഘോഷിച്ചു തീര്‍ക്കുന്നതിന്‌ കച്ചകെട്ടി ഇരിക്കാന്‍ തുടങ്ങിയിട്ട്‌കാലമേറെയായി. പത്രങ്ങളാണെങ്കില്‍ നേരത്തെ തന്നെ അതിനായിട്ടുള്ള പേജുകള്‍ രൂപത്തിലും ഭാവത്തിലും ഏത്‌ തരത്തില്‍ വ്യത്യസ്‌തമാക്കാം എന്ന്‌ ഓരോ ടെസ്‌റ്റ്‌ മുന്നിലെത്തുമ്പോഴും തല പുകഞ്ഞ്‌ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌. ടെലിവിഷന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനാല്‍ സച്ചിന്‍ സെഞ്ച്വറി നേടിയെന്ന വാര്‍ത്ത വെറുതേ അങ്ങനെ പറഞ്ഞാലും പോരാ. നൂറ്‌ മേനി തിളക്കം ഏത്‌ രീതിയില്‍ വാഴ്‌ത്തണം എന്നത്‌ ഓരോ ടെസ്‌റ്റിന്റേയും പടിവാതില്‍ക്കലെത്തുമ്പോള്‍ പത്രങ്ങള്‍ തലപുകഞ്ഞാലോചിക്കുന്നു. അങ്ങനെ വ്യത്യസ്‌തമായ ആശങ്ങളുടെ അടിസ്ഥാനത്തില്‍ വെളിച്ചം കാണാത്ത പേജുകള്‍ രൂപാന്തരപ്പെടുന്നു.
മെല്‍ബണിലെ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറി നേടുമോ എന്നതായിരുന്നു ഇതിനു തൊട്ടു മുമ്പുള്ള കാത്തിരിപ്പ്‌. മെല്‍ബണിലെ പരാജയം സിഡ്‌നിയിലും പെര്‍ത്തിലും ആവര്‍ത്തിച്ചു.
ഓസ്‌ട്രേലിയന്‍ താരം മൈക്ക്‌ ഹസി പറഞ്ഞത്‌ സച്ചിനെ നൂറാം സെഞ്ച്വറി എന്ന നേട്ടത്തിലെത്താതെ നോക്കാന്‍ ഒസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കായി എന്നാണ്‌. അക്ഷരാര്‍ത്ഥത്തില്‍ അത്‌ പ്രതിഫലിക്കുന്നതായിരുന്നു ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ പ്രകടനം. ലോകം മുഴുവന്‍ സിഡ്‌നിയിലെ ഗ്രൗണ്ടില്‍ കണ്ണു നട്ടിരുന്നത്‌ ടെന്‍ഡുല്‍ക്കറിലേയ്‌ക്കായിരുന്നു. ഓരോ ബോളും ആ ബാറ്റ്‌സ്‌മാനെ തേടിയെത്തുമ്പോള്‍ പ്രതീക്ഷകളും ജല്‍പ്പനങ്ങളും ഉടഞ്ഞു വീണു. സച്ചിന്റെ ബാറ്റ്‌ ആകാശത്തേയ്‌ക്കുയര്‍ന്നാല്‍ ഏത്‌ തരത്തില്‍ ആഘോഷിക്കണം എന്നതില്‍ ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളില്‍ പോലും വ്യക്തമായ തീരുമാനങ്ങളുണ്ടായിരുന്നു. ഫ്‌ലക്‌സ്‌ ബോര്‍ഡുകളടിക്കാനും പ്രകടനം നടത്താനും തീരുമാനിച്ചുറപ്പിച്ചായിരുന്നു ക്രിക്കറ്റ്‌ പ്രേമികള്‍ സിഡ്‌നിയിലേയ്‌ക്ക്‌ കണ്ണു നട്ടിരുന്നത്‌. വീഥികളിലൂടെ തങ്ങളുടെ ഇഷ്ടതാരത്തിന്‌ ജയ്‌ വിളി നടത്തുന്നത്‌ സ്വപ്‌നം കണ്ടായിരുന്നത്രേ പലരും തലേദിവസം ഉറങ്ങിയത്‌ തന്നെ. എന്നാല്‍ സിഡ്‌നിയില്‍ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ വളരെ കുറഞ്ഞ സമയത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നേട്ടത്തിന്റെ പടിവാതില്‍ക്കലെത്തി കലമുടച്ചപ്പോള്‍ വിമര്‍ശകര്‍ക്ക്‌ വാ നിറയെ പറയാനുള്ള അവസരവും മുന്നിലെത്തി. അവരതിനെ നന്നായി മുതലെടുക്കുകയും ചെയ്‌തു. ആഘോഷങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ്‌ സച്ചിന്റെ നൂറ്‌ മാര്‍ക്കിനായി വാതുവെയ്‌പ്പുകാര്‍ തുടരുന്ന പ്രക്രിയ 200 കോടി കവിഞ്ഞുവെന്നതോര്‍ത്തത്‌.
എന്തായാലും സിഡ്‌നിയില്‍ സച്ചിന്‍ സെഞ്ച്വറി നേടിയില്ലെന്നു മാത്രമല്ല ഓസീസ്‌ പടയോട്‌ ഇന്ത്യന്‍ ടീം അടിയറവ്‌ പറയാന്‍ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 191 റണ്‍സിന്‌ പുറത്ത്‌. 59.3 ഓവറില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങ്‌ നിരയുടെ തകര്‍ന്ന്‌ തരിപ്പണമായി. ജെയിംസ്‌ പാറ്റിന്‍സണും പീറ്റര്‍സിഡിലും ഹില്‍ഫന്‍ഡോസും ചേര്‍ന്ന്‌ ഇന്ത്യയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നെടുവീര്‍പ്പ്‌ ഉച്ചത്തിലായി. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടക്കം കുറിച്ചത്‌. അപ്പോഴും കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍ത്തന്നെ എന്നപോലെ ആരാധകര്‍ ലിറ്റില്‍ മാസ്‌റ്ററിലേയ്‌ക്ക്‌ കണ്ണും നട്ടിരുന്നു. അവസാനം സച്ചിന്‍ വെറും 41 റണ്‍സില്‍ പുറത്തായി. ആകെ 191ന്‌ ഇന്ത്യ പുറത്തായെന്നു പറയുമ്പോള്‍ ടീമിന്റെ വിജയത്തിനപ്പുറത്തേയ്‌ക്ക്‌ സച്ചിന്റെ സെഞ്ച്വറിയില്‍ മാത്രം എല്ലാം ഒതുങ്ങി നില്‍ക്കുന്നു എന്നു തന്നെ പറയേണ്ടി വരുന്നു.സിഡ്‌നിയിലെ അവസാന മത്സരത്തില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക്‌ അല്‍പ്പം കൂടി ആയുസ്‌ നല്‍കി ടെന്‍ഡുല്‍ക്കര്‍ 80 റണ്‍സിനും പുറത്തായി.
ഇംഗ്ലണ്ടിലും മെല്‍ബണിലും ഇന്ത്യക്ക്‌ നേരിടേണ്ടിവന്ന തോല്‍വിയില്‍ നിന്ന്‌ മുഖം രക്ഷിക്കുകയായിരുന്നു സിഡ്‌നിയിലെത്തുമ്പോള്‍ വേണ്ടിയിരുന്നത്‌. അങ്ങനെ വന്നാല്‍ റെക്കോര്‍ഡുകള്‍ക്കപ്പുറമുള്ള ചരിത്രനേട്ടമെന്നെങ്കിലും പറയാമായിരുന്നു. ഒന്നുമല്ലെങ്കിലും സിഡ്‌നിയിലെ നൂറാം പരമ്പര ഇന്ത്യയ്‌ക്കെന്ന്‌ മാധ്യമങ്ങള്‍ക്ക്‌ തലക്കെട്ടെങ്കിലും കൊടുക്കാമായിരുന്നു.
മെല്‍ബണില്‍ നല്ല തുടക്കമായിരുന്നു സച്ചിന്റേത്‌. എന്നാല്‍ അന്നും ആരാധകരെ സച്ചിന്‍ നിരാശപ്പെടുത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30000 റണ്‍സ്‌ നേടിയ സച്ചിന്‌ സമ്മര്‍ദ്ദമാണ്‌ ഈ നേട്ടത്തിന്‌ വിഘാതം. ഇത്രയധികം മത്സരങ്ങള്‍ മാന്യമായി കളിച്ചു നേടിയ പ്രതിഭയ്‌ക്ക്‌ അത്തരമൊരു സമ്മര്‍ദ്ദം ഉണ്ടാവുമെന്ന്‌ പറയുന്നതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കലില്ലേ എന്ന്‌ തോന്നായ്‌കയില്ല. എന്നാല്‍ അമിതമായ സമ്മര്‍ദ്ദമാണ്‌ സച്ചിന്റെ യഥാര്‍ത്ഥപ്രശ്‌നമെന്ന്‌ പറയുന്നവരും എത്രയും വേഗം സച്ചിന്‍ ഈ നേട്ടത്തിന്റെ ഉടമയാകുമെന്നുതന്നെ ഉറപ്പിച്ചും പറയുന്നു. ആരാധകര്‍ ഒട്ടും നിരാശരാകേണ്ട കാര്യമില്ലെന്നതിനാലാകണം താന്‍ റെക്കോര്‍ഡുകള്‍ക്കു പിന്നാലെയല്ലെന്ന്‌ സച്ചിന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്‌. സച്ചിനെ വിമര്‍ശിക്കുകയല്ല എന്റെ ലക്ഷ്യം. സച്ചിന്റെ റെക്കോര്‍ഡുകള്‍ ആഘോഷിച്ചു തീര്‍ക്കാന്‍ വെമ്പല്‍ കാണിക്കുന്നവര്‍ ടീമിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ സച്ചിന്റെ സെഞ്ച്വറി എത്രമാത്രം ഗുണം ചെയ്യുന്നു എന്ന്‌ പരിശോധിക്കുന്നില്ല.
ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ 20 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 20 എണ്ണം സമനിലയിലാണ്‌ കലാശിച്ചത്‌. 11 എണ്ണം തോറ്റു. തോല്‍വിയുടെ എണ്ണം കുറവാണെങ്കിലും സമനിലയില്‍ കളിയെത്തുന്നതുകൊണ്ട്‌ തന്നെ സച്ചിന്‍ ഒരു മാച്ച്‌ വിന്നറല്ല എന്ന വിമര്‍ശക വാദം തള്ളിക്കളയാനാവില്ല. കഴിഞ്ഞ വര്‍ഷം ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ 91 റണ്‍സെടുത്ത്‌ സച്ചിന്‍ പുറത്തായി. അതോടെ 90ന്‌ മുകളില്‍ റണ്‍സെടുത്ത്‌ പുറത്താകുന്നത്‌ ഒമ്പതാം തവണയാണ്‌. പിന്നെ മിഴിനട്ട്‌ കാത്തിരുന്നത്‌ ഇഗ്ലണ്ട്‌ പര്യടനത്തിലേയ്‌ക്കാണ്‌. അവിടെയും നിരാശ. അപ്പോള്‍പ്പിന്നെ നൂറാം സെഞ്ച്വറിക്ക്‌ മാധ്യമങ്ങളും ആരാധകരും ഇത്രയധികം ബഹളം കൂട്ടുന്നതെന്തിനെന്ന്‌ ചോദിക്കാതെ വയ്യ.
നാഗ്‌പൂരില്‍ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 111 റണ്‍സടിച്ച്‌ സച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 99 ാം സെഞ്ച്വറി എന്ന നേട്ടത്തിനുടമയായി. അന്ന്‌ മുതല്‍ ആരാധകര്‍ സ്വപ്‌നം കണ്ടു തുടങ്ങി. 100 എന്ന മാന്ത്രിക നമ്പറിനായി. അതിന്‌ പിന്നാലെ നാല്‌ ഏകദിനങ്ങളും ആറ്‌്‌ ടെസ്റ്റുകളും സച്ചിന്‍ കണ്ടു. ഒന്നില്‍പ്പോലും സച്ചിന്‌ ആരാധകരെ തൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന ടെസ്‌റ്റില്‍ എല്ലാവര്‍ക്കും പ്രതീക്ഷ തന്നുവെങ്കിലും 91 റണ്‍സിന്‌ ക്രീസിനോട്‌ വിടപറഞ്ഞു. പിന്നീട്‌ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ രണ്ടാമിന്നിങ്ങില്‍ 76 റണ്‍സിന്‌ സച്ചിന്‍ മടങ്ങിയപ്പോള്‍ ആരാധകരുടെ മനസ്‌ വീണ്ടും ഇടിഞ്ഞു.

ഇത്തവണ മെല്‍ബണ്‍ ടെസ്റ്റിനേക്കാളും മാധ്യമങ്ങളുടെ പ്രതീക്ഷ സിഡ്‌നിയിലായിരുന്നു. അതിനു കാരണങ്ങള്‍ ഒരുപാടുണ്ട്‌. സിഡ്‌നി സ്റ്റേഡിയം സച്ചിന്‌ നേട്ടങ്ങള്‍ ഒരുപാട്‌ നേടിക്കൊടുത്തിട്ടുണ്ട്‌. അപ്പോള്‍ പ്രതീക്ഷ വെയ്‌ക്കുന്നതില്‍ തെറ്റുണ്ടെന്നും പറയാനാവില്ല. വിമര്‍ശകര്‍ ടെലിവിഷനില്‍ മുഖം കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ മുഖം മിനുക്കിയിരിക്കുമ്പോള്‍ സച്ചിന്റെ നേട്ടം വന്നാല്‍ ഏതൊക്കെ തരത്തില്‍ വിവരണം നല്‍കണം എന്ന്‌ വിശകലനം നടത്തുന്നവര്‍ എതിര്‍ചേരിയിലും ഉണ്ട്‌.
?സച്ചിന്‍-ദ്രാവിഡ്‌-ലക്‌്‌ഷമണന്‍ ബാറ്റിങ്ങ്‌ ത്രയത്തിന്റെ പരചയസമ്പത്തും വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ടും ഇന്ത്യയ്‌ക്ക്‌ ഭദ്രമായ സ്‌കോര്‍ സമ്മാനിക്കുമെങ്കില്‍ വിജയം നിഷ്‌പ്രയാസം കൈപ്പിടിയിലൊതുക്കാന്‍ കഴിയും എന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തലുകള്‍...?തുടങ്ങി വിവിധ തരത്തില്‍ കളിയുടെ വിജയസാധ്യതയെ മാധ്യമങ്ങള്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. സച്ചിനും സിഡ്‌നിയും പ്രണയത്തിലാണെന്നുവരെ മാധ്യമങ്ങള്‍ തലക്കെട്ട്‌ നല്‍കി. അവസാനം ഇന്ത്യയുടെയും സച്ചിന്റെയും നഷ്‌ടത്തേയും ആഘോഷിക്കാന്‍ അവര്‍ മറന്നില്ല. പ്രശസ്‌തര്‍ വിളിച്ചു നിര്‍ദ്ദേശിച്ച തലക്കെട്ട്‌ എന്ന പേരിലാണ്‌ മാധ്യമങ്ങള്‍ തോല്‍വിയേയും അവതരിപ്പിച്ചത്‌.
സിഡ്‌നിയില്‍ ഇന്ത്യയും സച്ചിനും മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്ര ഉയരത്തിലെത്താത്തതിനാലാവാം തോല്‍വിയെ മാധ്യമങ്ങള്‍ ശരിക്ക്‌ ആഘോഷിച്ചു. ടെസ്റ്റ്‌ തീര്‍ന്നപ്പോള്‍ സച്ചിന്‍, ദ്രാവിഡ്‌, ലക്ഷമണന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമില്ലാത്തവരാണെന്ന സ്റ്റോറി പ്രത്യക്ഷപ്പെട്ടു. ത്രീമൂര്‍ത്തികളെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന്‌ മാറ്റിനിര്‍ത്തേണ്ടയെന്ന്‌ മാധ്യമങ്ങള്‍ ചോദിച്ചു. ആരോടാണ്‌ ആ ചോദ്യമെന്നും മനസിലായില്ല. പ്രേക്ഷകരോടോ ക്രിക്കറ്റ്‌ ആരാധകരോടോ അതോ തങ്ങളോടു തന്നെയോ. ഇവര്‍ ഒരുമിച്ച്‌ നിന്നാല്‍ ഓസീസ്‌ പടയെ പിടിച്ചു കെട്ടാമെന്നു പറഞ്ഞ അതേ സ്ഥലത്ത്‌ അഞ്ച്‌ കോളം വാര്‍ത്ത ഇത്തരത്തില്‍ കൊടുത്തപ്പോള്‍ വായനക്കാര്‍ മൂക്കത്ത്‌ വിരല്‍വെച്ചിരിക്കണം.
സിഡ്‌നിയില്‍ സച്ചിന്‍ സെഞ്ച്വറി നേടുമെന്ന്‌ ആരാധകര്‍ ഉറച്ച്‌ വിശ്വസിച്ചതിന്‌ കാരണം ഒന്നുകൂടി ഉണ്ടായിരുന്നു. കഴിഞ്ഞ നാല്‌ വര്‍ഷവും പുതുവര്‍ഷത്തെ ആദ്യ ഇന്നിങ്ങിസില്‍ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. 2003 ജനുവരി രണ്ടിന്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 154. ബംഗ്ലാദേശിനെതിരെ 2010 ല്‍ 105. 2011ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ കേപ്‌ടൗണില്‍ 146. 1989ല്‍ കരിയര്‍ തുടങ്ങിയതിനുശേഷം 23ാം പുതുവര്‍ഷമായിരുന്നു ഇത്തവണ. 1992,94,96,97,98,2002,2004 എന്നിവയാണ്‌ സെഞ്ച്വറിയോടെ തുടക്കമിട്ട മറ്റ്‌ വര്‍ഷങ്ങള്‍. ഈ പുതുവര്‍ഷം സെഞ്ച്വറി പ്രതീക്ഷിക്കുന്നതില്‍ പിന്നെ തെറ്റ്‌ പറയാനാവില്ലല്ലോ. പുതുവര്‍ഷസെഞ്ച്വറിയുടെ ഈ പുതിയ കണ്ടുപിടുത്തം നടത്തിയതും ?മാധ്യത്തലച്ചോര്‍?തന്നെ. വിശ്വാസം അതല്ലേ എല്ലാം!.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബാറ്റുയര്‍ത്തിപ്പിടിച്ച്‌ കണ്ണുകള്‍ മേലേയ്‌ക്കുയര്‍ത്തുന്ന ദിവാസ്വപ്‌നം കണ്ടിരിക്കുന്നവര്‍ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയിലൂടെ ഒന്ന്‌ കണ്ണോടിക്കുന്നത്‌ നന്നായിരിക്കും. വിദേശമണ്ണില്‍ ഇന്ത്യയുടെ ബാറ്റിങ്ങ്‌ നിര കടപുഴകി വീണുകൊണ്ടേയിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ രണ്ടിന്നിങ്‌സുകളിലും 300ല്‍ത്താഴെ സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയ ഇന്ത്യ സിഡ്‌നിയിലെത്തിയപ്പോള്‍ 191റണ്‍സിന്‌ പുറത്തായി. 2010 ഡിസംബറിന്‌ ശേഷം നടന്ന 12 ടെസ്റ്റുകളില്‍ 16-ാം തവണയാണ്‌ ഇന്ത്യ 300 റണ്‍സിന്‌ താഴെ പുറത്താകുന്നത്‌. ഇംഗ്ലണ്ടില്‍ കളിച്ച ഒരേയൊരു ഇന്നിങ്‌സിലാണ്‌ ഇന്ത്യ 300 കടന്നതും. ഇക്കാലയളവില്‍ ഇന്ത്യയുടെ വിദേശത്തെ ഒന്നാമിന്നിങ്‌സ്‌ ശരാശരി 27.29 റണ്‍സ്‌ മാത്രമാണ്‌. മറ്റെല്ലാ ടെസ്റ്റ്‌ രാജ്യങ്ങളേക്കാളും താഴെയാണ്‌ ഇന്ത്യ. സിഡ്‌നിയിലാണെങ്കില്‍ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ 191 റണ്‍സാണ്‌ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്നാമിന്നിങ്‌സ്‌ ടോട്ടല്‍.
പെര്‍ത്തില്‍ സിഡ്‌നിയിലെ കളിയുടെ തുടര്‍ച്ചയാണ്‌ സച്ചിനും ഇന്ത്യന്‍ ടീമും ഒക്കെ കാഴ്‌ച വെച്ചത്‌. പതിവ്‌ തകര്‍ച്ചയില്‍ത്തന്നെ ഇന്ത്യ തുടക്കം കുറിച്ചു. ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ 15 റണ്‍സിന്‌ റ്യാന്‍ ഹാരിസ്‌ പുറത്താക്കി. അതും ടീം സ്‌കോര്‍ 59ല്‍ എത്തി നിന്നപ്പോള്‍. തുടക്കം മുതല്‍ തകര്‍ന്ന ടീമിന്‌ അല്‍പ്പം ആശ്വാസം നല്‍കിയത്‌ വിരാട്‌ കൊഹ്‌ലിയും വി.വി.എസ്‌ ലഷ്‌മണും ഗൗതം ഗംഭീറും നടത്തിയ ചെറുത്തു നില്‍പ്പാണ്‌. ഇത്‌ ഒന്നാമിന്നിങ്‌സിന്റെ കഥയാണെങ്കില്‍ രണ്ടാമിന്നിങ്‌സ്‌ തുടര്‍ക്കഥയായി. സച്ചിന്‌ സ്‌കോര്‍ബോഡില്‍ ഒന്നും സംഭാവനയായി നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നായകന്‍ ഏറ്റവും കുറഞ്ഞ റണ്ണെടുത്തതിനാല്‍ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ വിലക്ക്‌ ലഭിച്ചത്‌ മാത്രം ബാക്കിയായി.
അപ്പോള്‍പ്പിന്നെ ടീമിന്റെ മുഴുവന്‍ വിജയത്തിനേക്കാളുപരി ഇനി ഇന്ത്യയുടെ മാനം രക്ഷിക്കുക എന്നതല്ലേ ചെയ്യേണ്ടത്‌. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിലെ ഇതിഹാസമാണെന്നുള്ളതിനെ ശക്തിയുക്തം എതിര്‍ക്കാനല്ല ശ്രമം. പകരം ആരാധകരും മാധ്യമങ്ങളും സച്ചിന്‍ എന്ന ഏകബിന്ദുവില്‍ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടോ എന്നതാണ്‌ ചോദ്യം. സച്ചിനെ വിമര്‍ശിക്കുകയെന്ന ഉദ്യമത്തിനപ്പുറം മാധ്യമങ്ങളും ആരാധകരും കണ്ണുതുറന്നുപിടിക്കേണ്ട സമയം അതിക്രമിച്ചില്ലേ? പുലി വരുന്നേ പുലി വരുന്നേ എന്ന പറഞ്ഞിട്ട്‌ അവസാനം പുലി വരുമ്പോഴുണ്ടാകുന്ന അവസ്ഥ മാധ്യമങ്ങള്‍ക്കുണ്ടാകാതിരിക്കട്ടെ എന്ന്‌ ആശിക്കുകയേ തരമുള്ളു. ചുരുക്കത്തില്‍ സച്ചിന്റെ നൂറാം സെഞ്ച്വറി മാധ്യമങ്ങള്‍ക്ക്‌ മാത്രമുള്ള തലവേദനയാണ്‌. ആരാധകര്‍ സച്ചിന്‍ സെഞ്ച്വറി നേടിക്കഴിഞ്ഞിട്ടേ പടക്കം പൊട്ടിക്കുകയുള്ളു. അതിനുമുമ്പ്‌ അത്തരത്തിലൊരു ശ്രമം ഉണ്ടാകില്ല. പെര്‍ത്തിലെ ഇന്ത്യയുടെ `അസാമാന്യമായ' പ്രകടനത്തിന്‌ ശേഷം ജനുവരി 24ന്‌ അഡ്‌ലെയ്‌ഡിലാണ്‌ അടുത്ത മത്സരം. അവിടെ തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ നാണക്കേടിന്റെ റെക്കോര്‍ഡിന്‌ ഉടമയാകും. അഡ്‌ലെയ്‌ഡില്‍ നാണക്കേടില്‍ നിന്ന്‌ രക്ഷപ്പെടുക എന്നത്‌ തന്നെയാണ്‌ ഇന്ത്യന്‍ ടീമിന്‌ അനിവാര്യം.
എങ്കിലും ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍, ആഘോഷങ്ങള്‍ എന്തുതന്നെയായാലും ക്രിക്കറ്റ്‌ മാന്ത്രികന്റെ കണ്ണും ബാറ്റും ആകാശത്തേയ്‌ക്ക്‌ ഉയരുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങളും ആരാധകരും കാത്തിരിക്കുന്നു.


1.കെ.എം.നരേന്ദ്രന്‍
ഇന്നലെ എഴുതി വെച്ചതിന്റെ ബാക്കി എഴുതാതെ മാധ്യമങ്ങള്‍ക്ക്‌ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്നു. സുനില്‍ ഗവാസ്‌കര്‍ നേരിട്ടത്രയും കടുത്ത ബൗളിങ്ങ്‌ നിരയെ സച്ചിന്‍ നേരിട്ടിട്ടും ഇല്ല. അങ്ങനെയെങ്കില്‍ സച്ചിന്‌ ഇത്രയധികം റണ്‍സുകള്‍ നേടാനും കഴിയില്ലായിരുന്നു. സ്‌ട്രോങ്ങ്‌ ടീമും വീക്ക്‌ ടീമും ടെസ്റ്റിലെത്തിയതിനാലാണ്‌ സച്ചിന്‌ ഇത്രയധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളത്‌. സച്ചിനെക്കാളുപരി മാധ്യമങ്ങള്‍ തന്നെയാണ്‌ നൂറാം സെഞ്ച്വറിയെന്ന്‌ മുറവിളികൂട്ടുന്നത്‌.

2. വി. രാജഗോപാല്‍
ഫുട്‌ബോളില്‍ ഹാട്രിക്‌ നേടുന്നതുപോലെ ടീമിന്റെ വിജയത്തിനപ്പുറത്തേയ്‌ക്ക്‌ ഒരു വ്യക്തിയുടെ നേട്ടമെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ശരിയല്ല. വോളിബോള്‍, ഫുടോബോള്‍ തുടങ്ങിയ ജനകീയ കളികളെ മറികടന്നുകൊണ്ട്‌ ഇത്തരമൊരു നേട്ടത്തിന്‌ അമിതമായ പ്രാധാന്യവും കാത്തിരിപ്പും നടത്തുന്നത്‌ ശരിയല്ല. അന്താരാഷ്‌ട്രക്രിക്കറ്റില്‍ ഉന്നതമായ പല വിജയങ്ങളും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. മാധ്യമങ്ങള്‍ സച്ചിന്റെ നൂറാം സെഞ്ച്വറിക്ക്‌ നല്‍കുന്ന അമിത പ്രാധാന്യ തീര്‍ത്തും സ്‌പോര്‍ട്‌സ്‌ വിരുദ്ധനിലപാടാണ്‌. ഇത്തരത്തിലുള്ള പ്രവണതകളോട്‌ തീര്‍ത്തും വിയോജിപ്പാണുള്ളത്‌.


3. കെ.വിശ്വനാഥ്‌-സച്ചിന്‍ സോഷ്യല്‍ ഐക്കണ്‍ ആയി മാറി. രണ്ട്‌ ദശകത്തോളെ കളിച്ചയാള്‍ക്ക്‌ സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത്‌ അതിജീവിക്കേണ്ട സമയമായി. മാധ്യമങ്ങള്‍ സച്ചിന്റെ സെഞ്ച്വറിക്ക്‌ നല്‍കുന്ന പ്രാധാന്യം മാധ്യമപ്രവര്‍ത്തകനെന്ന രീതിയില്‍ കാണുമ്പോള്‍ തെറ്റാണെന്ന്‌ തോന്നുന്നില്ല. എന്നാല്‍ മറ്റ്‌ രംഗങ്ങളില്‍ ഹീറോ ഇല്ലാത്ത സമയത്ത്‌ മാധ്യമങ്ങളുടെ പരിമിതികളില്‍ ഉള്‍പ്പെടുന്ന വിഷയമാണ്‌ സച്ചിന്‍. കോഴ വിവാദത്തില്‍ പെട്ടുപോയ ഇന്ത്യന്‍ ടീമിനെ കരകയറ്റിയത്‌ സച്ചിനാണ്‌. 

2012 ജനു 23

അദ്വിതീയനായ വാഗ്മി


അഴീക്കോട്‌ മാഷിന്റെ മരണം ഒരു ആഘാതം എന്നു പറയാന്‍ വയ്യ. കാരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ മാഷ്‌ യാത്രയായി എന്ന്‌ മാധ്യമപ്രതിനിധികള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. കാലം മായ്‌ക്കാത്ത വാക്കുകളുടെ അധിപനായ്‌ ആകാശത്തിലെ വെള്ളിനക്ഷത്രമായ്‌ മാഷ്‌ ഓര്‍മയാകുമ്പോള്‍ മനസ്‌ തെല്ലിടയാതെ നില്‍ക്കില്ലെന്നുറപ്പായിരുന്നു. എന്നെ എന്നും അതിശയിപ്പിരുന്നത്‌ മാഷും അമ്മയും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു. കാരണം വാക്കുകള്‍ കൊണ്ട്‌ മായാവിദ്യകള്‍ കാണിക്കുന്ന മാഷ്‌ അമ്മയുടെ അടുത്ത്‌ വളരെ കുറച്ച്‌ മാത്രമാണ്‌ സംസാരിച്ചിരുന്നത്‌. മാഷ്‌ തന്നെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. താന്‍ മരിക്കുമ്പോള്‍ മകനൊപ്പമുണ്ടാകുമോ എന്ന വിഹ്വലതെ പൂര്‍ണമായും ഉള്‍ക്കൊണ്ട മകനായിരുന്നു അദ്ദേഹം. അമ്മയുടെ ഹൃയസ്‌പന്ദനം അറിഞ്ഞോ അറിയാതെയോ തൊട്ടറിഞ്ഞപോലെ അമ്മയെ മകന്റെ സാന്നിധ്യത്തില്‍ യാത്രയാക്കിയപ്പോള്‍ അവസാനിച്ചത്‌ വെറും വിഹ്വലതമാത്രമായി. യുധിഷ്‌ഠിരന്‍ കുന്തീദേവിയുടെ വാക്കുകളെ പിന്തുര്‍ന്നതുപോലെയായിരുന്നു അഴീക്കോട്‌ മാഷ്‌ അമ്മയുടെ ആഗ്രഹസാഫല്യം പൂര്‍ത്തീകരിച്ചപ്പോള്‍. മാഷേ, ആരൊക്കെ വിമര്‍ശിച്ചാലും വാക്‌ദേവതയുടെ കടാക്ഷം ഇത്രയധികം അങ്ങേയ്‌ക്ക്‌ കനിഞ്ഞു കിട്ടിയത്‌ അങ്ങയുടെ അമ്മയുടെ കറയില്ലാത്ത പ്രാര്‍ത്ഥനയുടെ ഫലം...മാഷിന്‌ ആദരാഞ്‌ജലികള്‍..... 

2012 ജനു 19

പതഞ്ഞു പൊന്തുന്ന തിരമാലകള്‍ അവളുടെ കണ്ണ് മൂടിക്കെട്ടി ..ഒന്നോര്‍ത്താല്‍ അതുപകാരമായി . ഇല്ലെങ്കില്‍ ചിലപ്പോള്‍ നനവുള്ള അവളുടെ കണ്ണുകള്‍ തുളുബിപ്പോകുമായിരുന്നു. തിരമാലകള്‍ മുട്ടിക്കൊണ്ട് പ്രണയ ജോഡികള്‍ നടക്കുന്നു ..അവന്‍ പതുക്കെ പറഞു. എനിയ്ക്കും അതുപോലെ നടക്കണം ..വട്ടീല് കൈ ചേര്‍ത്തുപിടിച്ചു ...അവള്‍ ആലോചിച്ചു ..അവനിപ്പോ അങ്ങനെ നടക്കുന്നുണ്ടാവണം ...കുഴിയാനകള്‍ അവള്‍ക്ക് മുന്നില്‍ കുഴികളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു .. ജീവിതം കുഴിച്ചു കുഴിച്ചു അവസാനം ഒന്നും കിട്ടാതെ വരുമ്പോള്‍ തനിച്ചാവുന്ന അവസ്ഥ അവ്നരിയുമോ ..ഒരിക്കല്‍ അവനോട് തന്നെ അത് ചോദിക്കണം. പക്ഷെ, എങ്ങനെ അതൊരു ചോദ്യമായിരുന്നില്ല ..നിസഹായത മാത്രമായിരുന്നു.....

2012 ജനു 15

mankavu

കോഴിക്കോട്‌:വര്‍ഷങ്ങള്‍ക്കുശേഷം വലിയ മാങ്കാവില്‍ അതിരാവിലെ ബസ്സിറങ്ങുന്ന ഒരാള്‍ക്ക്‌ താന്‍ ഉത്തരേന്ത്യയിലാണോ എത്തിപ്പെട്ടിരിക്കുന്നതെന്നു തോന്നിപ്പോകും.മറ്റൊന്നും കൊണ്ടല്ല രാവിലെ 6.30 മുതല്‍ വലിയ മാങ്കാവ്‌ അങ്ങാടിമുഴുവന്‍ ഉത്തരേന്ത്യയില്‍ നിന്ന്‌ ജോലിതേടിയെത്തുന്നവരെകൊണ്ടുനിറയും.അഞ്ചും പത്തുമല്ല അവരുടെ എണ്ണം നിലവില്‍ 200 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ്‌ രാവിലെ തൊഴിലിനായി വലിയ മാങ്കാവ്‌ കേന്ദ്രീകരിച്ചെത്തുന്നത്‌.
ബംഗാള്‍, ഒറീസ്സ, ബീഹാര്‍,ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരില്‍ ഭൂരിപക്ഷവും.കെട്ടിട നിര്‍മ്മാണ രംഗത്താണ്‌ ഇവരില്‍ അധികംപേരും ജോലിചെയ്യുന്നത്‌.രാവിലെ അറുമണിയോടെതന്നെ ഒരുക്കങ്ങളെല്ലാം കവിഞ്ഞ്‌ ഇവര്‍ വലിയ മാങ്കാവ്‌ അങ്ങാടിയിലെ പീടിക തിണ്ണയില്‍ വന്നിരിക്കും.ഏഴുമണിയോടെതന്നെ വിവിധ ജോലികള്‍ക്കായി ഇവരെത്തേടി ആളുകളെത്തും.പിന്നെ കൂലി പറഞ്ഞുതീരുമാനിച്ച്‌ ജോലിക്കു പുറപ്പെടും.കോഴിക്കോട്‌ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലകളിലേക്കും ഇവിടെനിന്ന്‌ ജോലിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നു.
മാങ്കാവിലും സമീപപ്രദേശങ്ങളിലുമാണ്‌ ഇവര്‍ താമസിക്കുന്നത്‌.മലയാളികളെപോലെ വിപുലമായ സൗകര്യത്തോടുകൂടിയുള്ള താമസസ്ഥലമൊന്നും ഇവര്‍ക്കാവശ്യമില്ല.പീടികയുടേയും മറ്റുസ്ഥാപനങ്ങളോടും ചേര്‍ന്നുള്ള കുടുസ്സുമുറികളിലാണ്‌ ഇവര്‍ താമസിക്കുന്നത്‌ .ആഹാര സാധനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണം ചിലവാക്കാനും ഇവര്‍ ഒരുക്കമില്ല.പച്ചരിയും ഉരുളകിഴങ്ങും ഉള്ളിയും കൂടുതലായി ഉപയോഗിക്കുന്ന കറികളാണ്‌ ഇവരുടെ ഇഷ്‌ടഭക്ഷണം.
കേരളത്തില്‍ ലഭിക്കുന്ന മികച്ച കൂലിയാണ്‌ ഇവരെ ഇവിടേക്കാകര്‍ഷിക്കുന്നത്‌.നാട്ടില്‍ 100 രൂപയില്‍ താഴെ മാത്രം കൂലി ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇവര്‍ക്ക്‌ 300 രൂപയാണ്‌ കൂലി ലഭിക്കുന്നത്‌. മാത്രമല്ല നാട്ടിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ 12 മണിക്കൂര്‍ ജോലിയൊന്നും ഇവിടെയില്ല 8,9 മണിക്കൂര്‍ വരെമാത്രമേ ജോലിയുണ്ടാവുകയുള്ളു.അഞ്ചും ആറും മാസങ്ങള്‍ കൂടുമ്പോഴാണ്‌ ഇവര്‍ നാട്ടിലേക്ക്‌ പോകുന്നത്‌.മാസങ്ങളായി സമ്പാദിച്ചുവെച്ച തുകയും വീട്ടിലേക്കായി ഇവര്‍ കരുതും.
നാട്ടില്‍ 12 മണിക്കൂറിലധികം കഷ്‌ടപ്പെട്ടാല്‍ കേരളത്തില്‍ ലഭിക്കുന്നതിന്റെ പകുതി കൂലിപോലും ഞങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല.ഇപ്പോള്‍ മാസത്തില്‍ വലിയ തുകയുമായി നാട്ടിലെത്തുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞങ്ങളോട്‌ വലിയ ബഹുമാനമാണ്‌.ഞങ്ങള്‍ ഏറെ സന്തുഷ്‌ടരാണെന്നും ഇവര്‍ പറയുന്നു.
അവധിയെടുത്ത്‌ നാട്ടില്‍ പോകുന്ന ഇവരില്‍ പലരും അവരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേരളത്തിലേക്ക്‌ ജോലികള്‍ക്കായി കൊണ്ടുവരും.കേരളത്തിലെ ജനങ്ങള്‍ മാന്യമായാണ്‌ പെരുമാറുന്നത്‌ നാട്ടിലേതിനേക്കാള്‍ ജീവിതസൗകര്യം കൂടുതല്‍ കേരളത്തിലാണെന്നും ഇവര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നല്ല അധ്വാനികളാണെന്നും ഏല്‍പ്പിച്ച ജോലി ഇവര്‍ കൃത്യമായി ചെയ്യുമെന്നും കേരളത്തിലെ കോണ്‍ട്രാക്‌റ്റര്‍മാരും മേസ്‌തരിമാരും സമ്മതിക്കുന്നു 

mankavu


കോഴിക്കോട്‌:വര്‍ഷങ്ങള്‍ക്കുശേഷം വലിയ മാങ്കാവില്‍ അതിരാവിലെ ബസ്സിറങ്ങുന്ന ഒരാള്‍ക്ക്‌ താന്‍ ഉത്തരേന്ത്യയിലാണോ എത്തിപ്പെട്ടിരിക്കുന്നതെന്നു തോന്നിപ്പോകും.മറ്റൊന്നും കൊണ്ടല്ല രാവിലെ 6.30 മുതല്‍ വലിയ മാങ്കാവ്‌ അങ്ങാടിമുഴുവന്‍ ഉത്തരേന്ത്യയില്‍ നിന്ന്‌ ജോലിതേടിയെത്തുന്നവരെകൊണ്ടുനിറയും.അഞ്ചും പത്തുമല്ല അവരുടെ എണ്ണം നിലവില്‍ 200 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ്‌ രാവിലെ തൊഴിലിനായി വലിയ മാങ്കാവ്‌ കേന്ദ്രീകരിച്ചെത്തുന്നത്‌.
ബംഗാള്‍, ഒറീസ്സ, ബീഹാര്‍,ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരില്‍ ഭൂരിപക്ഷവും.കെട്ടിട നിര്‍മ്മാണ രംഗത്താണ്‌ ഇവരില്‍ അധികംപേരും ജോലിചെയ്യുന്നത്‌.രാവിലെ അറുമണിയോടെതന്നെ ഒരുക്കങ്ങളെല്ലാം കവിഞ്ഞ്‌ ഇവര്‍ വലിയ മാങ്കാവ്‌ അങ്ങാടിയിലെ പീടിക തിണ്ണയില്‍ വന്നിരിക്കും.ഏഴുമണിയോടെതന്നെ വിവിധ ജോലികള്‍ക്കായി ഇവരെത്തേടി ആളുകളെത്തും.പിന്നെ കൂലി പറഞ്ഞുതീരുമാനിച്ച്‌ ജോലിക്കു പുറപ്പെടും.കോഴിക്കോട്‌ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലകളിലേക്കും ഇവിടെനിന്ന്‌ ജോലിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നു.
മാങ്കാവിലും സമീപപ്രദേശങ്ങളിലുമാണ്‌ ഇവര്‍ താമസിക്കുന്നത്‌.മലയാളികളെപോലെ വിപുലമായ സൗകര്യത്തോടുകൂടിയുള്ള താമസസ്ഥലമൊന്നും ഇവര്‍ക്കാവശ്യമില്ല.പീടികയുടേയും മറ്റുസ്ഥാപനങ്ങളോടും ചേര്‍ന്നുള്ള കുടുസ്സുമുറികളിലാണ്‌ ഇവര്‍ താമസിക്കുന്നത്‌ .ആഹാര സാധനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണം ചിലവാക്കാനും ഇവര്‍ ഒരുക്കമില്ല.പച്ചരിയും ഉരുളകിഴങ്ങും ഉള്ളിയും കൂടുതലായി ഉപയോഗിക്കുന്ന കറികളാണ്‌ ഇവരുടെ ഇഷ്‌ടഭക്ഷണം.
കേരളത്തില്‍ ലഭിക്കുന്ന മികച്ച കൂലിയാണ്‌ ഇവരെ ഇവിടേക്കാകര്‍ഷിക്കുന്നത്‌.നാട്ടില്‍ 100 രൂപയില്‍ താഴെ മാത്രം കൂലി ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇവര്‍ക്ക്‌ 300 രൂപയാണ്‌ കൂലി ലഭിക്കുന്നത്‌. മാത്രമല്ല നാട്ടിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ 12 മണിക്കൂര്‍ ജോലിയൊന്നും ഇവിടെയില്ല 8,9 മണിക്കൂര്‍ വരെമാത്രമേ ജോലിയുണ്ടാവുകയുള്ളു.അഞ്ചും ആറും മാസങ്ങള്‍ കൂടുമ്പോഴാണ്‌ ഇവര്‍ നാട്ടിലേക്ക്‌ പോകുന്നത്‌.മാസങ്ങളായി സമ്പാദിച്ചുവെച്ച തുകയും വീട്ടിലേക്കായി ഇവര്‍ കരുതും.
നാട്ടില്‍ 12 മണിക്കൂറിലധികം കഷ്‌ടപ്പെട്ടാല്‍ കേരളത്തില്‍ ലഭിക്കുന്നതിന്റെ പകുതി കൂലിപോലും ഞങ്ങള്‍ക്ക്‌ ലഭിക്കുന്നില്ല.ഇപ്പോള്‍ മാസത്തില്‍ വലിയ തുകയുമായി നാട്ടിലെത്തുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞങ്ങളോട്‌ വലിയ ബഹുമാനമാണ്‌.ഞങ്ങള്‍ ഏറെ സന്തുഷ്‌ടരാണെന്നും ഇവര്‍ പറയുന്നു.
അവധിയെടുത്ത്‌ നാട്ടില്‍ പോകുന്ന ഇവരില്‍ പലരും അവരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേരളത്തിലേക്ക്‌ ജോലികള്‍ക്കായി കൊണ്ടുവരും.കേരളത്തിലെ ജനങ്ങള്‍ മാന്യമായാണ്‌ പെരുമാറുന്നത്‌ നാട്ടിലേതിനേക്കാള്‍ ജീവിതസൗകര്യം കൂടുതല്‍ കേരളത്തിലാണെന്നും ഇവര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നല്ല അധ്വാനികളാണെന്നും ഏല്‍പ്പിച്ച ജോലി ഇവര്‍ കൃത്യമായി ചെയ്യുമെന്നും കേരളത്തിലെ കോണ്‍ട്രാക്‌റ്റര്‍മാരും മേസ്‌തരിമാരും സമ്മതിക്കുന്നു

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...