2012 ജനു 31

പ്രതീക്ഷകള്‍ നിറയുന്ന പുതുവര്‍ഷം


ആതിര.വി.അഗസ്‌റ്റിന്‍
മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്‌

സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒരു നിമിഷം കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം കൂടി ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തും. പുതുവര്‍ഷം ഒരോരുത്തര്‍ക്കും ഒരോ തരത്തിലാണ്‌. പുത്തന്‍പ്രതീക്ഷകളാണ്‌ ഏറിയപങ്കും. ചിലര്‍ക്ക്‌ ആശങ്ക. മറ്റ്‌ ചിലര്‍ക്ക്‌ പോയ വര്‍ഷം കഴിഞ്ഞല്ലോ എന്ന ആശ്വാസം. ഇനിയും ചിലര്‍ക്ക്‌ എത്ര പുതുവര്‍ഷം വന്നുപോയി ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന ധാരണയും.
പുതുവര്‍ഷത്തെ ആഘോഷിച്ച്‌ വരവേല്‍ക്കുന്ന ഒരു കൂട്ടര്‍. മറ്റൊരു വശത്ത്‌ ബഹളങ്ങളലില്ലാതെ എല്ലാം ജീവിതത്തിന്റെ ഭാഗമായി കാണുന്നവര്‍. ഏത്‌ വിഷയമായാലും വ്യക്തി നിക്ഷിപ്‌തമാണ്‌ എന്ന സത്യത്തോടൊപ്പം തന്നെ ചില ഭൂരിപക്ഷ അഭിപ്രായങ്ങളും പുതുവര്‍ഷാഭിപ്രായങ്ങളായി ഉണ്ട്‌. അത്തരം ചില അഭിപ്രായങ്ങളിലൂടെയും കാഴ്‌ചപ്പാടുകളിലൂടെയും വെറുതെ ഒരു നടത്തം.
ബാല്യം ആഘോഷങ്ങളുടേതാണ്‌. കുട്ടികളെ സംബന്ധിച്ച്‌ എല്ലാം ആഘോഷങ്ങളാണ്‌ എന്നതും സത്യം. അവരെ സംബന്ധിച്ച്‌ ഓരോ അധ്യയന വര്‍ഷം തുടങ്ങുന്നതാണ്‌ അവരുടെ പുതുവര്‍ഷം. പുതിയ ഉടുപ്പ്‌, ബാഗ്‌, പുസ്‌തകം...ഒക്കെ ആ സന്തോഷത്തിന്‌ മാറ്റുകൂട്ടുന്നു. അതിനാലാവാം യഥാര്‍ത്ഥ പുതുവര്‍ഷം വലിയവര്‍ ആഘോഷിച്ചു തീര്‍ക്കുന്നതുപോലെ കുട്ടികള്‍ ആഘോഷിക്കാത്തതും.
പുതുവര്‍ഷം കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്‌ പുതുവര്‍ഷത്തില്‍ കേരളം കുടിച്ചു തീര്‍ത്തതിന്റെ കണക്കെത്രയാണെന്നതാണ്‌്‌. ഓരോ ജില്ലയും കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മത്സരിക്കുന്നു. രാത്രി പന്ത്രണ്ട്‌ മണിക്ക്‌ ബൈക്കില്‍ നഗരം ചുറ്റിക്കറങ്ങി കുടിച്ച്‌ അറമാദിക്കണം എന്നാണ്‌ യൂത്തിന്റെ ആഗ്രഹം. ആഘോഷത്തിന്റെ മറവില്‍ ചെയ്‌തു കൂട്ടാവുന്ന വങ്കത്തരങ്ങളും കൊള്ളരുതായ്‌മകളും ഒക്കെ ചെയ്‌തു തീര്‍ക്കുകയും ചെയ്യും. പുതുവര്‍ഷമല്ലേ, ഇനി പഴയതൊന്നും വേണ്ട എന്നതാണ്‌ ചില കേമന്‍മാര്‍ ചിന്തിക്കുന്നത്‌. ഇതിന്റെ ഫലമായി പൊതുമുതല്‍ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധസ്വാഭാവവും വര്‍ദ്ധിച്ചുവരുന്നു. കേമന്‍മാര്‍ മാത്രമല്ല ഇത്തരത്തില്‍ കേമിമാരും വന്നു കഴിഞ്ഞു എന്നത്‌ മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്‌. മെട്രോ സിറ്റികളില്‍ നിന്നും ഇത്തരത്തിലുള്ള കള്‍ച്ചര്‍ നമ്മുടെ ഓരോ തറവാടിന്റേയും പടികടന്നെത്തി എന്നതും സത്യമാണ്‌.
വളരെ പോസിറ്റീവായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരും ഉണ്ട്‌. ഇനിയങ്ങോട്ട്‌ വരവു ചിലവു കുറയ്‌ക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക, കൃത്യമായ ടൈംടേബിള്‍ പ്രകാരം ഓരോ ദിവസത്തേയും കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുക തുടങ്ങിവളരെ മുന്‍കൂട്ടി തയ്യാറാക്കിയതനുസരിച്ച്‌ മുന്നോട്ടുപോകുന്നതിനുള്ള തീരുമാനം എടുക്കുന്നവരും ചുരുക്കമല്ല. എന്നാല്‍ ഇതൊക്കെ എത്ര ദിവസം പ്രാവര്‍ത്തികമാകും എന്നത്‌ കണ്ടറിയേണ്ടതാണെന്നതാണ്‌ എന്നതാണ്‌ വാസ്‌തവം.
ഇതൊക്കെ വ്യക്തി ഗതമാണ്‌. മേഖലകള്‍ തരം തിരിക്കുമ്പോള്‍ പറയാന്‍ ഒരുപാട്‌ വിഷയങ്ങള്‍ ഉണ്ടാകും.
ഏവരും ചൂടോടെ ശ്രവിക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ എന്തും സംഭവിക്കാം. എന്ത്‌ സംഭവിക്കും എന്ന്‌ മുന്‍കൂട്ടി പറയാന്‍ ഒരിക്കലും ആവില്ല. യുഡിഎഫ്‌ സര്‍ക്കാരിന്റെ ഓരേയൊരു വനിത പ്രതിനിധി പി.കെ.ജയലക്ഷ്‌മിയാണ്‌ പോയ വര്‍ഷത്തെ കേരളത്തിന്റെ മുതല്‍ക്കൂട്ട്‌. വരും വര്‍ഷങ്ങളില്‍ രാഷ്ട്രീയമേഖലയില്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്ന്‌ തന്നെയാണ്‌ മിക്കവരുടേയും പ്രതീക്ഷ. രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഏറെയുള്ള കേരളത്തില്‍ വരും വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതാവുമെന്ന്‌ തന്നെയാണ്‌ പല നേതാക്കളും വിലയിരുത്തപ്പെടുന്നത്‌. മാര്‍ച്ചില്‍ വരുന്ന ബഡ്‌ജറ്റ്‌ വനിതകള്‍ക്ക്‌ പ്രയോജനം ചെയ്യും എന്നത്‌ ക്ഷമയോടെ കാത്തിരിക്കണം. വിലക്കയറ്റം അമിതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സ്‌ത്രീസമൂഹം പച്ചക്കറികളുടെ വിലവര്‍ദ്ധനവിനെക്കുറിച്ച്‌ തന്നെയാണ്‌ ആകുലപ്പെടുന്നതും. ഓരോ വര്‍ഷം കഴിയുന്തോറും രാഷ്ട്രീയ മേഖലയിലും പൊതുപ്രവര്‍ത്തകരിലും സ്‌തീ സാന്നിധ്യം വര്‍ദ്ധിക്കുന്നു. സമൂഹത്തിന്റെ ഏത്‌ മേഖലകളിലും സ്‌ത്രീകള്‍ മുന്‍ നിരയിലേയ്‌ക്ക്‌ എത്തുന്നു. വരും വര്‍ഷങ്ങളിലും അതിന്റെ തോത്‌ വര്‍ദ്ധിക്കാനാണ്‌ സാധ്യത. വിദ്യാഭ്യാസ മേഖലയില്‍ സ്‌ത്രീകള്‍ പണ്ട്‌ കാലത്തേതിനേക്കാള്‍ ഉയര്‍ന്നുതന്നെയാണ്‌ നില്‍ക്കുന്നത്‌. ഉന്നത വിദ്യാഭ്യാസമേഖലയിലും സ്‌ത്രീകളുടെ സാന്നിധ്യം മികച്ച രീതിയില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം കായികമേഖലയില്‍ സ്‌ത്രീകള്‍ മറ്റെല്ലാ മേഖലകളിലേതിനേക്കാളും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ്‌ വിദഗധരുടെ വിലയിരുത്തല്‍. 2012ല്‍ വരുന്ന മറ്റൊരു പ്രധാന സംഭവം ലണ്ടന്‍ ഗയിംസ്‌ തന്നെയാണ. ഇന്ത്യയ്‌ക്ക്‌ അതില്‍ കാര്യമായ നേട്ടം ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിലും ഉള്ള താരങ്ങള്‍ ദേശീയ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നല്ലാതെ കാര്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാനില്ല. എങ്കിലും നിലവിലുള്ള താരങ്ങള്‍ അവരുടെ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുക തന്നെ ചെയ്യും.
സാഹിത്യമേഖലയില്‍ സ്‌ത്രീകള്‍ പതിയെപ്പതിയെ മുന്നേറുന്ന കാഴ്‌ചയാണ്‌ മുന്‍ വര്‍ഷങ്ങളില്‍. സാഹിത്യത്തില്‍ പെണ്ണെഴുത്തിന്‌ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകുന്നുണ്ട്‌. വരും വര്‍ഷങ്ങളില്‍ അതിന്‌ ഇടിവ്‌ സംഭവിക്കാനുള്ള സാധ്യത ഇല്ലാതെയും ഇല്ല. കാരണം ഇന്നത്തെ പെണ്‍കുട്ടികള്‍ എഴുത്തിന്റെ മേഖലയില്‍ നിന്ന്‌ പതിയെ പിന്‍വലിയുന്ന പ്രവണതയും തള്ളിക്കളയാന്‍ പറ്റില്ല. സിനിമാമേഖലയിലും സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ വലിയ വില കൊടുക്കുന്നതായിട്ടാണ്‌ 2011 തെളിയിച്ചിരിക്കുന്നത്‌. വരും വര്‍ഷങ്ങളിലും അത്‌ ആവര്‍ത്തിക്കപ്പെടാം.
ഇത്തരത്തില്‍ ഏത്‌ മേഖലയിലും പ്രതീക്ഷകളാണ്‌ നിലനില്‍ക്കുന്നത്‌. ജീവിക്കാനുള്ള പ്രതീക്ഷ. സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള പ്രതീക്ഷ. പുതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കു തന്നെ പ്രതീക്ഷ എന്നു പറയാമെന്നാണ്‌ തോന്നുന്നത്‌.



കെ.ആര്‍. മീര എഴുത്തുകാരി
വരും വര്‍ഷങ്ങളില്‍ ആശങ്കയാണ്‌ കൂടുതല്‍ ഉള്ളത്‌. ഒരു വശത്ത്‌ മുല്ലപ്പെരിയാര്‍, മറ്റൊരു വശത്ത്‌ കൂടം കുളം ഇങ്ങനെ സാമൂഹ്യമായ അനേകം പ്രശ്‌നങ്ങള്‍ ദിനം പ്രതി നമ്മളെ അലട്ടിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നടന്ന കോലാഹലങ്ങളൊക്കെ അവസാനിക്കുന്നതിനേക്കാള്‍ ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ്‌ സാധ്യത. ഓരോ വര്‍ഷവും എന്തു സംഭവിക്കും എന്നത്‌ ഒരിക്കലും മുന്‍കൂട്ടിപ്പറയാനും കഴിയില്ല. എങ്കിലും നല്ലത്‌ സംഭവിക്കട്ടെ എന്ന്‌ തന്നെ പറയാം.


ഷെര്‍ളി വാസു
തൃശ്ശൂരിന്‌ വേണം മാറ്റം
കോഴിക്കോട്‌ നിന്നും തൃശ്ശൂരെത്തിയപ്പോള്‍ മാറ്റങ്ങള്‍ ഒരുപാടുണ്ട്‌. തൃശ്ശൂരില്‍ വൃദ്ധരുടെ ആത്മഹത്യതോത്‌ വര്‍ദ്ധിക്കുന്നു. ആശുപത്രികളില്‍ മരിക്കുന്നവരാകട്ടെ ഏറെപ്പേരും വിഷബാധയേറ്റവരും. കോഴിക്കോട്‌ ഇത്തരം സംഭവങ്ങളുടെ തോത്‌ കുറവാണ്‌. മദ്യപാനം ജീവിതത്തിലെ ആഘോഷങ്ങളായി കാണുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഏറെ കാരണമാകുന്നു. കോഴിക്കോട്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഏറെ കാരണമാകുന്നു. വാഹനാപകടങ്ങളും കൂടിയിരിക്കുന്നു. എന്നാല്‍ കോഴിക്കോട്‌ പൊലീസ്‌ വിഭാഗം വളരെ കാര്യക്ഷമമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംരക്ഷണം വളരെ ആഴത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതും കോഴിക്കോടാണ്‌. മുറിയിരുന്ന്‌ ടേബിളില്‍ എത്തുന്ന എത്തുന്ന ഡെഡ്‌ ബോഡി നോക്കുന്നവരാണ്‌ തൃശ്ശൂരെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും. പുറത്ത്‌ പോയി മരണം നടന്ന സ്ഥലത്ത്‌ സന്ദര്‍ശനം നടത്തുന്നവരല്ല. അങ്ങനെ വരുമ്പോള്‍ പിഴവുകള്‍ സംഭവിക്കാം. പൊലീസിന്‌ കേസന്വേഷണത്തിനുതകുന്ന തെളിവുകള്‍ ഇതില്‍ നിന്ന്‌ ലഭിക്കാതെ വരും. ജനപ്രതിനിധികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം കാര്യങ്ങളിലിടപെടണം. സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്ക്‌ പൊതുജനങ്ങള്‍ ഇടപെടും എന്ന്‌ മനസിലാക്കിത്തന്നു സൗമ്യയുടെ കാര്യത്തില്‍. ഇനിയങ്ങോട്ട്‌ കേരളത്തിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പിന്നോട്ടുപോകില്ല. ചെറുതുരുത്തിക്കാര്‍ അത്‌ പ്രവര്‍ത്തിച്ചു കാണിച്ചു തന്നു. വരും വര്‍ഷങ്ങളില്‍ തൃശ്ശൂരില്‍ ഇത്തരം കാര്യങ്ങളിലൊക്കെ മാറ്റം വരണം. മാറ്റം വരുമെന്ന്‌ തന്നെ പ്രതീക്ഷിക്കുന്നു. പ്ര്‌തീക്ഷയെക്കാള്‍ എന്റെ ആഗ്രഹം അതുതന്നെയാണ്‌.


ജീനാപോള്‍ -മാധ്യമപ്രവര്‍ത്തക(കായികം) ദേശീയ ഗയിംസ്‌ കേരളത്തില്‍ വരണം
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സാണ്‌ കായിക മേഖലയിലെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടേതായ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നല്ലാതെ വലിയ നേട്ടം ഉണ്ടാകാന്‍ സാധ്യതയില്ല. ബാറ്റ്‌മിന്റണില്‍ ജ്വാലഗുട്ട-അശ്വിനി സഖ്യമാണ്‌ പ്രതീക്ഷയ്‌ക്ക്‌ വക നല്‍കുന്നത്‌. എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ വനിതാ ബോക്‌സിങ്ങില്‍ മേരി കോം ചെറിയ പ്രതീക്ഷ തരുന്ന താരമാണ്‌. മയൂഖ, പ്രജുഷ, കൊനേരുഹംബി, ടിന്റു ലൂക്ക എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഈ വര്‍ഷമെങ്കിലും ദേശീയ ഗയിംസ്‌ കേരളത്തില്‍ നടക്കണമെന്നാണ്‌ ആഗ്രഹം. ദേശീയ ഗയിംസില്‍ 2011ല്‍ കേരളത്തിന്‌ താഴ്‌ചയാണുണ്ടായിട്ടുള്ളത്‌. ഹരിയാന ഏറെ മുന്നോട്ടുപോവുകയും ചെയ്‌തു. തിരികെ ആ സ്ഥാനം പിടിക്കണം എന്നാണ്‌ ആഗ്രഹം.
വ്യക്തിപരമായി പറഞ്ഞാല്‍ കായികവാര്‍ത്തകള്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്‌ ഡെസ്‌ക്‌ കേന്ദ്രീകരിച്ചാണ്‌. റിപ്പോര്‍ട്ടിങ്ങിലേയ്‌ക്ക്‌ ഇറങ്ങിചെയ്യണം എന്നാണ്‌ ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ആലോചിച്ചുവരുന്നു. പലപ്പോഴും കേരളത്തിലെ കായികരംഗങ്ങളില്‍ കേള്‍ക്കുന്ന പേരുകള്‍ പിന്നീട്‌ കേള്‍ക്കുന്നില്ല. അതിനൊരു ഉദാഹരണമാണ്‌ ഇന്ദുലേഖ എന്ന പെണ്‍കുട്ടി. ബാറ്റ്‌മിന്റണ്‍ മാത്രമാണ്‌ ക്യാംപസുകളില്‍ ഇത്തിരിയെങ്കിലും പിടിച്ചു നില്‍ക്കുന്നത്‌. ഇതിനൊക്കെ വരും വര്‍ഷങ്ങളില്‍ മാറ്റം വരണമെന്നാണ്‌ ആഗ്രഹം.

രാജലക്ഷ്‌മി-പ്രമുഖരുടെ കൂടെ പാടണം
2010ല്‍ ആണ്‌ എനിക്ക്‌ ഒരുപാട്‌ പാട്ടുകള്‍ ലഭിക്കുന്നത്‌. 2011ല്‍ അതിന്റെ ഫലം കിട്ടി. ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ്‌ കിട്ടി എന്നതു തന്നെയാണ്‌ എന്റെ ഏറ്റവും വലിയ സന്തോഷം. എന്നുവെച്ച്‌ അവാര്‍ഡ്‌ പ്രതീക്ഷിച്ചിരുന്നില്ല കെട്ടോ. അതുകൊണ്ട്‌ തന്നെ പോയവര്‍ഷം നല്ല വേദികള്‍ കിട്ടി. അതിന്റെ ത്രില്‍ പരമാവധി ആസ്വദിക്കുകയാണിപ്പോള്‍. ഇത്രയധികം സന്തോഷം തന്ന വര്‍ഷം തീരുന്നതില്‍ സത്യം പറഞ്ഞാല്‍ സങ്കടം ഉണ്ട്‌. 2012ല്‍ കൂടുതല്‍ അവസരം കിട്ടണമെന്നതാണ്‌ ആഗ്രഹം. കിട്ടുമെന്നുതന്നെയാണ്‌ പ്രതീക്ഷ. ജയമാണെങ്കിലും പരാജയമാണെങ്കിലും ഏറ്റു വാങ്ങിയേ മതിയാകൂ. വിദ്യാസാഗര്‍ സാര്‍, ഇളയരാജ സാര്‍...തുടങ്ങിയ മുതിര്‍ന്ന ആളുകളുടെ കൂടെ പാടാന്‍ ആഗ്രഹമുണ്ട്‌. വളരെ അപ്രതീക്ഷിതമായിട്ടാണ്‌ ഈ അടുത്ത്‌ കോഴിക്കോട്‌ നടന്ന സംസ്ഥാനഅവാര്‍ഡ്‌ ദാനചടങ്ങില്‍ ഹരിഹരന്‍ സാറിന്റെ കൂടെ പാടാന്‍ കഴിഞ്ഞത്‌. അത്തരം ഭാഗ്യങ്ങള്‍ 2012ലും ഉണ്ടാകണമെന്നാണ്‌ ആഗ്രഹം.


ലീലാമേനോന്‍- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക
വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാഴ്‌ചപ്പാടുകള്‍ മാറണം
പ്‌ത്രപ്രവര്‍ത്തനം ഒരു സാമൂഹ്യസേവനമായി കാണേണ്ടതാണ്‌. ടെലിവിഷന്റെ ഗ്ലാമര്‍ലോകമാണ്‌ മാധ്യമരംഗത്തേയ്‌ക്കു കടന്നുവരുന്ന ഇന്നത്തെ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്‌. വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്‌, അന്വേഷണത്വരത, വായനയുടെ പരപ്പ്‌ എന്നിവ ഇന്നത്തെ പെണ്‍കുട്ടികളില്‍ കാണുന്നില്ല. വെറും ഒരു തൊഴില്‍ എന്ന രീതിയിലാണ്‌ ഇന്ന്‌ മാധ്യമപ്രവര്‍ത്തനത്തെ ഇവര്‍ കാണുന്നത്‌. അതേസമയം കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേയ്‌ക്ക്‌ കടന്നു വരുന്നുണ്ട്‌ എന്നത്‌ സന്തോം തരുന്ന കാര്യം തന്നെയാണ്‌. വരും വര്‍ഷങ്ങളില്‍ സ്‌ത്രീകള്‍ കൂടുതല്‍ ഗൗരവത്തോടെ ഈ മേഖലയിലേയ്‌ക്ക്‌ കടന്നുവരണം എന്നുതന്നെയാണ്‌ ആഗ്രഹം. അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ സ്‌ത്രീ പങ്കാളിത്തം ഉണ്ടാവണം. വ്യക്തിഗമായി പറഞ്ഞാല്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ഇല്ല. മനസ്‌ എത്തുന്നിടത്ത്‌ ശരീരം എത്താത്ത അവസ്ഥയാണ്‌. മനുഷ്യ നന്മയ്‌ക്കുതകുന്ന ലേഖനങ്ങള്‍ എഴുതണം.



കെ.എ.ബീന
ലോക നന്മയാണ്‌ പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാനുള്ളത്‌. ആത്മീയമായി പറഞ്ഞാല്‍ 2012 നന്മയുള്ള വര്‍ഷമാണെന്നാണ്‌ പറയപ്പെടുന്നത്‌. അതേസമയം ലോകം അവാസാനിക്കുന്നതും ഈ വര്‍ഷമാണെന്നും പറയുന്നു. അത്തരത്തിലൊരു സിനിമയും നമ്മള്‍ കണ്ടുകഴിഞ്ഞു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക്‌ കുറവ്‌ വരണം എന്നൊരു ആഗ്രഹമാണ്‌ ഏറ്റവും കൂടുതലുള്ളത്‌. സൗമ്യ സംഭവം സമൂഹത്തില്‍ അത്തരത്തിലൊരു മാറ്റം വരുത്താന്‍ ഇടയായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വ്യക്തിപരമായി പറഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ എഴുതണം. ഏത്‌ മേഖലയിലായാലും നന്മ വരണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...