2017 സെപ്റ്റം 23
ട്രാക്കിലെ കൊച്ചു ചിത്രശലഭം
ചായം തേച്ച മുഖങ്ങള്‍
ഹിജഡകള്‍...മൂന്നാം ഗണം...ചാന്തുപൊട്ട്...ആണുംപെണ്ണും കെട്ടവര്‍ ...ഇങ്ങനെയൊക്കെ നാം വിളിച്ച് കൂവുന്ന ചിലരുണ്ട് ലോകത്തില്‍. എന്നാല്‍ ഈ മനുഷ്യരോട് ചോദിച്ചു നോക്കൂ. അവര്‍ ഈ വിളിപ്പേരുകളെയൊക്കെ ദൂരത്തു നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ ട്രാന്‍സ്ജെന്‍ഡറുകളാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നു. നിങ്ങള്‍ ഞങ്ങളെ അങ്ങനെ വിളിച്ചാല്‍മതി. ഈ മറുപടി ഓരോ ടി ജി സുഹൃത്തുക്കളില്‍ നിന്നും ഭയമില്ലാതെ പുറത്തേക്കു വന്നു തുടങ്ങി. ഒരഞ്ചു വര്‍ഷം മുന്പ് ഇത്തരം ഒരു അവസ്ഥയായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത് എന്നതാണ് യാഥാര്‍ഥ്യം.
ഞാന്‍ ടി ജി ആണെന്ന് പുറം ലോകത്തോട് പറയാനുള്ള വല്ലാത്ത ഭയം തളം കെട്ടി നിന്നിരുന്നു എങ്ങും എവിടെയും. അതുകൊണ്ട് തന്നെ മലയാളികള്‍ ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലത്തേക്ക് കൂട്ടമായി ചേക്കേറിയിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റമുണ്ടായി.
എന്താണ് ആ മാറ്റങ്ങള്‍. എന്തുകൊണ്ടാണത്. പുതിയ മാറ്റത്തില്‍ പൂര്‍ണതയുണ്ടോ? ഓരോരുത്തരും ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ.
മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്ത് കൊച്ചിയില്‍ നടന്ന ട്രാന്‍സ്ജന്‍ഡറുകളുടെ ഫാഷന്‍ ഷോ. റാന്പില്‍ നടന്ന ഓരോ മുഖങ്ങളിലും വല്ലാത്ത ആത്മവിശ്വാസം. വിശ്വം ജയിച്ചതിന്റെ അഭിമാനം. വിവിധ വേഷത്തില്‍ തങ്ങളുടെ ആകാര വടിവില്‍ ചമ്മലില്ലാതെ അവര്‍ റാന്പില്‍ ഓരോ ചുവടും വെച്ചു. അവരുടെ മുഖത്തെ ചായങ്ങള്‍ ഇത്തവണ മിതമായിരുന്നു.
വലിയ ഒരുക്കങ്ങളായിരുന്നു ഓരോരുത്തരും ഇതിന് വേണ്ടി നടത്തിയത്. തങ്ങളിലൊരാള്‍ റാന്പില്‍ നടക്കുന്നത് കാണാന്‍ കൊതിയോടെ കാണികളുടെ ഇടയിലിരുന്ന് കണ്ണ് പായിക്കുന്നവരും ഉണ്ടായിരുന്നു. ഈ കണ്ണുകളാണ് വേദിയിലെത്തുന്നവരുടെ ഊര്‌ജം. മുഖത്ത് കട്ടിയില്‍ മേക്കപ്പ് ....
കണ്‍പുരികങ്ങള്‍ നീളത്തില്‍ വില്ലുപോലെ കറുപ്പിച്ചെഴുതി, ചുവന്ന ലിപ്സ്റ്റിക് കട്ടിയില്‍ തേച്ച് അവര്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്പോള്‍ പലരും ഒളിഞ്ഞും തെളിഞഅും പിറുപിറുക്കുന്നത് കേള്‍ക്കാം. ഇവരെന്തിനാണ് ഇങ്ങനെ സ്വയം പ്രദര്‍ശന വസ്തുവാകുന്നതെന്ന്. ഈ ചോദ്യം പരസ്പരം ഓരോരുത്തരും കളിയാക്കിത്തന്നെ പരിഹാസ്യമായിത്തന്നെ ഉപയോഗിച്ചിട്ടുള്ളതാണ്. താന്‍ ആണ്‍ വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവരെ കേരളം പതിയെ പതിയെ ഉള്‍ക്കൊള്ളാന്‍
തുടങ്ങിയിരിക്കുന്നു. വെറും അഞ്ച് വര്‍ഷം മുന്പാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നു തുടങ്ങിയത്. പിന്നീട് അതിന് കനം കൂടി കൂടി വന്നു.മറ്റുള്ളവരുടെ ദയനീയതക്കല്ല അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഉറക്കെ പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. തെരുവുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി അവകാശങ്ങള്‍ക്ക് വേണ്ടി ഉറക്കെ നിലവിളിച്ചു കൊണ്ടേയിരുന്നു.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പൊതു സിദ്ധാന്തം ഇവരുടെ കാര്യത്തിലും ബാധകമായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം നിലവിളികള്‍ ഉയര്‍ന്നു. പക്ഷേ, ഈ കാലഘട്ടത്തിലൊന്നും പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ തക്ക വണ്ണമുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന് പല ഉദാഹരണങ്ങള്‍ ഉണ്ട്. ഒറ്റക്കും കൂട്ടായും ഇവര്‍ക്ക് നേരെയുള്ള ആക്രമണമാണ്. കഴിഞ്ഞ വര്‍ഷം ഇവര്‍ കൊച്ചിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. എന്നത്തേയും പോലെ മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നിന്നോ എന്ന് ചോദിച്ചാല്‍ നിന്നു.
നിന്നില്ലേ എന്ന് ചോദിച്ചാല്‍ നിന്നില്ല. അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ നില്‍ക്കുക എന്നതാണ് പലരും സ്വീകരിക്കുന്ന നിലപാട്. വാര്‍ത്തകള്‍ കൈമാറുന്ന മാധ്യമ മുതലാളിമാരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടമാരും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്.
വീണ്ടും അവര്‍ക്കെതിരെ ഒരു ആക്രമണമുണ്ടാവുക എന്ന് പറഞ്ഞാല്‍ അത് അത്ര നിസാരമായി കാണാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നു. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നു.
ഹിജഡകള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസില്‍ പരാതി ഉന്നയിക്കുകയും ചെയ്തത് ടിജി സുഹൃത്തുക്കളാണ്. പക്ഷേ, പൊലീസെത്തിയപ്പോള്‍ വാദി പ്രതിയാവുകയാണുണ്ടായതെന്നത് വലിയ ഖേദകരമാണ്. ഉപദ്രവിച്ച വ്യക്തി നല്‍കിയ പരാതി പൊലീസ് സ്വീകരിക്കുകയും അപ്പോഴുണ്ടായ ട്രാന്‍സ്ജെന്‍ഡറുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചുപറിയുള്‍പ്പെടെയുള്ള വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തി.
അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനത്തിന് രൂപീകരിച്ച ദ്വയ സംഘടനയുടെ പ്രതിനിധി പൊലീസ് സ്റ്റേഷനിലെത്തി. അവരോട് സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പൊലീസ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ സാറിന്റെ വീടല്ലല്ലോ എന്ന മറു ചോദ്യം ഉന്നയിച്ചപ്പോള്‍ അപ്പുറത്തെ മുറിയിലിരുന്ന് സംസാരിച്ചോളൂ. സ്റ്റേഷന്റെ മുന്‍ ഭാഗത്ത് വേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് മയപ്പെ
ടുത്തി. തലേന്ന് കസ്റ്റഡിയിലെടുത്ത ടിജികള്‍ക്ക് ദാഹിചപ്പോള്‍ വെള്ളം ചോദിച്ചപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ ടോയ്ലലറ്റ് കാണിച്ചു കൊടുത്തു എന്നാണ് അവരുടെ പരാതി. ഈ പരാതികളൊക്കെ എവിടെ പോകുന്നു. രേഖാപരമായി ആദ്യം കാര്യങ്ങള്‍ കൃത്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കിയില്ലെന്നുള്ളത് മാത്രമാണ് ഇവര്‍ക്ക് വന്ന വീഴ്ച.
ആര്‍ക്കാണ് ഇവിടെ പൊതുബോധം ഉണ്ടാവേണ്ടത്. അധികാര വര്‍ഗത്തിനും നിയമപാലര്‍ക്കും ഇതാണ് അവസ്ഥയെങ്കില്‍ പൊതുസമൂഹത്തിന്റെ അവസ്ഥയെന്താകും എന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ടിജികള്‍ക്കൊപ്പം നിന്നാല്‍ ഒറ്റപ്പെടുമോ എന്നതിനേക്കാള്‍ കളിയാക്കലുകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
പൊതു സമൂഹത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യം അവര്‍ക്കുള്ലപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ഷോ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നത് എന്നതാണ് പ്രാധാന്യമര്ഹിക്കുന്നത്.
ഈ ആത്മവിശ്വാസത്തിലേക്ക് എത്താന്‍ അവര്‍ താണ്ടിയ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. റാന്പില്‍ ചുവടുവെക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു അവരെ മാനസികമായി തയ്യാറാക്കാന്‍ . സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുക എന്നതല്ല ഇവിടെ പ്രധാനം. ആത്മവിശ്വാസത്തോടെ മുഖം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കേണ്ടിയിരുന്നത്. പലരും വൈകാരികമായ പ്രശ്നങ്ങള്‍ ഏറെയുള്ളവരാണ്. ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കുകയും പക്വതയോടെ അഭിമാനത്തോടെ ജീവിത ചുടവടുകള്‍ വെക്കേണ്ടതെങ്ങനെ എന്നു കൂടി ഇതിലൂടെ മനസിലാക്കാന്‍ ഈ പരിശീലനം ഇവര്‍ക്ക് തുണയായി.
ഇവരും മനുഷ്യരാണ് , പുച്ഛത്തോടെ ആണും പെണ്ണും കെട്ടവര്‍ എന്ന് വിളിച്ച് അപഹസിക്കേണ്ടവരല്ല ഇവരെന്ന് ചിലര്‍ക്കെങ്കിലും ബോധം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
റാന്പിലെത്തുന്നവരെ കാണാന്‍ കാത്തിരുന്നത് മണിക്കൂറുകളാണ്. പറഞ്ഞ സമയത്ത് പരിപാടി തുടങ്ങാന്‍ ആയില്ല. ആ കാത്തിരുപ്പില്‍ അവര്‍ക്കൊപ്പം ഒരു വിശിഷ്ടാതിഥിയും കൂട്ടിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിക്കൂറുകള്‍ അവര്‍ക്കൊപ്പം കാത്തിരുന്നത് അദ്ദേഹത്തിന്റെ പ്രിയതമക്കൊപ്പമായിരുന്നു. ആ ക്ഷമയും കാത്തിരുപ്പും അംഗീകാരത്തിന്റേതാണ്.
തങ്ങളിലൊരാള്‍ മന്ത്രിയാകുന്നതാണ് വലിയ സ്വപ്നമെന്ന് വേദിയില്‍വെച്ച് പറയുന്പോള്‍ അവരുടെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന തിരിച്ചറിവാണ് മാറ്റത്തിന് വലിയ കാരണമാക്കിയത്.
തങ്ങള്‍ സമൂഹത്തില്‍ എവിടെയാണെന്ന ചോദ്യം പരസ്പരം ചിലരെങ്കിലും ചോദിച്ചു തുടങ്ങിയപ്പോഴാണ് ഗതി മാറിയൊഴുകാന്‍ തീരുമാനിച്ചത്.
മയക്കുമരുന്നും പിടിച്ചുപറിയും ശരീരം വില്‍പ്പനയും ഒക്കെയായി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോകുന്ന സാഹചര്യമായിരുന്നു ഇന്ത്യയിലെ മുഴുവന്‍ ടി ജി സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നത്.
അതില്‍ നിന്ന് കരകയറണമെങ്കില്‍ ചെറിയ അധ്വാനം പോരായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2008 മുതല്‍ ഇത്തരം സംഭവങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇവര്‍ക്കിടയില്‍
നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെറിയ രീതിയിലെങ്കിലും ഫലം കാണാന്‍ വര്‍ഷങ്ങളെടുത്തു. ഇന്നും പലരുടേയും ജീവിതം ദുസഹമാണ്. ഏത് വലിയ പ്രതിസന്ധിയേയും
തരണം ചെയ്യാന്‍ വിദ്യാഭ്യാസം എന്ന ചവിട്ടു പടിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന തിരിച്ചറിവ് ഓരോരുത്തരിലും എത്തിക്കുക എന്നത് വലിയ പ്രയത്നം ഉള്ളതാണ്.
നിറമുള്ള ജീവിതത്തോട് അമിത പ്രണയം ഉള്ള ഇവര്‍ക്ക് പലപ്പോഴും നിറമില്ലാത്ത ജീവിതമാണെന്നതാണ് യാഥാര്‍ഥ്യം.
പലപ്പോഴും കൗമാരത്തിലേക്കുള്ള യാത്രയിലാണ് പലരും സ്വയം തിരിച്ചറിവുണ്ടാവുക. അവിടെ നിന്ന് പിന്നീട് യൗവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ല. വീട്ടുകാര്‍ , ബന്ധുക്കള്‍,
സുഹൃത്തുക്കള്‍ ഒക്കെ അകലം പാലിക്കുന്നത് വേദനയോടെ കണ്ട് നില്‍ക്കേണ്ടി വരും. ആ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ പലപ്പോഴും പണം മാത്രമാകും ആശ്രയം .
അതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് പലപ്പോഴും നേരായ ഗതിയില്‍ മാറ്റമുണ്ടാകുക. യൗവനത്തില്‍ കുറെയൊക്കെ അധ്വാനവും പിടിച്ച് നില്‍ക്കാനുള്ള ധൈര്യവും ഉണ്ടാകുന്നത് ആരോഗ്യമുള്ളതുകൊണ്ടാണ്.
ഇന്ന് അധ്വാനിച്ച് ജീവിക്കാനും ചിലര്‍ തയ്യാറാകുന്നുണ്ടെന്ന് മാറ്റത്തിന്റെ വലിയ ചുവടുവെപ്പാണ്. അതിന്റെ ഉദാഹരണമാണ് മെട്രോയില്‍ ജോലി നല്‍കിയത്. അതിന്റെ ഭാഗമായി അവര്‍ ആദ്യം തരണം ചെയ്യേണ്ടി വന്നത് അവര്‍ക്ക് താമസിക്കാന്‍ ആരും സ്ഥലം നല്‍കുന്നില്ല എന്നതാണ്. വിധവയായ,
വിവാഹമോചനം നേടിയ സ്ത്രീക്ക് ഒറ്റക്ക് താമസ സ്ഥലം നല്‍കാത്ത പൊതു സമൂഹത്തില്‍ ഇതിലും കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷേണ്ടതില്ല. വാര്‍ധക്യത്തോടടുക്കുന്പോഴാണ് ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലേക്ക് പോകുന്നത്. അതിനും കൂടി പരിഹാരം കാണേണ്ടതുണ്ട്.
അതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഹാരം ആലോചിക്കണം. പക്ഷേ , ഒന്നുറക്കെ പറയാം. ഈ ശബ്ദങ്ങള്‍ ഇനിയും ഉയരും.
നിങ്ങള്‍ക്കിടയിലേക്ക് മടിയില്ലാതെ ലജ്ജയില്ലാതെ അവര്‍ കടന്നിരിക്കും. ഭരണം കൈയില്‍ വേണമെന്ന് പറയുന്നതും ഇക്കാരണങ്ങളാലാണ്. ഇനിയും സ്കൂളില്‍ ചേര്‍ക്കുന്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആപ്ലിക്കേഷന്‍
ഫോമുകളില്‍ മെയില്‍ ഓര്‍ ഫീമെയില്‍ എന്ന കോളത്തോടൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം പ്രത്യക്ഷപ്പെട്ടില്ല എന്നത് ഖേദകരമാണ്. ഒന്നുമില്ലേല്‍ മറ്റുള്ളവ എന്നെങ്കിലും വരേണ്ട കാലം അതിക്രമിച്ചു.
ഫോട്ടോ ക്രഡിറ്റ്-റിയാസ് ഖാന്‍- കൊച്ചി




കാമറക്ക് പിന്നിലെ വിധു വിന്‍സെന്‍റ്
മുന്പേ പോയ പല സ്ത്രീകള്‍ക്കും കഴിയാത്ത നേട്ടമാണ് വിധു വിന്‍സെന്റിന് കഴിഞ്ഞത്. നേട്ടത്തെ എങ്ങനെ കാണുന്നു.?
ഒറ്റപ്പെട്ട സംഭവമാണിത് . ഇനി ഇത് ആവര്‍ത്തിക്കുമോ എന്ന് അറീല്ല. കുറച്ചു കാലങ്ങളായി സിനിമയില്‍ മാറിനടക്കല്‍ അംഗീകരിക്കുന്നുണ്ട്. മുഖ്യധാരാ സിനിമകളെ
നോക്കിയാല്‍ നമുക്ക് മനസിലാവുന്നത് മറ്റ് മാതൃകകകളെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള വഴിമാറി നടക്കല്‍ അംഗീകരിക്കപ്പെടുന്പോള്‍ സന്തോഷം.
ആളുകള്‍ സിനിമയെക്കുറിച്ച് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയേക്കും.
എന്തുകൊണാണ് ഇത്തരം ഒരു സിനിമ എടുക്കാന്‍ തോന്നിയത്. വാണിജ്യ സിനിമ എന്ന ആശയം എന്തുകൊണ്ട് ഉണ്ടായില്ല?
ഞാനൊരു സിനിമാക്കാരിയല്ല. സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളുമല്ല. ഈ വിഷയം സിനിമയിലൂടെ പറയാം എന്നതുകൊണ്ട് മാത്രമാണ് സിനിമയെടുത്തത് തന്നെ. ആളുകള്‍ക്ക് കാണുന്പോ ഇഷ്ടമായേക്കാവുന്ന
ഫോര്‍മുലയില്‍ സിനിമയെടുക്കാം എന്നൊന്നും ആലോചിച്ചിട്ടില്ല. റിസ്ക് എന്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വിഷയം തെരഞ്ഞെടുത്തത്.
സ്ത്രീയെന്ന നിലയില്‍ മലയാള സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടോ?
വെല്ലുവിളികള്‍ ഉണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോട് കാര്‍ക്കശ്യത്തോടെ പെരുമാറുകയും ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്പ് തന്നെ യൂണിറ്റില്‍ ആദ്യം ആവശ്യപ്പെട്ടത് സ്ത്രീ വിരുദ്ധ തമാശകള്‍ പാടില്ല എന്നതായിരുന്നു.
അക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടാകണം എന്ന് മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു.
മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ് ഇപ്പോള്‍. വിധു വിന്‍സെന്റ് സിനിമയെടുക്കുന്പോള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ല എന്നാണോ?
കഴിഞ്ഞ ദിവസം അവാര്‍ഡ് ജൂറിയിലുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമ അവാര്‍ഡിന് പരിഗണിക്കില്ലെന്ന് തീരുമാനിച്ച വിവരം പറഞ്ഞു. ആ വിവരം പറഞ്ഞപ്പോള്‍ ജൂറിയിലെ മറ്റ് പുരുഷന്‍മാര്‍ അതംഗീകരിക്കുകയും ചെയ്തു.
ഈ മാറ്റം അഭിനന്ദനാര്‍ഹമാണ്. പ്രേക്ഷകര്‍ക്കും ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ കഴിയണം. ഞാനെന്തായാലും ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ എടുക്കില്ലെന്നത് തീരുമാനിച്ചതാണ്. ചുവന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ ഉടലിന്റെ ഭംഗി കാണത്തക്ക രീതിയിലുള്ള ഫ്രെയിമുകള്‍ ഉണ്ടെങ്കിലേ കഥ പറയാവൂ എന്നൊന്നും ഇല്ല. പ്ലെയിന്‍ ഫ്രെയിമില്‍ വെച്ചാലും പറയാന്‍ കഴിയും.
ഓരോ ആളുകളും ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.
എന്തുകൊണ്ട് സ്ത്രീ കഥാപാത്രത്തിലൂടെ കഥപറഞ്ഞു. സ്ത്രീ പക്ഷ സിനിമ എടുക്കണം എന്ന തീരുമാനത്തില്‍ തന്നെയാണോ തുടങ്ങിയത്?
മാന്‍ഹോളിന്റെ കഥ സ്ത്രീ കഥാപാത്രത്തിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നത്. തോട്ടിപ്പണി ചെയ്യുന്നത് പുരുഷന്‍മാരാണ്. അവരുടെ കാഴ്ചയില്‍ കഥ പറയുക എന്നത് എളുപ്പമാണ്.
എന്നാല്‍ പുഷന്റെ കാഴ്ചയില്‍ പറയേണ്ട എന്നത് ആദ്യം മുതലുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഭാര്യ, മകള്‍, മരുമകള്‍ തുടങ്ങിയ സ്ത്രീകളുടെ കാഴ്ചയില്‍ കഥ പറയണം എന്ന് തോന്നി.
കാരണം അവരുടെ മാനസിക വ്യാപാരങ്ങള്‍ ചിത്രീകരിക്കണം എന്ന ഉദ്ദേശത്തില്‍ തന്നെയാണ് കഥ പറഞ്ഞത്.
ഒരു സ്ത്രീക്ക് ഒറ്റക്ക് സിനിമ സിനിമ കാണാന്‍ സിനിമാ കൊട്ടകയില്‍ പോവുക എന്നത് ഇന്നും വലിയ പ്രതിസന്ധിയാണ്.
പ്രത്യേകിച്ച് ഒറ്റക്ക് നിരന്തരമായി കൊട്ടകയില്‍പോയി സിനിമ കാണുന്ന പെണ്‍കുട്ടികളെ കാണുന്പോള്‍ നെറ്റി ചുളിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. വിധുവിന്‍സെന്റിന് അത്തരം അനുഭവങ്ങള്‍ ഉണ്ടോ?
1998 മുതലാണ് തുടര്‍ച്ചയായി സിനിമ കാണുന്നത് . ഫിലിം ഫെസ്റ്റിവലുകളില്‍ പോയി അക്കാലം മുതല്‍ തന്നെ സിനിമ കണ്ടിട്ടുണ്ട്. അതിന് മുന്നെ തിയേറ്ററില്‍ പോയി വല്ലപ്പോഴും സിനിമ കാണുന്ന സ്വഭാവം ആണുണ്ടായിരുന്നത്. കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ കണ്ടിരുന്ന കഥകള്‍ പലര്‍ക്കും പറയാനുണ്ടായിരിക്കാം. പക്ഷേ, എനിക്ക് അത്തരത്തിലൊരു കഥയും പറയാനില്ല.
എന്നാല്‍ എത്ര ഫിലിം ഫെസ്റ്റുവലുകളില്‍ നമ്മുടെ അമ്മമാര്‍ സിനിമ കാണാന്‍ പോകുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പുരുഷന്‍മാര്‍ക്കൊപ്പം വല്ലപ്പോഴും സിനിമകള്‍ കണ്ട പഴയ കാലമാണ് നമുക്കുണ്ടായിരുന്നത്.
ഇപ്പോള്‍ സിനിമ കാണാറുണ്ടോ
തീര്‍ച്ചയായും . ഇപ്പോള്‍ ധാരാളം സിനിമകള്‍ കാണാറുണ്ട്. പ്രത്യേകിച്ച് മറ്റ് ഭാഷകളിലുള്ളതും. മാധ്യമപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്പോള്‍ തന്നെ സിനിമകള്‍ കാണാറുണ്ട്.
സ്ത്രീ പക്ഷ സിനിമ എന്നത് മാത്രമല്ല മാന്‍ഹോള്‍ മുന്നോട്ടു വെക്കുന്നത്. ദളിത് വിഷയം എന്നത് കൂടി പ്രസക്തമാണ്.
ആദ്യം തന്നെ ഇത്തരത്തില്‍ ഒരു വിഷയം തെരഞ്ഞെടുക്കുന്പോള്‍ വെല്ലുവിളികല്‍ ഉണ്ടായിരുന്നില്ലേ?
ദളിത് വിഷയം പറഞ്ഞപ്പോള്‍ വലിയ വെല്ലുവിളി തന്നെയുണ്ടായി.
പ്രധാനമായും ഇത്തരം വിഷയങ്ങല്‍ വിറ്റുപോകാന്‍ വലിയ ബുദ്ധിമുട്ടാണ് ആര് പണം മുടക്കും. മുടക്കിയാല്‍ എങ്ങനെ തിരിച്ചുപിടിക്കും എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഈ വെല്ലുവിളികളാണ് ഞാന്‍ ഈ സിനിമക്ക് കൊടുക്കുന്ന വില.
അവരില്‍ നിന്ന് മാറി നിന്ന് സെറ്റിട്ട് സിനിമ പറയുക എന്നല്ല ഞാന്‍ ചിന്തിച്ചത്. പകരം അവരില്‍ ക്യാമറ പ്ലെയ്സ് ചെയ്ത് കഥപറയാനാണ്.
മുന്‍കാലങ്ങളില്‍ മലയാള സിനിമ പറഞ്ഞ ദളിത് കഥ പറച്ചിലുകള്‍ മാറി എന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ച് കമ്മട്ടിപ്പാടം, കിസ്മത്ത്, തുടങ്ങിയ സിനിമകള്‍ വന്നപ്പോഴെങ്കിലും?
രാജീവ് രവിയെപ്പോലുള്ളവര്‍ ഇത്തരം സിനിമകള്‍ കൊണ്ടുവരുന്നത് മാറ്റത്തിന്റെ ഭാഗമാണ്.
കമ്മട്ടിപ്പാടം എന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്കെത്തുമോ എന്നത് സംശയമാണ്.
എങ്കിലും ഇത്തരം കഥകള്‍ തെരഞ്ഞെടുക്കുന്നത് മാറ്റത്തിന്റെ ഭാഗമാണ്.
കമ്മട്ടിപ്പാടം ഇത്തരത്തില്‍ താരമൂല്യം ഉള്ള ചിത്രമാണ്. എന്തുകൊണ്ടാണ് വിധു വിന്‍സെന്റ് ഇത്തരത്തില്‍ സ്റ്റാര്‍ വാല്യൂ ഉള്ള ഒരു നടനെയോ ന
നടിയേയോ ഉള്‍പ്പെടുത്തി കഥ പറയാതിരുന്നത്?
ഒന്ന് നമ്മള്‍ തുടക്കക്കാരാണ്. സാന്പത്തികം വലിയ പ്രശ്നമായിരുന്നു. മുടക്കാനുള്ള ആവശ്യം വേണ്ട തുക പോലും ഇല്ലാതെയാണ് ഇത്തരത്തിലൊരാശവുമായി ഇറങ്ങിത്തിരിച്ചത്. പക്ഷേ, ഇതിലഭിനയിച്ച ഓരോ ആളുകളുടേയും അഭിനയം കണ്ടാല്‍ ഇതല്ല ജീവിതം എന്ന് പറയില്ല. അത്രക്ക് മികച്ചതായിരുന്നു. എന്തുകൊണ്ടും നന്നായി. സിനിമ അംഗീകരിക്കപ്പെട്ടു.
അടുത്ത സിനിമ ചിലപ്പോള്‍ താരമൂല്യമുള്ള സിനിമയാകാം. വേറൊരു രീതിയിലുള്ള കഥ പറച്ചിലുമായിരിക്കാം. ഈ സിനിമ ഇങ്ങനെയാണ് പറയാനുദ്ദേശിച്ചത്.
മാന്‍ഹോള്‍ ഒരു സിനിമാ രൂപമല്ല. ഡോക്യു ഷിക്ഷനാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ടല്ലോ? ഈ വിമര്‍ശത്തെ എങ്ങനെ കാണുന്നു.?
എല്ലാത്തരം വിമര്‍ശങ്ങളെയും സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററി ഫിക്ഷന്‍ എന്നു പറയുന്നത് പലപ്പോഴും മലയാള സിനിമക്ക് അപരിചിതമാണ്. മലയാള സിനിമ ഒരുപാട് വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റ് ഭാഷകളില്‍ ഇത്തരം വഴി മാറല്‍ നടക്കല്‍ ഉണ്ടാവുന്നുണ്ട്. ഈ കഥ പറയാന്‍ ഈ അവതരണ രീതിയാണ് ഉണ്ടായിരുന്നത്. മറ്റാര്‍ക്കെങ്കിലും മറ്റേതെങ്കിലും രീതിയുണ്ടെങ്കില്‍ അവര്‍ ആ രീതി നടപ്പിലാക്കിക്കോട്ടെ.
സിനിമാ ലോകത്തെ സ്ത്രീകളുടെ സുരക്ഷിതാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ്. സിനിമയിലേക്ക് കാലെടുത്ത വെച്ച ഒരാളെന്ന നിലയില്‍ സ്ത്രീ സുരക്ഷിതയാണോ?
എന്തുകൊണ്ട് അത്തരത്തില്‍ അരക്ഷിതാവസ്ഥ ഈ രംഗത്ത് സ്ത്രീകള്‍ക്കുണ്ടാവുന്നു?
മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ നോക്കുന്പോള്‍ ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയില്‍ കാണാന്‍ കഴിയുമല്ലോ?
സിനിമാ ലോകത്ത് വലിയ ബുദ്ധിമുട്ടുകളുണ്ട്
സ്ത്രീകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍.
നമ്മള്‍ അഭിനയ രംഗത്താണ് സ്ത്രീകളെ കൂടുതല്‍ കാണുന്നത്. പിന്നാന്പുറത്തേക്കും കൂടുതല്‍ സ്ത്രീകള്‍ വരണം. തുടര്‍ച്ചയായി സ്ത്രീകള്‍ സിനിമയെടുക്കാത്തത് എന്തുകൊണ്ടെണെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത് സാധ്യവുമാണ്.
എന്തുകൊണ്ടാണ് ഈ രംഗത്ത് വരുന്ന സ്ത്രീകളെ പിന്തിരിരപ്പിക്കുന്നത്.? സിനിമാ ലോകമെന്ന് പറയുന്നത് നമ്മള്‍ പുറമേ നിന്ന് കാണുന്നത് പോലെയല്ലയ പിന്നാന്പുറത്ത് ആണിന്റെ ഒരാഘോഷം കൊണ്ടാടുന്ന സ്ഥലമാണ്. മദ്യപാനം, സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഒക്കെയാണ് അവിടെ നടക്കുന്നത്.
പുരുഷന്‍മാരുടെ ഒരു മേച്ചില്‍പ്പുറമായി തന്നെ സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. ടെക്നിക്കല്‍ രംഗത്തും കൂടുതല്‍ സ്ത്രീകള്‍ വരണം. എങ്കില്‍ മാത്രമേ സുരക്ഷിതത്വം ഉണ്ടാകൂ.
പുതിയ പ്രോജക്ട്?
അത് പറയാനായിട്ടില്ല. എഴുത്തു പണി നടന്നുകൊണ്ടിരിക്കുകയാണ്. പ്രൊഡ്യൂസര്‍ ആയിട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങണമെന്ന് വിചാരിക്കുന്നു.
സിനിമയില്‍ തുടരാന്‍ തന്നെ തീരുമാനിച്ചോ?
പറയാന്‍ മൂന്ന് നാല് കഥകള്‍ ഇപ്പോള്‍ തന്നെ കയ്യിലുണ്ട്. ആ കഥകള്‍ പറയാനുള്ള അവസരം ഉണ്ടെങ്കില്‍ പറയണം എന്ന് തന്നെയാണ്.
മലയാളത്തിന് ഇതുവരെ പരിചയമില്ലാത്ത വേറിട്ടൊരു ശബ്ദം.. അകക്കണ്ണിന്റെ കാഴ്ചയിൽ വൈക്കം വിജയലക്ഷ്മി എന്ന ഗായിക പാടിക്കൊണ്ടേയിരിക്കുകയാണ്. പിച്ചവെച്ച നാളു മുതൽ സംഗീതം വിജയലക്ഷ്മിയുടെ ശ്വാസം ആണ്.. ഈയടുത്ത് ആറര മണിക്കൂറിൽ 67 ഗാനങ്ങൾ ഗായത്രി വീണയിൽ വിസ്മയം തീർത്ത് ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. എപ്പോൾ കണ്ടാലും നിറഞ്ഞ ചിരിയോടെ നർമം ചാലിച്ചുള്ള മറുപടി. എങ്കിലും ഉറച്ച തീരുമാനമെടുക്കേണ്ട അവസരത്തിൽ വിജയലക്ഷ്മി ഗൗരവത്തിലാകും.... അൽപ്പനേരം വിജയലക്ഷ്മിയുടെ ചെറിയ വിശേഷങ്ങൾ....
ചോദ്യം: ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. പാടി കഴിഞ്ഞപ്പോൾ എന്ത് തോന്നി?
സന്തോഷം തോന്നി. സന്തോഷിക്കേണ്ട സന്ദർഭം ആണല്ലോ. അച്ഛനും അമ്മയും പണ്ട് മുതലേ പറയുമായിരുന്നു. അത് പൂർത്തിയാക്കാൻ കഴിഞ്ഞു. ആചാര്യ ആനന്ദ് കൃഷ്ണയാണ് ഗിന്നസ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ആദ്യമായിട്ടാണ് ഇത്ര ദീർഘ നേരം കച്ചേരി ചെയ്യുന്നത്. കച്ചേരി കഴിഞ്ഞപ്പോൾ കൈ വേദനിച്ചു. അപ്പോൾ തന്നെ ഫിസിയോ തെറാപ്പിസ്റ്റ് വന്നിരുന്നു.
ചോദ്യം: ജീവിതത്തിൽ പലപ്പോഴും പല തരത്തിൽ പുരസ്കാരങ്ങൾ കിട്ടാറുണ്ട്. ഏറ്റവും വലിയ അവാർഡ് ഏതാ യിരുന്നു?
റെക്കോർഡ് പ്രകടനം നടത്തിയപ്പോൾ എം ജയചന്ദ്രൻ സാർ മൃദംഗം വായിച്ചു എനിക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് അത് തന്നെയാണ്. അതിനപ്പുറം വലിയ അവാർഡ് എന്തെങ്കിലും കിട്ടാനുണ്ടോ. താമസമെന്തേ വരുവാൻ എന്ന ഗാനത്തിനാണ് സാർ മൃദംഗം വായിച്ചത്. വലിയ സന്തോഷമായി എനിക്ക്. അനുഗ്രഹം തന്നെയായിരുന്നു ആ മുഹൂർത്തം...
ചോദ്യം : ഇത്ര വലിയൊരു പ്രകടനം നടത്താൻ തയ്യാറെടുപ്പുകൾ എന്തെങ്കിലും നടത്തിയിരുന്നോ?
ഇല്ല. ആദ്യമായിട്ടാണ് ഇത്രയും സമയം തുടർച്ചയായി വായിക്കുന്നത്. അല്ലാതെ പ്രത്യേകിച്ച് പരിശീലനം ഒന്നും ഉണ്ടായിരുന്നില്ല.
ചോദ്യം: സംഗീത ജീവിതത്തെ കുറിച്ച്?
ഒന്നര വയസു മുതൽ ഞാൻ പാടി തുടങ്ങി. കേട്ട് പഠിക്കുകയായിരുന്നു. അതിന് ശേഷം ആറ് വയസിൽ അമ്പലപ്പുഴ തുളസി ടീച്ചർക്ക് ദക്ഷിണ നൽകി പഠനം ശാസ്ത്രീയ സംഗീതം പഠിച്ചു. സംഗീത രംഗത്ത് 30 വർഷം പൂർത്തിയാവുന്നു. ഇതിനിടയിൽ സിനിമയിലും പാടാൻ അവസരം ലഭിച്ചു. മെയ് 28, 29 തിയതികളിൽ സംഗീതത്തിന്റെ 30 വർഷം ആഘോഷിക്കാൻ പോവുന്നു. എം ജയചന്ദ്രൻ സ°ാർ അന്ന് കച്ചേരി അവതരിപ്പിക്കും. ജയചന്ദ്രൻ സാറും യേശുദാസ് സാറും ഫോണിലൂടെ പഠിപ്പിക്കാറുണ്ട്. ഇപ്പോഴും സംഗീതം പഠിക്കാറുണ്ട്. ഇതൊക്കെ തന്നെയാണ് സംഗീത ജീവിതം..
ചോദ്യം: ഗായത്രി വീണയെ കുറിച്ച്?
കുഞ്ഞായിരുന്നപ്പോൾ പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ട വീണ ഉണ്ടാക്കി വായിക്കുന്നത് കണ്ടപ്പോൾ അച്ഛനാണ് ഗായത്രി വീണ നിർമിച്ച് തന്നത്. പകുതി സമയം ഗായത്രി വീണ വായിക്കുകയും ബാക്കി പകുതി പാടുകയും ചെയ്യും.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ ഗായത്രി വീണ മീട്ടിയിരുന്നു. വയലിൻ ചക്ര വർത്തി കുന്നക്കുടി വൈദ്യ നാഥ ഭാഗവത രാ ണ് ഗായത്രി വീണ എന്ന് പേര് നൽകിയത്..
ചോദ്യം: സ്വന്തം ശബ്ദത്തെക്കുറിച്ച്?
പണ്ട് കാലത്തെ പി ലീലയെ പോലുള്ള ഗായികമാരുടെ ശബ്ദമാണെന്ന് ചിലർ പറയാറുണ്ട്. തുറന്ന് പാടുന്ന ആളാണ് ഞാൻ. പലപ്പോഴും ചെറിയ മാറ്റങ്ങൾ ശബ്ദത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്.
ചോ:സിനിമയിൽ പാടിയപ്പോൾ മുൻപുള്ളതിനേക്കാൾ നല്ല സ്വീകാര്യത ലഭിച്ചെന്ന് തോന്നിയോ?
പിന്നെയില്ലേ. സിനിമയിൽ പാടിയപ്പോഴാണ് കൂടുതൽ ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. ഒരു പാട് ആരാധകരുണ്ട്. നല്ല രസം അല്ലെ.പിന്നെ കുറെ സുഹൃത്തുക്കൾ ഉണ്ട്.
ചോദ്യം: ഗാന ഗന്ധർവനെക്കുറിച്ച്?
ഞാൻ പറഞ്ഞില്ലേ പാട്ട് പഠിപ്പിച്ചു തരും. പിന്നെ ഗൗരവക്കാരനൊന്നുമല്ല .തമാശ പറയും. വേദികളിൽ ഒപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട്. തായേ യശോദ... വേദിയിൽ വെച്ച് പഠിപ്പിക്കുകയും കൂടെ പാടുകയും ചെയ്തു. പിന്നെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം ഒരുമിച്ച് വേദിയിൽ പാടാനായി. ഗായത്രി വീണ ചോദിച്ചിട്ടുണ്ട്. മാനസ ഗുരു ആദ്യായിട്ട് ചോദിക്കുന്നതല്ലേ. അച്ഛൻ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ചോദ്യം : അത്ര വലിയ ഒരു ഗായകനൊപ്പം പാടുമ്പോൾ ഭയം തോന്നാറുണ്ടോ?
പിന്നേ.. തെറ്റിപ്പോകുമോ എന്ന പേടി ഉണ്ട്. പക്ഷേ, ദൈവാധീനത്താൽ ഇതുവരെ തെറ്റിയിട്ടില്ല.
ചോ:ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികൾ?
അച്ഛനും അമ്മയും തന്നെയാണ്. രണ്ട് പേരും പാടും. അവരിൽ നിന്നാണ് എനിക്ക് അങ്ങനെയൊരു കഴിവ് കിട്ടിയത്. സപ്തസ്വരങ്ങൾ പഠിപ്പിച്ചത് അച്ഛനാണ്. അമ്മമ്മയും പാടുമായിരുന്നു. അപ്പൂപ്പൻ പാടില്ലെങ്കിലും നല്ല ആസ്വാദകനായിരുന്നു. ഒരു പാട് പാട്ടുകളുടെ വലിയ കളക്ഷനുണ്ടായിരുന്നു അപ്പൂപ്പന്റ കയ്യിൽ. ആ കാലം നല്ല രസമായിരുന്നു. അപ്പൂപ്പനുമായി എന്നും വാശി പിടിക്കുമായിരുന്നു. വല്യ കാര്യമില്ലായിരുന്നുവെന്ന് ഇപ്പോ തോന്നുന്നു.
ചോ.. ഏതെങ്കിലും രാഗങ്ങളോട് പ്രത്യേക ഇഷ്ടം?
ചില അപൂർവ രാഗങ്ങൾ പാടാനും പഠിക്കാനും ഇഷ്ടമാണ്. ഷഹാന, കനകാഞ്ചി, രഘു പ്രിയ പോലുള്ള രാഗങ്ങൾ വലിയ ഇഷ്ടമാണ്. പാടി മഴ പെയ്യിക്കണം എന്നൊക്കെ തോന്നാറുണ്ട്.
ചോ:ജ്യോതിഷത്തിൽ ഒക്കെ വലിയ വിശ്വാസം ആണല്ലോ? അതെ.. പെരിങ്ങോട് ശങ്കരനാരായണൻ എന്റെ കാര്യങ്ങളൊക്കെ കൃത്യമായിട്ട് പറയുന്ന ആളാണ്. എനിക്ക് പുരസ്കാരങ്ങൾ കിട്ടണ കാര്യമൊക്കെ കൃത്യമായി പറഞ്ഞിരുന്നു. വിവാഹ അഭ്യർഥന വന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നെ ദേവി ഭക്തയാണ് ഞാൻ. എല്ലാ ദൈവങ്ങളും പ്രിയപ്പെട്ടത് തന്നെ.
ചോ: ജീവിതത്തിൽ സംഭവിച്ചത് തരണം ചെയ്തു എന്നറിയാം? തീർച്ചയായും. ഇപ്പോൾ വലിയ മനസമാധാനം ഉണ്ട്. ആ ഭീകരൻ എന്നെ വിട്ടു പോയത് വലിയ ആശ്വാസമാണ്.പാടാനിരിക്കുമ്പോ വല്ലാത്ത സങ്കടം വരുമായിരുന്നു. ഞാൻ ഓരോ ആളുകളെയും കൃത്യമായി പഠിക്കും. സമയമെടുത്ത് പഠിക്കും. അത് ഗുണം ചെയ്തു ദൈവാധീനം എന്ന് തന്നെയാ പറയേണ്ടത്. ഡിപ്രഷനിൽ ആയി പോയിരുന്നു. ഇപ്പോ വല്ലാത്ത സമാധാനമായി. ചോദ്യം ..
ഇനി വിവാഹം? മനസിലാക്കാൻ കഴിയുന്ന ഒരാൾ വന്നാൽ തീർച്ചയായും വിവാഹം കഴിക്കും. അങ്ങനെയൊരാൾ വരുമെന്നാണ് പ്രതീക്ഷ. ചോ: ജീവിതത്തിലെ മിസിങ് ?
എറണാകുളം സെൻറ് തെരേസാസിലാണ് ഡിഗ്രി ചെയ്തത്. പക്ഷേ, റെഗുലർ ആയി പോകാൻ കഴിഞ്ഞില്ല. ശരിക്ക് പറഞ്ഞാ കോളേജ് ജീവിതം വലിയ മിസിങ് ആണ്. അടിച്ചു പൊളിക്കാൻ പറ്റീല്ല.
ചോ.. ആഗ്രഹം? ദുൽഖർ സൽമാനോട് സംസാരിക്കണം. എന്റെ വലിയ ആഗ്രഹം ആണത്. മമ്മൂട്ടി സാറിനേം വിളിച്ചിട്ട് കിട്ടീല്ല. വലിയ ആഗ്രഹം ആണ്.
വേദനയില്‍ നീറുന്ന അമ്മമാര്‍
അമ്മ മനസ് തങ്ക മനസ്... മുറ്റത്തെ തുളസി പോലെ.... ഈ തരത്തിൽ അമ്മയുടെ മനസിനെ കവി വർണിച്ചിട്ട് അധിക കാലം ഒന്നും ആയില്ല. പലപ്പോഴും 'അമ്മ' എന്ന വാക്കിന് പകരം വെക്കാൻ ഒന്നും ഇല്ല.പുതിയ കാലഘട്ടത്തിൽ അത്തരത്തിൽ പൊതുവായി പറയാൻ കഴിയുമോ എന്നത് സംശയമാണ്.. 'അമ്മ' മാറിത്തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെട്ട വാക്ക് . ചിലയിടങ്ങളിൽ വെറും സത്രീയോ വ്യക്തിയോ ചിലപ്പോൾ ഇതൊന്നും അല്ലാതെയും ആകുന്നു. സമീപ കാലങ്ങളിൽ വലിയ - ചെറിയ വാർത്തകളിൽ ഒരു പാട് അമ്മമാർ നിറഞ്ഞു നിന്നു.
ഏറ്റവും അവസാനം കണ്ടത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയാണ്.അമ്മയാണ്... അമ്മയാണ്.... എന്ന് ചാനൽ അവതാരകൻ ആവർത്തിച്ചു പറയുന്നതും നമ്മൾ കേട്ടു . ആ അമ്മയെ രാഷ്ട്രീയത്തിന്റെ മേലങ്കി പുതപ്പിക്കാനും അത്തരത്തിലാക്കി മാറ്റാനും ശ്രമങ്ങളുണ്ടായി. ഏതിനെയും രണ്ട് തലത്തിൽ കാണുന്ന വിശാലമനസ്കരുള്ള സോഷ്യൽ മീഡിയ ഇത്തവണ പക്ഷേ, സർക്കാരിനെതിരായി നില കൊണ്ടു. കുറച്ചു ന്യായീകരണ തൊഴിലാളികൾ ഒഴികെ. എന്നാൽ രാഷട്രീയം മാറ്റി ഒന്ന് ചിന്തിക്കാം. കോഴിക്കോട്ടുകാരിയ സാധാരണ ഒരു വീട്ടമ്മ. മകനെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് നീതിപീഠത്തോട് കേഴുന്നു. ആദ്യമൊക്കെ മാധ്യമങ്ങളിലൂടെ പതിയെ. പതിയെ. പിന്നീട് ആ നിലവിളിക്ക് ശക്തി കൂടി വന്നു. ഒടുവിൽ ശബ്ദം പതറാതെ തൊണ്ടയി sറാതെ അവർ അഭിമുഖങ്ങൾ നൽകുന്നു. എവിടെ നിന്നാണ് ധൈര്യം എന്ന് ചോദ്യം ഉയരുന്നുണ്ടാവണം. മാധ്യമങ്ങൾ ഇല്ലെങ്കിലും അവരങ്ങനെയാവും. കാരണം അവർക്ക് നഷ്ടമായത് സ്വന്തം സ്വപ്നം മാത്രമല്ല. അവിടെയാണ് സ്ത്രീയും അമ്മയും തമ്മിൽ വേർതിരിയുന്നത്. ഒരു സ്ത്രീ അമ്മയാകുന്നു എന്നറിയുന്ന നിമിഷം മുതൽ അവൾക്ക് വേണ്ടിയുള്ള ജീവിതം അവസാനിച്ചു. പിന്നീടുള്ളത് അവളിലെ പുതുജീവന് വേണ്ടിയാണ്. അവൾ കേൾക്കുന്നത്, ശബ്ദിക്കുന്നത്, മണക്കുന്നത്, സ്പർശിക്കുന്നത് ഒക്കെ.. ഓരോ വളർച്ചയും അമ്മയിലൂടെയാണ്. രക്ത ബന്ധത്തിനപ്പുറം ആരും കാണാത്ത ഒരു നൂൽ ആ ബന്ധത്തിലങ്ങനെ നിൽക്കുന്നതും അതാണ്. അപ്പോപ്പിന്നെ മഹിജയുടെ കരച്ചിൽ വേറിട്ട
തൊന്നും അല്ല. അപ്പോ നഷ്ടമുണ്ടായത് ആ അമ്മക്ക് മാത്രമാണ്. അവരുടെ ആളിക്കത്തൽ ഉണ്ടാകും. പക്ഷേ, എവിടെയൊക്കെയോ ആ വേദന കാണുന്നതിന് പകരം നമ്മൾ അത് മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. രണ്ട് തരത്തിൽ കാണാം അതിനെ ഒന്ന് അത് അനി വാര്യമായിരുന്നു. നിരന്തരം പറഞ്ഞു കൊണ്ടിരുന്നില്ലെങ്കിൽ കൊട്ടിയടച്ച കാതുകളിലേക്ക് എത്തുമായിരുന്നില്ല. മറ്റൊരു തലത്തിൽ പ്രയോഗങ്ങൾ നടത്തുമ്പോൾ .ഇത്തിരി നിയന്ത്രണം ആവാമായിരുന്നു. ബ്രേക്കിങ്ങുകൾക്ക് വേണ്ടി പിന്നാലെ പോകുന്ന അവസ്ഥയുണ്ടായി. എന്നിരുന്നാലും ആശ്വസിക്കാം മറ്റ് കേസുകളിൽ സംഭവിക്കുന്നത് പോലെയല്ല. വിജയം കാണുന്നത് വരെ കൂടെ നിൽക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞു. ഇനി അതിനെ രാഷ്ട്രീയ വൽക്കരിക്കാതിരുന്നാൽ സമരം വിജയം കണ്ടു എന്ന് തന്നെ പറയാം. ഇതു പോലെയാണ് ഒരോ രാഷട്രീയ കൊലപാതകങ്ങൾ ഉണ്ടാവുമ്പോഴും അമ്മ മനസുകൾ നീറുന്നത്. അവർ ഒരു പാട് കരഞ്ഞും വേദനിച്ചും നീറി യും തീർന്നിട്ടുണ്ടാകും. അപ്പോപ്പിന്നെ സമരം ചെയ്യാനിരിക്കാൻ അവർക്ക് ത്രാണിയുണ്ടാകില്ല. ഇരുന്നൽ തന്നെ രാഷട്രീയ o അവിടെയും വിലങ്ങനെ നിൽക്കും.
ഓരോ തവണയും വെട്ടിയരിയുമ്പോൾ മകനെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളി പാർട്ടികൾ അവരവരുടേതായ കൊടികൾ പുതപ്പിച്ച് ഇല്ലാതാക്കുന്നു... വീണ്ടും ഇത്തരം നിലവിളികൾ ആവർത്തിക്കുന്നു. രക്തസാക്ഷികളായി ഓരോ അമ്മമാരുടെയും പൊന്നോമന പുത്രൻമാർ മാറും. അത്ര തന്നെ. പിന്നീട് ആ അമ്മയുടെ വയറ്റിലെ തീ കെടുത്താൻ ഒരു രക്ത സാക്ഷി മണ്ഡപത്തിനും കഴിയില്ല. അവരുടെ വിറയൽ മാറ്റാൻ എത് നിറത്തിലുള്ള കൊടിയായാലും കഴിയില്ല.
അത്തരത്തിലൊരു അനുഭവം ഉള്ള ഒരമ്മയുടെ അനുഭവം പറയാ തെ പോകാൻ വയ്യ. 12 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ അമ്മയുടെ ഫോൺ കോൾ എന്നെ തേടിയെത്തി. അവരുടെ ശബ്ദത്തിൽ അൽപ്പം പോലും പതർച്ചയില്ലായിരുന്നു. അവർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച വരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക. അത് മാത്രാണ് അവർ ആവ ശ്യപ്പെട്ടത്. രണ്ട് തവണ ആ പെൺകുട്ടിയെ രണ്ട് സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു. അതിലൊരാൾ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയും. ആ കാരണത്താൽ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് തീരുമാനം എടുക്കേണ്ടത്. പൊലീസിന് അറസ്റ്റ് ചെയ്യാൻ മാർഗം ഇല്ല. നമ്മുടെ നിയമത്തിന്റെ പഴുതുകൾ സാധാരണക്കാരിയായ ആ അമ്മക്ക് ദഹിക്കുന്നതിനും അപ്പുറമായിരുന്നു. കാരണം പീഡനത്തിനിരയായ അവരുടെ മകളും പ്രായ പൂർത്തിയായില്ല എന്നത് അവരുടെ കാഴ്ചയിൽ വലിയ ശരിയാണ്.
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു. അതു കൊണ്ടാവണം രാത്രിയിൽ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചപ്പോൾ അവർ ധൈര്യ സമേതം പോയത്. പക്ഷേ, പൊലീസുദ്യോഗസ്ഥൻ സ്ത്രീയാണെന്ന പരിഗണനയോ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണെന്നോ ബോധമില്ലാതെ അവരെ അപമാനിക ക യാ ണ് ചെയ്തത്. തളരാതെ അവർ വീണ്ടും മുന്നോട്ടു പോയി. മറ്റ് അമ്മമാർക്ക് ധൈര്യം നൽകണം എന്നാണ് അവരുടെ ചിന്ത. മൂന്നും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ചവരുടെ അമ്മയെക്കാൾ പ്രതിയുടെ ഭാര്യയും രണ്ടു പെൺമക്കളുടെ അമ്മയുടേയും കണ്ണീരാണ്... ആശ്വാസ വാക്കുകൾ ഒന്നുമില്ല ഈ കണ്ണീരിനൊന്നും.. ചങ്കുപൊട്ടി ഇനിയും തുടരും ഈ അമ്മമാരുടെ കണ്ണീർ ധാര.. കാലവും സന്ദർഭവും സാഹചര്യവും മാറിയേക്കാം. പക്ഷേ വറ്റാത്തതായി അമ്മ കണ്ണീർ അപ്പോഴുമുണ്ടാകും...
ആദ്യം പറഞ്ഞ സംഭവത്തിൽ ആ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ വാങ്ങിക്കൊടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു.രണ്ടാമത്തെ സംഭവത്തിൽ പ്രത്യേക ത ഉണ്ട്. കാരണം പെൺകുട്ടികളുടെ അമ്മ ആരും അറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. പറഞ്ഞു വന്നത് സ്വന്തം മക്കളെ വിൽക്കുന്ന അമ്മമാരും ഉണ്ട് എന്നതാണ്. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ളവരെ 'അമ്മ' എന്ന വാക്കിൽ നിർത്താൻ കഴിയില്ല. അങ്ങനെയായതുകൊണ്ടു മാത്രാണ് 'അമ്മ' എന്ന വാക്ക് ഇത്രയേറെ മൂല്യമുണ്ടാകുന്നതും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
