ഇത്തവണയും സച്ചിന് പിഴച്ചുവോ? ക്രിക്കറ്റിന്റെ ദൈവത്തിന് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്. ഇത്രയും സമര്‍ത്ഥനായ കളിക്കാരന് ഇത്രയധികം വീഴ്‌ചകള്‍ വരുമ്പോള്‍ നാമോരുരുത്തരും വിചിന്തനം നടത്തേണ്ടതല്ലേ? മാധ്യമങ്ങളും ആരാധകരും സച്ചിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണോ യഥാര്‍ത്ഥ കാരണം? മാധ്യമങ്ങള്‍ ഇത്രയധികം ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ടോ? സച്ചിന്റെ ആരാധകര്‍ എന്നെ കല്ലെറിയുമായിരിക്കാം. എങ്കിലും പറയേണ്ടത് പറയാതെ വയ്യല്ലോ.
സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റ് കഴിയുമ്പോള്‍ അവശേഷിക്കുന്നത് നിരവധി ചോദ്യങ്ങളാണ്. തമാശയ്‌ക്കായി ഫെയ്‌സ് ബുക്കില്‍ ഒരു പോസ്‌റ്റുണ്ടായിരുന്നു. അങ്ങനെ ഐശ്വര്യാ റായിയും പ്രസവിച്ചു. ഇനി സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നൂറ് തികച്ചാല്‍ ആശ്വാസമായി എന്ന്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ നിരവധി അഭിപ്രായങ്ങള്‍ എഴുതി. ഒന്ന് മനസിലാക്കാം സിഡ്‌നിയിലെ പ്രകനം കൂടിക്കഴിഞ്ഞപ്പോള്‍ സച്ചിന്റെ ആരാധകര്‍ക്ക് കാത്തിരിപ്പ് തന്നെ ശരണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നമുക്കുള്ളില്‍ ഇത്രയധികം ആഴത്തില്‍ പതിപ്പിച്ചതിന്റെ യഥാര്‍ത്ഥ ഉത്തരവാദി മാധ്യമങ്ങളാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതേസമയം മാധ്യമങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങിയ താരവും സച്ചിന്‍ തന്നെ. ഒറ്റവാക്കിലാണ് ഇന്ന് തലക്കെട്ടുകള്‍ സ്‌പോര്‍ട്‌സ് പേജുകളില്‍ പ്രത്യക്ഷപ്പെടുന്നത്. കീഴക്കി, മുക്കിക്കൊന്നു (ലങ്കക്കെതിരെയാണ് മത്സരമെങ്കില്‍) തുടങ്ങിയ തലക്കെട്ടിലാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. അടുത്ത കളിയില്‍ മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്ര എത്തിയില്ലെങ്കില്‍ ഉയര്‍ത്തിയ വേഗത്തില്‍ താഴെയിടും. കളിക്കകത്തും പുറത്തും ക്ലീന്‍ ഇമേജുള്ള ടെന്‍ഡുല്‍ക്കറെ മാധ്യമങ്ങള്‍ വേട്ടയാടുന്ന അവസ്ഥയാണ് ഇന്ന്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ശ്രദ്ധിക്കുക. ``സച്ചിന്റെ നൂറാം സെഞ്ച്വറി പരമപ്രധാനമാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണം''. ഈ വാക്കുകളില്‍ ഒരു ദയനീയ ഭാവം തെളിഞ്ഞുനിന്നിരുന്നു.
പാക്കിസ്ഥാന്‍ മുന്‍ ക്യാപ്‌ടന്‍ പറഞ്ഞത് സച്ചിന് ഉടന്‍ കൗണ്‍സിലിങ്ങ് ആവശ്യമാണെന്നാണ്. അമിതമായ സമ്മര്‍ദ്ദമാണ് സച്ചിന്റെ പ്രശ്‌നമെന്ന് വിന്‍ഡീസ് കോച്ച് ഓട്ടിസ് ഗിബ്‌സണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം കഴിഞ്ഞ സമയത്തേ പറഞ്ഞിരുന്നു. ക്രിക്കറ്റ് ജീവിതമായി കാണുന്ന, ഇത്രയധികം കളികള്‍ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്‌ത, ലോകക്രിക്കറ്റിന്റെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ സമ്മര്‍ദ്ദത്തിലാണെന്ന് കേള്‍ക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോകുന്നു. എന്നാല്‍ മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളോ ചെറുകിട പത്രങ്ങളോ മാഗസിനുകളോ സച്ചിനെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും എഴുതുന്നത് സച്ചിനോ ഇന്ത്യന്‍ ടീം അംഗങ്ങളോ കാണുന്നില്ലെന്ന് പാവം മാധ്യമപ്രവര്‍ത്തകര്‍ മറന്നു പോകുന്നു. ദേശീയമാധ്യമങ്ങള്‍ അത്രത്തോളം കടന്നരീതിയില്‍ പോകുന്നില്ലെങ്കിലും ഒരു പരിധിവരെ അവരും ഈ കടും കൈ ചെയ്യുന്നുണ്ട്.
മാധ്യമങ്ങള്‍ സച്ചിന്റെ നൂറാം സെഞ്ച്വറി ആഘോഷിച്ചു തീര്‍ക്കുന്നതിന് കച്ചകെട്ടി ഇരിക്കാന്‍ തുടങ്ങിയിട്ട്‌കാലമേറെയായി. പത്രങ്ങളാണെങ്കില്‍ നേരത്തെ തന്നെ അതിനായിട്ടുള്ള പേജുകള്‍ രൂപത്തിലും ഭാവത്തിലും ഏത് തരത്തില്‍ വ്യത്യസ്‌തമാക്കാം എന്ന് ഓരോ ടെസ്‌റ്റ് മുന്നിലെത്തുമ്പോഴും തല പുകഞ്ഞ് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനാല്‍ സച്ചിന്‍ സെഞ്ച്വറി നേടിയെന്ന വാര്‍ത്ത വെറുതേ അങ്ങനെ പറഞ്ഞാലും പോരാ. നൂറ് മേനി തിളക്കം ഏത് രീതിയില്‍ വാഴ്‌ത്തണം എന്നത് ഓരോ ടെസ്‌റ്റിന്റേയും പടിവാതില്‍ക്കലെത്തുമ്പോള്‍ പത്രങ്ങള്‍ തലപുകഞ്ഞാലോചിക്കുന്നു. അങ്ങനെ വ്യത്യസ്‌തമായ ആശങ്ങളുടെ അടിസ്ഥാനത്തില്‍ വെളിച്ചം കാണാത്ത പേജുകള്‍ രൂപാന്തരപ്പെടുന്നു.
മെല്‍ബണിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറി നേടുമോ എന്നതായിരുന്നു ഇതിനു തൊട്ടു മുമ്പുള്ള കാത്തിരിപ്പ്. മെല്‍ബണിലെ പരാജയം സിഡ്‌നിയിലും പെര്‍ത്തിലും ആവര്‍ത്തിച്ചു.
ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി പറഞ്ഞത് സച്ചിനെ നൂറാം സെഞ്ച്വറി എന്ന നേട്ടത്തിലെത്താതെ നോക്കാന്‍ ഒസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കായി എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ അത് പ്രതിഫലിക്കുന്നതായിരുന്നു ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ പ്രകടനം. ലോകം മുഴുവന്‍ സിഡ്‌നിയിലെ ഗ്രൗണ്ടില്‍ കണ്ണു നട്ടിരുന്നത് ടെന്‍ഡുല്‍ക്കറിലേയ്‌ക്കായിരുന്നു. ഓരോ ബോളും ആ ബാറ്റ്‌സ്‌മാനെ തേടിയെത്തുമ്പോള്‍ പ്രതീക്ഷകളും ജല്‍പ്പനങ്ങളും ഉടഞ്ഞു വീണു. സച്ചിന്റെ ബാറ്റ് ആകാശത്തേയ്‌ക്കുയര്‍ന്നാല്‍ ഏത് തരത്തില്‍ ആഘോഷിക്കണം എന്നതില്‍ ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളില്‍ പോലും വ്യക്തമായ തീരുമാനങ്ങളുണ്ടായിരുന്നു. ഫ്‌ലക്‌സ് ബോര്‍ഡുകളടിക്കാനും പ്രകടനം നടത്താനും തീരുമാനിച്ചുറപ്പിച്ചായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ സിഡ്‌നിയിലേയ്‌ക്ക് കണ്ണു നട്ടിരുന്നത്. വീഥികളിലൂടെ തങ്ങളുടെ ഇഷ്ടതാരത്തിന് ജയ് വിളി നടത്തുന്നത് സ്വപ്‌നം കണ്ടായിരുന്നത്രേ പലരും തലേദിവസം ഉറങ്ങിയത് തന്നെ. എന്നാല്‍ സിഡ്‌നിയില്‍ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ വളരെ കുറഞ്ഞ സമയത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നേട്ടത്തിന്റെ പടിവാതില്‍ക്കലെത്തി കലമുടച്ചപ്പോള്‍ വിമര്‍ശകര്‍ക്ക് വാ നിറയെ പറയാനുള്ള അവസരവും മുന്നിലെത്തി. അവരതിനെ നന്നായി മുതലെടുക്കുകയും ചെയ്‌തു. ആഘോഷങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് സച്ചിന്റെ നൂറ് മാര്‍ക്കിനായി വാതുവെയ്‌പ്പുകാര്‍ തുടരുന്ന പ്രക്രിയ 200 കോടി കവിഞ്ഞുവെന്നതോര്‍ത്തത്.
എന്തായാലും സിഡ്‌നിയില്‍ സച്ചിന്‍ സെഞ്ച്വറി നേടിയില്ലെന്നു മാത്രമല്ല ഓസീസ് പടയോട് ഇന്ത്യന്‍ ടീം അടിയറവ് പറയാന്‍ ഏറെ സമയമൊന്നും വേണ്ടി വന്നില്ല. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്ത്. 59.3 ഓവറില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ തകര്‍ന്ന് തരിപ്പണമായി. ജെയിംസ് പാറ്റിന്‍സണും പീറ്റര്‍സിഡിലും ഹില്‍ഫന്‍ഡോസും ചേര്‍ന്ന് ഇന്ത്യയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നെടുവീര്‍പ്പ് ഉച്ചത്തിലായി. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടക്കം കുറിച്ചത്. അപ്പോഴും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ത്തന്നെ എന്നപോലെ ആരാധകര്‍ ലിറ്റില്‍ മാസ്‌റ്ററിലേയ്‌ക്ക് കണ്ണും നട്ടിരുന്നു. അവസാനം സച്ചിന്‍ വെറും 41 റണ്‍സില്‍ പുറത്തായി. ആകെ 191ന് ഇന്ത്യ പുറത്തായെന്നു പറയുമ്പോള്‍ ടീമിന്റെ വിജയത്തിനപ്പുറത്തേയ്‌ക്ക് സച്ചിന്റെ സെഞ്ച്വറിയില്‍ മാത്രം എല്ലാം ഒതുങ്ങി നില്‍ക്കുന്നു എന്നു തന്നെ പറയേണ്ടി വരുന്നു.സിഡ്‌നിയിലെ അവസാന മത്സരത്തില്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അല്‍പ്പം കൂടി ആയുസ് നല്‍കി ടെന്‍ഡുല്‍ക്കര്‍ 80 റണ്‍സിനും പുറത്തായി.
ഇംഗ്ലണ്ടിലും മെല്‍ബണിലും ഇന്ത്യക്ക് നേരിടേണ്ടിവന്ന തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കുകയായിരുന്നു സിഡ്‌നിയിലെത്തുമ്പോള്‍ വേണ്ടിയിരുന്നത്. അങ്ങനെ വന്നാല്‍ റെക്കോര്‍ഡുകള്‍ക്കപ്പുറമുള്ള ചരിത്രനേട്ടമെന്നെങ്കിലും പറയാമായിരുന്നു. ഒന്നുമല്ലെങ്കിലും സിഡ്‌നിയിലെ നൂറാം പരമ്പര ഇന്ത്യയ്‌ക്കെന്ന് മാധ്യമങ്ങള്‍ക്ക് തലക്കെട്ടെങ്കിലും കൊടുക്കാമായിരുന്നു.
മെല്‍ബണില്‍ നല്ല തുടക്കമായിരുന്നു സച്ചിന്റേത്. എന്നാല്‍ അന്നും ആരാധകരെ സച്ചിന്‍ നിരാശപ്പെടുത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 30000 റണ്‍സ് നേടിയ സച്ചിന് സമ്മര്‍ദ്ദമാണ് ഈ നേട്ടത്തിന് വിഘാതം. ഇത്രയധികം മത്സരങ്ങള്‍ മാന്യമായി കളിച്ചു നേടിയ പ്രതിഭയ്‌ക്ക് അത്തരമൊരു സമ്മര്‍ദ്ദം ഉണ്ടാവുമെന്ന് പറയുന്നതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കലില്ലേ എന്ന് തോന്നായ്‌കയില്ല. എന്നാല്‍ അമിതമായ സമ്മര്‍ദ്ദമാണ് സച്ചിന്റെ യഥാര്‍ത്ഥപ്രശ്‌നമെന്ന് പറയുന്നവരും എത്രയും വേഗം സച്ചിന്‍ ഈ നേട്ടത്തിന്റെ ഉടമയാകുമെന്നുതന്നെ ഉറപ്പിച്ചും പറയുന്നു. ആരാധകര്‍ ഒട്ടും നിരാശരാകേണ്ട കാര്യമില്ലെന്നതിനാലാകണം താന്‍ റെക്കോര്‍ഡുകള്‍ക്കു പിന്നാലെയല്ലെന്ന് സച്ചിന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. സച്ചിനെ വിമര്‍ശിക്കുകയല്ല എന്റെ ലക്ഷ്യം. സച്ചിന്റെ റെക്കോര്‍ഡുകള്‍ ആഘോഷിച്ചു തീര്‍ക്കാന്‍ വെമ്പല്‍ കാണിക്കുന്നവര്‍ ടീമിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് സച്ചിന്റെ സെഞ്ച്വറി എത്രമാത്രം ഗുണം ചെയ്യുന്നു എന്ന് പരിശോധിക്കുന്നില്ല.
ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ 20 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 20 എണ്ണം സമനിലയിലാണ് കലാശിച്ചത്. 11 എണ്ണം തോറ്റു. തോല്‍വിയുടെ എണ്ണം കുറവാണെങ്കിലും സമനിലയില്‍ കളിയെത്തുന്നതുകൊണ്ട് തന്നെ സച്ചിന്‍ ഒരു മാച്ച് വിന്നറല്ല എന്ന വിമര്‍ശക വാദം തള്ളിക്കളയാനാവില്ല. കഴിഞ്ഞ വര്‍ഷം ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ 91 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. അതോടെ 90ന് മുകളില്‍ റണ്‍സെടുത്ത് പുറത്താകുന്നത് ഒമ്പതാം തവണയാണ്. പിന്നെ മിഴിനട്ട് കാത്തിരുന്നത് ഇഗ്ലണ്ട് പര്യടനത്തിലേയ്‌ക്കാണ്. അവിടെയും നിരാശ. അപ്പോള്‍പ്പിന്നെ നൂറാം സെഞ്ച്വറിക്ക് മാധ്യമങ്ങളും ആരാധകരും ഇത്രയധികം ബഹളം കൂട്ടുന്നതെന്തിനെന്ന് ചോദിക്കാതെ വയ്യ.
നാഗ്‌പൂരില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 111 റണ്‍സടിച്ച് സച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 99 ാം സെഞ്ച്വറി എന്ന നേട്ടത്തിനുടമയായി. അന്ന് മുതല്‍ ആരാധകര്‍ സ്വപ്‌നം കണ്ടു തുടങ്ങി. 100 എന്ന മാന്ത്രിക നമ്പറിനായി. അതിന് പിന്നാലെ നാല് ഏകദിനങ്ങളും ആറ്‌് ടെസ്റ്റുകളും സച്ചിന്‍ കണ്ടു. ഒന്നില്‍പ്പോലും സച്ചിന് ആരാധകരെ തൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന ടെസ്‌റ്റില്‍ എല്ലാവര്‍ക്കും പ്രതീക്ഷ തന്നുവെങ്കിലും 91 റണ്‍സിന് ക്രീസിനോട് വിടപറഞ്ഞു. പിന്നീട് ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ രണ്ടാമിന്നിങ്ങില്‍ 76 റണ്‍സിന് സച്ചിന്‍ മടങ്ങിയപ്പോള്‍ ആരാധകരുടെ മനസ് വീണ്ടും ഇടിഞ്ഞു.
ഇത്തവണ മെല്‍ബണ്‍ ടെസ്റ്റിനേക്കാളും മാധ്യമങ്ങളുടെ പ്രതീക്ഷ സിഡ്‌നിയിലായിരുന്നു. അതിനു കാരണങ്ങള്‍ ഒരുപാടുണ്ട്. സിഡ്‌നി സ്റ്റേഡിയം സച്ചിന് നേട്ടങ്ങള്‍ ഒരുപാട് നേടിക്കൊടുത്തിട്ടുണ്ട്. അപ്പോള്‍ പ്രതീക്ഷ വെയ്‌ക്കുന്നതില്‍ തെറ്റുണ്ടെന്നും പറയാനാവില്ല. വിമര്‍ശകര്‍ ടെലിവിഷനില്‍ മുഖം കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ മുഖം മിനുക്കിയിരിക്കുമ്പോള്‍ സച്ചിന്റെ നേട്ടം വന്നാല്‍ ഏതൊക്കെ തരത്തില്‍ വിവരണം നല്‍കണം എന്ന് വിശകലനം നടത്തുന്നവര്‍ എതിര്‍ചേരിയിലും ഉണ്ട്.
?സച്ചിന്‍-ദ്രാവിഡ്-ലക്‌്‌ഷമണന്‍ ബാറ്റിങ്ങ് ത്രയത്തിന്റെ പരചയസമ്പത്തും വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ടും ഇന്ത്യയ്‌ക്ക് ഭദ്രമായ സ്‌കോര്‍ സമ്മാനിക്കുമെങ്കില്‍ വിജയം നിഷ്‌പ്രയാസം കൈപ്പിടിയിലൊതുക്കാന്‍ കഴിയും എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തലുകള്‍...?തുടങ്ങി വിവിധ തരത്തില്‍ കളിയുടെ വിജയസാധ്യതയെ മാധ്യമങ്ങള്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. സച്ചിനും സിഡ്‌നിയും പ്രണയത്തിലാണെന്നുവരെ മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കി. അവസാനം ഇന്ത്യയുടെയും സച്ചിന്റെയും നഷ്‌ടത്തേയും ആഘോഷിക്കാന്‍ അവര്‍ മറന്നില്ല. പ്രശസ്‌തര്‍ വിളിച്ചു നിര്‍ദ്ദേശിച്ച തലക്കെട്ട് എന്ന പേരിലാണ് മാധ്യമങ്ങള്‍ തോല്‍വിയേയും അവതരിപ്പിച്ചത്.
സിഡ്‌നിയില്‍ ഇന്ത്യയും സച്ചിനും മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്ര ഉയരത്തിലെത്താത്തതിനാലാവാം തോല്‍വിയെ മാധ്യമങ്ങള്‍ ശരിക്ക് ആഘോഷിച്ചു. ടെസ്റ്റ് തീര്‍ന്നപ്പോള്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷമണന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമില്ലാത്തവരാണെന്ന സ്റ്റോറി പ്രത്യക്ഷപ്പെട്ടു. ത്രീമൂര്‍ത്തികളെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടയെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. ആരോടാണ് ആ ചോദ്യമെന്നും മനസിലായില്ല. പ്രേക്ഷകരോടോ ക്രിക്കറ്റ് ആരാധകരോടോ അതോ തങ്ങളോടു തന്നെയോ. ഇവര്‍ ഒരുമിച്ച് നിന്നാല്‍ ഓസീസ് പടയെ പിടിച്ചു കെട്ടാമെന്നു പറഞ്ഞ അതേ സ്ഥലത്ത് അഞ്ച് കോളം വാര്‍ത്ത ഇത്തരത്തില്‍ കൊടുത്തപ്പോള്‍ വായനക്കാര്‍ മൂക്കത്ത് വിരല്‍വെച്ചിരിക്കണം.
സിഡ്‌നിയില്‍ സച്ചിന്‍ സെഞ്ച്വറി നേടുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിച്ചതിന് കാരണം ഒന്നുകൂടി ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷവും പുതുവര്‍ഷത്തെ ആദ്യ ഇന്നിങ്ങിസില്‍ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. 2003 ജനുവരി രണ്ടിന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 154. ബംഗ്ലാദേശിനെതിരെ 2010 ല്‍ 105. 2011ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ കേപ്‌ടൗണില്‍ 146. 1989ല്‍ കരിയര്‍ തുടങ്ങിയതിനുശേഷം 23ാം പുതുവര്‍ഷമായിരുന്നു ഇത്തവണ. 1992,94,96,97,98,2002,2004 എന്നിവയാണ് സെഞ്ച്വറിയോടെ തുടക്കമിട്ട മറ്റ് വര്‍ഷങ്ങള്‍. ഈ പുതുവര്‍ഷം സെഞ്ച്വറി പ്രതീക്ഷിക്കുന്നതില്‍ പിന്നെ തെറ്റ് പറയാനാവില്ലല്ലോ. പുതുവര്‍ഷസെഞ്ച്വറിയുടെ ഈ പുതിയ കണ്ടുപിടുത്തം നടത്തിയതും ?മാധ്യത്തലച്ചോര്‍?തന്നെ. വിശ്വാസം അതല്ലേ എല്ലാം!.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബാറ്റുയര്‍ത്തിപ്പിടിച്ച് കണ്ണുകള്‍ മേലേയ്‌ക്കുയര്‍ത്തുന്ന ദിവാസ്വപ്‌നം കണ്ടിരിക്കുന്നവര്‍ ഇന്ത്യന്‍ ടീമിന്റെ അവസ്ഥയിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. വിദേശമണ്ണില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് നിര കടപുഴകി വീണുകൊണ്ടേയിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ രണ്ടിന്നിങ്‌സുകളിലും 300ല്‍ത്താഴെ സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയ ഇന്ത്യ സിഡ്‌നിയിലെത്തിയപ്പോള്‍ 191റണ്‍സിന് പുറത്തായി. 2010 ഡിസംബറിന് ശേഷം നടന്ന 12 ടെസ്റ്റുകളില്‍ 16-ാം തവണയാണ് ഇന്ത്യ 300 റണ്‍സിന് താഴെ പുറത്താകുന്നത്. ഇംഗ്ലണ്ടില്‍ കളിച്ച ഒരേയൊരു ഇന്നിങ്‌സിലാണ് ഇന്ത്യ 300 കടന്നതും. ഇക്കാലയളവില്‍ ഇന്ത്യയുടെ വിദേശത്തെ ഒന്നാമിന്നിങ്‌സ് ശരാശരി 27.29 റണ്‍സ് മാത്രമാണ്. മറ്റെല്ലാ ടെസ്റ്റ് രാജ്യങ്ങളേക്കാളും താഴെയാണ് ഇന്ത്യ. സിഡ്‌നിയിലാണെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 191 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്നാമിന്നിങ്‌സ് ടോട്ടല്‍.
പെര്‍ത്തില്‍ സിഡ്‌നിയിലെ കളിയുടെ തുടര്‍ച്ചയാണ് സച്ചിനും ഇന്ത്യന്‍ ടീമും ഒക്കെ കാഴ്‌ച വെച്ചത്. പതിവ് തകര്‍ച്ചയില്‍ത്തന്നെ ഇന്ത്യ തുടക്കം കുറിച്ചു. ആദ്യ ഇന്നിങ്‌സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ 15 റണ്‍സിന് റ്യാന്‍ ഹാരിസ് പുറത്താക്കി. അതും ടീം സ്‌കോര്‍ 59ല്‍ എത്തി നിന്നപ്പോള്‍. തുടക്കം മുതല്‍ തകര്‍ന്ന ടീമിന് അല്‍പ്പം ആശ്വാസം നല്‍കിയത് വിരാട് കൊഹ്‌ലിയും വി.വി.എസ് ലഷ്‌മണും ഗൗതം ഗംഭീറും നടത്തിയ ചെറുത്തു നില്‍പ്പാണ്. ഇത് ഒന്നാമിന്നിങ്‌സിന്റെ കഥയാണെങ്കില്‍ രണ്ടാമിന്നിങ്‌സ് തുടര്‍ക്കഥയായി. സച്ചിന് സ്‌കോര്‍ബോഡില്‍ ഒന്നും സംഭാവനയായി നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നായകന്‍ ഏറ്റവും കുറഞ്ഞ റണ്ണെടുത്തതിനാല്‍ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ വിലക്ക് ലഭിച്ചത് മാത്രം ബാക്കിയായി.
അപ്പോള്‍പ്പിന്നെ ടീമിന്റെ മുഴുവന്‍ വിജയത്തിനേക്കാളുപരി ഇനി ഇന്ത്യയുടെ മാനം രക്ഷിക്കുക എന്നതല്ലേ ചെയ്യേണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിലെ ഇതിഹാസമാണെന്നുള്ളതിനെ ശക്തിയുക്തം എതിര്‍ക്കാനല്ല ശ്രമം. പകരം ആരാധകരും മാധ്യമങ്ങളും സച്ചിന്‍ എന്ന ഏകബിന്ദുവില്‍ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. സച്ചിനെ വിമര്‍ശിക്കുകയെന്ന ഉദ്യമത്തിനപ്പുറം മാധ്യമങ്ങളും ആരാധകരും കണ്ണുതുറന്നുപിടിക്കേണ്ട സമയം അതിക്രമിച്ചില്ലേ? പുലി വരുന്നേ പുലി വരുന്നേ എന്ന പറഞ്ഞിട്ട് അവസാനം പുലി വരുമ്പോഴുണ്ടാകുന്ന അവസ്ഥ മാധ്യമങ്ങള്‍ക്കുണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കുകയേ തരമുള്ളു. ചുരുക്കത്തില്‍ സച്ചിന്റെ നൂറാം സെഞ്ച്വറി മാധ്യമങ്ങള്‍ക്ക് മാത്രമുള്ള തലവേദനയാണ്. ആരാധകര്‍ സച്ചിന്‍ സെഞ്ച്വറി നേടിക്കഴിഞ്ഞിട്ടേ പടക്കം പൊട്ടിക്കുകയുള്ളു. അതിനുമുമ്പ് അത്തരത്തിലൊരു ശ്രമം ഉണ്ടാകില്ല. പെര്‍ത്തിലെ ഇന്ത്യയുടെ `അസാമാന്യമായ' പ്രകടനത്തിന് ശേഷം ജനുവരി 24ന് അഡ്‌ലെയ്‌ഡിലാണ് അടുത്ത മത്സരം. അവിടെ തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ നാണക്കേടിന്റെ റെക്കോര്‍ഡിന് ഉടമയാകും. അഡ്‌ലെയ്‌ഡില്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുക എന്നത് തന്നെയാണ് ഇന്ത്യന്‍ ടീമിന് അനിവാര്യം.
എങ്കിലും ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍, ആഘോഷങ്ങള്‍ എന്തുതന്നെയായാലും ക്രിക്കറ്റ് മാന്ത്രികന്റെ കണ്ണും ബാറ്റും ആകാശത്തേയ്‌ക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ മാധ്യമങ്ങളും ആരാധകരും കാത്തിരിക്കുന്നു.
1.കെ.എം.നരേന്ദ്രന്‍
ഇന്നലെ എഴുതി വെച്ചതിന്റെ ബാക്കി എഴുതാതെ മാധ്യമങ്ങള്‍ക്ക് നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്നു. സുനില്‍ ഗവാസ്‌കര്‍ നേരിട്ടത്രയും കടുത്ത ബൗളിങ്ങ് നിരയെ സച്ചിന്‍ നേരിട്ടിട്ടും ഇല്ല. അങ്ങനെയെങ്കില്‍ സച്ചിന് ഇത്രയധികം റണ്‍സുകള്‍ നേടാനും കഴിയില്ലായിരുന്നു. സ്‌ട്രോങ്ങ് ടീമും വീക്ക് ടീമും ടെസ്റ്റിലെത്തിയതിനാലാണ് സച്ചിന് ഇത്രയധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുള്ളത്. സച്ചിനെക്കാളുപരി മാധ്യമങ്ങള്‍ തന്നെയാണ് നൂറാം സെഞ്ച്വറിയെന്ന് മുറവിളികൂട്ടുന്നത്.
2. വി. രാജഗോപാല്‍
ഫുട്‌ബോളില്‍ ഹാട്രിക് നേടുന്നതുപോലെ ടീമിന്റെ വിജയത്തിനപ്പുറത്തേയ്‌ക്ക് ഒരു വ്യക്തിയുടെ നേട്ടമെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയല്ല. വോളിബോള്‍, ഫുടോബോള്‍ തുടങ്ങിയ ജനകീയ കളികളെ മറികടന്നുകൊണ്ട് ഇത്തരമൊരു നേട്ടത്തിന് അമിതമായ പ്രാധാന്യവും കാത്തിരിപ്പും നടത്തുന്നത് ശരിയല്ല. അന്താരാഷ്‌ട്രക്രിക്കറ്റില്‍ ഉന്നതമായ പല വിജയങ്ങളും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് നല്‍കുന്ന അമിത പ്രാധാന്യ തീര്‍ത്തും സ്‌പോര്‍ട്‌സ് വിരുദ്ധനിലപാടാണ്. ഇത്തരത്തിലുള്ള പ്രവണതകളോട് തീര്‍ത്തും വിയോജിപ്പാണുള്ളത്.
3. കെ.വിശ്വനാഥ്-സച്ചിന്‍ സോഷ്യല്‍ ഐക്കണ്‍ ആയി മാറി. രണ്ട് ദശകത്തോളെ കളിച്ചയാള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് അതിജീവിക്കേണ്ട സമയമായി. മാധ്യമങ്ങള്‍ സച്ചിന്റെ സെഞ്ച്വറിക്ക് നല്‍കുന്ന പ്രാധാന്യം മാധ്യമപ്രവര്‍ത്തകനെന്ന രീതിയില്‍ കാണുമ്പോള്‍ തെറ്റാണെന്ന് തോന്നുന്നില്ല. എന്നാല്‍ മറ്റ് രംഗങ്ങളില്‍ ഹീറോ ഇല്ലാത്ത സമയത്ത് മാധ്യമങ്ങളുടെ പരിമിതികളില്‍ ഉള്‍പ്പെടുന്ന വിഷയമാണ് സച്ചിന്‍. കോഴ വിവാദത്തില്‍ പെട്ടുപോയ ഇന്ത്യന്‍ ടീമിനെ കരകയറ്റിയത് സച്ചിനാണ്.

മുപ്പതിനായിരത്തില്‍ ഏറെ റണ്‍സ് നേടിയ ഇതിഹാസ താരം സമ്മര്‍ദത്തില്‍ ആണെന്ന് പറയുന്നത് അംഗീകരിക്കാന്‍ ഒരു പ്രയാസം. ഫോം നഷ്ടപ്പെടുക എന്നത് എല്ലാ ബാറ്റ്സ്മാന്‍ മാരുടെയും കരിയറില്‍ സ്വാഭാവികമായ ഒരു കാര്യം ആണ്. കരിയറിലെ മോശം ഫോമില്‍ ആണ് സച്ചിന്‍.., സേവാഗും
മറുപടിഇല്ലാതാക്കൂലക്ഷ്മണും ഇപ്പോള്‍ ഫോമില്‍ അല്ല..സാഹചര്യങ്ങള്‍ ഒരു നാഴികക്കല്ലിലെക്ക് വിരല്‍ ചൂണ്ടുന്നതിനാല്‍ മാത്രം,, ഈ സംഭവങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദികള്‍ ഒരുക്കുന്നു.