2011 ജനു 16

ഏഷ്യയുടെ പോര്‍നിലത്ത്‌ ഇന്ത്യന്‍ ചുവടുവെയ്പ്പ്‌ ആതിര വി.അഗസ്റ്റിന്‍


ലോകഫുട്ബോളിന്റെ മാസ്മരിക പ്രഭയില്‍ പ്രതിഭകൊണ്ട്‌ കാലൊപ്പ്‌ ചാര്‍ത്തിയവരുടെ പടപ്പാളയങ്ങളിലേക്ക്‌ ഇന്ത്യന്‍ ചുവടുവെയ്പ്പ്‌. ഏഷ്യാക്കാരന്റെ ലോകകപ്പിന്‌ ഖത്തിറിലെ മത്സരവേദികള്‍ ഉണരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീം അതിന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലേക്ക്‌ ബൂട്ടണിയുന്നു. 27 വര്‍ഷം നീണ്ടകാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍കൂടി ഇന്ത്യ ഏഷ്യാകപ്പിന്‌. കനവുകളില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ കുടിയിരുത്തിയവര്‍ക്ക്‌ മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ അട്ടിമറികള്‍ തീര്‍ക്കാന്‍ കരുത്തുണ്ടാകുമോ എന്നതാണ്‌ ചോദ്യം. ക്രിക്കറ്റിന്റെ വ്യാപാരച്ചങ്ങാടത്തില്‍ വീണു തകര്‍ന്ന ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ കാല്‍വയ്പ്‌ മാഞ്ഞുപോയ സുവര്‍ണ നിമിഷങ്ങളെ മടക്കിത്തരുമോ?
ദോഹയില്‍ ഇന്ത്യക്ക്‌ നിര്‍ണായക മുഹൂര്‍ത്തമാണ്‌. രണ്ടാം റൗണ്ടിലെങ്കിലും കടക്കാനായാല്‍ സുപ്രധാന നേട്ടവും. ലോകഫുട്ബോളില്‍ ഒരു കാലത്തും ഇന്ത്യ നല്ല ശക്തിയല്ല. ഏഷ്യയില്‍ പോലും ആദ്യത്തെ പത്ത്‌ ടീമില്‍ ഇന്ത്യ ഉള്‍പ്പെടില്ലെങ്കിലും ഏഷ്യാകപ്പില്‍ കളിക്കാനാവുക എന്നത്‌ തന്നെ മാറ്റത്തിന്റെ സൂചനയാണ്‌. പ്രബലശക്തികളായ ദക്ഷിണകൊറിയ, ബഹ്‌റൈന്‍, ഓസ്ട്രേലിയ എന്നിവരെയാണ്‌ മരണഗ്രൂപ്പായ സി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക്‌ നേരിടേണ്ടത്‌. അതുകൊണ്ടുതന്നെ വെല്ലുവിളി കടുത്തതാവും. രണ്ടാം റൗണ്ട്‌ എന്നത്‌ അട്ടമറികളെ മാത്രം ആശ്രയിക്കാവുന്ന ഒരു സ്വപ്നവും.
ഇന്ന്‌ ഇങ്ങനെയൊക്കെയാണെങ്കിലും പിന്‍തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഒരു പ്രതാപകാലം ഇന്ത്യയ്ക്കും പറയാനുണ്ട്‌. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ടായിരുന്നു. 51ലെ പ്രഥമ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിളക്കവും 62ലെ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്‍ഷിപ്പും നേടി. അന്നത്തെ ചാമ്പ്യന്‍ ഷിപ്പില്‍ ഒളിമ്പ്യന്‍ അബ്ദുള്‍ റഹ്മാന്‍, എസ്‌.എസ്‌. നാരായണന്‍, മെല്‍വിന്‍ ഡിസൂസ.. എന്നിങ്ങനെ പ്രശസ്തരായ ഒരു കൂട്ടം മലയാളികളും പങ്കെടുത്ത കാലം ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടം ആയിരുന്നു. 80 കളില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിക്കാന്‍ ശേഷിയുണ്ടായിരുന്ന ടീമാണിത്‌. ഇപ്പോള്‍ സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യം. ജപ്പാനും ദക്ഷിണകൊറിയയുമൊക്കെ പ്രതാപത്തിന്റെ കാര്യത്തില്‍ അന്ന്‌ വളരെ ചെറുപ്പമായിരുന്നു.
അറുപതുകള്‍ക്ക്‌ ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ മൂക്കും കുത്തി വീണു. 2002ല്‍ കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വന്നതിന്‌ ശേഷം നവീകരണത്തിനായി ഏറെ ശ്രമങ്ങള്‍ നടന്നു. അതോടെ ഒരു നേരിയ വെളിച്ചം കാണാന്‍ തുടങ്ങി. 2003ല്‍ ഹൈദരാബാദില്‍ നടന്ന പ്രഥമ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫൈനലില്‍ കടന്നതും അതിന്റെ പ്രതിഫലനമാണ്‌.
എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആക്രമണങ്ങള്‍ നടത്താനുള്ള മിടുക്ക്‌ കുറവും അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയക്കുറവും. ഇന്ത്യയെ പിന്‍നിരയിലേയ്ക്ക്‌ തള്ളി. കളിയിലൂടനീളം ഊര്‍ജ്ജം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ മറ്റൊന്ന്‌. തുടക്കത്തില്‍ നല്ലപ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ അവസാന മിനിറ്റുകളില്‍ പതറിപ്പോകുന്ന കാഴ്ചയാണ്‌ കാണാറുള്ളത്‌. ഇതിന്റെ തെളിവുകളായിരുന്നു ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പ്‌ മത്സരങ്ങളും.
ലീഗ്‌ മത്സരങ്ങള്‍ പലപ്പോഴും വിദേശിയുടെ കുത്തകയാകുന്നു. ദേശീയ ലീഗില്‍ വിദേശതാരങ്ങള്‍ ഉള്‍പ്പെടെ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്ക്‌ അതിന്റെ പ്രയോജനവും കിട്ടുന്നില്ല. സന്തോഷ്‌ ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമുപരി ദേശീയ ലീഗാണ്‌ ഇന്ത്യന്‍ ഫുട്ബോളിനെ ഒരു പരിധിവരെയെങ്കിലും നേര്‍വഴിക്ക്‌ കൊണ്ടുവന്നത്‌. ഇത്തവണ കോച്ച്‌ ബോബ്‌ ഹുട്ടന്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. ശാരീരിക മികവുള്ളവരെ ടീമില്‍ ഉള്‍പ്പെടുത്തിയത്‌ ഏറെ ശ്രദ്ധേയമാണ്‌. മികച്ച രീതിയിലുള്ള പരിശീലനവും ടീമിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതൊക്കെ എത്രത്തോളം പ്രയോജനപ്പെടും എന്ന്‌ മനസിലാക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക്‌ നല്ല അവസരമാണ്‌ ഇത്തവണ.
എന്നാല്‍ ഗ്രൂപ്പ്‌ നറുക്കെടുപ്പ്‌ ടീമിന്‌ ഇരുട്ടടിയായി എന്നു പറയാം. എപ്പോഴുമെന്നതുപോലെ പ്രതീക്ഷ ബൈചുങ്ങ്‌ ബൂട്ടിയയാണെങ്കിലും അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥയും മെച്ചമല്ല. പരുക്കുമൂലം പരേയും അന്തിമ ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കേണ്ടിവന്നത്‌ തിരിച്ചടിയാകും. മലയാളിതാരം എന്‍.പി. പ്രദീപ്‌ ആദ്യ ഇലവനില്‍ തന്നെയുണ്ടാകും. മധ്യനിരയില്‍ സ്റ്റീവന്‍ ഡയസും ക്ലൈമാക്സ്‌ ലോറന്‍സും ക്ലിഫോര്‍ഡ്‌ മിറാന്‍ഡയുമുണ്ട്‌. സുകുമാര്‍സിങ്ങ്‌, ഗോര്‍മാംഗി സിംങ്ങ്‌, അന്‍വര്‍ അലി, ദീപക്‌ മോണ്ഡല്‍ എന്നിവരാണ്‌ പ്രതിരോധത്തിനിറങ്ങുക. വലയ്ക്കു മുന്നിലെ കാവല്‍ക്കാരന്‍ സുബ്രതോപാല്‍ തന്നെ.
ഇത്തവണ ഇന്ത്യന്‍ ഫുട്ബോളിന്റെ ഉയര്‍ച്ചക്കായി എഐഎഫ്‌എഫും ലോകത്തിലെ ഒന്നാം കിട സ്പോര്‍ട്സ്‌ മാനേജ്മെന്റ്‌ സ്ഥാപനമായ ഐഎംജിയും ഒന്നിച്ച്‌ 15 വര്‍ഷത്തെ കാലാവധിയില്‍ 700 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്‌. കരാര്‍ പ്രകാരം കളിയുടെ ടെലിവിഷന്‍ സംപ്രേഷണവും സ്പോണ്‍സര്‍ഷിപ്പും പ്രചാരണവുമെല്ലാം ഐഎംജിയാണ്‌ നടത്തുക. കളിയെ ജനകീയമാക്കാനുള്ള പുതിയ പദ്ധതിയെ ചെറുതായി കാണാന്‍ കഴിഞ്ഞില്ല. ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ജനപ്രതീനേടി ആധിപത്യം ഉറപ്പിച്ചതിന്‌ ഉദാഹരണമായി മുന്നി ല്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക്‌ ആ രീതിയില്‍ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌. ഐ ലീഗിനെ ത്വരിതപ്പെടുത്താന്‍ കഴിഞ്ഞാല്‍ തന്നെ ഏറെ മാറ്റമുണ്ടാക്കും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌, സ്പാനിഷ്‌ ലീഗ്‌ തുടങ്ങിയ മികച്ച കളികള്‍ ദൃശ്യമാധ്യമത്തിലൂടെ കാണുന്ന ഒരു കൂട്ടം ജനതയ്ക്ക്‌ ഐലീഗ്‌ മത്സരങ്ങള്‍ കാണാന്‍ മൈതാനത്ത്‌ എത്തുമ്പോള്‍ നിരാശപ്പെടേണ്ടി വരുന്നു. പരാധീനതകളെയും പരിമിതികളെയും മറികടന്നാണ്‌ ഇന്ത്യയിറങ്ങുന്നത്‌. വിജയവഴികള്‍ക്ക്‌ ഭാഗ്യം തുണയാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...