2018 ഏപ്രി 4
ഭൂതം തീണ്ടിയ വിഷു.....
അതവരുടെ ആദ്യത്തെ വിഷുവായിരുന്നു. അവരുടേതെന്ന് പറഞ്ഞാല്‍ പ്രണയ വിവശരായി ഇവളല്ലാതെ മറ്റൊരു പെണ്ണ് വേണ്ടെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് കൈ ചേര്‍ത്ത് പിടിച്ച പുരുഷനും അവന്റെ നല്ലപാതിയും. അങ്ങനെയേ പറയാവൂ. ഭാര്യ, ആ പദം വേണ്ട . അതിന് ഒരു അതിര്‍വരന്പ് എവിടെയോ ഉണ്ടെന്ന് പറയാറുള്ളത് അവനായിരുന്നു. അവന് വിഷുവും ഓണവും ഒക്കെ ഒരുപോലെയായിരുന്നു. \
പത്രമാപ്പീസിലെ ജോലി പോലെ കഴിഞ്ഞ കുറെകാലമായി അവന്റെ ജീവിതത്തിന് ഒരു താളബോധമില്ലാതായിട്ട്. എല്ലാവരും ഉറങ്ങുന്പോഴാണല്ലോ പത്രത്തിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുക. എന്നാല്‍ മാത്രമല്ലേ
എല്ലാവരും ഉണരുന്പോഴേക്കും രാവിലെ ചായക്കൊപ്പം എരിവും പുളിയും കലര്‍ന്ന വിഷയങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിയൂ. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിഷു എന്ന ഫീലിങ്സൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല.
രാത്രി വര്‍ത്തമാനം പറഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ തന്നെ ഏറെ വൈകി. അതുകൊണ്ട് തന്നെ താഴത്തെ നിലയില്‍ നിന്ന് ശ്രീയേ എണീക്കെടാന്നുള്ള അമ്മയുടെ വിളി കേട്ടപ്പോ ദേഷ്യം തോന്നി.
''സാരൂല്ലാന്നേ ഒന്ന് കണി കണ്ടേക്ക്.''
'' നിനക്കറിയാലോ എനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്ന്. ''
''അറിയാം ഇന്നലെ രാത്രി ഏറെ വൈകിയാ അമ്മ കിടന്നത്. അവരുടെ ആഗ്രഹമല്ലേ. വിട്ടു കള''.
വിവാഹം കഴിഞ്ഞിട്ട് ഏറെ നാളാകാത്തതുകൊണ്ട് തന്നെ പരപസ്പരം പ്രണയം തുളുന്പുന്ന ബന്ധമായിരുന്നു അവര്‍ക്കിടയില്‍ . അവള്‍ അവന്‍റെ മുഖം തിരിച്ച് തനിക്ക് അഭിമുഖമായി നിര്‍ത്തി കണ്ണ് തുറന്നു.
''ഈ മോന്ത കണ്ടാ മതി. എന്നിട്ട് മതി കള്ളകൃഷ്ണന്റെ''.
പരസ്പരം കണി കണ്ട് സ്റ്റെയര്‍ കെയ്സിറങ്ങുന്പോള്‍ വീണ്ടും അമ്മ. ''ടാ കണ്ണു തുറക്കരുത്''. അയാളുടെ കൈയില്‍ അവള്‍ ഒന്ന് നുള്ളി. അയാള്‍ ചെവിയില്‍ പറഞ്ഞു. ''അവര്‍ക്ക് നീ ഉണ്ടെന്ന് അറിയില്ലേ.
ഇതെന്തോന്നാ എന്നെ മാത്രം വിളിച്ചുകൊണ്ടിരിക്കുന്നത്. വിവരമില്ലാത്ത സ്ത്രീ''. ആ ഈര്‍ഷ്യയോടെയാണ് പൊന്‍വെളിച്ചം വിതറുന്ന പൂജാ റൂമിന് മുന്നില്‍ നിന്നത്. വയറിന് മുകളില്‍ നെഞ്ചിനോട് ചേര്‍ന്ന് പച്ച
കയിലി മുണ്ട് വാരി ചുറ്റി ഉടുത്തിരിക്കുന്നു. രോമം നിറഞ്ഞ വെളുത്ത കാലിന്റെ പകുതിയോളം കാണാം. മുണ്ടുടുക്കാനറിയില്ലെന്ന് അവള്‍ പലപ്പോഴും കളിയാക്കാറുണ്ട്. അവള്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്പോള്‍
അവള്‍ക്കരികില്‍ നിന്ന് തള്ള വിരലിന്റെ നഖത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തൊലി ഇളക്കി കളഞ്ഞുകൊണ്ട് നിര്‍വികാരനായി നോക്കിയാണ് അയാള്‍ നിന്നത്.
അവള്‍ കൈ കൂപ്പി പ്രാര്‍ഥിച്ചു. ഈശ്വരാ ഇങ്ങനെ ജീവിതാവസാനം വരെ ശ്രീക്കൊപ്പം കണി കാണിച്ച് തരണേ. കഴുത്തില്‍ കിടന്ന ഏഴ് പവന്റെ തടിച്ച വലിയ താലിമാലയിലൂടെ കൈ ഊര്‍ന്ന് ശംഖ് താലിയില്‍
മുറുകെപ്പിടിച്ചു ഭഗവാനേ, കൃഷ്ണാ ഇതെന്റെ സ്വപ്മായിരുന്നു. ജീവന്റെ ശ്വാസം എന്നില്‍ നിന്ന് പോകണവരെ ഈ കുരുത്തംകെട്ടവനെ സഹിക്കാനുള്ള ശ്കതി തരണേ. കണ്ണ് തുറന്ന് ഓരോന്നായി മനസ്
നിറഞ്ഞാണ് അവള്‍ കണി കണ്ടത്. ചക്ക , കണി വെള്ളരി, ഒരു കുല മാങ്ങ..അങ്ങനെ...കണ്ണാടിയില്‍ തട്ടി വിളക്കിലെ വെളിച്ചം അങ്ങനെ പരന്ന് കിടക്കുന്നു. മണ്‍കലത്തിന് മുകളിലൂടെ വെള്ളക്കളറില്‍ വര
വരച്ചതും കണിക്കൊപ്പമുണ്ട്.
ഇതെന്താ അമ്മേ, മണ്‍കലം. ചോദ്യം അമ്മക്ക് വലിയ ഇഷ്ടമായില്ലെങ്കിലും അവര്‍ അത് പ്രകടിപ്പിച്ചില്ല. മരുമകളുടെ ചോദ്യത്തിന് മുന്നില്‍ ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. ആ അറിയില്ല. പണ്ടേ മ്മള്
വെക്കാറുണ്ട്. അത്രേ അറിയൂ.
അപ്പോ അയാള്‍ക്കും ചോദിക്കണ്ടേ, ഈ ചക്കയും മാങ്ങയുമൊക്കെ എവിടുന്നാ ?. സ്വന്തം പറന്പില്‍ നിന്നും അതൊന്നും കിട്ടാനില്ലെന്ന് അയാള്‍ക്കറിയാം. ഉണ്ടായിരുന്നതൊക്കെ ക്ഷയിച്ച് ഇപ്പോ മണ്ഡരി ബാധിച്ച
ഇരുപത് തെങ്ങ് മാത്രമായി. പറന്പില്‍ പുല്ലുപോലും മുളക്കുന്നില്ല. എല്ലാം കരിഞ്ഞുണങ്ങി കിടക്കുന്നു.
ഇത്തവണ അവര്‍ നന്നായി ചിരിച്ചു . ചോദ്യം മരുമകളുടേതല്ലല്ലോ. ''രണ്ടും അപ്പുറത്തൂന്ന് സരസുവേച്ചി തന്നതാ''.
''ആദ്യത്തെ കണിയായിരിക്കും അല്ലേ?'', ചോദ്യം അച്ഛന്റേതാണ്.
ശ്രീ ഇടക്കു കയറി പറഞ്ഞു. ജാതിയും മതവും ഇല്ലാതെ വളര്‍ന്ന ഇവര്‍ക്കെന്ത് വിഷു. ശ്രീയുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു.
''അല്ല അച്ഛാ രണ്ട് വര്‍ഷം മുന്പ് കൂടെ ജോലി ചെയ്യുന്ന ഉമേച്ചീടെ വീട്ടില്‍ പോയിരുന്നു വിഷുവിന് . അവിടുന്നാ ജീവിതത്തില്‍ ആദ്യമായി കണി കണ്ടത്. അവര്‍ ബ്രാഹ്മണരാ.'' പരിചയപ്പെടുന്പോള്‍ തന്നെ ഞാന്‍
ബ്രാഹ്മണരാ, എന്റെ ഇല്ലം, മുത്തശ്ശി ഇങ്ങനെ എടുത്ത് പറയാറുള്ള ഉമേച്ചീടെ വീട്ടിലെ വിഷു എന്തൊക്കെ പറഞ്ഞാലും മറക്കാനാകാത്ത ഓര്‍മയാണ്. ഉമേച്ചീടെ അച്ഛനും അവരുടെ വീട്ടില്‍ വന്ന ഓപ്പോളും
ഭര്‍ത്താവും മറ്റ് ബന്ധുക്കളുമെല്ലാം അവരിലൊരാള്‍ക്ക് നല്‍കുന്നതുപോലെ തന്നെ എനിക്ക് കൈ നീട്ടം തന്നു. കൂട്ടി നോക്കിയപ്പോ എനിക്ക് നാലായിരം രൂപ. ഉമേച്ചിക്ക് രണ്ടായിരം. എനിക്ക് കിട്ടേണ്ട കൈ നീട്ടമാ
നീ തട്ടിയെടുത്തതെന്ന് ഉമേച്ചി അന്ന് പരിഭവം പറഞ്ഞു.
ശ്രീ അപ്പോഴേക്കും ടി വി വെച്ചു. രാവിലെ കഥകളി, അജിത ഹരേ ജയ...മാധവ വിഷ്ണു.... അയാള്‍ക്കിഷ്ടപ്പെട്ട പദമാണത്. അന്പലവാസിയല്ലെങ്കിലും അവള്‍ക്കും കഥകളിയോട് വലാത്ത പ്രേമമുണ്ട്. പണ്ട് കലോത്സവ
വേദിയില്‍ ലളിതഗാന മത്സരത്തിന് ക്ലസ്റ്റ് നന്പര്‍ വാങ്ങി കാത്തിരുന്ന വേദിയില്‍ കഥകളി പദം തീരാനുണ്ടായിരുന്നു. അന്നാണ് ആദ്യമായി പദം കേള്‍ക്കുന്നത്. ആ കുട്ടികളോടൊക്കെ വല്ലാത്ത കുശുന്പും
തോന്നിയിരുന്നു. അമ്മ അടുക്കളയിലേക്ക് പോയി. മരുമകള്‍ അടുക്കളയില്‍ കയറാതിരുന്നാ മുഖം കറുക്കും. അവളും അമ്മക്കൊപ്പം ചേര്‍ന്നു. സദ്യ ഉണ്ടാക്കി വെച്ച് അന്പലത്തില്‍ പോയി രണ്ട് പേരും. പോയി
വരുന്പോഴും ശ്രീ നല്ല ഉറക്കാ. വെറുതെ ചന്ദനം എടുത്ത് നെറ്റിയില്‍ വരച്ചു. തുടച്ച് കളഞ്ഞ് ഈര്‍ഷ്യയോടെ തിരിഞ്ഞു കിടന്നു.
തിരികെ താഴെയെത്തിയപ്പോള്‍ ആരും കാണാതെ അച്ഛന്‍ അടുത്തേക്ക് വിളിച്ച് കൈ നീട്ടം തന്നു. കൈയില്‍ ചുരുട്ടി പിടിച്ചാണ് തന്നത്. . അമ്മ കാണണ്ട. അച്ഛന്‍ ഇതുവരെ ആര്‍ക്കും കൈ നീട്ടമൊന്നും
കൊടുത്തിട്ടില്ല. കണ്ണ് നിറഞ്ഞത് അച്ഛനെ കാണിക്കാതെ മുഖം തിരിച്ചു. ആരോടും പറഞ്ഞതും ഇല്ല.
....................................................
പിന്നെയും വിഷു ഉണ്ടായിരുന്നു. അടുത്ത വിഷുവിന് അവര്‍ രണ്ടുപേരും നാടും വീട് വിട്ട് ദൂരെയായിരുന്നു. വിഷുവിന് ലീവില്ലെന്ന് അമ്മായിയമ്മയോടും അയാളോടും അവള്‍ കള്ളം പറഞ്ഞു. ഒരു
വിഷുവിനെങ്കിലും അയാള്‍ക്ക് വേണ്ടി അവള്‍ക്ക് ഒറ്റക്ക് നല്‍കണമായിരുന്നു. രാവിലെ അയാളെ കണി കണ്ട് അയാളുടെ കണ്ണുകളില്‍ പതിയെ ചുംബിച്ച് കണ്ണ് പൊത്തി അയാളെ കണി കാണിച്ച വിഷു. അതും
കഴിഞ്ഞു. അടുത്ത വിഷുവിന് അവര്‍ക്കിടയില്‍ ഒരു അതിഥി കൂടി വന്നു അപ്പോഴേക്കും അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായി. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ വിഷുവിനാണ് ഒരുമിച്ചിരുന്ന് ഫോട്ടെയെടുത്തത്. കൈ
വിട്ടുവെന്ന് കരുതിയ ജീവിതം തിരികെ കിട്ടിയെന്ന് സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കെല്ലാം ഫോട്ടോ അയച്ചു കൊണ്ട് മെസേജ് ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ വിഷു.
പിരിഞ്ഞിട്ട് ഇത് മൂന്നാമത്തെ വിഷുവാണ്. മകള്‍ക്ക് വേണ്ടി കണിയൊരുക്കും. പ്രാര്‍ഥനയില്ല. കൃഷ്ണ വിഗ്രഹവും ഇല്ല. കാര്‍ഷിക അഭിവൃദ്ധിയുടെ ഉത്സവമല്ലേ വിഷു. അഷ്ടിച്ച് കടന്നുപോകുന്ന ജീവിതത്തില്‍
ഭക്ഷണത്തിന്റെ സമൃദ്ധിയുണ്ടാകണമെന്ന ആഗ്രഹം മാത്രം.
ബ്ലോഗില്‍ വിഷു ഓര്‍മകള്‍ എഴുതാനിരുന്നപ്പോഴാണ് പെട്ടെന്ന് കണ്ടത്. ഭൂതം തെയ്യത്തിന്റെ സങ്കടം പറച്ചില്‍ എഴുതിയത്. വിഷുവിന് മുന്നിലാണ് ഭൂതം തെയ്യം കെട്ടാറ്. ശ്രീക്കൊപ്പം ആള്‍ക്കൂട്ടത്തിന് നടുവില്‍
നിന്ന് ചുവന്ന മുഖത്തെഴുത്തും വെളുത്ത മേലെഴുത്തും കൈയില്‍ ദണ്ഡും കാലില്‍ ചിലന്പും ഉള്ള ഭൂതം തെയ്യം ആടിത്തീരുന്നത് കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.ചൂട്ട് കറ്റകളുടെ വെളിച്ചത്തില്‍
കാവിന്റെ നടയില്‍ ദണ്ഡുമായി കുത്തിയിരുന്ന ജനങ്ങളുടെ ചെയ്തികളെ കുറിച്ച് ദൈവത്തോട് സങ്കടം പറയുന്ന ഭൂതം. ദണ്ഡുമായി ചുറ്റും കൂടി നില്‍ക്കുന്ന ആളുകളുടെ പക്കലേക്ക് ഓടും. ദണ്ഡ് ദേഹത്ത്
തട്ടുന്നയാള്‍ക്ക് ആ വര്‍ഷം നല്ലതല്ലെന്നാണ് വിശ്വാസം. ദൂരെയുള്ള കാവിലേക്ക് കോഴിക്കുരുതിക്ക് ഓടിപ്പോകുന്ന വഴി തോന്നി പിന്നാലെ പോയാലോ എന്ന് . ശ്രീയോട് പറഞ്ഞപ്പോ ആരും അങ്ങനെ ചെയ്യില്ലെന്ന്
പറഞ്ഞു. തിരികെ വരുന്ന വഴിക്ക് എവിടെയെങ്കിലും വെച്ച് കാണാം എന്ന് വീണ്ടും നിര്‍ബന്ധിച്ചു. വയലും കാടും കടന്ന് ദൂരെയുള്ള കാവില്‍ കോഴിക്കുരുതി നടത്തി തിരികെ മുരുകന്റെ അടുത്ത് വന്ന് നടയില്‍
പറയാനുള്ള സങ്കടങ്ങള്‍ ദണ്ഡ് ശക്തിയില്‍ അടിച്ച് പറയും. അത് പറഞ്ഞ് കേട്ട അറിവാണ്. ആരും കാണാറില്ല. അത് കാണാന്‍ പോകാമെന്ന് ശ്രീ സമ്മതിച്ചു. രണ്ട് പേരും ഇരുട്ടത്ത് ആ കരച്ചിലും സങ്കടം പറച്ചിലും
കണ്ടു കൊണ്ടുനില്‍ക്കുന്പോഴാണ് പെട്ടെന്ന് തൊട്ടപ്പുറത്ത് നിന്ന കുട്ടികളിലൊരാള്‍ പേടിച്ച് നിലവിളിച്ചത്. ഇരുട്ടായതുകൊണ്ട് എവിടെയാണെന്ന് ഭൂതത്തിന് മനസിലായില്ല. നടയുടെ രണ്ട് ഭാഗത്തേക്കും
ദണ്ഡുമായി ചാടി വീണു. വലിയ കയ്യാലയുടെ പുറത്തു നിന്നും ശ്രീയെ ഷര്‍ട്ടില്‍ പിടിച്ച് താഴേക്ക് വലിച്ചിട്ടത് മാത്രം ഓര്‍മയുണ്ട്. പിറ്റേന്ന് അതിനെക്കുറിച്ച് വര്‍ണിക്കുന്പോള്‍ പുരോഗമനം പറയണ്ട
അനുഭവിക്കുന്പോഴറിയാമെന്നുള്ള അമ്മായിയമ്മയുടെ വാക്കിന് വില കൊടുത്തില്ല. ഒരു വര്‍ഷത്തെ ജനതയുടെ സങ്കടം ഭൂതം പറയും. അതിനെയാണ് തടസപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് കണ്ണീര് തോര്‍ന്നിട്ടില്ലെന്ന്
പറഞ്ഞാല്‍ അന്ധവിശ്വാസമാണെന്ന് കരുതും.
ബ്ലോഗ് സൈന്‍ ഔട്ട് ചെയ്തു. ശ്രീക്കൊപ്പം ഇനി ഭൂതത്തിനെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കാണാന്‍ പറ്റില്ല. നഷ്ടങ്ങളുടെ പട്ടികയില്‍ ആദ്യം പറഞ്ഞ ആഗ്രഹം. ഈ വിഷുവിന് ശ്രീ മറ്റൊരു വളക്കൈ ചേര്‍ത്ത്
പിടിക്കും. മറ്റൊരു സിന്ദൂരപ്പൊട്ടില്‍ നെറ്റിയമര്‍ത്തും. വെളുത്ത് സുന്ദരമായ അവളുടെ കൈകള്‍ കണ്ണ് പൊത്തി കണി കാണിക്കും.
ഇങ്ങ് ദൂരെ ആരും അറിയാത്തിടത്ത് മകളെ കണി കാണിക്കുന്പോള്‍ അവളുടെ സിന്ദൂരം മാഞ്ഞിരുന്നു. പ്രാര്‍ഥിക്കാന്‍ ഒന്നുമില്ലാതായിരിക്കുന്നു. വിഷു കണിയെന്ന് വെച്ചാല്‍ എന്താ അമ്മേ? എന്നുള്ള അവളുടെ
കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടി തൊണ്ടയില്‍ കുരുങ്ങിയ വിങ്ങലോടെ പറയാന്‍ ശ്രമിക്കുന്നു. കാര്‍ഷികോത്സവമാണ് മോളെ വിഷു. അങ്ങനെ പറഞ്ഞാല്‍ എന്താ അമ്മേ?
അങ്ങനെ പറഞ്ഞാല്‍...അവള്‍ക്ക് മനസിലാകുന്ന തരത്തിലേക്ക് കുഞ്ഞാക്കി പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അവള്‍. കൈയില്‍ ചുരുട്ടിപ്പിടിച്ച നൂറ് രൂപ നോട്ട് മകള്‍ക്ക് നല്‍കി അവളെ ചേര്‍ത്ത്
പിടിച്ചു. ഇത് കളയരുത് ഒരിക്കലും. ഇത് നിന്റെ അവകാശമാണ്. ഒന്നുമറിയാത്ത നാല് വയസകാരി അവളുടെ സ്കൂള്‍ ബാഗിലെ ബോക്സിനുള്ളില്‍ അതെടുത്തുവെച്ചു. അടുത്ത വിഷു? ഇനിയെന്താണ് ബാക്കി
ഒന്നും ഇല്ല. എല്ലാം ശൂന്യം...!!!!!!
.............. ................... ..................... ........................ ............................. ....................... ......................................................................... ................................................................... ............................................ ........................................... ............................................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ