ഹിജഡകള്‍...മൂന്നാം ഗണം...ചാന്തുപൊട്ട്...ആണുംപെണ്ണും കെട്ടവര്‍ ...ഇങ്ങനെയൊക്കെ നാം വിളിച്ച് കൂവുന്ന ചിലരുണ്ട് ലോകത്തില്‍. എന്നാല്‍ ഈ മനുഷ്യരോട് ചോദിച്ചു നോക്കൂ. അവര്‍ ഈ വിളിപ്പേരുകളെയൊക്കെ ദൂരത്തു നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ ട്രാന്‍സ്ജെന്‍ഡറുകളാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നു. നിങ്ങള്‍ ഞങ്ങളെ അങ്ങനെ വിളിച്ചാല്‍മതി. ഈ മറുപടി ഓരോ ടി ജി സുഹൃത്തുക്കളില്‍ നിന്നും ഭയമില്ലാതെ പുറത്തേക്കു വന്നു തുടങ്ങി. ഒരഞ്ചു വര്‍ഷം മുന്പ് ഇത്തരം ഒരു അവസ്ഥയായിരുന്നില്ല കേരളത്തിലുണ്ടായിരുന്നത് എന്നതാണ് യാഥാര്‍ഥ്യം.
ഞാന്‍ ടി ജി ആണെന്ന് പുറം ലോകത്തോട് പറയാനുള്ള വല്ലാത്ത ഭയം തളം കെട്ടി നിന്നിരുന്നു എങ്ങും എവിടെയും. അതുകൊണ്ട് തന്നെ മലയാളികള്‍ ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലത്തേക്ക് കൂട്ടമായി ചേക്കേറിയിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ക്ക് വലിയ മാറ്റമുണ്ടായി.
എന്താണ് ആ മാറ്റങ്ങള്‍. എന്തുകൊണ്ടാണത്. പുതിയ മാറ്റത്തില്‍ പൂര്‍ണതയുണ്ടോ? ഓരോരുത്തരും ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ.
മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്ത് കൊച്ചിയില്‍ നടന്ന ട്രാന്‍സ്ജന്‍ഡറുകളുടെ ഫാഷന്‍ ഷോ. റാന്പില്‍ നടന്ന ഓരോ മുഖങ്ങളിലും വല്ലാത്ത ആത്മവിശ്വാസം. വിശ്വം ജയിച്ചതിന്റെ അഭിമാനം. വിവിധ വേഷത്തില്‍ തങ്ങളുടെ ആകാര വടിവില്‍ ചമ്മലില്ലാതെ അവര്‍ റാന്പില്‍ ഓരോ ചുവടും വെച്ചു. അവരുടെ മുഖത്തെ ചായങ്ങള്‍ ഇത്തവണ മിതമായിരുന്നു.
വലിയ ഒരുക്കങ്ങളായിരുന്നു ഓരോരുത്തരും ഇതിന് വേണ്ടി നടത്തിയത്. തങ്ങളിലൊരാള്‍ റാന്പില്‍ നടക്കുന്നത് കാണാന്‍ കൊതിയോടെ കാണികളുടെ ഇടയിലിരുന്ന് കണ്ണ് പായിക്കുന്നവരും ഉണ്ടായിരുന്നു. ഈ കണ്ണുകളാണ് വേദിയിലെത്തുന്നവരുടെ ഊര്‌ജം. മുഖത്ത് കട്ടിയില്‍ മേക്കപ്പ് ....
കണ്‍പുരികങ്ങള്‍ നീളത്തില്‍ വില്ലുപോലെ കറുപ്പിച്ചെഴുതി, ചുവന്ന ലിപ്സ്റ്റിക് കട്ടിയില്‍ തേച്ച് അവര്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്പോള്‍ പലരും ഒളിഞ്ഞും തെളിഞഅും പിറുപിറുക്കുന്നത് കേള്‍ക്കാം. ഇവരെന്തിനാണ് ഇങ്ങനെ സ്വയം പ്രദര്‍ശന വസ്തുവാകുന്നതെന്ന്. ഈ ചോദ്യം പരസ്പരം ഓരോരുത്തരും കളിയാക്കിത്തന്നെ പരിഹാസ്യമായിത്തന്നെ ഉപയോഗിച്ചിട്ടുള്ളതാണ്. താന്‍ ആണ്‍ വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവരെ കേരളം പതിയെ പതിയെ ഉള്‍ക്കൊള്ളാന്‍
തുടങ്ങിയിരിക്കുന്നു. വെറും അഞ്ച് വര്‍ഷം മുന്പാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നു തുടങ്ങിയത്. പിന്നീട് അതിന് കനം കൂടി കൂടി വന്നു.മറ്റുള്ളവരുടെ ദയനീയതക്കല്ല അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഉറക്കെ പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. തെരുവുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി അവകാശങ്ങള്‍ക്ക് വേണ്ടി ഉറക്കെ നിലവിളിച്ചു കൊണ്ടേയിരുന്നു.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പൊതു സിദ്ധാന്തം ഇവരുടെ കാര്യത്തിലും ബാധകമായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം നിലവിളികള്‍ ഉയര്‍ന്നു. പക്ഷേ, ഈ കാലഘട്ടത്തിലൊന്നും പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ തക്ക വണ്ണമുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന് പല ഉദാഹരണങ്ങള്‍ ഉണ്ട്. ഒറ്റക്കും കൂട്ടായും ഇവര്‍ക്ക് നേരെയുള്ള ആക്രമണമാണ്. കഴിഞ്ഞ വര്‍ഷം ഇവര്‍ കൊച്ചിയില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. എന്നത്തേയും പോലെ മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നിന്നോ എന്ന് ചോദിച്ചാല്‍ നിന്നു.
നിന്നില്ലേ എന്ന് ചോദിച്ചാല്‍ നിന്നില്ല. അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ നില്‍ക്കുക എന്നതാണ് പലരും സ്വീകരിക്കുന്ന നിലപാട്. വാര്‍ത്തകള്‍ കൈമാറുന്ന മാധ്യമ മുതലാളിമാരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടമാരും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്.
വീണ്ടും അവര്‍ക്കെതിരെ ഒരു ആക്രമണമുണ്ടാവുക എന്ന് പറഞ്ഞാല്‍ അത് അത്ര നിസാരമായി കാണാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നു. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നു.
ഹിജഡകള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസില്‍ പരാതി ഉന്നയിക്കുകയും ചെയ്തത് ടിജി സുഹൃത്തുക്കളാണ്. പക്ഷേ, പൊലീസെത്തിയപ്പോള്‍ വാദി പ്രതിയാവുകയാണുണ്ടായതെന്നത് വലിയ ഖേദകരമാണ്. ഉപദ്രവിച്ച വ്യക്തി നല്‍കിയ പരാതി പൊലീസ് സ്വീകരിക്കുകയും അപ്പോഴുണ്ടായ ട്രാന്‍സ്ജെന്‍ഡറുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചുപറിയുള്‍പ്പെടെയുള്ള വകുപ്പുകള്‍ അവര്‍ക്കെതിരെ ചുമത്തി.
അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനത്തിന് രൂപീകരിച്ച ദ്വയ സംഘടനയുടെ പ്രതിനിധി പൊലീസ് സ്റ്റേഷനിലെത്തി. അവരോട് സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പൊലീസ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ സാറിന്റെ വീടല്ലല്ലോ എന്ന മറു ചോദ്യം ഉന്നയിച്ചപ്പോള്‍ അപ്പുറത്തെ മുറിയിലിരുന്ന് സംസാരിച്ചോളൂ. സ്റ്റേഷന്റെ മുന്‍ ഭാഗത്ത് വേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് മയപ്പെ
ടുത്തി. തലേന്ന് കസ്റ്റഡിയിലെടുത്ത ടിജികള്‍ക്ക് ദാഹിചപ്പോള്‍ വെള്ളം ചോദിച്ചപ്പോള്‍ പൊലീസുദ്യോഗസ്ഥന്‍ ടോയ്ലലറ്റ് കാണിച്ചു കൊടുത്തു എന്നാണ് അവരുടെ പരാതി. ഈ പരാതികളൊക്കെ എവിടെ പോകുന്നു. രേഖാപരമായി ആദ്യം കാര്യങ്ങള്‍ കൃത്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കിയില്ലെന്നുള്ളത് മാത്രമാണ് ഇവര്‍ക്ക് വന്ന വീഴ്ച.
ആര്‍ക്കാണ് ഇവിടെ പൊതുബോധം ഉണ്ടാവേണ്ടത്. അധികാര വര്‍ഗത്തിനും നിയമപാലര്‍ക്കും ഇതാണ് അവസ്ഥയെങ്കില്‍ പൊതുസമൂഹത്തിന്റെ അവസ്ഥയെന്താകും എന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ടിജികള്‍ക്കൊപ്പം നിന്നാല്‍ ഒറ്റപ്പെടുമോ എന്നതിനേക്കാള്‍ കളിയാക്കലുകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
പൊതു സമൂഹത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യം അവര്‍ക്കുള്ലപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ ഷോ ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നത് എന്നതാണ് പ്രാധാന്യമര്ഹിക്കുന്നത്.
ഈ ആത്മവിശ്വാസത്തിലേക്ക് എത്താന്‍ അവര്‍ താണ്ടിയ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. റാന്പില്‍ ചുവടുവെക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു അവരെ മാനസികമായി തയ്യാറാക്കാന്‍ . സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുക എന്നതല്ല ഇവിടെ പ്രധാനം. ആത്മവിശ്വാസത്തോടെ മുഖം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കേണ്ടിയിരുന്നത്. പലരും വൈകാരികമായ പ്രശ്നങ്ങള്‍ ഏറെയുള്ളവരാണ്. ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കുകയും പക്വതയോടെ അഭിമാനത്തോടെ ജീവിത ചുടവടുകള്‍ വെക്കേണ്ടതെങ്ങനെ എന്നു കൂടി ഇതിലൂടെ മനസിലാക്കാന്‍ ഈ പരിശീലനം ഇവര്‍ക്ക് തുണയായി.
ഇവരും മനുഷ്യരാണ് , പുച്ഛത്തോടെ ആണും പെണ്ണും കെട്ടവര്‍ എന്ന് വിളിച്ച് അപഹസിക്കേണ്ടവരല്ല ഇവരെന്ന് ചിലര്‍ക്കെങ്കിലും ബോധം വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
റാന്പിലെത്തുന്നവരെ കാണാന്‍ കാത്തിരുന്നത് മണിക്കൂറുകളാണ്. പറഞ്ഞ സമയത്ത് പരിപാടി തുടങ്ങാന്‍ ആയില്ല. ആ കാത്തിരുപ്പില്‍ അവര്‍ക്കൊപ്പം ഒരു വിശിഷ്ടാതിഥിയും കൂട്ടിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിക്കൂറുകള്‍ അവര്‍ക്കൊപ്പം കാത്തിരുന്നത് അദ്ദേഹത്തിന്റെ പ്രിയതമക്കൊപ്പമായിരുന്നു. ആ ക്ഷമയും കാത്തിരുപ്പും അംഗീകാരത്തിന്റേതാണ്.
തങ്ങളിലൊരാള്‍ മന്ത്രിയാകുന്നതാണ് വലിയ സ്വപ്നമെന്ന് വേദിയില്‍വെച്ച് പറയുന്പോള്‍ അവരുടെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന തിരിച്ചറിവാണ് മാറ്റത്തിന് വലിയ കാരണമാക്കിയത്.
തങ്ങള്‍ സമൂഹത്തില്‍ എവിടെയാണെന്ന ചോദ്യം പരസ്പരം ചിലരെങ്കിലും ചോദിച്ചു തുടങ്ങിയപ്പോഴാണ് ഗതി മാറിയൊഴുകാന്‍ തീരുമാനിച്ചത്.
മയക്കുമരുന്നും പിടിച്ചുപറിയും ശരീരം വില്‍പ്പനയും ഒക്കെയായി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോകുന്ന സാഹചര്യമായിരുന്നു ഇന്ത്യയിലെ മുഴുവന്‍ ടി ജി സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നത്.
അതില്‍ നിന്ന് കരകയറണമെങ്കില്‍ ചെറിയ അധ്വാനം പോരായിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2008 മുതല്‍ ഇത്തരം സംഭവങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഇവര്‍ക്കിടയില്‍
നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെറിയ രീതിയിലെങ്കിലും ഫലം കാണാന്‍ വര്‍ഷങ്ങളെടുത്തു. ഇന്നും പലരുടേയും ജീവിതം ദുസഹമാണ്. ഏത് വലിയ പ്രതിസന്ധിയേയും
തരണം ചെയ്യാന്‍ വിദ്യാഭ്യാസം എന്ന ചവിട്ടു പടിയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന തിരിച്ചറിവ് ഓരോരുത്തരിലും എത്തിക്കുക എന്നത് വലിയ പ്രയത്നം ഉള്ളതാണ്.
നിറമുള്ള ജീവിതത്തോട് അമിത പ്രണയം ഉള്ള ഇവര്‍ക്ക് പലപ്പോഴും നിറമില്ലാത്ത ജീവിതമാണെന്നതാണ് യാഥാര്‍ഥ്യം.
പലപ്പോഴും കൗമാരത്തിലേക്കുള്ള യാത്രയിലാണ് പലരും സ്വയം തിരിച്ചറിവുണ്ടാവുക. അവിടെ നിന്ന് പിന്നീട് യൗവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ല. വീട്ടുകാര്‍ , ബന്ധുക്കള്‍,
സുഹൃത്തുക്കള്‍ ഒക്കെ അകലം പാലിക്കുന്നത് വേദനയോടെ കണ്ട് നില്‍ക്കേണ്ടി വരും. ആ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ പലപ്പോഴും പണം മാത്രമാകും ആശ്രയം .
അതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് പലപ്പോഴും നേരായ ഗതിയില്‍ മാറ്റമുണ്ടാകുക. യൗവനത്തില്‍ കുറെയൊക്കെ അധ്വാനവും പിടിച്ച് നില്‍ക്കാനുള്ള ധൈര്യവും ഉണ്ടാകുന്നത് ആരോഗ്യമുള്ളതുകൊണ്ടാണ്.
ഇന്ന് അധ്വാനിച്ച് ജീവിക്കാനും ചിലര്‍ തയ്യാറാകുന്നുണ്ടെന്ന് മാറ്റത്തിന്റെ വലിയ ചുവടുവെപ്പാണ്. അതിന്റെ ഉദാഹരണമാണ് മെട്രോയില്‍ ജോലി നല്‍കിയത്. അതിന്റെ ഭാഗമായി അവര്‍ ആദ്യം തരണം ചെയ്യേണ്ടി വന്നത് അവര്‍ക്ക് താമസിക്കാന്‍ ആരും സ്ഥലം നല്‍കുന്നില്ല എന്നതാണ്. വിധവയായ,
വിവാഹമോചനം നേടിയ സ്ത്രീക്ക് ഒറ്റക്ക് താമസ സ്ഥലം നല്‍കാത്ത പൊതു സമൂഹത്തില്‍ ഇതിലും കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷേണ്ടതില്ല. വാര്‍ധക്യത്തോടടുക്കുന്പോഴാണ് ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലേക്ക് പോകുന്നത്. അതിനും കൂടി പരിഹാരം കാണേണ്ടതുണ്ട്.
അതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിഹാരം ആലോചിക്കണം. പക്ഷേ , ഒന്നുറക്കെ പറയാം. ഈ ശബ്ദങ്ങള്‍ ഇനിയും ഉയരും.
നിങ്ങള്‍ക്കിടയിലേക്ക് മടിയില്ലാതെ ലജ്ജയില്ലാതെ അവര്‍ കടന്നിരിക്കും. ഭരണം കൈയില്‍ വേണമെന്ന് പറയുന്നതും ഇക്കാരണങ്ങളാലാണ്. ഇനിയും സ്കൂളില്‍ ചേര്‍ക്കുന്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആപ്ലിക്കേഷന്‍
ഫോമുകളില്‍ മെയില്‍ ഓര്‍ ഫീമെയില്‍ എന്ന കോളത്തോടൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം പ്രത്യക്ഷപ്പെട്ടില്ല എന്നത് ഖേദകരമാണ്. ഒന്നുമില്ലേല്‍ മറ്റുള്ളവ എന്നെങ്കിലും വരേണ്ട കാലം അതിക്രമിച്ചു.
ഫോട്ടോ ക്രഡിറ്റ്-റിയാസ് ഖാന്‍- കൊച്ചി


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ