കോഴിക്കോട്:വര്‍ഷങ്ങള്‍ക്കുശേഷം വലിയ മാങ്കാവില്‍ അതിരാവിലെ ബസ്സിറങ്ങുന്ന ഒരാള്‍ക്ക് താന്‍ ഉത്തരേന്ത്യയിലാണോ എത്തിപ്പെട്ടിരിക്കുന്നതെന്നു തോന്നിപ്പോകും.മറ്റൊന്നും കൊണ്ടല്ല രാവിലെ 6.30 മുതല്‍ വലിയ മാങ്കാവ് അങ്ങാടിമുഴുവന്‍ ഉത്തരേന്ത്യയില്‍ നിന്ന് ജോലിതേടിയെത്തുന്നവരെകൊണ്ടുനിറയും.അഞ്ചും പത്തുമല്ല അവരുടെ എണ്ണം നിലവില്‍ 200 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് രാവിലെ തൊഴിലിനായി വലിയ മാങ്കാവ് കേന്ദ്രീകരിച്ചെത്തുന്നത്.
ബംഗാള്‍, ഒറീസ്സ, ബീഹാര്‍,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും.കെട്ടിട നിര്‍മ്മാണ രംഗത്താണ് ഇവരില്‍ അധികംപേരും ജോലിചെയ്യുന്നത്.രാവിലെ അറുമണിയോടെതന്നെ ഒരുക്കങ്ങളെല്ലാം കവിഞ്ഞ് ഇവര്‍ വലിയ മാങ്കാവ് അങ്ങാടിയിലെ പീടിക തിണ്ണയില്‍ വന്നിരിക്കും.ഏഴുമണിയോടെതന്നെ വിവിധ ജോലികള്‍ക്കായി ഇവരെത്തേടി ആളുകളെത്തും.പിന്നെ കൂലി പറഞ്ഞുതീരുമാനിച്ച് ജോലിക്കു പുറപ്പെടും.കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലകളിലേക്കും ഇവിടെനിന്ന് ജോലിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നു.
മാങ്കാവിലും സമീപപ്രദേശങ്ങളിലുമാണ് ഇവര്‍ താമസിക്കുന്നത്.മലയാളികളെപോലെ വിപുലമായ സൗകര്യത്തോടുകൂടിയുള്ള താമസസ്ഥലമൊന്നും ഇവര്‍ക്കാവശ്യമില്ല.പീടികയുടേയും മറ്റുസ്ഥാപനങ്ങളോടും ചേര്‍ന്നുള്ള കുടുസ്സുമുറികളിലാണ് ഇവര്‍ താമസിക്കുന്നത് .ആഹാര സാധനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണം ചിലവാക്കാനും ഇവര്‍ ഒരുക്കമില്ല.പച്ചരിയും ഉരുളകിഴങ്ങും ഉള്ളിയും കൂടുതലായി ഉപയോഗിക്കുന്ന കറികളാണ് ഇവരുടെ ഇഷ്‌ടഭക്ഷണം.
കേരളത്തില്‍ ലഭിക്കുന്ന മികച്ച കൂലിയാണ് ഇവരെ ഇവിടേക്കാകര്‍ഷിക്കുന്നത്.നാട്ടില്‍ 100 രൂപയില്‍ താഴെ മാത്രം കൂലി ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇവര്‍ക്ക് 300 രൂപയാണ് കൂലി ലഭിക്കുന്നത്. മാത്രമല്ല നാട്ടിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ 12 മണിക്കൂര്‍ ജോലിയൊന്നും ഇവിടെയില്ല 8,9 മണിക്കൂര്‍ വരെമാത്രമേ ജോലിയുണ്ടാവുകയുള്ളു.അഞ്ചും ആറും മാസങ്ങള്‍ കൂടുമ്പോഴാണ് ഇവര്‍ നാട്ടിലേക്ക് പോകുന്നത്.മാസങ്ങളായി സമ്പാദിച്ചുവെച്ച തുകയും വീട്ടിലേക്കായി ഇവര്‍ കരുതും.
നാട്ടില്‍ 12 മണിക്കൂറിലധികം കഷ്‌ടപ്പെട്ടാല്‍ കേരളത്തില്‍ ലഭിക്കുന്നതിന്റെ പകുതി കൂലിപോലും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല.ഇപ്പോള്‍ മാസത്തില്‍ വലിയ തുകയുമായി നാട്ടിലെത്തുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞങ്ങളോട് വലിയ ബഹുമാനമാണ്.ഞങ്ങള്‍ ഏറെ സന്തുഷ്‌ടരാണെന്നും ഇവര്‍ പറയുന്നു.
അവധിയെടുത്ത് നാട്ടില്‍ പോകുന്ന ഇവരില്‍ പലരും അവരുടെ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ കേരളത്തിലേക്ക് ജോലികള്‍ക്കായി കൊണ്ടുവരും.കേരളത്തിലെ ജനങ്ങള്‍ മാന്യമായാണ് പെരുമാറുന്നത് നാട്ടിലേതിനേക്കാള്‍ ജീവിതസൗകര്യം കൂടുതല്‍ കേരളത്തിലാണെന്നും ഇവര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നല്ല അധ്വാനികളാണെന്നും ഏല്‍പ്പിച്ച ജോലി ഇവര്‍ കൃത്യമായി ചെയ്യുമെന്നും കേരളത്തിലെ കോണ്‍ട്രാക്‌റ്റര്‍മാരും മേസ്‌തരിമാരും സമ്മതിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ