മലയാള സിനിമയിലെ ശബ്ദത്തിന് ഏറെ കഥകള്‍ പറയാനുണ്ട്. ത്യാഗപൂര്‍ണവും രസകരവും അനേകം കഥകള്‍. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ 'ആലം ആര' കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു മലയാളിക്ക് കൊട്ടകയില്‍ ശബ്ദം കേള്‍ക്കാന്‍. പിന്നീടിങ്ങോട്ട് 83 വര്‍ഷമായി ആശബ്ദം നിലച്ചിട്ടില്ല.
ആദ്യ സിനിമയായ വിഗതകുമാരന്‍ ഇറങ്ങി കുറച്ചു കാലം മലയാള ചലച്ചിത്രലോകം ശൂന്യമായിരുന്നു. പിന്നീട് 1932ലാണ് മാര്‍ത്താണ്ഡവര്‍മ ഇറങ്ങിയത്. എന്നാല്‍ അതിലും കഥാപാത്രങ്ങള്‍ സംസാരിച്ചില്ല. വീണ്ടും നീണ്ട കാത്തിരിപ്പ്. അങ്ങനെ 1938 ജനുവരി 10ന് ബാലനിലൂടെ മലയാളചലച്ചിത്രലോകം സംസാരിച്ചു തുടങ്ങി. എന്നാല്‍ ആദ്യം സംസാരിച്ചതാകട്ടെ ഇംഗ്ലീഷിലും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആലപ്പി വിന്‍സെന്റ് ഗുഡ്ലക് ടു എവരി ബഡി എന്ന് പറഞ്ഞുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. 1937 ഓഗസ്റ്റ് 17ന് ആരംഭിച്ച ചിത്രീകരണം ഒട്ടേറെ പ്രതിസന്ധികള്‍ കടന്നാണ് കൊട്ടകകളില്‍ എത്തിയത്.
ബാലന്‍ ചരിത്രത്തില്‍ ഇടം നേടി എന്നത് മാത്രമല്ലാ മലയാള ചലച്ചിത്രലോകം അവിടന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടേയിരുന്നു. സാങ്കേതികവിദ്യയില്‍ ഒട്ടും പിന്നിലല്ല ഇന്ന് മലയാളസിനിമ.
ബാലന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മറക്കാനാവാത്ത ഒരുപാട് പേരുണ്ട്. ഒരു പക്ഷേ മലയാളസിനിമയുടെ ചരിത്രം പഠിച്ചവര്‍ക്ക് മാത്രമേ ആ പേരുകളൊക്കെത്തന്നെയും പരിചയമുണ്ടാവൂ. തിരുവനന്തപുരത്ത് വിഗതകുമാരന്റെ ചിത്രീകരണം നടക്കുന്നതറിഞ്ഞ് ഒരു റോള്‍ ആവശ്യപ്പെട്ട് ലോക്കേഷനിലെത്തിയ മാന്നാര്‍ സ്വദേശി കെ.ഗോപിനാഥിനെ മറക്കാന്‍ കഴിയില്ല. വിഗതകുമാരനില്‍ ഗോപിനാഥിന് റോളൊന്നും തന്നെ കിട്ടിയില്ല. എങ്കിലും ഗോപിനാഥ് തളര്‍ന്നില്ല. മദ്രാസിലേയ്ക്ക് വണ്ടി കയറിയ ഗോപിനാഥ് ചില പുരാണ ചിത്രങ്ങളില്‍ പേരിന് മുഖം കാണിച്ചു. പിന്നീട് മലയാളി അസോസിയേഷനുണ്ടാക്കി. ഗോപിനാഥിന്റെ ജീവിതത്തിനും മലയാളസിനിമയക്കും അതൊരു വഴിത്തിരിവായി. അങ്ങനെയാണ് നാഗര്‍കോവിലുകാരനായ എ.സുന്ദരവും ഗോപിനാഥും ചങ്ങാത്തത്തിലാവുന്നത്. സുന്ദരത്തിനാണെങ്കില്‍ ഒരു ചിത്രം സംവിധാനം ചെയ്ത് പരിചയമുണ്ട്. അന്ന് പക്ഷേ ആ പരിചയം തന്നെ വലിയൊരു കാര്യമാണ്. അങ്ങനെ മലയാള സിനിമ സംസാരിക്കണമെന്നത് സംഘടനയുടെ സ്വപ്നമായിത്തീര്‍ന്നു. ധാരാളം സ്റ്റുഡിയോകള്‍ക്ക് കത്തയച്ചു. അങ്ങനെ സേലം മോഡേണ്‍ തീയേറ്റേഴ്സ് ഉടമ ടി.ആര്‍.സുന്ദരം നിര്‍മാതാവായി. സ്റ്റുഡിയോ സഹായി എസ്.നൊട്ടാണി സംവിധായകനും.
ചിത്രീകരണം തുടങ്ങി കുറച്ചായപ്പോള്‍ ചിത്രത്തില്‍ നായികയാവാനെത്തിയ നടിയും എ.സുന്ദരവും ഒളിച്ചോടി. അങ്ങനെ ചിത്രീകരണം അവതാളത്തിലായി. അതോടെ ടി.ആര്‍.സുന്ദരവും മലയാളി അസോസിയേഷനും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി. അതാവണം ഗോപിനാഥിനെ ചിത്രത്തില്‍ തുടരാന്‍ അനുവദിച്ചെങ്കിലും ശീര്‍ഷകത്തില്‍ പേര് വയ്ക്കാതിരുന്നത്.
ഹൈദരാബാദിലെ ഒരു ഇസ്ലാമിക കുടുംബത്തിലെ കഥ 'വിധിയും മിസിസ് നായരും' എന്ന പേരിലായുന്നു ആദ്യം. പിന്നീട് ടി.ആര്‍.സുന്ദരം കഥ അപ്പാടെ മാറ്റി. അങ്ങനെ എഴുത്തുകാരനെത്തേടി കേരളത്തിലെത്തിയ ആലപ്പി വിന്‍സെന്റ് മ...ുതുകുളം രാഘവന്‍പിള്ളയെ അതിന്റെ ചുമതലയേല്‍പ്പിച്ചു. ചിത്രത്തിലെ 23 ഗാനങ്ങളും എഴുതിയത് മുതുകുളം ആണ്. ഒരു പക്ഷേ, ഇന്ന് മലയാളസിനിമയ്ക്ക് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ് അത്രയും ഗാനങ്ങള്‍.
കോട്ടയ്ക്കല്‍ പി.എസ്.വാര്യരുടെ നാടകക്കമ്പനിയില്‍ നടനായിരുന്ന കുഞ്ചുനായരാണ് ബാലനില്‍ കെ.അരൂര്‍ എന്ന പേരില്‍ നായകവേഷം അവതരിപ്പിച്ചത്. സ്ത്രീവേഷങ്ങളായിരുന്നു അരൂര്‍ നാടകവേദികളില്‍ അവതരിപ്പിച്ചിരുന്നത്.
സി.ഒ.എ.എന്‍.നമ്പ്യാര്‍, എ.ബി.പയസ്, കെ.എന്‍.ലക്ഷ്മി, മാസ്റ്റര്‍ മദനഗോപാല്‍ അങ്ങനെ നിരവധിപേര്‍ ചിത്രത്തില്‍ വേഷമിട്ടു. എം.കെ.കമലം ആയിരുന്നു ചിത്രത്തിലെ നായിക. നല്ലൊരു കഥാപ്രസംഗകലാകാരിയായ അവര്‍ ചിത്രത്തില്‍ ഗാനങ്ങളും ആലപിച്ചു. ആലപ്പി വിന്‍സെന്റും ഗോപിനാഥും ചിത്രത്തില്‍ അഭിനയിച്ചു. 'കിട്ടുണ്ണി പണിക്കരെ'ന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഗോപിനാഥ് അവതരിപ്പിച്ചത്. വിരുതന്‍ ശങ്കുവെന്ന കഥാപാത്രത്തെ ആലപ്പി വിന്‍സെന്റും.
ഒട്ടേറെ അന്തര്‍നാടകങ്ങളിലൂടെയാണ് ബാലനിലെകഥ നീങ്ങുന്നത്. അച്ഛന്‍ മരിച്ചതിന് ശേഷം രണ്ടാനമ്മയുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന ബാലന്‍, സരസ്വതി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടാനമ്മയായി അഭിനയിച്ചത് കെ.എന്‍.ലക്ഷ്മിയായിരുന്നു. മീനാക്ഷി എന്ന രണ്ടാനമ്മയുടെ കഥാപാത്രത്തെ അവര്‍ അഭിനയത്തികവോടെയായിരുന്നു പൂര്‍ത്തിയാക്കിയത്.
എഡിറ്റിങ്ങ് നിര്‍വഹിച്ച വര്‍ഗീസ് ചെങ്ങന്നൂര്‍ ഒഴികെ മറ്റുള്ളവരാരും മലയാളികളായിരുന്നില്ല. ശബ്ദലേഖനം പഞ്ചാബിയും ജര്‍മന്‍ ഛായാഗ്രാഹകന്‍, പാഴ്സിയായ സംവിധായകന്‍, തെലുങ്കരും തമിഴരും സാങ്കേതിക വിദഗ്ധര്‍. ഭാഷയുടെ പ്രശ്നം അഭിനേതാക്കളും സാങ്കേതിക വിദഗ്ദധരും തമ്മിലുള്ള ആശയവിനിമയത്തില്‍ ഉണ്ടായില്ല. അങ്ങനെ ഒരു തരത്തില്‍ 30,000 രൂപയ്ക്ക് ബാലന്‍ പൂര്‍ത്തിയായി. അതിഭാവുകത്വവും അവിശ്വസനീയതയും ഒക്കെ ചേര്‍ന്നുള്ള രസതന്ത്രം അങ്ങനെ മലയാളസിനിമയുടെ വിജയ സമവാക്യമായിമാറി.
1938 ജനുവരി 10ന് കൊട്ടകകളിലേയ്ക്ക് ജനം നിറഞ്ഞൊഴുകി. സാംസാരിക്കുന്ന ചിത്രം പരസ്യത്തിലൂടെതന്നെ ജനപ്രീതി നേടിയിരുന്നു. മദ്രാസ് ശ്യാമള പിക്ചേഴ്സ് ആയിരുന്നു വിതരണക്കാര്‍. ചിത്രത്തിന്റെ വിജയം വീണ്ടും മലയാള സിനിമചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു.
അങ്ങനെ നിരവധി നീരൊഴിക്കിലൂടെ മലയാളസിനിമ സാങ്കേതികവിദ്യയിലും കലാമൂല്യത്തിന്റെ കാര്യത്തിലും മറ്റേതൊരു സിനിമാവ്യവസായത്തോടും ഒപ്പം നില്‍ക്കുന്നു. ഒരു ശബ്ദം സംഭാവന ചെയ്യുക മാത്രമല്ല ബാലന്‍ ചെയ്തത്. ചലച്ചിത്രലോകത്തെ ഒട്ടേറെക്കാര്യങ്ങള്‍ക്ക് ഒരു വിപ്ലവം സൃഷ്ടിക്കുക തന്നെയായിരുന്നു ബാലന്‍ എന്ന ചിത്രത്തിലൂടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ