2012 മാർ 3

ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.


ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകളില്‍ നിന്ന്‌ വ്യത്യസ്‌തമായി മണലാര്യങ്ങളിലെ ചൂടുള്ള നനവ്‌ പറ്റിയ അനുഭവങ്ങള്‍ നിറഞ്ഞ ആടുജീവിതം മലയാളികള്‍ക്ക്‌ മറക്കാന്‍ ആവുന്നതല്ല. അതുകൊണ്ടുതന്നെയാവണം ബെന്യാമിനെന്ന കഥാകാരനെ മറന്ന്‌ ആടുജീവിതവും അതിലെ കഥാപാത്രമായ നജീബും വായനക്കാരന്റെ കണ്ണുനയച്ചിത്‌. അതിനു ശേഷം ബെന്യാമിന്‍ എഴുതിയത്‌ മഞ്ഞവെയില്‍ മരണങ്ങളാണ്‌. മഞ്ഞവെയില്‍ മരണങ്ങള്‍ ആഗസ്‌ത്‌ 29ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ പ്രകാശനം ചെയ്‌തു. ആടുജീവിതത്തിന്റെ തുടര്‍ച്ചയെന്ന രീതിയില്‍ പുതിയ നോവലിനെ സമീപിക്കേണ്ടതില്ലെന്ന്‌ കഥാകാരന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുന്നു.
ബെന്യാമിന്‍ എന്ന എഴുത്തുകാരനെക്കാള്‍ പ്രശസ്‌തമായത്‌ ആടുജീവിതമാണ്‌. പക്ഷേ മഞ്ഞവെയില്‍ മരണങ്ങള്‍ വന്നപ്പോള്‍ ബെന്യാമിന്റെ അടുത്ത നോവല്‍ എന്നായി. ഈ മാറ്റത്തെക്കുറിച്ച്‌?
അതൊരു ഗുണപ്രദമായ കാര്യമാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. ഒരെഴുത്തുകാരന്റെ ഒരു നോവല്‍ മാത്രം വായിക്കപ്പെടുക. അതു മാത്രം വാഴ്‌ത്തപ്പെടുക അതിന്റെ പേരില്‍ മാത്രം അംഗീകരിക്കപ്പെടുക എന്നതൊക്കെ ഒരു എഴുത്തുകാരന്റെ പരാജയമാണ്‌. മഞ്ഞവെയില്‍ മരണങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അതാണ്‌ നല്ല നോവല്‍ എന്ന്‌ വായനക്കാര്‍ പറഞ്ഞുതുടങ്ങുന്നത്‌ ആടുജീവിതത്തെ മറികടക്കാന്‍ എനിക്കു കഴിഞ്ഞു എന്നതിന്റെ തെളിവാണ്‌. അതെന്നെ സന്തോഷവാനാക്കുന്നു.
2. ആടുജീവിതം സ്‌ക്രീനില്‍ വരുമെന്ന്‌ ബ്ലെസി ഈ അടുത്തും ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. വാക്കുകള്‍ ചിത്രമാകുമ്പോള്‍ പൂര്‍ണത വരില്ലെന്നും ജനസംസാരമുണ്ട്‌. എങ്ങനെയാണ്‌ പ്രതികരണം?
പരക്കെ വായിക്കപ്പെട്ട ഒരു കൃതി സ്‌ക്രീനില്‍ ആക്കുന്നതിന്റെ എല്ലാ വെല്ലുവിളിയും ബ്ലെസി എന്ന സംവിധായകന്റെ മുന്നിലുണ്ട്‌. അതു പക്ഷേ നന്നായി തിരിച്ചറിയുന്ന ഒരു സംവിധായകനാണ്‌ അദ്ദേഹം. ഒരു പക്ഷേ ആടുജീവിതം വൈകുന്നതിന്റെ കാരണവും മറ്റൊന്നാവില്ല. വായനക്കാരന്‍ സ്വന്തം വായനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ദൃശ്യലോകത്തിനെ മറി കടക്കാന്‍ അതിനെ കവച്ചുവെയ്‌ക്കുന്ന ഒരു ദൃശ്യവിരുന്നൊരുക്കാന്‍ ബ്ലെസിക്കു കഴിയും എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.
3 എഴുത്തുകാരനായത്‌ നിയോഗമാണെന്ന്‌ പറഞ്ഞിരുന്നല്ലോ. ഈ നിയോഗത്തിലൂടെ യാത്രചെയ്യാന്‍ ഉറപ്പിച്ചെന്നു തോന്നുന്നു?
അത്‌ ചിലപ്പോള്‍ അങ്ങനെയാണ്‌. ചില നിയോഗങ്ങള്‍ നമ്മെ ചിലത്‌ ഭാരമേല്‍പ്പിക്കുന്നുണ്ട്‌്‌. അത്‌ നിര്‍വഹിക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്‌. അതില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. എന്നു മാത്രമല്ല, വായനയിലൂടെ പുരസ്‌കാരത്തിലൂടെ നല്ല വാക്കിലൂടെ സ്‌നേഹത്തിലൂടെ വായനക്കാരനും ചിലത്‌ എനിക്ക്‌ സമ്മാനിക്കുന്നു. അത്തരത്തില്‍ ഞാനിപ്പോള്‍ സമൂഹത്തിനോടും കടപ്പെട്ടിരിക്കുന്നു. പുതിയ എഴുത്താണ്‌ അവരെന്നില്‍ നിന്നാഗ്രഹിക്കുന്നത്‌. അത്‌ കൊടുക്കേണ്ടത്‌ എന്റെ ഉത്തരവാദിത്വമാണ്‌.
4. ഫെയ്‌സ്‌ ബുക്കില്‍ മഞ്ഞവെയില്‍ മരണങ്ങളിലെ കഥാപാത്രങ്ങളുടെ പടം പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ പേര്‌ കൃത്യമായി കൊടുക്കാമായിരുന്നു.
എല്ലാവരുമില്ല. ചില കഥാപാത്രങ്ങള്‍ മാത്രം. നോവല്‍ എന്നത്‌ യാഥാര്‍ത്ഥ്യത്തിന്റേയും സങ്കല്‍പ്പത്തിന്റേയും ശരിയായ മിശ്രിതമാണ്‌ എന്ന്‌ കാണിക്കാന്‍ വേണ്ടിക്കൂടിയാണ്‌ അത്തരം ചില കഥാപാത്രങ്ങളെ ഞാന്‍ നോവലില്‍ ഉള്‍പ്പെടുത്തിയത്‌. അതി യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ അതി ഭാവനയിലേയ്‌ക്കുള്ള ഒരു യാത്രയാണ്‌ നോവല്‍ എന്ന്‌ കൃതി പറയാന്‍ ശ്രമിച്ചിട്ടുണ്ട്‌. പിന്നെ അവരുടെ പേരുകള്‍ കൊടുക്കാതിരുന്നത്‌, അതിലും വായനക്കാരന്‌ അവന്റെ ഭാവനയുടേയും ഇഷ്ടത്തിന്റേയും നിറം കൊടുക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ്‌. അവരില്‍ ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള കഥാപാത്രങ്ങളായി നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാം. അതൊരു സാധ്യതയാണ്‌.
5 നേരും ഭാവനയും കൂടിച്ചേരുന്നതാണ്‌ നല്ല നോവല്‍ എന്നു പറയാറുണ്ട്‌. എങ്കിലും നോവല്‍ വായിക്കുന്ന സാധാരണ വായനക്കാരന്റെ ഭാഗത്തു നിന്ന്‌ ഒരു ചോദ്യം. ഇങ്ങനെ അതിസാഹസികമായി വീണ്ടെടുത്ത ഒരു കഥയാണിതെങ്കില്‍ മറ്റൊരാള്‍ എഴുതി പലരുടെ കൈയില്‍ ഏല്‍പ്പിച്ച കൃതി എങ്ങനെ ബെന്യാമിന്റേതാകും.
അതുതന്നെയാണ്‌ അതിന്റെ ഉത്തരവും. നേരും ഭാവനയും കൂടിച്ചേരുന്നതാണ്‌ നോവല്‍. എന്തായാലും മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ എന്റെ മാത്രമാണ്‌. അതിനു വേറെ അവകാശികള്‍ ഇല്ല. അതിനുള്ളിലെ മറ്റ്‌ കഥകളുടെ യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍ തിരിക്കാനുള്ള അവകാസം ഓരോ വായനക്കാരനും അവകാശപ്പെട്ടതാണ്‌.
6 കൃസ്‌ത്യന്‍ സഭാചരിത്രത്തില്‍ താങ്കള്‍ ജ്ഞാനിയാണെന്ന്‌ കേട്ടിട്ടുണ്ട്‌. അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങളിലും, മഞ്ഞവെയില്‍ മരണങ്ങളിലും ഒരു ചരിത്രകാരന്റെ പ്രാവീണ്യം കാണുന്നു. വ്യക്തി ജീവിതത്തില്‍ സഭാവിശ്വാസിയാണോ
സഭാ ചരിത്രത്തിലെ അറിവിനു വിശ്വാസവുമായി ഒരു ബന്ധവുമില്ല. ചരിത്ര കൗതുകത്തില്‍ നിന്നാണ്‌ അത്തരം അന്വേഷണങ്ങളില്‍ എത്തപ്പെടുന്നത്‌. വിശ്വാസത്തിന്റെ സഞ്ചാരം അതിന്റെ മൊഴിമാറ്റങ്ങള്‍, അതിന്റെ സംരക്ഷണം, അതിനുവേണ്ടിയുള്ള ത്യാഗങ്ങള്‍, പോരാട്ടങ്ങള്‍, വഴക്കുകള്‍ ഒക്കെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌. അതൊക്കെയാണ്‌ കൃതികളുടെ ഭാഗങ്ങളില്‍ വരുന്നത്‌. സ്വന്തമായി ചില വിശ്വാസപ്രമാണങ്ങള്‍ പിന്‍പറ്റുന്ന സംഘങ്ങളാണ്‌ ഓരോ സഭകളും. അതിനപ്പുറം ഒന്നുമില്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാവുന്നു. ഇക്കാര്യത്തില്‍ ആത്യന്തികമായ ശരി എന്നൊന്നില്ല. അതിലൊരു സഭയിലാണ്‌ ഞാന്‍ ജനിച്ചത്‌. ഞാനതില്‍ അംഗവുമാണ്‌. അത്തരത്തില്‍ ഞാനൊരു സഭാവിശ്വാസിയാണ്‌.
7 അന്ത്രപ്പേരിന്‌ ഒരു കാമുകി ഉണ്ടായിരുന്നു. എഴുത്തുകാരന്‌ ഇത്തരം നഷ്ടപ്രണയം വല്ലതും. ആടു ജീവിതത്തിന്റെ അവസാന ഭാഗത്ത്‌ നഷ്ടപ്രണയത്തിന്റെ ഒരു സൂചനയും കാണാം
അതെ ഞാനും ഒരു നഷ്ടപ്രണയത്തിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ്‌. അതിന്റെ തീവ്രതയും വേദനയും നൊമ്പരവും ഒക്കെ അനുഭവിച്ചിട്ടുള്ളവന്‍ തന്നെ. കാലത്തിന്റെ മറ്റൊരു കോണില്‍ നിന്ന്‌ നോക്കുമ്പോള്‍ നേടുന്ന പ്രണയത്തേക്കാള്‍ മധുരതരമാണ്‌ നഷ്ടപ്പെട്ട പ്രണയം എന്ന്‌ തോന്നുന്നു. കാരണം അതൊരു സ്വപ്‌നമായി എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ.
8. മികച്ച നുണകളാണ്‌ നല്ല നോവലുകളെന്ന്‌ ബെന്യാമിന്‍ തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്‌. എന്നാല്‍ താങ്കളുടെ നോവലുകളാണെങ്കില്‍ അനുഭവ വാഖ്യാനങ്ങളും. ഒരു വൈരുധ്യം ഇല്ലേ
അനുഭവങ്ങളെ മികച്ച നുണകളുമായി കലര്‍ത്തുന്ന രചനാപദ്ധതിയാണ്‌ ഞാന്‍ എന്റെ നോവലുകളില്‍ പരീക്ഷിക്കുന്നത്‌. എവിടെവെച്ച്‌ അതിന്റെ അതിരുകള്‍ വേര്‍പിരിയുന്ന എന്ന്‌ വായനക്കാരന്‌ മനസിലാവാതിരിക്കാനാണ്‌ എന്റെ ശ്രമങ്ങള്‍ അത്രയും. പൂര്‍ണമായും സത്യം മാത്രമുള്ളതും പൂര്‍ണമായും സങ്കല്‍പ്പം മാത്രം ഉള്ളതുമായ ഒരു കൃതി ഇല്ല.
9. നോവലില്‍ പറയുന്ന നെടുമ്പാശേരിയെക്കുറിച്ചുള്ള നോവല്‍ വീണ്ടും എഴുതാന്‍ പറ്റിയോ
അങ്ങനെ ഒരു നോവല്‍ ഞാനെഴുതിയിട്ടില്ല. അത്‌ കഥയ്‌ക്കുള്ളിലെ ഒരു കഥമാത്രമായിരുന്നു.
10. ഫെയ്‌സ്‌ ബുക്കില്‍ സജീവമാണല്ലോ? ബെന്നി ബെന്യാമിന്‍ എന്നും ബെന്യാമിന്‍ ബെന്നി എന്നും രണ്ടെണ്ണം കാണാം. രണ്ടും സ്വന്തം തന്നെയാണല്ലോ ല്ലേ.(വ്യാജ അക്കൗണ്ടുകള്‍ എത്രവേണമെങ്കിലും ഉണ്ടാക്കാമല്ലോ)
അതെ രണ്ടും എന്റെ അക്കൗണ്ടുകള്‍ തന്നെയാണ്‌. ഒരെണ്ണത്തില്‍ സൗഹൃദങ്ങളുടെ എണ്ണം ഫേസ്‌ ബുക്ക്‌ പരിധി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ്‌ രണ്ടാമതൊന്നു തുടങ്ങിയത്‌. നമ്മുടെ വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെയ്‌ക്കലാണല്ലോ സോഷ്യല്‍നെറ്റുവര്‍ക്കുകളുടെ ഉപയോഗം. രണ്ട്‌ അക്കൗണ്ടിലും ഞാനിക്കാര്യങ്ങള്‍ ഒരേപോലെ അപ്‌ഡേറ്റ്‌ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്‌.
11. ആദ്യ കഥ ശത്രുവിനെക്കുറിച്ച?
അക്രമാസക്തമായ ജനക്കൂട്ടത്തെ മറി കടന്നുപോകാന്‍ ശ്രമിക്കുന്ന ഒരു വഴിപോക്കന്റെ ഭയവും താന്‍ ആക്രമിക്കപ്പെടും എന്ന ഘട്ടത്തില്‍വെച്ച്‌ അയാള്‍ രക്ഷപ്പെടാന്‍ വേണ്ടി ആ ജനക്കൂട്ടത്തിന്റെ ഭാഗമായി മാറുന്നതുമാണ്‌ ആ ചെറിയ കഥയുടെ പ്രമേയം. 1999 ല്‍ ആണ്‌ ആ കഥ പ്രസിദ്ധീകരിച്ച്‌ വരുന്നത്‌. ആദ്യകഥ പ്രസിദ്ധീകരിച്ചതിന്റെ കൗതുകവും സന്തോഷവും ഇപ്പോഴും എന്റെ മനസിലുണ്ട്‌. ആദ്യ ചുംബനം പോലെ മധുരതരമായ ഒരനുഭവമായിരുന്നു അതും.
12 നന്നായി വായിക്കുമെന്നറിയാം. ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകം?
മുന്‍പും ഞാനത്‌ പറഞ്ഞിട്ടുണ്ട്‌. റൊമയന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്‌റ്റോഫ്‌. അരുപതുകളുടെ ആദ്യപകുതിയില്‍ എപ്പോഴോ ആണെന്നു തോന്നുന്നു ഞാനത്‌ വായിക്കുന്നത്‌്‌. അതിനെപ്പോലെ എന്റെ ജീവിതത്തില്‍ സ്വാധീനിക്കുവാന്‍ പിന്നീട്‌ വായിച്ച ഒരു പുസ്‌കത്തിനും സാധിച്ചിട്ടില്ല. അത്‌ ആ കാലത്തിന്റേയും പ്രായത്തിന്റേയും പ്രത്യേകത കൂടി ആയിരുന്നിരിക്കണം. ഇപ്പോള്‍ ആ കൃതി വായിച്ചാല്‍ എനിക്ക്‌ ആ തീഷ്‌ണത അനുഭവിക്കാനാവുമോ എന്നറിയില്ല. എം.ടിയുടെ ഒരു ലേഖനത്തില്‍ നിന്നാണ്‌ ഞാന്‍ ആ പുസ്‌തകത്തെക്കുറിച്ച്‌ അറിയുന്നത്‌. അതിലാവട്ടെ എം.ടി പറയുന്നത്‌ അദ്ദേഹത്തിനു ആ പുസ്‌തകം പരിചയപ്പെടുത്തിക്കൊടുത്തത്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ ആണെന്ന്‌. അങ്ങനെ ചില കാര്യങ്ങള്‍ കൂടി എന്നെ അപ്പോള്‍ സ്വാധീനിച്ചിരിക്കണം. എന്തായാലും എന്റെ അക്കാലത്തെ ജീവിതത്തിനെ ആധികളെ സങ്കടത്തെ ശമിപ്പിക്കുന്ന ഒരു പുസ്‌കമായിരുന്നു ജീന്‍ ക്രിസ്റ്റോഫ്‌.
13. വിദ്യാഭ്യാസം? ജോലി? പഴയ സുഹൃത്തുക്കള്‍ എഴുത്തുകാരനായതിനുശേഷം തേടി എത്താറുണ്ടോ?
ഒരു ഡിപ്ലോമ എന്‍ഞ്ചിനീയറാണ്‌ ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ പ്രൊജക്ട്‌ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. പഴയ സുഹൃത്തുക്കള്‍ ഒരിക്കലും വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും തേയിടെത്തുന്ന പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ സാഹിത്യരചനയില്‍ അതിനു ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്‌ അവര്‍ എനിക്കൊപ്പമുണ്ട്‌. എന്നാല്‍ പഴയ പരിചയക്കാരും സഹപാഠികളും ഒക്കെ തേടി വരുന്നതും ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്‌. ബാല്യത്തിലെ എന്റെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരിയായിരുന്ന ഒരു പെണ്‍കുട്ടി നീണ്ട ഇരുപത്തഞ്ചുവര്‍ഷങ്ങല്‍ക്കു ശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്‌. ഇനിയും എത്രയോ പേരെ കാണാനായി ഞാന്‍ കാത്തിരിക്കുന്നു.
14. ശത്രുവില്‍ നിന്ന്‌ മഞ്ഞവെയില്‍ മരണങ്ങളിലേയ്‌ക്ക എത്തിയപ്പോള്‍ സ്വയം എഴുത്തുകാരനെ ഒന്നു വിമര്‍ശിക്കാമോ?
ശ്‌ത്രു എന്നൊരു ഒറ്റപ്പേജ്‌ കഥയില്‍ നിന്നും 350 പേജുള്ള ഒരു നോവലിലേയ്‌ക്ക്‌ എത്താന്‍ ഏറെ ദൂരം നടക്കേണ്ടി വന്നിട്ടുണ്ട്‌ എന്നെനിക്കറിയാം. എന്നാല്‍ ആ ദൂരം അളക്കേണ്ടതും വിലയിരുത്തേണ്ടതും ഒക്കെ വായനക്കാരാണ്‌. ഓരോ കൃതികള്‍ക്കു മുകളിലും അതാതുകാലത്തെ എന്റെ കഴിവും കഠിനാധ്വാനവും ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല. അലസമായി എഴുതപ്പെട്ട ഒന്നും എന്റെ സാഹിത്യത്തില്‍ ഇല്ല. എന്റെ പരാജയങ്ങള്‍ എന്റെ കഴിവുകേടു തന്നെയാണ്‌. അതിനെ സ്വയം വിമര്‍ശിച്ചാലും നന്നാക്കാനാവുമെന്നു തോന്നുന്നില്ല.
15. സച്ചിന്റെ ആരാധകനാണോ ഇപ്പഴും?
സച്ചിന്റയല്ല.ക്രിക്കറ്റിന്റെ. ആ കളിയുടെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ജീവിതം പോലെ സന്നിദ്ധതകള്‍ നിറഞ്ഞതാണ്‌ അതിലെ ഓരോ നിമിഷങ്ങളും എന്നതാവും എന്നെ ആകര്‍ഷിക്കുന്നതിന്റെ കാരണം. ഇയാന്‍ ബോതവും മാല്‍ക്കം മാര്‍ഷലും ഡേവിഡ്‌ ബൂണും കൃഷ്‌ണമാചാരി ശ്രീകാന്തും കപില്‍ദേവും റോജര്‍ ബിന്നിയും ഗവാസ്‌കറും ഇമ്രാന്‍ ഖാനും മിയാന്‍ ദാദുമൊക്കെ നിറഞ്ഞാടിയ ഒരു കാലത്താണ്‌ ഞാന്‍ ക്രിക്കറ്റ്‌ കാണാന്‍ തുടങ്ങുന്നത്‌. അവരുടെ പിന്‍ മുറക്കാരനായി വന്ന സച്ചിനോട്‌ അക്കളിയിലെ അത്ഭുതപ്രതിഭ എന്ന നിലയില്‍ അതിയായ ആരാധനയുണ്ട്‌.
16. എന്തുകൊണ്ടാണ്‌ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുസ്‌തകത്തിന്‌ ഒരാമുഖം ഇല്ലാത്തത്‌്‌?
അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണത്‌.ആമുഖമെഴുതി വായനക്കാരെ കഥയിലേയ്‌്‌ക്ക്‌ ക്ഷണിക്കേണ്ടതില്ല. എന്താണ്‌ പറയാന്‍ പോകുന്നതെന്ന്‌ മുന്നേ പറഞ്ഞ്‌ുവെയ്‌ക്കേണ്ടതില്ല. വായനക്കാര്‍ സ്വയം കഥയിലേയ്‌ക്ക്‌ നടന്നുകൊള്ളും. അതുകൊണ്ടാണ്‌ എന്റെ ഒരു കൃതിയിക്കും ആമുഖമില്ലാത്തത്‌.
17. കുടുംബം?
ഭാര്യ ആഷ. ബഹ്‌റൈനില്‍ നേഴ്‌സ്‌. മകന്‍ രോഹന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ കെസിയ യു.കെ.ജിയിലും.
18. അന്ത്രപ്പേര്‍ എന്ന കഥാപാത്രം പൂര്‍ണമായും ഭാവനാ സൃഷ്ടിയാണെന്നു പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍?
നോ കമന്റ്‌സ്‌. കൃതികള്‍ക്കു വളെയില്‍പ്പോയി കഥാപാത്രങ്ങളെ അന്വേഷിക്കേണ്ടതില്ല എന്ന്‌ നോവലിനുള്ളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബെന്യാമിന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്‌. എന്റേയും നിലപാട്‌ അത്‌ തന്നെയാണ്‌.
19. വായനക്കാരോട്‌ എഴുത്തുകാരന്‌ പറയാനുള്ളത്‌?
വായിക്കുക. തികച്ചും സ്വതന്ത്രമായി അഭിപ്രായം പറയുക. പ്രസിദ്ധീകരിക്കപ്പെട്ട ഓരോ കൃതിയും വായനക്കാരന്റെ സ്വന്തമാണ്‌. അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്‌. നോവലിനെ ഒരു നോവലായി മാത്രം കാണുക. കഥയ്‌ക്കു വെളിയില്‍പോയി കഥാപാത്രങ്ങളെ അന്വേഷിക്കുന്നത്‌ അതിവായനയാണ്‌. വായനാന്തരം നിങ്ങളുടെ മനസില്‍ അവര്‍ക്കെന്തു സംഭവിച്ചോ അതാണ്‌ അവരുടെ ബാക്കി ജീവിതം. അല്ലാതെ ഒരസ്ഥിത്വം അവര്‍ക്കില്ല.
20. ആടുജീവിതം വായിച്ച വായനക്കാര്‍ അതിനെ പൂര്‍ണമായും നെഞ്ചിലേറ്റിയതുകൊണ്ടാവാം മഞ്ഞവെയില്‍ മരണങ്ങള്‍ അത്രപോരാ എന്നാണ്‌ മലയാളികളുടെ പൊതു അഭിപ്രായം. അതോ മലയാളി പൊതുവേ അത്തരത്തില്‍ പ്രതികരിക്കുന്നതാവുമോ കാരണം.? താങ്കള്‍ എന്തു പറയുന്നു?
എനിക്കു കിട്ടുന്ന്‌ അഭിപ്രായങ്ങള്‍ നേരെ തിരിച്ചാണ്‌. ആടുജീവിതത്തെക്കാള്‍ മികച്ച നോവല്‍ എന്നാണ്‌ മിക്കവരുടേയും അഭിപ്രായം. പിന്നെ ആടുജീവിതത്തിന്റെ വായനക്കാരെ തൃപ്‌തിപ്പെടുത്താനല്ല ഞാന്‍ അടുത്ത ഒരു നോവല്‍ എഴുതിയത്‌. എഴുത്തില്‍ അങ്ങനെ ചില പ്രവണതകള്‍ ഉണ്ട്‌. ഒരു കൃതി വായിച്ചു കഴിഞ്ഞാല്‍ പിന്നെ അതേ ക്രമത്തിലുള്ള ഒരു പിടി കൃതികള്‍ തന്നെ പടച്ചുവിടുന്ന ഏര്‍പ്പാട്‌. മറ്റൊരു ആടുജീവിതം വായിക്കാനായി ആരും മഞ്ഞവെയില്‍ മരണങ്ങള്‍ വാങ്ങിക്കേണ്ടതില്ല. അത്‌ തികച്ചും വ്യത്യസ്‌തമായ ഒരു വിഷയവും ഭൂമികയും രചനാരീതിയും ഭാഷയും ഒക്കെയാണ്‌ പിന്തുടരുന്നത്‌. സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ അതിന്റെ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ ഈ നോവല്‍ ഇഷ്ടപ്പെടും എന്നാണ്‌ എന്റെ പക്ഷം.
21. മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന വാക്കിന്റെ ശരിയായ വ്യാഖ്യാനം.
ഒരു തലക്കെട്ടിന്‌ അങ്ങനെ ശരിയായ വ്യാഖ്യാനങ്ങള്‍ ഒക്കെ ആവശ്യമുണ്ട്‌. ആ മഞ്ഞവെയില്‍ ഭീതിയുടെ സന്ദേഹത്തിന്റെ ഭരണകൂട ഭീകരതയുടെ മരണത്തിന്റെ വഞ്ചനയുടെ മ്‌ഞ്ഞവെയില്‍ ആണ്‌.
22.ഡീഗോ ഗാര്‍ഷ്യയുടെ പതാകയാണെന്ന്‌്‌ മനസിലായിട്ടില്ലാത്തതിനാല്‍ പുറം ചട്ട നന്നായിട്ടില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്‌.
ഒരു നോവല്‍ ഒരിക്കലും വായനയോടെ അവസാനിക്കേണ്ടതല്ല. വായനക്കൊടുവില്‍ അതിനെക്കുറിച്ച്‌ അന്വേഷിച്ചു തുടങ്ങുമ്പോഴാണ്‌ ശരിയായ വായനയില്‍ നാം എത്തുന്നത്‌. എന്താണ്‌ ഇങ്ങനെയൊരു മുഖചിത്രം കൊടുക്കാന്‍ കാരണമെന്ന്‌ വായനക്കാരന്‍ അന്വേഷിക്കട്ടെ. അതിലൂടെ പുതിയ അറിവുകളിലേയ്‌ക്ക്‌ അവന്‍ സ്വയം എത്തട്ടെ. എല്ലാം നമുക്ക്‌ ഗുളിക രൂപത്തില്‍ത്തന്നെ വേണം എന്ന്‌ വാശിപിടിക്കുന്നതു ശരിയല്ല. ഗുണപ്രദവുമല്ല.





ഒറ്റച്ചോദ്യങ്ങള്‍, ഒറ്റ ഉത്തരങ്ങള്‍
ഇഷ്ടപ്പെട്ട സ്ഥലം?
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന ഗ്രാമം. എന്റെ അമ്മയുടെ നാടാണത്‌.
ഇഷ്ടപ്പെട്ട ഭക്ഷണം?
കപ്പയും മത്തിക്കറിയും
ഇഷ്ടപ്പെട്ട കളി?
ക്രിക്കറ്റ്‌
ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?
കസന്‍ദ്‌ സാക്കീസ്‌
ഇഷ്ടപ്പെട്ട ഭാഷ?
തമിഴ്‌
ഇഷ്ടപ്പെട്ട വേഷം
മുണ്ടും ഷര്‍ട്ടും






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...