2016 ഡിസം 21

കോതറാണി ......................... ഭാഗം -2

അമ്മച്ചി കോതറാണിയെക്കുറിച്ച് പറഞ്ഞു തുടങ്ങി... പാറു അവളുടെ വയറിലേക്ക് മുഖം ചേര്‍ത്ത് വെച്ച് കളിക്കുന്നുണ്ട്. അവളുടെ ചേര്‍ത്ത് പിടിക്കല്‍ കണ്ടാല്‍ത്തന്നെ അറിയാം അവള്‍ വെറുമൊരു അമ്മയല്ലെന്ന് ... അമ്മച്ചി തുടര്‍ന്നു... "കോതറാണി രാജ്ഞിയായിരുന്നു. കറുത്ത രാജഞിമാരെ ആര്‍ക്കും അത്ര പരിചയമില്ല. ജാതി വെറിയുടെ കാലത്ത് പുലയ സമുദായത്തില്‍ നിന്നും ഒരു രാജ്ഞി...ആളുകള്‍ക്ക് അന്നും ഇന്നും അംഗീകരിക്കാന്‍ കഴിയില്ല. അവളുടെ ബുദ്ധിയും വികാരവും ഒക്കെ വ്യത്യസ്തമായിരുന്നു. കാണാന്‍ വല്ലാത്ത ആകര്‍ഷണമായിരുന്നു. കണ്ണുകളില്‍ നോക്കിയുള്ള വ്യക്തമായ സംസാര രീതി പുരുഷന്‍മാരെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു. അവളുടെ വാക്കുകള്‍ പരുക്കന്‍യാഥാര്‍ഥ്യങ്ങളായിരുന്നു. ശൃംഖാരം അവളില്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ല. വാക്കുകള്‍ കുപ്പിച്ചീളുപോലെ നീതിക്ക് വേണ്ടി നിലകൊണ്ടു. മാറ് മറക്കാത്ത ഉയര്‍ന്നു നിന്ന മുലകള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ നേര്‍കാഴ്ചയായിരുന്നു... പുലയര്‍ക്ക് ഒരു രാജവംശമോ? കേരള ചരിത്രത്തില്‍ അങ്ങനെയൊന്ന് മേലാളരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. ശത്രുക്കള്‍ അതുകൊണ്ട് തന്നെ ധാരാളമായിരുന്നു. കൊറ്റാമല എന്ന കുന്നിന്‍ മുകളിലായിരുന്നു കോതറാണി എന്ന പുലയ രാജ്ഞിയുടെ കൊട്ടാരം. പഴമക്കാര്‍ പൊറ്റാമലയെന്നും പറഞ്ഞിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായി വരും. കുന്നിന്റെ ഇരുഭാഗവും കീഴ്ക്കാംതൂക്കായ പ്രദേശമാണ്. കിഴക്ക് ഭാഗം ചെറിയ ചരിവുകളും അവിടവിടെ നിരന്ന സ്ഥലവുമാണ്. ഈ കുന്നിന്‍റെ നെറുകയില്‍ ആകാശത്തെ ചുംബിച്ച് ..പ്രണയിച്ച് ...കാമിച്ച് ആ കൊട്ടാരം ഇങ്ങനെ നില്‍ക്കുന്നത് കാണുന്പോള്‍ രാജ്ഞിയെന്താണെന്ന് ഊഹിക്കാം. ചുണ്ണാന്പു പോലെയുള്ള ബലമുള്ള ഒരിനം കട്ടകള്‍ കൊണ്ടാണ് കൊട്ടാരത്തിന്റെ പണി. മണലും ചുണ്ണാന്പും ചിലയിനം ഇലകളും കരിപ്പുകട്ടിയും ചേര്‍ത്ത് അരച്ചു ചേര്‍ത്ത മിശ്രിതം ചേര്‍ത്താണ് കട്ടകള്‍ നിര്‍മിച്ചതെന്നാണ് പറയുന്നത്. അമ്മച്ചി ഒന്ന് പറഞ്ഞു നിര്‍ത്തി. അവളുടെ കണ്ണുകളിലേക്ക് ഞാനൊന്നു നോക്കി. കഥ കേള്‍ക്കുന്ന മാനസികാവസ്ഥയൊന്നും അവളില്‍ കണ്ടില്ല. കണ്ണുകള്‍ ദൂരെയെവിടെയോ ഉറപ്പിച്ചാണിരിപ്പ്. കൈ അപ്പോഴും പാ റൂനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ അമ്മച്ചിയെന്താണ് ഈ പറ‍ഞ്ഞു വരുന്നേ. സാധാരണ അമ്മച്ചി കുടിയേറ്റ ക്രിസ്ത്യന്‍ കര്‍ഷകരുടെ വീറുറ്റ കഥകളാണ് പറയാറുള്ളത്. ഇത് അതില്‍ നിന്നും ഒക്കെ എത്രയോ വ്യത്യസ്തം. ഇങ്ങനെയൊരു കഥയുണ്ടോ ? കഥയുണ്ടെങ്കില്‍ തന്നെ അതെന്തിന് ഇവിടെ പറയണം? കോതറാണി എന്ന പേരല്ല അവളുടെ യഥാര്‍ഥ പ്രശ്നം. ചിന്തകള്‍ ഇങ്ങനെ എന്റെ മനസിലൂടെയും പാഞ്ഞു. പക്ഷേ, അമ്മച്ചിയോട് ബഹുമാനം തോന്നി. ഒരു സാധാരണ സ്ത്രീ ആണവര്‍. അവരുടെ ചിന്തകള്‍ വലിയ വിദ്യാഭ്യാസവും വിവരവും ഒക്കെയുണ്ടെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ള യുവതലമുറക്ക് പോലും ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. ഹൃദയം കൊണ്ടാണ് അമ്മച്ചി സംസാരിക്കുന്നത്. വെളുത്ത് കൊലുന്നനെയുള്ള അവരുടെ കൈകള്‍ അവളെ വെറുതെ സ്പര്‍ശിക്കുകയല്ല. മറിച്ച് ദൈവത്തിന്റെ എന്തോ ഒരംശം അതില്‍ ഉണ്ട്. അമ്മച്ചി തുടര്‍ന്നു... കോതറാണി അന്ന് അനുഭവിച്ച സവര്‍ണതയുടെ ഭീകരത വീണ്ടും നിന്നിലൂടെ ആവര്‍ത്തിക്കപ്പെട്ടു. സവര്‍ണത ആ വാക്കു കേട്ടപ്പോള്‍ അവളൊന്നു അമ്മച്ചിയെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണോ എന്ന് നോക്കിയ എനിക്ക് തെറ്റി. പകരം മറ്റെന്തൊക്കെയോ അവള്‍ പറയാതെ പറഞ്ഞു. കോതറാണി ആരെയും ചതിച്ചിട്ടില്ല. സത്യം നിലനില്‍ക്കാന്‍ വേണ്ടിയായിരുന്നു അവളുടെ പോരാട്ടം. ശരീരവും മനസും പൂര്‍ണമായും ഒരാള്‍ക്ക് സമര്‍പ്പിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയില്ല. മനുഷ്യനായ പലര്‍ക്കും കഴിയില്ല. എന്നാല്‍ സത്യത്തില്‍ നിലയുറപ്പിക്കുന്നവര്‍ക്ക് അതിന് കഴിയും. അങ്ങനെ അവള്‍ പറഞ്ഞോ. ഇല്ല... എനിക്ക് തോന്നിയതാ. അവളങ്ങനെ വാക്കുകള്‍ വിളിച്ചു കൂവിയില്ല. പകരം അമ്മച്ചിയോട് വളരെ പതിഞ്ഞ് ഇങ്ങനെ ചോദിച്ചു? പുരുഷന് മുന്നില്‍ സ്ത്രീ ശരീരം നല്‍കുന്നതെപ്പോഴാണ്? അയാളെ അവളെകാള്‍ വിശ്വാസത്തിലെടുക്കുന്പോള്‍. പ്രണയം കൊണ്ട് അവളുടെ ശരീരത്തെക്കാള്‍ മനസ് വിറക്കുന്പോള്‍...പ്രണയത്തില്‍ പുളയുന്പോള്‍..,കാമം അല്ല അത്. അങ്ങനെ രതി കഴിയുന്പോള്‍ അവള്‍ മറ്റൊരു തലത്തിലേക്ക് എത്തും. പിന്നീടുള്ള അവളുടെ യാത്രക്ക് ആ ഊര്‍ജമാണ്. എന്നാല്‍ നിന്റെ യോനി എന്താ കറുത്തുപോയെ എന്ന് കോതറാണി എന്ന പുലയ സ്ത്രീക്ക് കേള്‍ക്കേണ്ടി വരുന്പോ ആ പ്രണയത്തിനും കാമത്തിനും ഒക്കെ എന്ത് സംഭവിക്കും? അമ്മച്ചിയുടെ കണ്ണുകളില്‍ ഒരു മിന്നല്‍ കണ്ടു. അവളില്‍ വല്ലാത്തൊരു ഭാവം മിന്നി മറഞ്ഞു. അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി... "സവര്‍ണന്‍ അവര്‍ണന് മേല്‍ അടിച്ചേപ്പിച്ച പേരുകള്‍. പുലയന്‍, പറയന്‍, കുറവന്‍, പരവന്‍ ഇങ്ങനെ പോകും ഒരു ശൃംഖല. താഴ്ന്ന ജാതി അതാണെന്ന് പറഞ്ഞ് പഠിപ്പിച്ചു. ഉയര്‍ച്ചയും താഴ്ചയും ആരാണ് നിശ്ചയിക്കുന്നത്. കോതറാണി വിചാരിച്ചാല്‍ ഇതൊന്നും മാറ്റാന്‍ കഴിയില്ല... ശരി തന്നെ. പക്ഷേ കാലംമാറ്റിയ ചിലതുണ്ട്. പുലയന്റെ കൂടെ അന്തിയുറങ്ങാന്‍ അവളില്‍ ബീജം നിക്ഷേപിക്കാന്‍ ചിലരെങ്കിലും തയ്യാറായി. അതുകൊണ്ടെന്ത് പ്രയോജനം എന്നത് വേറെ വിഷയം. പക്ഷേ, ഞാനയാളെ നായരോ, ബ്രാഹ്മണനോ , മാരാരോ, പിള്ളയോ ഒന്നും ആയി കണ്ടില്ല. അതെന്റെ മനസ്. എന്നില്‍ അയാളുടെ ഓരോ രോമകൂപവും മനപ്പാഠമാണ്. അയാളിലെ വെളുപ്പും കറുപ്പും മഞ്ഞയും നീലയുമൊക്കെ...കണ്ണടച്ച് പറയാന്‍ കഴിയും. ഞാന്‍ പറയുന്നത് ശരീരം മാത്രമല്ല...മനസും... സ്ത്രീ..അല്ല അങ്ങനെയല്ല ഞാന്‍ അതിനെ ഇപ്പോ ഒന്ന് മാറി ചിന്തിക്കുന്നു...ഒരു പുലയ സ്ത്രീ... പേടിയായിരുന്നു...വിവാഹത്തോടുള്ള സമീപനം... ജാതി പുറത്തു പറയാന്‍ ഭയപ്പെട്ടു. കാരണം പുലയ സ്ത്രീയെ നിര്‍വചിക്കപ്പെട്ടത് കാലങ്ങള്‍ക്ക് മുന്നേ വിദ്യയുടെ, സ്വഭാവത്തിന്റെ, സത്യത്തിന്‍റെ ഭാഗത്ത് നിന്നല്ല. പകരം പുലയ എന്ന് മേലാളന്‍ അടിച്ചേല്‍പ്പിച്ച വാക്കിലായിരുന്നു. അവളുടെ ആത്മാഭിമാനവും അത്തരത്തില്‍ തന്നെ അളന്നു. അവളുടെ സത്യങ്ങള്‍ നുണകളായി. അവളുടെ മുലകള്‍ കറുത്തതായതുകൊണ്ട് വിവസ്ത്രയാക്കിയാലും പ്രശ്നമില്ല. അവളെ കറുപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ കറുപ്പാണ് വെളുപ്പിനേക്കാള്‍ വൃത്തികെട്ട നിറമെന്ന് അവളെ പറഞ്ഞ് പഠിപ്പിച്ചു. അവളില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്നേഹം പോലും കറുത്തതായിരുന്നു. കറുപ്പെന്ന നിറത്തോടുള്ള അവളുടെ ബഹുമാനത്തെ വെളുത്തവന്‍ കണ്ടില്ല... ചവിട്ടി മെതിക്കപ്പെട്ട് പുളഞ്ഞപ്പോള്‍ ഒരിക്കല്‍ അവള്‍ പ്രതികരിച്ചു. രൂക്ഷമായി തന്നെ.. അവളുടെ കണ്ണില്‍ നിന്നും നാവില്‍ നിന്നും പുറത്തേക്ക് തെറിച്ചത് അഗ്നിയായിരുന്നു... അതില്‍ ലോകം മുഴുവന്‍ എരിയാന്‍ പോന്ന പലതും ഉണ്ടായി..." പറഞ്ഞു നിര്‍ത്തിയപ്പോ അവളൊന്നു കിതച്ചു...വെള്ളം നല്‍കാന്‍ എനിക്കും തോന്നിയില്ല... ഒരു തരിപ്പായിരുന്നു മുടി മുതല്‍ അടി വരെ. .... തുടരും... കടപ്പാട്- വര: കന്നി എം ഗായത്രി

കോതറാണി

അധികം ആൾ താമസമില്ലാത്ത ചെറിയ ഫ്ലാറ്റാണ് അത്. മൂന്ന് ഭാഗത്തും മുഖങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഫ്ലാറ്റ്. ആരാണ് ആർക്കിടെക്ട് എന്നറീല്ല. പക്ഷേ, പുത്തൻ പരീക്ഷണങ്ങൾ നടത്താൻ അല്ലെങ്കിൽ ഓരോ നിമിഷവും പുതിയത് പഠിക്കാൻ ശ്രമിക്കുന്ന ഒരാളുടെ തലയിലെ ഐഡിയ. ഇതര സംസ്ഥാനക്കാരാണ് കൂടുതലും പേർ. 30 ശതമാനത്തോളം മലയാളികളുണ്ട്. കിഴക്കു ഭാഗത്ത് നിന്നാണ് അമർത്തിപ്പിടിച്ച കരച്ചിൽ കേട്ടത്. എന്തായിരിക്കും കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല. ഒന്നു കൂടി കാതോർത്തു. അതെ ഊഹം ശരിയാണ്. അവളുടെ ശബ്ദമാണ് കേൾക്കുന്നത്. ആ കുട്ടിയും കരയുന്നുണ്ട്. ഒപ്പം അയാളുടെ ശബ്ദവും . "ഒന്ന് ഒഴിഞ്ഞു പൊയ്ക്കൂടെ നിനക്ക്. നിന്നെ പൂട്ടാനുള്ള വക ഞാൻ കണ്ടു വെച്ചിട്ടുണ്ട്"". പിന്നെയും അയാളുടെ ആക്രോശം. "ഇല്ല"".. എന്നെ കൊന്നാലും ഞാൻ പോകില്ലെന്ന് അവളുടെ വേദനയിൽ നിറഞ്ഞ വാക്കുകൾ പുറത്തേക്ക് തെറിക്കുന്നു. ഓടിച്ചെന്ന് വാതിലിൽ മുട്ടിയാലോ എന്ന് വിചാരിച്ചതാണ്. പക്ഷേ, ഞാൻ ചെന്നാൽ ചിലപ്പോ അവളുടെ കാമുകനാണെന്ന് പറഞ്ഞ് വീണ്ടും തല്ലിച്ചതച്ചേക്കും. ഭാര്യയുടെ മുന്നിൽ ജയം മാത്രം വേണമെന്ന് ധരിക്കുന്ന പുരുഷനാണയാൾ . അങ്ങനെയാവണമെന്ന് ധരിക്കുന്നവരുടെ സ്ഥിരം ന്യായമാണത്. സ്ത്രീയുടെ ദൈന്യത മറ്റ് പുരുഷൻമാർക്ക് താങ്ങാനാവില്ലല്ലോ.എന്നാൽ സ്വന്തം ഭാര്യയുടെ ദൈന്യത കാണാനും പറ്റില്ല.... "അനന്തേട്ടാ എണീക്കുന്നുണ്ടോ" അനിയത്തി . പണ്ടാരം ഹോസ്റ്റലിന്ന് കെട്ടിയെടുക്കാൻ കണ്ട സമയം. ഉറങ്ങാൻ സമ്മതിക്കില്ല. "അതേ അപ്പുറത്തെ വീട്ടിൽ ഒരു വലിയ ശബ്ദം കേട്ടു . ഞാനടച്ചിട്ട ഡോർ തുറന്നു നോക്കുമ്പോ അയാൾ നിലത്ത് ബോധം കെട്ട് വീണ ചേച്ചിയെ വീണ്ടും പൊന്തിച്ച് അതേപടി നിലത്തേക്കിടുന്നു". സംഭവം വിവരിക്കുമ്പോ അവളെ കിടുകിടാ വിറക്കുന്നുണ്ട്. "സാരൂല്ല നീയെന്തിനാ മറ്റുള്ളവരുടെ വീട്ടിൽ പോയെ. അതെന്തേലും ആവട്ടെ. നീ ഏട്ടന്നൊരു കട്ടൻ ചായ താ" "എന്നാലും ഏട്ടാ ആ കുഞ്ഞുമോള് പാറു .അവളവിടെ തനിച്ചാ. അവള് കരയുന്നുണ്ട്" "നീ ചെല്ല് മോളെ അതെന്തേലും ആവട്ടെ" മനസില്ലാ മനസോടെ അവൾ അടുക്കളയിലേക്ക് പോയി. പാറൂന് 2 വയസ്. പാറൂന്ന് വെച്ചാ അവൾക്ക് ജീവനാ. ഇടക്ക് അനിയത്തിക്കൊപ്പം ഇവിടേക്ക് വന്നിട്ടുണ്ട് ആ കുഞ്ഞ്. കണ്ണുകളിൽ ഭയമാണ്. വീണ്ടും കാതോർത്തു . ഇല്ല ഇപ്പോൾ ശബ്ദം കേൾക്കുന്നില്ല. എന്നും കാണാറുണ്ട്. ധൃതിയിൽ ഇറങ്ങിയോടുന്ന അവളെ. എന്താാണാവോ ജോലി. രാവിലെ അഞ്ച് മണിക്ക് അടുക്കളയുടെ ഒരു ജനൽ തുറന്ന് കിടക്കുന്നത് കാണാം. ഒരു ദിവസം ജനൽപാളികൾക്കിടയിലൂടെ കണ്ടു. പാത്രങ്ങളോട് കലഹിക്കുന്ന അവളെ. കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്. ചുണ്ടുകൾ വിറക്കുന്നു. പിന്നീട് എന്നും ശ്രദ്ധിക്കാൻ തുടങ്ങി. എന്നും ഇങ്ങനെയാ അവൾടെ ദിനങ്ങളുടെ തുടക്കവും ഒടുക്കവും. രാത്രി ഒരു മണിയെങ്കിലും കഴിയാറുണ്ട് അയാൾ എത്താൻ. അതു വരെ പേടിച്ചിട്ടാവണം ഉച്ചത്തിൽ ലളിതാ സഹസ്രനാമം കേൾക്കാം. പാറൂം ഉറങ്ങണ വരെ ചൊല്ലും ശീമാതാ ശീമാതാ ന്ന്.... പ്രശ്നം എന്താണെന്നൊന്നും അറിയില്ല. പുറത്തു നിന്ന് കാണുമ്പോ അവൾ ഹാപ്പിയാ . അങ്ങനെ ആ ദിനവും കഴിഞ്ഞു . പിറ്റേന്ന് രാവിലെ ഞാൻ നോക്കി, ജനൽ പാളി തുറന്നു കിടക്കുന്നുണ്ട്. പാത്രം കഴുകുന്ന അവളുടെ മുഖത്തേക്ക് മടിച്ച് മടിച്ചാണ് ഞാൻ നോക്കിയത്. ഒരു ഭാവവ്യത്യാസവും ഇല്ല. കണ്ണീരും ഇല്ല. പ്രശ്നങ്ങൾ തീർന്നോ. തൊട്ടടുത്ത ഫ്ലാറ്റിലാണ് ഞാൻ നിൽക്കുന്നതെങ്കിലും അവരുടെ ബെഡ് റൂമും അടുക്കളയും വ്യക്തമായി കാണാം. മുറികളുടെ ജനലിലൊന്നും കർട്ടൻ ഇട്ടിട്ടില്ല. അവൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. മുറിയിൽ നടക്കുന്നത് മുഴുവൻ നാട്ടുകാർ കാണും. ഇയാളെന്താ ഇങ്ങനെ. പിന്നീട് കുറച്ചു ദിവസം ആ ജനൽ അടഞ്ഞു തന്നെ കിടന്നു. ഒരു ദിവസം അയാളും മറ്റ് മൂന്ന് പേരും വീടൊഴിയുന്നുണ്ട്. താഴത്തെ ഫ്ലാറ്റിലെ ചേച്ചിയോട് പാത്രങ്ങൾ വേണോന്ന് ചോദിക്കുന്നതു കേട്ടു . "ഞങ്ങൾക്കു വേണ്ട നിധിൻ. അവളുടെ ഓർമ ഞങ്ങൾക്ക് കരച്ചിൽ വരുന്നതാണ്. മാത്രവുമല്ല ഒരു കൂരയിൽ പാർക്കാൻ കഴിയാതെ പോയതിന്റെ വേദന അവള്‍ കൂടുതൽ പറഞ്ഞിട്ടുണ്ടാവുക ആ പാത്രത്തോടാവും. അതിവിടിരുന്നാ ഞങ്ങളുടെ അടുക്കളയിലും കണ്ണീര് പടരും. അത് വേണ്ട. കുട്ടികൾ ടെ അച്ഛൻ മരിച്ച് മുകളിൽ നിൽക്കുവാണേലും ആൾക്ക് ഞാൻ കരയുന്നതിഷ്ടമല്ല. " ഇപ്പഴാണ് അയാളുടെ പേര് മനസിലായത്. എന്താവും അവളുടെ പേര്. അനിയത്തി നീലിമ ക്ക് അറിയാതിരിക്കില്ല. അവളെപ്പഴും എന്നതുപോലെ അവിടെയാണല്ലോ. ഓർമിച്ചെടുക്കാൻ ശ്രമിച്ചു. എപ്പഴെങ്കിലും നീലി ആ പേര് പറഞ്ഞിട്ടുണ്ടോയെന്ന്. ഉണ്ടാവാം. പക്ഷേ, ഓർമയിൽ വരുന്നില്ല. അവിടെ പുതിയ താമസക്കാർ വന്നു. അവളും കുഞ്ഞും ഓർമയിൽ നിന്ന് തന്നെ പോയിരുന്നു. ആറ് മാസം കഴിഞ്ഞു. കോട്ടയത്ത് അമ്മച്ചിയേം കൊണ്ട് ധ്യാനകേന്ദ്രത്തിൽ പോയപ്പോഴാണ് അവളെം പാറൂനെം കണ്ടത്. അമ്മച്ചിയേം എന്നേം കണ്ടപ്പോ അവൾ നടന്ന് അകലാൻ ശ്രമിച്ചതാ. എന്റെ അമ്മച്ചിയല്ലേ ആള്.. വിട്ടില്ല. അഞ്ച് ദിവസത്തെ ധ്യാനം കഴിഞ്ഞ് തിരികെ അമ്മച്ചീടെ ആങ്ങളേടെ വീട്ടിലേക്ക് കൊണ്ടുപോയി അവളേം മോളേം. അമ്മച്ചിയങ്ങനെയാണ് അങ്ങ് അധികാരം കാണിക്കും. അധികമാർക്കും പ്രതിരോധിക്കാൻ കഴിയില്ല.... ..................... ഇപ്പോഴാണ് എന്റെ അമ്മച്ചിയെക്കുറിച്ച് എനിക്ക് പൂര്‍ണ ബോധ്യം വന്നത്. ''മോളെ നിന്റെ ധൈര്യവും ശക്തിയും നിന്നിലാണ്. നീ അത് തേടി അലയേണ്ടതില്ല ...കോതറാണി എന്ന് നിന്നെ പേര് ചൊല്ലിയത് ആരാണെന്നറിയില്ല. അതില്‍ എല്ലാം ഉണ്ട്. ഈ നൂറ്റാണ്ടിന്റെ കോതറാണി " അത് പറയുന്പോള്‍ അമ്മച്ചിയുടെ ശബ്ദത്തില്‍ ഒരു പതര്‍ച്ച അനുഭവപ്പെട്ടു.. കോതറാണി എന്താവും അത് ? . അയ്യേ, വാട്സ് ആപ്പും ഫെയ്സ്ബുക്കുമൊക്കെ ഇങ്ങനെ കത്തി നില്‍ക്കുന്ന കാലഘട്ടത്തിലും കോതറാണിയെന്ന പേരോ...അവള്‍ക്ക് ആ പേര് ചേരുമോ..അല്ല അമ്മച്ചിക്കെങ്ങനെ ആ പേരിനെക്കുറിച്ചറിയാന്‍ കഴിഞ്ഞു. എന്താണാവോ കോതറാണി എന്ന പേരിന്റെ അര്‍ഥം? അല്ലെങ്കിലും ഇവള്‍ടെ കാര്യത്തില്‍ പേരിലെന്തിരിക്കുന്നു...(തുടരും) (എന്‍റെ എഴുത്തുകള്‍ തുടങ്ങി.. ആദ്യ വരികളാണ്..കന്നി എന്‍റെ മനസിലുള്ളതു പൂര്‍ണമായും ഉള്‍ക്കൊണ്ടു. അവള്‍ക്ക് ഉമ്മ മാത്രം ..നിറഞ്ഞ ഉമ്മ.....) ആതിര. വി. അഗസ്‌റ്റിൻ കടപ്പാട്: വര: കന്നി എം ഗായത്രി അധികം ആൾ താമസമില്ലാത്ത ചെറിയ ഫ്ലാറ്റാണ് അത്. മൂന്ന് ഭാഗത്തും മുഖങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഫ്ലാറ്റ്. ആരാണ് ആർക്കിടെക്ട് എന്നറീല്ല. പക്ഷേ, പുത്തൻ പരീക്ഷണങ്ങൾ നടത്താൻ അല്ലെങ്കിൽ ഓരോ നിമിഷവും പുതിയത് പഠിക്കാൻ ശ്രമിക്കുന്ന ഒരാളുടെ തലയിലെ ഐഡിയ. ...
Continue reading

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...